ഇരിട്ടി : പടിയൂർ പെരുവംപറമ്പിലെ വീട് കുത്തിത്തുറന്ന് കവർച്ച കേസിലെ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു. താമരശ്ശേരി അമ്പായത്തോട് സ്വദേശി സഞ്ജയ് (22) നെയാണ് ഇരിക്കൂർ പോലീസ് തെളിവെടുപ്പ് നടത്തിയത്. ഒക്ടോബർ മൂന്നിനാണ് പെരുവം പറമ്പിലെ അശ്വതി വീട്ടിൽ രൂപ രമേശ്, തൊട്ടടുത്തുള്ള ശ്രീവത്സം വീട്ടിൽ കെ.ടി. ബിന്ദു എന്നിവരുടെ വീടിന്റെ കതക് കുത്തിത്തുറന്ന് മോഷണം നടത്തിയത്. വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു മോഷണം.

To advertise here,

രൂപ രമേശിന്റെ വീട്ടിൽ നിന്നും ആറര പവനോളം സ്വർണാഭരണങ്ങൾ മോഷണം പോയിരുന്നു. കേസിലെ പ്രതിയായ സഞ്ജയ്‌യെ പോലീസ് തമിഴ്‌നാട് തേനിയിൽ വച്ചാണ് പിടികൂടിയത്. മോഷണം നടത്തി തമിഴ്‌നാട്ടിലേക്ക് കടക്കുന്നതാണ് ഇയാളുടെ രീതി. വീടുകൾതോറും പഴയ സാധനങ്ങൾ എടുക്കുവാൻ എന്ന വ്യാജേന എത്തുന്ന പ്രതി ആളില്ലാത്ത വീടുകൾ നോക്കിവെച്ച് രാത്രികാലങ്ങളിൽ മോഷണം നടത്തുന്ന രീതിയാണ്. ഇയാളോടൊപ്പം മറ്റ് രണ്ടുപേരും ഉണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതേക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇരിക്കൂർ എസ്.ഐ. പി. അനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഷിജിത്ത്, നിജിൻ, ഷിനോജ് എന്നിവർ ചേർന്നാണ് പ്രതിയെ മോഷണം നടന്ന രണ്ട് വീടുകളിലും എത്തിച്ചത്.