ഇരിട്ടി : കേരളം-കർണാടക അതിർത്തിയായ കൂട്ടപുഴയിലെ എക്‌സൈസ് ചെക്‌പോസ്റ്റിൽ രണ്ടുമാസമായി ഇൻസ്‌പെക്ടറില്ല. ഇൻസ്‌പെക്ടർ സ്ഥലം മാറിപ്പോയതിനെത്തിനെത്തുടർന്ന് ഒഴിവുവന്ന തസ്തികയിൽ പകരക്കാരനെ നിയമിച്ചിട്ടില്ല.
രണ്ട് ഷിഫ്റ്റുകളാണ് ചെക്പോസ്റ്റിലുള്ളത്. ഇൻസ്‌പെക്ടർ ഉൾപ്പെടെ ഏഴ് ജീവനക്കാരാണ് ഒരു ഷിഫ്റ്റിൽ ജോലി ചെയ്യുന്നത്. കുറഞ്ഞത് രണ്ട് ഇൻസ്‌പെക്ടർമാരെങ്കിലും ആവശ്യമായ ഇവിടെ വർഷങ്ങളായി ഒരാൾ മാത്രമാണുണ്ടായിരുന്നത്. ഡ്യൂട്ടി ക്രമീകരിച്ചാണ് ഇതുവരെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോയിരുന്നത്. എന്നാലിപ്പോൾ ഇൻസ്‌പെക്ടർ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ ചെക്‌പോസ്റ്റിന്റെ പ്രവർത്തനം തന്നെ പ്രതിസന്ധിയിലായി.
ഇൻസ്‌പെക്ടർ പദവിയിലുള്ള ഉദ്യോഗസ്ഥന്റെ സാന്നിധ്യമില്ലാതെ പരിശോധന നടത്തുന്നതിന് ചട്ടപ്രകാരം നിയന്ത്രണങ്ങളുണ്ട്. ഇതിനുപുറമേ ജീവനക്കാരുടെ കുറവും പരിശോധനയെ ബാധിക്കുന്നു. ഇൻസ്‌പെക്ടറില്ലാത്ത സാഹചര്യത്തിൽ മറ്റു ഉദ്യോഗസ്ഥരിൽ പലരും അവധിയെടുക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
സംസ്ഥാനത്തേക്ക് ലഹരി കടത്തുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് കേരളം-കർണാടക അതിർത്തിയായ കൂട്ടപുഴ. കർണാടകയിൽനിന്നും ആന്ധ്രയിൽനിന്നും ഉൾപ്പെടെ മാക്കൂട്ടം ചുരം പാത വഴി ലഹരിവസ്തുക്കളും മറ്റും എത്തുന്നത് തടയാനാണ് കൂട്ടുപുഴ പാലത്തിന് സമീപം ചെക്പോസ്റ്റ് സ്ഥാപിച്ചത്. നേരത്തേ കിളിയന്തറയിലുള്ള ചെക്പോസ്റ്റ് കൂട്ടുപുഴ അതിർത്തിയിലേക്ക് മാറ്റിയത് പരിശോധന കാര്യക്ഷമമാക്കുന്നതിനും ലഹരി ഉൾപ്പെടെയുള്ള കടത്ത് തടയുന്നതിനും വേണ്ടിയാണ്.
കൂട്ടുപുഴയിൽ അടിയന്തരമായി ഇൻസ്‌പെക്ടറെ നിയമിക്കുകയും ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിച്ച് 24 മണിക്കൂറും കാര്യക്ഷമമായ പരിശോധന ഉറപ്പാക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിഷയത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Published: 19 Nov 2026, 03:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented