നീലേശ്വരം : തൃക്കരിപ്പൂർ നിയോജകമണ്ഡലത്തിലെ കായികക്കുതിപ്പിന് കരുത്തേകാൻ സന്ദീപ് വാരിയർ എം.എൽ.എ. ആവിഷ്കരിച്ച ഗെയിംപ്ലാൻ തൃക്കരിപ്പൂർ പദ്ധതിയുടെ ഭാഗമായി ഖേലോ ഇന്ത്യ ഉദ്യോഗസ്ഥർ മണ്ഡലത്തിൽ സന്ദർശനം നടത്തി. ഖേലോ ഇന്ത്യയുടെ പിന്തുണയോടെ മണ്ഡലത്തിലെ കായികരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം.

To advertise here,

മണ്ഡലത്തിന്റെ കായിക മുന്നേറ്റത്തിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണിത്. നീലേശ്വരം ഇ.എം.എസ്. സ്റ്റേഡിയത്തിൽ നടന്ന ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ ഒളിമ്പിക്സ് വേദിയിലും ചീമേനി, ചിറ്റാരിക്കാൽ എന്നിവിടങ്ങളിൽ നടന്ന ഉപജില്ലാ സ്കൂൾ ഒളിമ്പിക്സ് വേദികളിലുമാണ് എം.എൽ.എ. യ്ക്കൊപ്പം ഖേലോ ഇന്ത്യ ഉദ്യോഗസ്ഥർ എത്തിയത്.

ഖേലോ ഇന്ത്യ ടി.ഐ.ഡി.സി. അംഗം പ്രദീപ് നായിഡുവിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശർനം. നീലേശ്വരം നഗരസഭാ ചെയർമാൻ പി.പി. മുഹമ്മദ് റാഫി, മുൻ കൗൺസിലർ എറുവാട്ട് മോഹനൻ, കായികാധ്യാപിക ടി. ആർ. പ്രീതിമോൾ എന്നിവരുമായും കായികമേളയുടെ സംഘാടകരുമായും സംസാരിച്ചു. ഇ.എം.എസ്. സ്റ്റേഡിയം ഉൾപ്പെടെ മണ്ഡലത്തിലെ പ്രധാന കളിസ്ഥലങ്ങളുടെ നിലവിലെ സ്ഥിതിയും സംഘം വിലയിരുത്തി.