കാങ്കോൽ : ജില്ലാ പരിസ്ഥിതി ഏകോപനസമിതിയുടെ നേതൃത്വത്തിൽ പഠന-സംവാദയാത്ര നടത്തിയ സംഘത്തെ ചെങ്കൽക്വാറി മാഫിയ ആക്രമിച്ചു. ജില്ലാപരിസ്ഥിതി ഏകോപനസമിതി ചെയർമാൻ വി.സി. ബാലകൃഷ്ണൻ, കൺവീനർ കെ.ഇ. കരുണാകരൻ, സി. ദിവാകരൻ, കെഎം. രാജൻ, കെ. രമേശൻ എന്നിവരെയാണ് ആക്രമിച്ചത്. പരിക്കേറ്റവരെ പയ്യന്നൂർ താലൂക്ക് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അനധികൃത മണ്ണെടുപ്പും ചെങ്കൽഖനനവും കാരണം പയ്യന്നൂർ താലൂക്കിലെ ഇടനാടൻ ചെങ്കൽ കുന്നുകൾക്കുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചു പഠിക്കാൻ പോയ സംഘത്തെയാണ് അക്രമിച്ചത്.

To advertise here,

ശനിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു സംഭവം. ആലക്കാട് കാനായി കാനം പ്രദേശത്തെ അനധികൃത ചെങ്കൽ ഖനനസ്ഥലത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം. പെരിങ്ങോം പോലീസിലും പയ്യന്നൂർ ഡിവൈ.എസ്.പിക്കും പരാതി നൽകിയതായി ഭാരവാഹികൾ അറിയിച്ചു.

അനധികൃതമായി പ്രവർത്തിക്കുന്ന ചെങ്കൽപ്പണ സംബന്ധിച്ച് വിവരം കൊടുത്തതിനെത്തുടർന്ന് വില്ലേജ് ഓഫീസറും സംഘവുമെത്തി അളന്ന് കൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം നടന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ജില്ലാ പരിസ്ഥിതി ഏകോപനസമിതി വെള്ളിയാഴ്ച പെരുമ്പ, പെരിങ്ങോം വില്ലേജ്, ആലപ്പടമ്പ് വില്ലേജ്, പെരിന്തട്ട വില്ലേജുകളിൽ സന്ദർശനം നടത്തിയിരുന്നു. 20 ഏക്കറോളം അനധികൃതഖനനം നടത്തുന്നതായി സമതിക്ക് ബോധ്യപ്പെട്ടിരുന്നു. ശനിയാഴ്ച ചെങ്കൽപ്പാറ സംരക്ഷണ പഠനസംവാദയാത്ര ആലപ്പടമ്പ് വില്ലേജിലായിരുന്നു പര്യടനം.

യാത്ര ആലക്കാട് എത്തിയപ്പോൾ കാങ്കോൽ വില്ലേജിലെ ആലക്കാട്ട് നടക്കുന്ന അനധികൃതഖനനം വില്ലേജ് ഓഫീസറെ അറിയിച്ചിരുന്നു. പരിസ്ഥിതിപ്രവർത്തകർ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്ത് കാങ്കോൽ വില്ലേജ് ഓഫീസർ കെ. നുസൈബയും സംഘവും എത്തി. വില്ലേജ് ഓഫീസർ എത്തിയപ്പോഴാണ്, ആയുധങ്ങളുമായി ചെങ്കൽഖനനം നടത്തുന്നവരും സഹായികളുമടക്കം അമ്പതോളം ആളുകൾ കമ്പിവടിയും മറ്റ് ആയുധങ്ങളുമായെത്തി മർദിച്ചത്. ടി.പി. പദ്‌മനാഭനാണ് പഠനസംവാദ യാത്ര ഉദ്ഘാടനം ചെയ്തത്. കെ.ഇ. കരുണാകരൻ, വി.സി. ബാലകൃഷ്ണൻ, കെ.എം. രാജൻ, കെ. രമേശൻ, പി.പി. ജനാർദനൻ, നാരായണൻ നിട്ടൂർ എന്നിവർ യാത്രയിൽ പങ്കെടുത്തു.

പ്രതിഷേധിച്ചു

: അനധികൃത ചെങ്കൽഖനനത്തിനെതിരേ ബോധവത്കരണം നടത്തുന്ന പയ്യന്നൂരിലെ പരിസ്ഥിതിപ്രവർത്തകരെ ആക്രമിച്ച ക്വാറിസംഘത്തെ അറസ്റ്റ് ചെയ്യണമെന്ന് ഭഗത് സിങ് പൊളിറ്റിക്കൽ ഫോറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പൊളിറ്റിക്കൽ ഫോറം ആവശ്യപ്പെട്ടു. പ്രതിഷേധയോഗത്തിൽ വി.വി. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. രാജൻ, പി. മുരളീധരൻ, എം.വി. തങ്കച്ചൻ, എം.വി. ജനാർദനൻ, ഒ.പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു.