ചെറുവത്തൂർ : കേരളതീരത്ത് അനധികൃത മത്സ്യബന്ധനം നടത്തുകയായിരുന്ന മറുനാടൻ മീൻപിടിത്ത ബോട്ട് പിടികൂടി. കർണാടക രജിസ്‌ട്രേഷനുള്ള നൂർ ഇ ബഹർ ബോട്ടാണ് ഫിഷറീസ് അസി. ഡയറക്ടർ കെ. ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം പിടികൂടിയത്. സിവിൽ ഓഫീസറായ അർജുൻ ബി. പൊതുവാൾ, കടൽ സുരക്ഷാ ഗാർഡുമാരായ അഷ്ഫാഖ് അലി, രാജേഷ് എന്നിവരും തുറമുഖ ഗാർഡുമാരായ ശിവകുമാർ, ധനീഷ് എന്നിവരുമാണ് അസി. ഡയരക്ടർക്കൊപ്പമുണ്ടായിരുന്നത്.

To advertise here,

മടക്കര തീരത്തുനിന്നും ഒൻപത് നോട്ടിക്കൽ മൈൽ അകലെവെച്ചാണ് ബോട്ട് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന മീൻ മടക്കരയിലെത്തിച്ച് ലേലംചെയ്ത് വില്പനനടത്തി. ഈ വകയിൽ ഒന്നര ലക്ഷം രൂപ ലഭിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി.കെ. ഷൈനി നിയമനടപടികൾ സ്വീകരിച്ചതിന് ശേഷം രണ്ടരലക്ഷം രൂപ ബോട്ടിന് പിഴചുമത്തി. അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് പിടികൂടിയതിലൂടെ നാല് ലക്ഷം രൂപ ലഭിച്ചു. വരുംദിവസങ്ങളിലും പട്രോളിങ് ശക്തമാക്കുമെന്നും അനധികൃത മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.