കാസർകോട് : കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിർമ്മാണം പുരോഗമിക്കുന്ന നടപ്പാലം ഒക്ടോബർ മാസം അവസാനത്തോടെ പൂർത്തിയാകുമെന്ന് പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ (ഡി.ആർ.എം.) മധുകർ റോട്ട് പറഞ്ഞു. ഡിവിഷന് കീഴിൽ ജില്ലയിലുള്ള റെയിൽവേ സ്റ്റേഷനുകളിൽ നടത്തുന്ന പരിശോധനയുടെ ഭാഗമായി കാസർകോടെത്തിയതായിരുന്നു അദ്ദേഹം. നടപ്പാലം സന്ദർശിച്ച് പ്രവർത്തനത്തിന്റെ പുരോഗതി വിലയിരുത്തി.

To advertise here,

മാസങ്ങളായി നടത്തുന്ന മേൽപ്പാലനിർമ്മാണം പൂർത്തിയാക്കുന്നതിനു മുൻപ് തന്നെ ഉപയോഗത്തിലുണ്ടായിരുന്ന നടപ്പാലങ്ങളിലൊന്ന് അറ്റകുറ്റപ്പണികൾക്കായി അടച്ചിരുന്നു. എന്നാൽ അറ്റകുറ്റപ്പണികൾ ആരംഭിക്കാതെയും നടപ്പാലത്തിന്റെ നിർമ്മാണം പൂർത്തിയാകാതെയും വന്നതോടെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിയിരുന്നു. നിലവിൽ സ്റ്റേഷനിൽ ഉപയോഗയോഗ്യമായി ഒരു നടപ്പാലവും അതിന്റെ അനുബന്ധ സൗകര്യങ്ങളും മാത്രമേയുള്ളൂ എന്ന് ശ്രദ്ധയിൽപെട്ടതോടെയാണ് പുതിയ നടപ്പാലം ഒരു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് ഡി.ആർ.എം. ഉറപ്പു പറഞ്ഞത്. പദ്ധതി പ്രകാരം നടപ്പാലത്തിനൊപ്പം എസ്കലേറ്ററിന്റെ നിർമ്മാണവും പൂർത്തിയാക്കും.

നടപ്പാലത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും നിർമാണം ഇഴയുകയാണെന്ന് പരാതി ഉയർന്നിരുന്നു. നിലവിൽ പ്ലാറ്റ്‌ഫോമുകൾ കടക്കാൻ തെക്കേയറ്റത്തുള്ള നടപ്പാലത്തെ മാത്രം ആശ്രയിക്കേണ്ടി വരുന്നതോടെ രണ്ടാം പ്ലാറ്റ്‌ഫോമിൽ ഏറ്റവും മുന്നിൽ വന്നിറങ്ങുന്ന മുതിർന്ന പൗരന്മാരടക്കമുള്ള യാത്രക്കാർ വളരെയധികം ബുദ്ധിമുട്ടിലാണ്. ലിഫ്റ്റുകൾ അടിക്കടി പണി മുടക്കുന്നതും പ്രതിസന്ധി വർധിപ്പിക്കുന്നുണ്ട്. പുതിയ നടപ്പാലം പൂർത്തിയാകുന്നതോടെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനാകും.

ട്രോളി ട്രാക്ക് ദുരിതം അവസാനിക്കുന്നില്ല

:നടപ്പാലം നിർമ്മാണത്തിൽ പ്രതീക്ഷയുടെ പച്ചക്കൊടി കണ്ടിട്ടും പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന ട്രോളി ട്രാക്കിന് ആശയ്ക്ക് വകയില്ല. ഭാരമുള്ള പെട്ടികൾ മുതൽ ചക്രക്കസേരയിൽ സഞ്ചരിക്കുന്ന യാത്രക്കാർക്ക് വരെ പ്ലാറ്റ്‌ഫോം കടക്കാൻ ട്രോളി ട്രാക്ക് വേണം. എന്നാൽ പ്ലാറ്റ്‌ഫോം നവീകരണത്തിനായി, മുൻപുണ്ടായിരുന്ന ട്രാക്ക് ഇളക്കിയത് പിന്നീട് പുനഃസ്ഥാപിച്ചില്ല. നിലവിൽ ചക്രക്കസേരയിൽ സഞ്ചരിക്കുന്ന യാത്രക്കാരെ പാർസൽ സേവനകേന്ദ്രം ജീവനക്കാർ എടുത്തുകടത്തുകയാണ്. ഈ സംവിധാനം എപ്പോൾ പുനഃസ്ഥാപിക്കുമെന്ന ചോദ്യത്തിന് അധികൃതർക്ക് മറുപടിയില്ല.

കാണിയൂർ പാത വൈകുന്നത് കർണാടകയുടെ അനുമതി വൈകുന്നതിനാൽ

കാഞ്ഞങ്ങാട് : കാണിയൂർ പാത വൈകുന്നത് കർണാടകയുടെ അനുമതി വൈകുന്നതിനാലാണെന്ന്‌ പാലക്കാട് ഡിവിഷൻ റെയിൽവേ മാനേജർ മധുകർ റോട്ട് കാഞ്ഞങ്ങാട്ട് പറഞ്ഞു.

കാഞ്ഞങ്ങാട് ഡിവലപ്‌മെന്റ് ഫോറം പ്രവർത്തകരോടാണ് ഈ കാര്യം അദ്ദേഹം വ്യക്തമാക്കിയത്. മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽനിന്ന് മാറ്റിയ സാഹചര്യത്തിൽ കാണിയൂർപാത യാഥാർഥ്യമാക്കുന്നതിന് മുൻഗണന നൽകണമെന്നായിരന്നു ഫോറം പ്രവർത്തകരുടെ ആവശ്യം. പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി.മുഹമ്മദ് അസ്‌ലം ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.