ജയിൽവളപ്പിൽ ചെണ്ടുമല്ലി പൂക്കാലം
കണ്ണൂർ : സെൻട്രൽ ജയിൽ വളപ്പിനകത്ത് ഇപ്പോൾ പൂക്കാലമാണ്. മഞ്ഞയും ഓറഞ്ചും നിറത്തിൽ ചെണ്ടുമല്ലികൾ പൂത്തുനിറഞ്ഞുനിൽക്കുന്നുണ്ട്. കാഴ്ചക്കാർക്ക് ഇത് മനോഹരദൃശ്യമാണെങ്കിലും ഇതിന് പിന്നിൽ അധ്വാനിച്ചവർക്ക് 'നഷ്ടക്കച്ചവട'മാണ്. ഓണം മുന്നിൽക്കണ്ടാണ് ചെണ്ടുമല്ലി കൃഷിചെയ്തത്. എന്നാൽ ചെടികൾ പൂവിട്ടത് ഓണം കഴിഞ്ഞായതിനാൽ വില്പന പ്രതിസന്ധിയിലാണ്. ഗണേശോത്സവം എത്തിയത് പൂവിപണിക്ക് അല്പം നിറമേകിയിട്ടുണ്ട്. ഗണേശപൂജയ്ക്കും മറ്റുമായി ആവശ്യക്കാരെത്തുന്നതാണ് ആശ്വാസം. കൃത്യമായ അളവിൽ വളമിട്ട് നട്ടുപരിപാലിച്ചെങ്കിലും കാലാവസ്ഥാമാറ്റവും മഴക്കുറവുമാണ് പൂക്കൾ ഉണ്ടാകാൻ വൈകിയതിന്റെ കാരണമായി ഉദ്യോഗസ്ഥർ പറയുന്നത്.
അന്തേവാസികളും ജയിൽ ഉദ്യോഗസ്ഥരും ചേർന്ന് കണ്ണൂർ സെൻട്രൽ ജയിൽ വളപ്പിനകത്തും പുറത്തുമായി ഒരേക്കറോളം സ്ഥലത്താണ് പൂകൃഷി ചെയ്തത്. മൂന്നിടങ്ങളിലായി 6000 ചെണ്ടുമല്ലിത്തൈകളാണ് നട്ടുപിടിപ്പിച്ചത്. ഒരുടണ്ണിലധികം പൂക്കളാണ് കൃഷിയിലൂടെ ലഭിച്ചത്. നിലവിൽ 260 കിലോ പൂക്കൾ മാത്രമാണ് വില്പന നടത്താനായത്. 32,500 രൂപയാണ് വിത്തിന് മാത്രം ചെലവായത്. പൂക്കൃഷിക്ക് അരലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. നിലവിൽ 250 കിലോ പൂക്കൾ മാത്രമാണ് വില്പന നടത്താനായത്. 10,000-ത്തോളം രൂപയാണ് ഇതിൽനിന്ന് ലഭിച്ച വിറ്റുവരവ്. അടുത്ത ദിവസങ്ങളിലായി 400 കിലോ പൂവിനായുള്ള ഓർഡർ ലഭിച്ചിട്ടുണ്ട്. ഇത്തവണ ഓണം കഴിഞ്ഞതിനാൽ ചെണ്ടുമല്ലി മാലയ്ക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. ജയിൽ അന്തേവാസികൾ തന്നെയാണ് പൂക്കൾ കെട്ടിക്കൊടുക്കുന്നതും. മീറ്ററിന് മിതമായ നിരക്കിലാണ് വില്പന.
മുൻ വർഷങ്ങളിലും ഓണക്കാലത്ത് പൂക്കൃഷി നടത്തിയിരുന്നു. കഴിഞ്ഞ വർഷം 1000 തൈകൾ മാത്രം നട്ടാണ് വില്പന നടത്തിയത്. വിപുലമായി രീതിയിൽ ഇത്തവണ ആദ്യമായണ് കൃഷിയിറക്കിയത്. ജയിലിൽ മാത്രമല്ല പൂക്കൃഷി ചെയ്ത പല കർഷകരും ഇതേ പ്രതിസന്ധി നേരിട്ടിരുന്നു. ഓണം കഴിഞ്ഞ് പൂക്കളുണ്ടായതിനാൽ കൃഷിക്കാർക്കും വൻനഷ്ടമുണ്ടായി.
ജയിൽ സൂപ്രണ്ട് കെ. വേണു, ജോയിന്റ് സൂപ്രണ്ടുമാരായ കെ.കെ. റിനിൽ, ടി.ജെ. പ്രവീഷ്, വെൽഫയർ ഓഫീസർ രാജേഷ് കുമാർ, അസിസ്റ്റന്റ് സൂപ്രണ്ടുമാരായ പി.ടി. സന്തോഷ്, എസ്. ശ്രീജിത്ത്, വിജയകുമാർ, ഹരിതസ്പർശം കോഡിനേറ്റർ മനോജ് വരപ്രത്, അംഗങ്ങളായ പി.പി. ഷബിൻ, ശ്രീജേഷ് കൂവ്വക്കായി, എ.കെ. ഷിനോജ്, കെ.കെ. ബൈജു, കെ.ടി. അരുൺ, ഷിബു നരീക്കോടൻ, അഖിൽ കൃഷ്ണ, നിധിൻ ശിവജി റാവു, പി. ബിജിത്ത്, കെ. സുജിൻ, നിവേദ്, ഇലക്ട്രീഷ്യൻ മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലാണ് പൂക്കൃഷി നടത്തിയത്.
Published: 16 Sept 2026, 04:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented