കല്പറ്റ: പഴമയുടെ പെരുമയായ ചെറുവയൽ രാമന്റെ പുല്ലുപുരയിൽ തലയുയർത്തിനിൽക്കുകയാണ് പുരസ്കാരങ്ങൾ. വയലുകളെ ഹൃദയത്തോടുചേർത്ത്, വിത്തുകളെ ജീവനായി പരിപാലിച്ച് പുതുതലമുറയ്ക്കായി കരുതിയതിന് കിട്ടിയ ആദരവും അംഗീകാരങ്ങളുമൊക്കെയാണ് ആ പുരസ്കാരങ്ങൾ.
പ്രതിസന്ധികളോട് പൊരുതി കൃഷിയെ ചേർത്തുപിടിച്ചുള്ള ജീവിതവിജയത്തിൽ തിലകക്കുറിയായി നിൽക്കുന്നത് പദ്മശ്രീ പുരസ്കാരമാണ്. 2023-ലാണ് പദ്മശ്രീ പുരസ്കാരം ലഭിച്ചത്. ഈ വർഷത്തെ പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരവും ചെറുവയൽ രാമനെ തേടിയെത്തി. ഓഗസ്റ്റിലാണ് പുരസ്കാരം ലഭിച്ചത്. കാർഷികമേഖലയിലെ സമഗ്രസംഭാവനയ്ക്ക് മുൻ മുഖ്യമന്ത്രിയുടെ പേരിൽ കൃഷിവകുപ്പ് ഏർപ്പെടുത്തിയതാണ് പുരസ്കാരം. ഇതുകൂടാതെ മറ്റനേകം പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
പരമ്പരാഗത ജൈവവൈവിധ്യം സംരക്ഷിക്കുന്ന കർഷകർക്ക് കേന്ദ്ര കൃഷി കർഷകക്ഷേമമന്ത്രാലയത്തിനുകീഴിലുള്ള ‘പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് അതോറിറ്റി’ നൽകുന്ന ദേശീയ ബഹുമതിയായ പ്ലാന്റ് ജീനോം സേവ്യർ അവാർഡ് 2016-ൽ ലഭിച്ചു. 2023 സെപ്റ്റംബറിൽ സാമൂഹികനീതിവകുപ്പ് ഏർപ്പെടുത്തിയ വയോസേവനപുരസ്കാരവും ചെറുവയൽ രാമന് ലഭിച്ചു. ഹൈദരാബാദിൽ 2011-ൽ നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള 11 രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധാനംചെയ്ത് പങ്കെടുക്കാനും ചെറുവയൽ രാമന് അവസരം ലഭിച്ചു.
2018-ൽ ബ്രസീലിൽനടന്ന ട്രൈബൽ കോൺഗ്രസിൽ രാജ്യത്തെ പ്രതിനിധാനംചെയ്തു. കാർഷികസർവകലാശാലയുടെ ജനറൽ കൗൺസിലംഗമായി പ്രവർത്തിച്ച ചെറുവയൽ രാമനെ 2025-ൽ കേരള കാർഷികസർവകലാശാല പ്രൊഫസർ ഓഫ് പ്രാക്ടീസ് പദവി നൽകി ആദരിക്കുകയും ചെയ്തിരുന്നു.
Published: 15 Oct 2026, 03:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented