തളിപ്പറമ്പ് : സംസ്ഥാന ഭാഗ്യക്കുറിയുടെ ശനിയാഴ്ച നറുക്കെടുത്ത ഓണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 30 കോടി രൂപ നേടിയ ഭാഗ്യവാൻ ഇപ്പോഴും കാണാമറയത്തുതന്നെ. തളിപ്പറമ്പിൽ വിറ്റ ടിക്കറ്റിനാണ് ബമ്പറടിച്ചതെങ്കിലും ആൾ രംഗത്തുവന്നിട്ടില്ല. ലോട്ടറിഫലം വന്നതുമുതൽ ഭാഗ്യവാൻ ആരെന്ന ചർച്ചയിലാണ് എല്ലാവരും.

To advertise here,

ഇതിനിടയിൽ സാമൂഹികമാധ്യമങ്ങളിൽ ഓണം ബമ്പർ അടിച്ചുവെന്ന്‌ പറഞ്ഞ് വ്യാജവിവരങ്ങൾ പ്രചരിക്കുന്നുണ്ട്. ആളുകളുടെ ചിത്രങ്ങളടക്കമാണ് ചിലർ പ്രചാരണം നടത്തുന്നത്. ചക്കരക്കൽ മുത്തു ലോട്ടറി ഏജൻസിയിൽനിന്ന്‌ വാങ്ങിച്ച് തളിപ്പറമ്പ് തമ്പുരാൻ ലോട്ടറി വഴി വില്പന നടത്തിയതാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ്. തമ്പുരാൻ ഏജൻസിയിൽനിന്ന്‌ 30 ബമ്പർ ടിക്കറ്റുകൾ തളിപ്പറമ്പ് രജിസ്ട്രാർ ഓഫീസിനു സമീപം സമൃദ്ധി എന്ന പേരിൽ ലോട്ടറി സ്റ്റാൾ നടത്തുന്ന എം.വി. സുജിത്ത് കൊണ്ടുപോയിരുന്നു. ഇതിൽ ഒന്നിനാണ് ഒന്നാം സമ്മാനം അടിച്ചത്. ലോട്ടറി അടിച്ചത് ആർക്കാണെന്ന് അറിയില്ലെന്ന് സുജിത്തും പറഞ്ഞു. തളിപ്പറമ്പ് തമ്പുരാൻ ലോട്ടറി ഏജൻസിക്ക്‌ മുന്നിൽ ഞായറാഴ്ചയും ഏറെനേരം ചെണ്ടമേളം നടന്നു . മധുരപലഹാര വിതരണവുമുണ്ടായി.