കരിവെള്ളൂർ :പുരാവസ്തുവകുപ്പ് സംരക്ഷണപ്രവൃത്തികൾ തുടങ്ങിയതോടെ കരിവെള്ളൂർ-പെരളം പഞ്ചായത്തിലെ മാലാപ്പ് ചെമ്പൊട്ടിക്കുന്നിൽനിന്ന് പുറത്തുവരുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രവിസ്മയങ്ങൾ. 2800 വർഷത്തോളം പഴക്കമുള്ള നിരവധി പ്രത്യേകതകളുള്ള മഹാശിലായുഗ സ്മാരകങ്ങളാണ് ഓരോ ദിവസവും പെരികമന ഇല്ലപ്പറമ്പിൽനിന്ന് കണ്ടെത്തുന്നത്.

To advertise here,

കൊഴുമ്മൽ, മാലാപ്പ് കണിയാംകുന്ന്, കൂക്കാനം ഭാഗങ്ങളിൽ മഹാശിലായുഗത്തിന്റെ നിരവധി ശേഷിപ്പുകളുണ്ടായിരുന്നു. എന്നാൽ, വികസനപാച്ചിലിൽ ഇന്ന് ഭൂരിഭാഗവും ഇല്ലാതായി.

പൊളിച്ചുനീക്കാൻ തയ്യാറാകാത്തതുകൊണ്ട് മാത്രം പെരികമന ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ വീട്ടുപറമ്പിലെ കുടക്കല്ലുകൾ അവശേഷിച്ചു. മണ്ണിലേക്ക് വീണ കുടക്കല്ലുകൾ സംരക്ഷിക്കാൻ പുരാവസ്തുവകുപ്പ് തയ്യാറായതോടെയാണ് ചരിത്രത്തിലെ അടയാളപ്പെടുത്തലുകൾ പുറംലോകം അറിയാൻ തുടങ്ങിയത്.

മഹാശിലായുഗ കാലത്തെ ശവസംസ്കാരരീതികളാണ് കുടക്കല്ലുകളും തൊപ്പിക്കല്ലുകളും. ചെമ്പൊട്ടിക്കുന്നിൽ ഏഴ് കുടക്കല്ലുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം പൂർണരൂപത്തിൽതന്നെ സംരക്ഷിച്ചുനിർത്താൻ കഴിഞ്ഞിട്ടുണ്ട്.

ബാക്കിയുള്ളവ മണ്ണുമൂടിയനിലയിലാണ്. കുടക്കല്ലുകൾ മൂടിക്കിടന്ന മണ്ണ് നീക്കംചെയ്തപ്പോൾ തൊപ്പിക്കല്ലും മൂടിക്കല്ലും മൺപാത്രങ്ങളും കണ്ടെത്തി.

പലവിധ സവിശേഷതകൾ

ചെമ്പൊട്ടിക്കുന്നിലെ കുടക്കല്ലുകൾക്ക് സാധാരണയായി കാണാത്ത പല സവിശേഷതകളുമുള്ളതായി സംരക്ഷണപ്രവൃത്തികൾക്ക് നേതൃത്വം നൽകുന്ന പഴശ്ശിരാജ പുരാവസ്തു മ്യൂസിയം ഓഫീസർ കെ. കൃഷ്ണരാജ് പറഞ്ഞു.

കുടക്കല്ലുകൾക്ക് നടുവിൽ കണ്ടെത്തിയ ചതുരാകൃതിയിലുള്ള കൽപ്പാളികൾ ചെമ്പൊട്ടിക്കുന്നിലെ അപൂർവതയാണ്. രണ്ട് കുടക്കല്ലുകളിൽ കൽപ്പാളികൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, കുടക്കല്ലുകളിലെ കുത്തുകല്ലുകളിൽ ചതുരപഴുതുകൾ കണ്ടത്തിയിട്ടുണ്ട്. കൃത്യമായ ചതുരാകൃതിയിൽ വെട്ടിയെടുത്ത കൽപ്പഴുതുകൾ അപൂർവമാണ്.

കാടുമൂടിക്കിടന്നിരുന്ന ഭാഗം വൃത്തിയാക്കി സംരക്ഷണപ്രവൃത്തികൾ തുടങ്ങിയതോടെ ചരിത്രത്തിലെ അപൂർവ ശേഷിപ്പുകളുടെ നേർക്കാഴ്ചയാണ് ചെമ്പൊട്ടിക്കുന്നിൽ ഒരുങ്ങുന്നത്. നിരവധി ചരിത്രഗവേഷകരും വിദ്യാർഥികളും ചരിത്രവിസ്മയം കാണാനെത്തുന്നുണ്ട്. സംരക്ഷണപ്രവൃത്തികൾ പുരോഗമിക്കുമ്പോൾ കൂടുതൽ ശേഷിപ്പുകൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പുരാവസ്തുവകുപ്പ്.