കൈക്കമ്പ : ജില്ലയുടെ വടക്കൻ അതിർത്തികളിൽ വാഹനങ്ങളിൽ വ്യാജ നമ്പർ പതിപ്പിച്ചും ഒരേ നമ്പർ ഒരേപോലെയുള്ള വാഹനങ്ങളിൽ ഘടിപ്പിച്ചും നിയമവിരുദ്ധ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതായി സംശയം. ദേശീയപാതയ്ക്കരികിൽ നിർത്തിയിട്ട ഒരേ നമ്പർ പ്ലേറ്റുള്ള രണ്ട് വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. സെപ്റ്റംബർ 12-ന് പുലർച്ചെ 12.30-ഒാടെ കൈക്കമ്പയിലാണ് സംഭവം.
രണ്ട് വാഹനങ്ങളിലും കെ.എൽ.14 എ.ജെ. 3008 എന്ന നമ്പർ പ്ലേറ്റ് ഘടിപ്പിച്ച നിലയിലായിരുന്നു. വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ട ചിലയാളുകൾ മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ പരിശോധിച്ചു. തുടർന്നുള്ള പരിശോധനയിൽ ഒരു വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് വ്യക്തമായി.
നെല്ലിക്കുന്ന് ഉമ്മർ റാഷിദിന്റെ ഉടമസ്ഥതയിലുള്ളതാണ് യഥാർഥ രജിസ്ട്രേഷൻ നമ്പർ അനുവദിച്ചിട്ടുള്ള വാഹനം. ബേളയിലെ കുഞ്ചാർ ഫക്രുദ്ദീന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വാഹനത്തിലാണ് ഇതേ നമ്പർ വ്യാജമായി ഘടിപ്പിച്ചിരുന്നത്. ഈ വാഹനത്തിന്റെ യഥാർഥ രജിസ്ട്രേഷൻ നമ്പർ കെ.എൽ. 14 എ.ജി. 2557 ആണെന്ന് മഞ്ചേശ്വരം പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി.
വാഹനത്തിന്റെ യഥാർഥ ഉടമയെ വിളിച്ചുവരുത്തിയ പോലീസ് വിശദമായ അന്വേഷണം തുടങ്ങി. കടബാധ്യതയുള്ളതിനാൽ, ധനകാര്യസ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് വാഹനം പിടിച്ചെടുക്കുമെന്ന സംശയത്തിലാണ് സ്വന്തം വാഹനത്തിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചതെന്നാണ് ഫക്രുദ്ദീൻ പോലീസിന് നൽകിയ മൊഴിയെന്നാണ് അറിയുന്നത്. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് മഞ്ചേശ്വരം പോലീസ് അറിയിച്ചു.
Published: 16 Sept 2026, 04:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented