റവന്യൂ വകുപ്പ് ഇടപെട്ട് നിർത്തിവെപ്പിച്ചു
ഇരിട്ടി : ആറളം പഞ്ചായത്തിലെ വീർപ്പാട് തൊത്തുമ്മലിൻ ആദിവാസികൾക്ക് പതിച്ചുനൽകിയ ഭൂമിയിൽ വൻ ചെങ്കൽ ഖനനം. നാല് പതിറ്റാണ്ട് മുൻപ് പ്രദേശത്തെ 17 കുടുംബങ്ങൾക്ക് ജീവനോപാധി എന്നനിലയിൽ പതിച്ചുനൽകിയ ഭൂമിയിലാണ് ഖനനം നടത്തിയത്.
ചെങ്കൽ നിക്ഷേപമുള്ള ഭൂമിക്ക് ഖനനത്തിനായി ഒരു സെന്റിന് 25,000 മുതൽ 50,000 രൂപവരെ വിലയുള്ളപ്പോൾ കേവലം പതിനായിരത്തിൽ താഴെ രൂപ നിശ്ചയിച്ചാണ് ഖനനത്തിന് നൽകിയത്. ഖനനത്തിന് പ്രാദേശികമായി ചില രാഷ്ടീയ പാർട്ടിയുടെ പിന്തുണയുമുണ്ട്.
1986-ൽ പട്ടികവർഗ സഹകരണ സംഘത്തിന് കീഴിൽ രജിസ്റ്റർചെയ്ത കുടുംബങ്ങൾക്കാണ് ഭൂമി നൽകിയത്. ഈ ഭൂമിയാണ് ചെങ്കൽ ലോബികൾ ആദിവാസികളെ പ്രലോഭിപ്പിച്ച് ഖനനത്തിനായി ഏറ്റെടുത്തത്. ചെങ്കല്ല് നിറഞ്ഞ പ്രദേശം കല്ലുവെട്ടിയശേഷം കൃഷിചെയ്യാനുള്ള പ്രദേശമായി മാറ്റിത്തരാമെന്ന പ്രലോഭനമാണ് നൽകിയത്.
ഖനനം നടക്കുന്ന പ്രദേശം ജനവാസമേഖലയാണ്. ആദ്യം ഏറ്റെടുത്ത 10 സെന്റിൽ ഖനനം നടത്തിയ ശേഷം അടുത്ത 10 സെന്റിലേക്ക് പ്രവേശിക്കുകയും പൊടിശല്യം രൂക്ഷമാകുകയും ചെയ്തതോടെയാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള ഭൂമി 17 കുടുംബങ്ങൾക്ക് 10 സെന്റ് വീതമാണ് പതിച്ചുനൽകിയത്. കുടുംബങ്ങളിൽ പലരും പ്രദേശത്തുതന്നെയാണ് താമസിക്കുന്നത്. ജീവനോപാധി എന്നനിലയിൽ ചില കുടുംബങ്ങൾ കപ്പയും വാഴയുമൊക്കെ കൃഷിയിറക്കിയെങ്കിലും കുറെ ഭൂമി തരിശായിക്കിടക്കുകയാണ്. ഇതിനെ ഉപയോഗപ്പെടുത്തിയാണ് മറ്റ് ഭൂമികളും ഖനനത്തിനായി പ്രയോജനപ്പെടുത്താനുള്ള ശ്രമം തുടങ്ങിയത്.
മാധ്യമപ്രവർത്തകർ പ്രദേശത്ത് എത്തിയതറിഞ്ഞ പ്രമുഖ പാർട്ടിയുടെ പ്രദേശിക നേതാവ് എന്ന് സ്വയം പരിചയപ്പെടുത്തിയയാൾ സ്ഥലത്ത് എത്തുകയും 30-ഓളം പേരുടെ തൊഴിലാണ് നിങ്ങൾ ഇല്ലാതാകുന്നതെന്ന വാദം ഉയർത്തി ഖനനത്തിന് അനുകൂലമായി വാദിക്കുകയുംചെയ്തു.
ഖനനത്തിന് അനുമതിയൊന്നുമില്ലെന്നും നാട്ടിൽ പ്രവർത്തിക്കുന്ന ചെങ്കൽ ക്വാറികളിൽ മൂന്നിൽ ഒന്നിനുപോലും അനുമതിയെല്ലെന്നും പറഞ്ഞ് ഖനനസംഘത്തിന് പ്രതിരോധം തീർത്തു. സംഭവമറിഞ്ഞ് റവന്യൂ സംഘം എത്തുമ്പോഴേക്കും കല്ലുകൊത്തുന്ന യന്ത്രം സംഭവസ്ഥലത്തുനിന്ന് നീക്കി.
ഡെപ്യൂട്ടി താഹസിൽദാരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ആദിവാസി ഭൂമിയിലെ ഖനനം നിർത്താൻ ആവശ്യപ്പെട്ടു. ഡെപ്യൂട്ടി താഹസിൽദാർ എം.എ. സഞ്ജന, സീനിയർ ക്ലർക്കുമാരായ മനോജ് കുമാർ, ജിനി എൽ. രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് ഖനനം നടക്കുന്ന സ്ഥലത്തെത്തി പരിശോധന നടത്തിയത്.
Published: 07 Oct 2026, 04:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented