കാസർകോട് : കാഴ്ച മറച്ചുള്ള വൻ മരങ്ങളും ടാറിംങ് തകർച്ചയും പഴയ കാസർകോട് നഗരത്തിലെ ഏറ്റവും തിരക്കുപിടിച്ച റോഡായ പഴയ റെയിൽവേ സ്റ്റേഷൻ റോഡിലൂടെയുള്ള യാത്ര ദുരിതമാക്കുന്നു. ഇടുങ്ങിയ റോഡിൽ മരങ്ങളുടെ നിഴൽ കാരണം പകലും ഇരുട്ട് മൂടിയ നിലയിലാണ്.
തായലങ്ങാടി ടവർ ക്ലോക്കിൽ തളങ്കരയിലേക്കുള്ള ഊടുവഴിയാണ് നിലവിലിത്. ഈ റോഡിലൂടെ റെയിൽവേ മേൽപാലം വഴി റെയിൽവേ സ്റ്റേഷൻ ഒന്നാമത്തെ പ്ലാറ്റ് ഫോം, തായലങ്ങാടി സീവ്യൂപാർക്ക്, വനംവകുപ്പ്, ആർ.ഡി.ഒ. ഓഫീസുകൾ, പ്രദേശത്തെ ക്ഷേത്രങ്ങൾ, തളങ്കര മാലിക് ദീനാർ ജുമാമസ്ജിദ്, ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ, യത്തീംഖാന തുടങ്ങിയവയിലേക്കടക്കം നിരവധി വീടുകളിലേക്കുമുള്ള റോഡാണിത്.
റോഡിന്റെ തുടക്കം മുതൽ തന്നെ ടാറിങ് ഇളകിയിട്ടുണ്ട്. നിരവധി പേർക്ക് തൊഴിൽ നൽകിയിരുന്ന സ്വകാര്യ മേഖലയിലെ ഒരു വലിയ ഓട്ടുകമ്പനിയും മരക്കമ്പനിയും ഈ ഭാഗത്ത് സ്ഥിതിചെയ്തിരുന്നു. രണ്ട് കമ്പനികളും നഷ്ടത്തിലായതോടെ വർഷങ്ങൾക്കുമുമ്പ് പൂട്ടി. റെയിൽവേ സ്റ്റേഷൻ മറുഭാഗത്ത് സ്ഥാപിച്ചതോടെ ഈ റോഡിന്റെ പ്രതാപകാലം മങ്ങിത്തുടങ്ങി. റോഡിന്റെ വീതിക്കുറവും റോഡിലേക്ക് ചാഞ്ഞുകിടക്കുന്ന മരങ്ങളും ഈ വഴിയുള്ള സഞ്ചാരം വലിയ ദുരിതത്തിലാക്കുന്നുവെന്നാണ് പ്രദേശവാസികളുടെ പരാതി.
റെയിൽവേയുടെ അനുബന്ധ ഓഫീസുകൾ ഈ ഭാഗത്തുണ്ട്. പലതും പ്രവൃത്തിയിലാണ്. എന്നാൽ റോഡ് വികസനം നടക്കുന്നില്ലെന്നും ഇവർ ആരോപിച്ചു.
കാസർകോട് നഗരസഭാധികൃതരുൾപ്പെടെയുള്ളവരെ റോഡ് വികസനവുമായി ബന്ധപ്പെട്ടിരുന്നു. അവർ മനസ്സുവെച്ചാൽ റോഡിന്റെ ദുർഘട സ്ഥിതി മാറ്റിയെടുക്കാനാകുമെന്നും നാട്ടുകാർ പറയുന്നു.
Published: 12 Oct 2026, 02:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented