പെരുമ്പടവ് : തലവിൽ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃത ചെങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ ചെങ്കൽ ക്വാറികളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയും പ്രദേശത്ത് ഖനനം അനുവദിക്കുകയില്ല എന്ന ബോർഡ് സ്ഥാപിക്കുകയും ചെയ്തു. മാർച്ചിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
പ്രദേശത്ത് പ്രവർത്തിക്കുന്ന അഞ്ച് ക്വാറികളിൽ ഒന്നിനുപോലും ലൈസൻസും ലഭിച്ചിട്ടില്ലെന്നും നിരന്തരമായ ഖനനം മൂലം പ്രദേശത്തെ ജനങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അധികൃതർ കണ്ടില്ലെന്ന് വയ്ക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് ഇപ്പോൾ അനധികൃതമായി തുടങ്ങിയ ക്വാറികൾ ജനങ്ങൾക്ക് ഭീഷണിയാണ്. അനധികൃത ഖനനം മൂലം നശിച്ചുകൊണ്ടിരിക്കുന്ന തലവിലും സമീപ പ്രദേശങ്ങളിലുമായി അഞ്ഞൂറിലധികം കുടുംബങ്ങളാണ് താമസിക്കുന്നത്.
സമീപപ്രദേശങ്ങളായ വിമലശ്ശേരി, അതിരുകുന്ന്, എരുവാട്ടി, എടക്കോം തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്കും ദുരിതം അനുഭവിക്കേണ്ടി വരുന്നു.
ചെങ്കൽ ക്വാറികളിൽനിന്ന് ഒലിച്ചിറങ്ങുന്ന ചെളിവെള്ളം കാരണം കുടിവെള്ളം മലിനമാകുകയാണ്. അധികൃതരുടെയും നാട്ടുകാരുടെയും എതിർപ്പ് അവഗണിച്ച് വ്യക്തികൾ ലൈസൻസ് പോലുമില്ലാതെ ഖനനം നിർബാധം തുടരുകയാണെന്നും നാട്ടുകാർ ആരോപിച്ചു. സമീപത്തായി എൽ.പി. സ്കൂളും അങ്കണവാടികളും പ്രവർത്തിക്കുന്നുണ്ട്. തളിപ്പറമ്പ് താലൂക്കിലെ തിമിരി വില്ലേജിലാണ് പ്രസ്തുത ക്വാറികൾ പ്രവർത്തിക്കുന്നത്. വില്ലേജ് അധികൃതർ ഇതിന് മൗനസമ്മതം നൽകുന്നതായും നാട്ടുകാർ ആരോപിക്കുന്നു.
ഈ അവസ്ഥയിലാണ് തലവിൽ മേഖലയിലെ അനധികൃത ചെങ്കൽഖനനത്തിന്നെതിരെ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്‌കരിച്ച് സമരപരിപാടികൾക്ക് രൂപം നൽകിയത്. ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ മാർച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ എം.പി. ഗോപി, ജോജി ആനിത്തോട്ടം, ബിന്യ സനീഷ്, മുൻ മെമ്പർ കെ.പി. കുഞ്ഞികൃഷ്ണൻ, കെ ആർ. രാമചന്ദ്രൻ, പി.വി. രാമചന്ദ്രൻ, ടോമി മൈക്കിൾ, കെ. ലക്ഷ്മണൻ, വി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Published: 19 Sept 2026, 03:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented