പൊയിനാച്ചി : യാത്രയ്ക്കും വികസനത്തിനും പുതിയ വഴിയൊരുക്കി മുനമ്പം പാലം ഒരുങ്ങി. ഈ മാസം ഒടുവിൽ ഉദ്ഘാടനമുണ്ടാകും. ചെമ്മനാട്-ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധപ്പെടുത്തി 195 മീറ്റർ നീളത്തിൽ കരിച്ചേരിപ്പുഴയിലാണ് പുതിയ പാലം. കഴിഞ്ഞവർഷം നവംബറിലാണ് പാലത്തിന് തറക്കല്ലിട്ടത്. കരാറുകാരായ ചട്ടഞ്ചാലിലെ ജാസ്മിൻ കൺസ്ട്രക്ഷൻ നാട്ടുകാരുടെ ആഗ്രഹത്തിനൊത്ത്‌ പ്രവർത്തിച്ചതിനാൽ കൃത്യം ഒരുവർഷം കൊണ്ട് പാലവും അനുബന്ധ റോഡും സജ്ജമായ സന്തോഷത്തിലാണ് നാട്ടുകാർ. മഹാക്ഷ്മിപുരം തൂക്കുപാലത്തിന്റെ 10 മീറ്റർ തെക്കുഭാഗത്താണ് 17.70 കോടി ചെലവിൽ നിർമിച്ച കോൺക്രീറ്റ് പാലം നാടിന്റെ തിലകക്കുറിയാകുന്നത്. നടപ്പാതയുൾപ്പെടെ 11 മീറ്റർ വീതിയിലുള്ള പാലത്തിന് 11 തൂണുകളിലായി 25 മീറ്ററിന്റെ അഞ്ച് സ്പാനുകളും 10 മീറ്ററിന്റെ ഏഴ് സ്പാനുകളുമുണ്ട്.

To advertise here,

ഇരുകരകൾ; ഇനി ഒരേ ദേശം

കൊളത്തൂർ, തെക്കിൽ ഗ്രാമങ്ങളിലുള്ളവർക്ക് രണ്ടു പഞ്ചായത്തുകളുമായി ഇനി എളുപ്പത്തിൽ ബന്ധപ്പെടാം. മുനമ്പം, കല്ലളി, കൊളത്തൂർ ഭാഗങ്ങളിലുള്ളവർ പെർളടുക്കം ടൗണിലെത്തി പൊയിനാച്ചി ദേശീയപാതയിലൂടെയാണ് നിലവിൽ കാസർകോട്ടും കാഞ്ഞങ്ങാട്ടും എത്തുന്നത്. ഈ ചുറ്റിത്തിരിയൽ പുതിയ പാലം തുറക്കുന്നതോടെ ഒഴിവാകും. അഞ്ചുകിലോമീറ്റർ ദൂരമാണിവർക്ക് കുറയുന്നത്. മലയോരമേഖലയെ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കാനും മുനമ്പം പാലം വഴിതുറക്കും. എരിഞ്ഞിപ്പുഴ, കരിച്ചേരി, ചൊട്ടപ്പാലങ്ങൾ വഴിയാണ് നിലവിൽ ബേഡഡുക്ക, കുറ്റിക്കോൽ പഞ്ചായത്ത് നിവാസികൾ കാസർകോട്ടേക്കെത്തുന്നത്. ബന്തടുക്ക റോഡിലെ പെർളടുക്കം ടൗണിൽനിന്ന് തിരിയുന്ന കല്ലളി-മുനമ്പം റോഡിലൂടെ പുതിയ പാലത്തിലെത്താം. ഇവിടെനിന്ന് മഹാലക്ഷ്മിപുരം-പള്ളത്തിങ്കാൽ റോഡിലൂടെ ചട്ടഞ്ചാൽ ദേശീയപാതയിലും. കരിച്ചേരിക്കുന്നും പൊയിനാച്ചിയും ഒഴിവാക്കിയാണ് ഈ യാത്ര. 4.200 കിലോമീറ്റർ ദൂരമുള്ള

പെർളടുക്കം-മുനമ്പം റോഡ് 3.85 കോടി രൂപ ചെലവിൽ പ്രധാനമന്ത്രി ഗ്രാമീണ സഡക്‌ യോജനയിൽ നവീകരിച്ചിട്ടുണ്ട്. പുഴയുടെ പടിഞ്ഞാറുഭാഗത്തുനിന്ന്‌ ചട്ടഞ്ചാൽ ദേശീയപാതയിലേക്കുള്ള റോഡും വികസനഘട്ടത്തിലാണ്.

കാത്തിരുന്നത് ഒരു വ്യാഴവട്ടം

2014-ലാണ് മുനമ്പം പാലത്തിന്റെ ഇൻവെസ്റ്റിഗേഷൻ അടക്കമുള്ള പ്രാഥമിക നടപടികൾ പൂർത്തിയാക്കിയത്. ചില സാങ്കേതികത്വം ചൂണ്ടിക്കാട്ടി അലൈൻമെന്റ് മാറ്റണമെന്ന പൊതുമരാമത്ത് (പാലം വിഭാഗം) ഡിസൈൻ വിങ് നിർദേശമാണ് അനുമതി നീളാൻ കാരണം. 2023 ജൂണിൽ മുൻ എം.എൽ.എ. സി.എച്ച്.കുഞ്ഞമ്പുവിന്റെ അധ്യക്ഷതയിൽ ചേർന്ന നാട്ടുകാരുടെ യോഗം പഴയ അലൈൻമെന്റ് പ്രകാരം തന്നെ പാലം നിർമിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് പ്രവർത്തിച്ചതോടെയാണ് പ്രവൃത്തിക്ക് പച്ചക്കൊടി വീശിയത്.

മാറ്റം വരും, നാടിന്റെ മുഖച്ഛായയിലും

പുതിയ പാലം നാടിന്റെ പുതിയ ചലനം കൂടിയാണ്. മഹാലക്ഷ്മിപുരം തൂക്കുപാലത്തിലൂടെ നടന്നാണ് നിലവിൽ നാട്ടുസഞ്ചാരം. പുതിയപാലം വന്നതോടെ തൂക്കുപാലത്തെ സംരക്ഷിക്കും. ബാവിക്കര റഗുലേറ്ററും ടൂറിസം പദ്ധതിയും മഹാലക്ഷ്മിപുരം ക്ഷേത്രവുമെല്ലാം നാടിന് ഉണർവേകുന്ന കാഴ്ചയാണ്. ഭാവിയിൽ ഇവിടം മികച്ച ടൂറിസം സ്പോട്ടായി മാറാനുള്ള സാധ്യതയേറെയാണ്. ഈ മാറ്റം നാടിന്റെ മുഖച്ഛായക്കും മാറ്റമുണ്ടാക്കും. ബാവിക്കര റെഗുലേറ്ററിന്റെ താഴെ ചെമ്മനാട് – മുളിയാർ പഞ്ചായത്തുകളെ ബന്ധപ്പെടുത്തി പുതിയൊരുപാലം കൂടി പരിഗണനയിലുണ്ട്. ഇതിന്റെ ഡിസൈനടക്കം തയ്യാറായിട്ടുണ്ട്. പയസ്വിനിപ്പുഴയിൽ നിർമാണത്തിലുള്ള അരമനപ്പടിപാലം പൂർത്തിയായാൽ ദേശീയപാതയിൽനിന്ന്‌ മുളിയാറിലേക്ക് മുനമ്പം പാലത്തിലൂടെ മറ്റൊരു എളുപ്പമാർഗം തുറക്കും.