പയ്യന്നൂർ : കണ്ടോത്ത് ദേശീയപാതയിൽ ഗ്യാസ് ടാങ്കർ ലോറിയും സിമന്റ് ബൾക്കർ വാഹനവും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പാചകവാതകവുമായി (ദ്രവീകൃത പെട്രോളിയം വാതകം-എൽ.പി.ജി.) പോകുന്ന ടാങ്കർ ലോറി റോഡരികിലെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി. സമീപത്തെ വൈദ്യുതത്തൂണും തകർന്നു. ബുധനാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം.
വാതകച്ചോർച്ച ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. പെട്രോൾപമ്പിന് സമീപത്തായിരുന്നു അപകടം. എൽ.പി.ജി. ടാങ്കർ ലോറി മംഗളുരൂവിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു. സിമന്റ് ബൾക്കർ വാഹനം കാസർകോട് ഭാഗത്തേക്ക് പോകുകയായിരുന്നു.
പയ്യന്നൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽനിന്ന് സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തി. ടാങ്കറിൽ കുടുങ്ങിയ ഡ്രൈവർ തമിഴ്നാട് കന്യാകുമാരിയിലെ പഴനിച്ചാമി (42), സിമന്റ് ബൾക്കർ വാഹനത്തിലെ ഡ്രൈവർ തിരുവള്ളൂരിലെ ചന്ദ്രശേഖരൻ (46) എന്നിവരെ ആസ്പത്രിയിലെത്തിച്ചു. പോലീസും അഗ്നിരക്ഷാസേനയും വൊളന്റിയർമാരും ഗതാഗതം നിയന്ത്രിച്ചു. ക്രെയിൻ ഉപയോഗിച്ച് ടാങ്കർ ലോറി വൈകീട്ട് റോഡരികിൽനിന്ന് മാറ്റി.
വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ., നഗരസഭാ ചെയർപേഴ്സൺ സരിൻ ശശി, തഹസിൽദാർ പി. സജീവൻ, ഡിവൈ.എസ്.പി. പി.കെ. മണി തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.
നിയമം കടലാസിൽ, ടാങ്കറിൽ ഒരാൾ മാത്രം
:പാചകവാതകവുമായി പോകുന്ന ടാങ്കർ ലോറികളിൽ ഡ്രൈവർക്കൊപ്പം ഒരു സഹായി (അല്ലെങ്കിൽ ഡ്രൈവർ) വേണമെന്നത് നിർബന്ധമാണ്. 2002-ലെ പെട്രോളിയം നിയമങ്ങളിൽ ഇത് കൃത്യമായി പറയുന്നുണ്ട്. എന്നാൽ പല ടാങ്കർ ലോറികളിലും ഒരു ഡ്രൈവർ മാത്രമാണ് ഉണ്ടാവുക. ബുധനാഴ്ച പയ്യന്നൂരിൽ അപകടത്തിൽപ്പെട്ട ടാങ്കർ ലോറിയിലും ഒരു ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.
ഐ.ഒ.സി. പോലുള്ള ഓയിൽ കമ്പനികളുടെ പ്ലാന്റിൽ ടാങ്കർ വാഹനം കയറാൻ പ്രത്യേക നിയമവ്യവസ്ഥകളുണ്ട്. വാഹനം പ്ലാന്റിനുള്ളിൽ കയറുമ്പോൾ ഡ്രൈവർക്കൊപ്പം ക്ലീനർ നിർബന്ധമാണ്. പക്ഷേ യാത്രയിൽ പല വണ്ടികളിലും അവർ ഉണ്ടാകാറില്ല. വാതിൽക്കലെത്തുമ്പോൾ ഒരു ക്ലീനറെ ഏർപ്പാടാക്കും. ലോഡ് ഇറക്കും. ശേഷം ക്ലീനറെ ഒഴിവാക്കും. ക്ലീനറുടെ ശമ്പളം കൊടുക്കുന്നത് ഒഴിവാക്കാനാണ് ടാങ്കർ ഉടമ ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ക്ലീനറെ കിട്ടാനില്ലെന്നാണ് ഉടമസ്ഥർ പറയുന്നത്.
ഇത് റോഡുകളിലെ ഗൗരവമേറിയ സുരക്ഷാപ്രശ്നമാണ്. മുൻപ് ജില്ലയിലുണ്ടായ ടാങ്കർ ലോറി അപകടങ്ങളുടെ പശ്ചാത്തലത്തിൽ പോലീസും ഗതാഗത വകുപ്പും ദേശീയപാതകളിൽ പരിശോധന കർശനമാക്കിയിരുന്നു.
പാചകവാതകം വഹിച്ച് പോകുന്ന സമയത്ത് പാലിക്കേണ്ട നിയമങ്ങൾ ലംഘിച്ച് സർവീസ് നടത്തുന്ന വാഹനങ്ങളുടെ ഡ്രൈവർക്കെതിരേ കർശന നടപടി സ്വീകരിച്ചിരുന്നു.
വാഹനങ്ങളിൽ സൂക്ഷിക്കേണ്ട സുരക്ഷാ ഉപകരണങ്ങൾ മിക്കവാറും വാഹനങ്ങളിൽ ഉണ്ടാകാത്തതും മുൻപുള്ള പരിശോധനകളിൽ തെളിഞ്ഞിരുന്നു.
Published: 19 Nov 2026, 03:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented