മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തശേഷം ആദ്യമായി ജില്ലയിലെത്തുകയാണ്‌ വി.ഡി. സതീശൻ. കഴിഞ്ഞ ഒരുദശാബ്ദക്കാലം സംസ്ഥാനത്തിന്റെ ഭരണസാരഥ്യം വഹിച്ച ജില്ലയിൽ പക്ഷേ, ഇന്നും പറയാൻ പരിഭവങ്ങൾ ഏറെയാണ്‌. വിസ്മയങ്ങളുടെ അമിത പ്രതീക്ഷയല്ല, കണ്ണൂരിന്റെ ചില വിഷയങ്ങളിൽ ഒരു കണ്ണുണ്ടാകണമെന്ന നിവേദനമാണിത്‌...

To advertise here,

വഴിയൊരുക്കാൻ വഴിയില്ലേ

:ദേശീയപാതയിൽ മണ്ണിട്ടുയർത്തിയ പലയിടങ്ങളിലും പാലം പണിയാനാണ്‌ പുതിയ തീരുമാനം. പദ്ധതി നീളുമെന്ന്‌ ചുരുക്കം. അതിൽ കൃത്യമായ ഇടപെടൽ വേണം. ദേശീയപാതാ നിർമാണം പൂർത്തിയാകുന്നതോടെ കണ്ണൂരിൽനിന്ന് തോട്ടട വഴി നടാൽ റെയിൽവേ ഗേറ്റ് കടന്നുവരുന്ന വാഹനങ്ങൾ ഏതുവഴി പോകുമെന്നതിന് ഇനിയും ഉത്തരമില്ല.

മുൻ മുഖ്യമന്ത്രിയുൾപ്പെടെ ഇടപെട്ടിട്ടും പ്രശ്‌നത്തിന് പരിഹാരമായില്ല. കണ്ണൂർ റെയിൽവേ സ്റ്റേഷനോട്‌ ചേർന്ന്‌ പിറ്റ്‌ ലൈനും നാലാം പ്ളാറ്റ്‌ഫോമും വഷങ്ങൾക്ക്‌ മുൻപേ പറഞ്ഞുകേട്ടതാണ്‌. പാലക്കാട്‌ ഡിവിഷൻ വിഭജനത്തിന്റെ പശ്ചാത്തലത്തിൽ വേണം ശക്തമായ ഇടപെടൽ.

ആറളം പുനരധിവാസ മേഖല

:സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയാണ് ആറളം ഫാം. ഭൂരഹിതരായ 3,050 ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ വീതം നൽകിയിട്ടും മുഴുവൻ കുടുംബങ്ങളെയും അധിവസിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. പതിച്ചുനൽകിയ ഭൂമിയിൽ 1,000 ഏക്കറോളം കാടിന് തുല്യമായി. അടിസ്ഥാനസൗകര്യം, കുടിവെള്ള പ്രശ്‌നം തുടങ്ങിയവ പരിഹരിച്ചിട്ടില്ല. ആനമതിൽ നിർമാണം ഇഴയുന്നു. ആദിവാസികൾക്ക് തൊഴിലും ജീവിതനിലവാരവും ഉറപ്പുവരുത്തേണ്ട ഭൂമി സംരഭകത്വ കൃഷിയെന്ന പേരിൽ 90 ശതമാനവും വ്യക്തികൾക്ക് പാട്ടത്തിന് നൽകി.

വാഗ്ദാനം മാത്രം

:ദേശീയപാതാ നിർമാണവുമായി ബന്ധപ്പെട്ട് അടിപ്പാതയ്ക്കുവേണ്ടി നാട്ടുകാർ പന്തലുകെട്ടി മാസങ്ങളോളം സമരമിരുന്ന പ്രദേശമാണ് മുഴപ്പിലങ്ങാട് മഠം. മേൽനടപ്പാലം നിർമിക്കാമെന്ന അധികൃതരുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. വർഷം മൂന്നായിട്ടും നടപ്പാലത്തിന്റെ നിർമാണം തുടങ്ങിയില്ല. കാൽനടയായി ദേശീയപാത മുറിച്ചുകടക്കുന്നവരും ഭീതിയിലാണ്.

എവിടെ ആയുർവേദ ഗവേഷണകേന്ദ്രം

:ജില്ലയുടെ സ്വപ്നപദ്ധതികളിലൊന്നാണ് കണ്ണൂർ അന്തരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രം. 300 കോടിയോളം രൂപ ചെലവിൽ രാജ്യത്തെ ആദ്യ ആയുർവേദ ഗവേഷണകേന്ദ്രമാക്കി സ്ഥാപനത്തെ മാറ്റുകയായിരുന്നു ലക്ഷ്യം. ഒന്നാം ഘട്ടം 2025 മാർച്ചിൽ പൂർത്തിയാക്കേണ്ടതായിരുന്നു. ഒന്നാം ഘട്ട പൂർത്തീകരണോദ്ഘാടനം നടത്തിയിട്ട് ആറുമാസം പിന്നിട്ടെങ്കിലും 30 ശതമാനം പ്രവൃത്തി ഇനിയും പൂർത്തിയാകാനുണ്ട്.

വ്യവസായ പാർക്ക്

:കിൻഫ്രയുടെ വ്യവസായ പാർക്ക് സ്ഥാപിക്കാനുള്ള പ്രവർത്തനം എട്ടുവർഷത്തിലധികമായി ഇഴയുകയാണ്. വ്യവസായ പാർക്കിനായി 708.59 ഏക്കറാണ് ഏറ്റെടുക്കുന്നത്. സർവേയും വിഭവങ്ങളടെ വിലനിർണയവും ഉൾപ്പെടെ 75 ശതമാനത്തിലധികം ഏറ്റെടുക്കൽ പൂർത്തിയായിട്ടും ഭൂവുടമകളുടെ ആശങ്ക ഒഴിയുന്നില്ല.

കൊട്ടിയൂരിനെ പരിഗണിക്കണം

:കൊട്ടിയൂർ ക്ഷേത്രത്തിന്റെ സമഗ്രമായ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും തിരുപ്പതി മാതൃകയിൽ ദേശീയ തീർഥാടനകേന്ദ്രമാക്കുമെന്നുമാണ് യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ പ്രഖ്യാപിച്ചത്. വൈശാഖോത്സവകാലത്തെ രൂക്ഷമായ ഗതാഗതക്കുരക്ക് ഒഴിവാക്കാനും ഉത്സവനഗരിയിലെ അടിസ്ഥാനസൗകര്യങ്ങൾ വിപുലീകരിക്കാനും നടപടിയെടുക്കണം.

കൊട്ടിയൂരിലേക്കുളള റോഡുകളുടെ വീതികൂട്ടൽ, പാർക്കിങ് സൗകര്യം, ശൗചാലയ നിർമാണം, ഭക്തരുടെ സുരക്ഷ തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകണം.

ചുരമില്ലാ ബദൽപ്പാത

:മഴ ശക്തമായാൽ കണ്ണൂർ-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരം പാതകളിൽ മണ്ണിടിച്ചിലും ഗതാഗതതടസ്സവും പതിവാണ്. പാതയ്ക്ക്‌ ബദലയായി അമ്പായത്തോട്-44-ാം മൈൽ ചുരംരഹിതപാത ആവശ്യമാണ്. ചുരം പാതകളെ അപേക്ഷിച്ച് വികസനസാധ്യതയും ദൂരക്കുറവും അപകടസാധ്യത കുറഞ്ഞതുമായ പാതയാണിത്. പാതയുടെ 1.300 കിലോമീറ്റർ വനത്തിലൂടെ ആയായതാണ് റോഡ് നിർമാണത്തിന് അനുമതി ലഭിക്കാത്തത്.

സ്ഥലമില്ലാതെ മേൽപ്പാലങ്ങൾ

:റെയിൽവേയുടെ റോഡ് മേൽപ്പാലങ്ങളിൽ ഭൂരിഭാഗവും തുടങ്ങിയിട്ടില്ല. സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകാത്തവയും അന്തിമ രൂപരേഖയാവാത്തവയുമാണ് മുടങ്ങിയത്. നിർമാണച്ചെലവ് പൂർണമായും റെയിൽവേ വഹിക്കുന്ന സംസ്ഥാനത്തെ 38 റോഡ് മേൽപ്പാലങ്ങളിൽ അഞ്ചെണ്ണം ജില്ലയിലാണ്. പദ്ധതിക്ക് ഭൂമി സർക്കാർ ഏറ്റെടുത്ത് നൽകണം.

ചിറകുവേണം വിമാനത്താവളത്തിന്‌

:പ്രവർത്തനം തുടങ്ങി എട്ടുവർഷമാകാറായിട്ടും പ്രതീക്ഷയ്ക്കൊത്ത് വളരാൻ കണ്ണൂർ വിമാനത്താവളത്തിനായിട്ടില്ല. തുടക്കം മുതലുള്ള രണ്ട് വിമാനക്കമ്പനികൾ മാത്രമാണ് ഇപ്പോഴും കണ്ണൂരിൽനിന്ന് സർവീസ് നടത്തുന്നത്. വിദേശ കമ്പനികളുടെ സർവീസിന് വേണ്ട പോയിന്റ് ഓഫ് കോൾ പദവി വേണമെന്ന ആവശ്യം കേന്ദ്രസർക്കാർ ഇതുവരെ അനുവദിച്ചിട്ടില്ല. റൺവേ വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് നീണ്ടുപോകുന്നു.

ഹജ്ജ് ഹൗസ് നിർമാണം

:സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസിന് കണ്ണൂരിൽ തറക്കല്ലിട്ടിട്ട് ഒരു വർഷമായിട്ടും നിർമാണം തുടങ്ങിയില്ല. നിർമാണത്തിനുവേണ്ട 30 കോടിയോളം രൂപ കണ്ടെത്താനുള്ള പ്രതിസന്ധിയാണ് കാരണം. കഴിഞ്ഞ സർക്കാർ അഞ്ചുകോടി രൂപ അനുവദിച്ചിരുന്നു.

നവീകരണം കാത്ത് പഴശ്ശി കനാൽ

:ജലസേചനത്തിനും കൃഷി ആവശ്യത്തിനുമായി നിർമിച്ച പഴശ്ശി കനാൽ നാട്ടുകാർക്ക് ഭീഷണിയാണ്. കഴിഞ്ഞമാസം കാര തെളുപ്പിൽ കനാലിന്റെ തുരങ്കം തകർന്ന് 10 വീടുകളിൽ വെള്ളം കയറി. തെളുപ്പ്, തേക്കിൻകാട് ഭാഗങ്ങളിലുള്ളവർ ഒറ്റപ്പെട്ടു. കനാൽറോഡ് പലയിടത്തും തകർന്ന് അപകടാവസ്ഥയിലാണ്.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിനെ മറക്കരുത്

:വിദ്യാർഥികളുടെ ഹോസ്റ്റലുകൾ തകർച്ചയിലാണ്. മരുന്നുകൾ സൂക്ഷിക്കാൻ മതിയായ സൗകര്യം വേണം. മരുന്നുക്ഷാമം പരിഹരിക്കണം. ഡെന്റൽ കോളേജിലും നഴ്‌സിങ് കോളേജിലും പ്രിൻസിപ്പൽമാരെ നിയമിക്കണം.

ജീവനക്കാരുടെ കുറവ് നികത്തണം. ജീവനക്കാരുടെ ആഗിരണപ്രക്രിയ പൂർത്തീകരിക്കാത്തത് ശമ്പള, ആനുകൂല്യ വ്യവസ്ഥകളെ സാരമായി ബാധിച്ചു. വിരമിച്ച ജീവനക്കാരുൾപ്പെടെ ആനുകൂല്യങ്ങൾ ലഭിക്കാനുമുണ്ട്്.

തലശ്ശേരി വികസനം

:തലശ്ശേരി-മൈസൂരു റെയിൽപ്പാത ഏറെക്കാലമായുളള ആവശ്യമാണ്. ടൂറിസം സാധ്യത മുൻനിർത്തി തുറമുഖത്ത് ക്രൂസ് പോർട്ട് വേണം. തലശ്ശേരി കടൽപ്പാലത്തിന് സമീപം തുടങ്ങാനിരുന്ന എലിവേറ്റഡ് വാക്ക് വേ തുടങ്ങണം. ജില്ലാ കോടതിയിൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ പ്രവർത്തനം തുടങ്ങിയില്ല. മലബാർ കാൻസർ സെന്റർ വികസനം പൂർത്തിയാക്കണം.