കാസർകോട് : ഒക്ടോബർ 15 മുതൽ ഡിസംബർ 31 വരെ ഫയൽ അദാലത്തുകളിലൂടെ കെട്ടിക്കിടക്കുന്ന മുഴുവൻ ഫയലുകളും തീർപ്പാക്കാൻ പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമവകുപ്പുകൾക്ക് മന്ത്രി കെ.എ. തുളസി നിർദേശം നൽകി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാതല അവലോകനയോഗത്തിലാണ് നിർദേശം.

To advertise here,

വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കാൻ വകുപ്പുകൾ ഏകോപിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. പട്ടികജാതി, പട്ടികവർഗ പ്രോമോട്ടർമാരുടെ നിയമനനടപടികൾ വേഗത്തിലാക്കും. ജില്ലയിൽ നടപ്പാക്കുന്ന വികസന, ക്ഷേമ പദ്ധതികളുടെ പുരോഗതിയും യോഗം വിലയിരുത്തി. മംഗളൂരുവിൽ പ്ലസ് ടു പഠിക്കുന്ന വിദ്യാർഥികൾക്ക് പഠനമുറി അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി., എ.കെ.എം. അഷ്‌റഫ് എം.എൽ.എ. എന്നിവരെ മന്ത്രി അറിയിച്ചു. നിലവിൽ സംസ്ഥാനത്തിനകത്ത് പഠിക്കുന്നവർക്കാണ് ആനുകൂല്യം നൽകുന്നത്.

അംബേദ്കർ സെറ്റിൽമെന്റ് പദ്ധതികൾ പൂർത്തിയാക്കാനും പട്ടികവർഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ സമഗ്ര റിപ്പോർട്ട് തയ്യാറാക്കാനും കളക്ടർ ശ്രീധന്യാ സുരേഷ് നിർദേശിച്ചു. എം.പി. രാജ്‌മോഹൻ ഉണ്ണിത്താൻ, എം.എൽ.എമാരായ എ.കെ.എം. അഷ്‌റഫ്, കല്ലട്ര മാഹിൻ, കെ. നീലകണ്ഠൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, നഗരസഭാധ്യക്ഷ ഷാഹിന സലിം, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും

സർക്കാർ നടപ്പാക്കുന്ന വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി കെ.എ. തുളസി ഉറപ്പുനൽകി. ആദിവാസി മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്ന വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വകുപ്പിനു കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും മുൻഗണന നൽകും. ലൈഫ് മിഷനിലൂടെ നടപ്പാക്കിയിരുന്ന പട്ടികജാതി, പട്ടികവർഗ കുടുംബങ്ങൾക്കുള്ള ഭവനനിർമാണം വകുപ്പ് നേരിട്ട് നടപ്പാക്കുന്നതിനുള്ള മാർഗരേഖ തയ്യാറായിട്ടുണ്ട്- മന്ത്രി അറിയിച്ചു.