മടിക്കൈ : കണിച്ചിറ പൊതുമരാമത്ത് റോഡിലെ കുത്തനെയുള്ള വളവിൽ ലോറി മറിഞ്ഞു. ഡ്രൈവർ അനിൽ നീലേശ്വരം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് അപകടം. നീലേശ്വരം ഭാഗത്തുനിന്ന് പെരിയ ബട്ടത്തൂർ പെരിയോട്ടടുക്കത്തെ ബീവറേജിന്റെ സംഭരണശാലയിൽനിന്ന് മദ്യം കൊണ്ടുവരാൻ പോവുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. റോഡിൽനിന്ന് തെന്നി അരികിലെ ക്രാഷ് ബാരിയറും തകർത്ത ലോറി സ്വകാര്യ വ്യക്തിയുടെ തെങ്ങിൽ ഇടിച്ചുനിൽക്കുകയായിരുന്നു. അപകടത്തിൽ ലോറിയുടെ മുൻഭാഗം തകർന്നു. ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
റോഡ് നവീകരിച്ചിട്ടും അപകടങ്ങൾ തുടരുന്നു
മടിക്കൈയിലുള്ളവർക്ക് കണിച്ചിറ പാലം കടന്ന് എളുപ്പം കാഞ്ഞങ്ങാട് മാവുങ്കാൽ ഭാഗങ്ങളിലേക്ക് എത്താനാകും. മൂന്ന് വർഷം മുമ്പ് നീലേശ്വരം മടിക്കൈ കല്യാൺ റോഡിൽ ലക്ഷങ്ങൾ ചെലവിട്ട് മെക്കാഡം ടാറിങ് നടത്തിയതാണ്. കണി ച്ചിറ പാലത്തിന് സമീപത്തെ കൊടുംവളവ് പരിഹരിക്കാൻ മാത്രം ചെലവഴിച്ചത് രണ്ടുകോടിയിലധികം രൂപയാണ്. എന്നിട്ടും പലതവണ ഭാരം കയറ്റി വരുന്ന വാഹനങ്ങൾ തെന്നി റോഡിന് കുറുകെനിന്ന് മണിക്കൂറുകളോളം ഗതഗതതടസ്സമുണ്ടായിട്ടുണ്ട്. അപകടവളവിന് താഴെ താമസിക്കുന്ന കാഞ്ഞിരക്കാൽ നാരായണനും കുടുംബത്തിനും പല ദിവസങ്ങളിലും ഉറക്കമില്ലാത്ത രാത്രിയാണ് സമ്മാനിച്ചത്. പത്തിലധികം തവണയാണ് വീടിനോട് ചേർന്ന് വാഹനങ്ങൾ വന്നുവീണത്. ഒരിക്കൽ പിൻഭാഗത്തെ ഷെഡ് തകർന്നു. 25,000 രൂപ ചെലവഴിച്ച് പുനർനിർമിച്ചു.
ശാശ്വതപരിഹാരം തേടി വലയുകയാണ് നാട്ടുകാർ. റോഡിന്റെ ഡിസൈൻ മാറ്റുന്നതിന് ശ്രമിക്കുകയാണെന്ന് പൊതുമരാമത്ത് അസി. എൻജിനീയർ സി. ബിജു പറഞ്ഞു.
Published: 03 Nov 2026, 04:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented