അടയ്ക്കാത്തോട് :കേളകം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർഥികൾക്ക് ചീങ്കണ്ണിപ്പുഴയിൽ നീന്തൽ പരിശീലനം നൽകുന്നതിന്റെ ഭാഗമായി കോച്ചിക്കുളത്ത് പുഴയോരത്തെ അടിക്കാടുകൾ വെട്ടുകയും പുഴയിൽ തടയണ നിർമിക്കുകയും ചെയ്തു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും മണത്തണ സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരും പ്രദേശവാസികളും ചേർന്നാണ് പ്രവൃത്തി നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. ചീങ്കണ്ണി പുഴ കേളകം പഞ്ചായത്തിന്റേതാണെന്നും അതിനൊരു തർക്കവുമില്ലെന്നും ഇനിയൊരു തർക്കം ഉണ്ടാകാനും പോകുന്നില്ലെന്നും ലിസി ജോസഫ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ അഭ്യൂഹങ്ങളും അബദ്ധ പ്രചാരണങ്ങളും തെറ്റാണ് എന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ് വനംവകുപ്പും പഞ്ചായത്തും ഒരുമിച്ച് കേളകം പഞ്ചായത്തിന്റെ ചീങ്കണ്ണി പുഴയിൽ നീന്തൽ പരിശീലന പരിപാടിക്ക് തുടക്കം കുറിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

To advertise here,

പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പേരാവൂർ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരാണ് സ്‌കൂൾ വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നൽകുന്നത്. പഞ്ചായത്ത് അംഗങ്ങളായ പി.എ. അബ്ദുൾ സലാം, സുനിത രാജു, ഷിജി സുരേന്ദ്രൻ, ജെയ്‌മോൻ കൊച്ചറയ്ക്കൽ, ബിനു എടാൻ, ലിസി കുന്നോല, ജോർജ്കുട്ടി താന്നിവേലിൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വി.സി. പ്രജീഷ് കുമാർ, എ.കെ. അനൂപ്, ഫോറസ്റ്റ് ബീറ്റ് അസിസ്ന്റുമാരായ സി. ഗണേശ്, ടി. ബാലകൃഷ്ണൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് തുടങ്ങിയവർ കോച്ചിക്കുളത്ത് നടന്ന പ്രവൃത്തികൾക്ക് നേതൃത്വം നൽകി. പേരാവൂർ അഗ്നിരക്ഷാ സ്‌റ്റേഷൻ ഓഫീസർ കെ.എ. ജിനേഷിന്റെ നേതൃത്വത്തിൽ ചീങ്കണ്ണി പുഴയിൽ പരിശോധനയും നടത്തി. വ്യാഴാഴ്ച മുതൽ നീന്തൽ പരിശീലനം ആരംഭിക്കും.