നീലേശ്വരം : മന്ത്രിതല ഇടപെടലിന് മുന്നോടിയായി സന്ദീപ് വാരിയർ എം.എൽ.എ. നടത്തിയ സന്ദർശനവും തുണച്ചില്ല; നീലേശ്വരം കച്ചേരിക്കടവ് പാലത്തിന്റെ നിർമാണം ഇപ്പോഴും സ്തംഭനാവസ്ഥയിലാണ്. നീലേശ്വരം നഗരകേന്ദ്രമായ രാജാ റോഡിനെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ഈ പാലം വികസനത്തിന് വേഗം കൂട്ടുന്നതിനൊപ്പം ദീർഘദൂരയാത്രക്കാരുടെ ചുറ്റിസഞ്ചാരത്തിനും പരിഹാരമാകുന്നതാണ്.

To advertise here,

2026 ജൂലായ് 13-നാണ് എം.എൽ.എ. പാലം നിർമാണ സ്ഥലത്തെത്തിയത്. രണ്ട് ദിവസത്തിനകം തിരുവനന്തപുരത്ത് നടക്കുന്ന മന്ത്രിതല ചർച്ചയിൽ പരിഹാരമുണ്ടാകുമെന്നായിരുന്നു അന്നത്തെ പ്രതീക്ഷയെങ്കിലും അതുണ്ടായില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലത്തിന്റെ നിർമാണം തുടങ്ങിയത്.

2024 മാർച്ച് രണ്ടിന് തുടങ്ങിയ നിർമാണം നിലവിൽ 75 ശതമാനം പൂർത്തിയായി. ഒൻപത് സ്പാനുകളുള്ള പാലത്തിൽ എട്ടെണ്ണത്തിന്റെയും പണി ഏതാണ്ട് പൂർത്തിയായി.

മധ്യത്തിലെ പ്രധാന സ്പാനിന്റെ സൂപ്പർസ്ട്രക്ചർ ജോലികളാണ് ബാക്കിയുള്ളത്. 2025 സെപ്റ്റംബർ ഒന്നായിരുന്നു ആദ്യം നിശ്ചയിച്ച കാലാവധി. പിന്നീട് 2026 മേയ് 31 വരെ നീട്ടി. ഇത് 2027 മേയ് 31 വരെയാക്കാൻ വീണ്ടും അപേക്ഷിച്ചു.

രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. യുടെ സാന്നിധ്യത്തിൽ 2026 ജൂലായിൽ നീലേശ്വരം നഗരസഭാ ജനകീയ കർമസമിതി ഭാരവാഹികൾ ഡൽഹിയിൽ മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയിൽ കച്ചേരിക്കടവ് പാലത്തിന്റെ സമീപനപാതയിലേക്ക് ദേശീയപാതയിൽ നിന്ന് എൻട്രിയും എക്സിറ്റും അനുവദിക്കാമെന്ന് ദേശീയപാതാ അതോറിറ്റി അധികൃതർ സമ്മതിച്ചിരുന്നു.

സെന്റർ സ്പാൻ കമാനാകൃതിയിൽ

: പാലത്തിന്റെ മധ്യത്തിലെ സ്പാൻ ഏറെ പ്രത്യേകതകളുള്ളതാണ്. ഉടൻനാടൻ ജലഗതാഗതവകുപ്പിന്റെ നിർദേശപ്രകാരം ദേശീയ ജലപാതയ്ക്കുകൂടി ഉതകുംവിധമാണ് സ്പാൻ കമാനാകൃതിയിൽ നിർമിക്കുന്നത്.

പ്രതിവർഷമുണ്ടാകുന്ന പരമാവധി ജലനിരപ്പിൽനിന്ന് 55 മീറ്റർ ഉയരം വരുന്നവിധമാകണം ഇതെന്നാണ് ചട്ടം. ബോട്ടുകൾക്ക് സുഗമമായി കടന്നുപോകാനാണിത്. ഘട്ടംഘട്ടമായി ഇത് നിർമിച്ചെടുക്കണമെങ്കിൽ തന്നെ മാസങ്ങളെടുക്കും.