വെള്ളരിക്കുണ്ട് : മൊബൈൽഫോൺ വന്നതോടെ വീട്ടിൽനിന്ന് പുറത്തായിക്കൊണ്ടിരിക്കുന്നത് എന്തെല്ലാം? അമ്മമാരും കുട്ടികളുമടങ്ങുന്ന വലിയ സദസ്സ് ഉത്തരം എണ്ണിയെണ്ണിപ്പറഞ്ഞു. ടി.വി., റേഡിയോ, ടോർച്ച്, കാൽക്കുലേറ്റർ, അലാറംക്ലോക്ക്....സൈബർ വിദഗ്ധൻ പി.ആർ. ശ്രീനാഥ് ഒന്നൂകൂടി കൂട്ടിച്ചേർത്തു 'മനസ്സമാധാനം'. സദസ്സ് തലയാട്ടി സമ്മതിച്ചു. ജില്ലാ സോഷ്യൽ പോലീസ് ഡിവിഷനും ജനമൈത്രി പോലീസും കൗമാരക്കാർക്കും മാതാപിതാക്കൾക്കുമായി വെള്ളരിക്കുണ്ടിൽ നടത്തിയ ഡിജിറ്റൽ അഭിനിവേശത്തിനെതിരേയുള്ള ബോധവത്കരണമായിരുന്നു രംഗം. ഡിജിറ്റൽ ലോകത്തെ ഗുണങ്ങളും കെണികളും വിശദമാക്കുന്നതായിരുന്നു ക്ലാസ്. ജനപങ്കാളിത്തംകൊണ്ട് പരിപാടി ശ്രദ്ധിക്കപ്പെട്ടു.മലയോരത്തെ സ്കൂളുകളിൽനിന്നും നൂറുകണക്കിന് കുട്ടികളും രക്ഷിതാക്കളും പരിപാടിക്കെത്തി. എല്ലാവരും അണിനിരന്ന് രാവിലെ ടൗണിൽ ഡിജിറ്റൽ പ്രൊട്ടക്ഷൻ മനുഷ്യമതിലൊരുക്കി. അഡീഷണൽ എസ്.പി പി.പി. കരുണാകരൻ തൂഫാൻ പ്രതിജ്ഞയും നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. വി. ബാലകൃഷ്ണൻ ഡിജിറ്റൽ സിറ്റിസൺ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. തുടർന്ന് ബോധവത്കരണ റാലി കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ ഫ്ലാഗ് ഓഫ് ചെയ്തു. ഡിജിറ്റൽ അടിമത്തംവേണ്ട ആരോഗ്യമുള്ള ബാല്യം മതി, ഫോൺ താഴെവെക്കൂ മൈതാനത്തേക്കിറങ്ങൂ തുടങ്ങിയ പ്ലക്കാർഡുകളുമായി വിദ്യാർഥികൾ അണിനിരന്നു. പരപ്പ റോട്ടറി, ലയൺസ് ക്ലബുകൾ, കൊന്നക്കാട്, മാലോം, വെള്ളരിക്കുണ്ട്, ബളാൽ, പരപ്പ വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റംഗങ്ങൾ ഓട്ടോറിക്ഷാ ഡ്രൈവർമാർ ചുമട്ടുതൊഴിലാളികൾ എന്നിവരും റാലിയുടെ ഭാഗമായി. മാലോത്തു കസബ ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ സംഗീത ശില്പത്തോടെയാണ് യോഗം തുടങ്ങിയത്. മൊബൈൽഫോൺ ദുരുപയോഗം യുവതലമുറയുടെ കരുത്ത് ചോരാൻ ഇടവരുത്തുമെന്ന് ഉദ്ഘാടനം ചെയ്ത ഡിവൈ.എസ്.പി. വി. ബാലകൃഷ്ണൻ പറഞ്ഞു. രാജ്യത്തെ ഇത് ദുർബലപ്പെടുത്തും. ഡിജിറ്റൽ ലോകത്തെ ഗുണങ്ങളും കെണികളും വിശദമാക്കുന്നതായിരുന്നു തുടർന്നുള്ള ക്ലാസ്. മൊബൈൽഫോൺ അടിമത്തം ജീവിതത്തെ ബാധിച്ച 3,258 കേസുകൾ പോലീസിന്റെ മുമ്പിലുണ്ടെന്ന വെളിപ്പെടുത്തൽ രക്ഷിതാക്കൾ ഗൗരവത്തോടെ കേട്ടിരുന്നു.
ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലത, വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, വെള്ളരിക്കുണ്ട് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നളിനാക്ഷൻ, ഫാ. ഡോ. ജോൺസൺ അന്ത്യാംകുളം, ഷോബി ജോസഫ്, ജോമോൻ മാത്യു, സുജിത്, ഷൈലജാ കൃഷ്ണൻ, ടി.എൻ. ബാബു, ഓമന, പി.ടി. നന്ദകുമാർ, ഖത്തീബ് ഹാഫിള് മുഹമ്മദ് ഹുനൈഫ് സഖാഫി, ഷാജൻ പൈങ്ങോട്ട്, സി.വി. ശ്രീധരൻ, ടി.വി. ചന്ദ്രൻ, മിനി ആന്റണി, സി. ധന്യ, എം. ലക്ഷ്മി, പാട്ടത്തിൽ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.
Published: 14 Nov 2026, 04:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented