നഷ്ടങ്ങളുടെകണക്കെടുപ്പ് തുടങ്ങി
ഇരിട്ടി : മഴയ്ക്ക് അല്പം ശമനമുണ്ടായതോടെ മലയോരമേഖലയിൽ നഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി. മേഖലയിലെ നാല് ദുരിതാശ്വാസക്യാമ്പുകളിൽ ഉണ്ടായിരുന്ന 159 പേരും ചൊവ്വാഴ്ച വീട്ടിലേക്ക് മടങ്ങും. ഇവരുടെ വെള്ളം കയറിയ വീടുകൾ വാസയോഗ്യമാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. കിളിയന്തറ അഞ്ചേക്കറിൽ പുനരധിവസിപ്പിച്ച 15 കുടുംബങ്ങളേയും മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചു. ഇവരുടെ വീടുകൾക്ക് സമീപം ഭൂമിയിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വൈദ്യുതിമന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം വീടുകൾ സന്ദർശിച്ച് ആവശ്യമായ സുരക്ഷാനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശംനൽകിയിരുന്നു.
വള്ളിത്തോട് കിളിയന്തറയിൽ കുന്നിടിഞ്ഞ് വീടിന്റെ അടുക്കളഭാഗം തകർന്നു. കിളിയന്തറ 32-ലെ വെട്ടിക്കൽ നോബിൾ ജോർജിന്റെ വീടിന്റെ പുറകുവശത്തുള്ള കുന്നാണ് ഇടിഞ്ഞത്. കല്ലും മണ്ണും പതിച്ച് വീടിന്റെ അടുക്കളഭാഗം തകർന്നു. വീട് അപകടാവസ്ഥയിലാണ്. ബാക്കിയുള്ള ഭാഗവും ഏതുനിമിഷവും ഇടിയാറായ അവസ്ഥയിലാണ്. കിളിയന്തറ മുപ്പത്തിരണ്ടിലുള്ള കാതർ കുളങ്ങരപ്പള്ളിയുടെ വീടിനു പുറകിലുള്ള കുന്നും ഇടിഞ്ഞ് വീടിന് ഭീഷണിയായിട്ടുണ്ട്.
ഉരുപ്പുംകുറ്റി മലയിൽ ഉരുൾപൊട്ടൽ; മൂന്നേക്കറിലെ കൃഷിനശിച്ചു
അയ്യങ്കുന്ന് ഗ്രാമപ്പഞ്ചായത്തിലെ ഉരുപ്പുംകുറ്റി മലയിലുണ്ടായ ഉരുൾപൊട്ടലിൽ മൂന്നേക്കറിലെ കൃഷിനശിച്ചു. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1300 അടി ഉയരത്തിലുള്ള മലമുകളിൽനിന്നാണ് ഉരുൾപൊട്ടൽ തുടങ്ങിയതെന്ന് പ്രാഥമികപരിശോധനയിൽ കണ്ടെത്തി. ഉരുൾപൊട്ടലിൽ കെ.സി. ബെന്നി, സണ്ണി കുന്നിൻ, മത്തായി കുന്നിൻ എന്നിവരുടെ ഏകദേശം മൂന്നേക്കറിലധികം കൃഷിയിടങ്ങൾ പൂർണമായും നശിച്ചു.
റബ്ബർ, കശുമാവ്, കവുങ്ങ്, വാഴ, കാപ്പി, തെങ്ങ് തുടങ്ങിയ വിവിധ വിളകൾ നശിച്ചതോടെ കർഷകർക്ക് വലിയ സാമ്പത്തികനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ജനവാസമില്ലാത്ത പ്രദേശമായതിനാലാണ് ആളപായം ഒഴിവായത്. ഞായറാഴ്ച രാവിലെയാണ് മേഖലയിൽ ഉരുൾപൊട്ടിയ വിവരം പ്രദേശവാസികൾ അറിയുന്നത്. ശനിയാഴ്ച പഞ്ചായത്തിൽ 300 മില്ലിമീറ്ററിൽ കൂടുതൽ മഴ രേഖപ്പെടുത്തിയിരുന്നു. അന്നാണ് ഉരുൾപൊട്ടിയതെന്നാണ് സംശയിക്കുന്നത്.
അയ്യൻകുന്ന് കൃഷി ഓഫീസർ ജി.ആർ. ആര്യ, അഗ്രികൾച്ചർ അസിസ്റ്റന്റുമാരായ സി.കെ. സുമേഷ്, കെ.എം. സഫ്വാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കൃഷിയിടം സന്ദർശിച്ച് നാശം വിലയിരുത്തി. കൃഷിനാശത്തിന്റെ വിശദാംശങ്ങൾ ശേഖരിച്ച് തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Published: 04 Aug 2026, 04:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented