ആനമതിൽ ഡിസംബർ 31-നുള്ളിൽ പൂർത്തിയാക്കും

To advertise here,

ഇരിട്ടി : ആറളം ഫാം നേരിടുന്ന പ്രശ്‌നം രണ്ടുതവണ മന്ത്രിതലത്തിൽ ചർച്ചചെയ്ത് ആവശ്യമായ മുൻകരുതലെടുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടും അത് ഗൗരവത്തിലെടുക്കാതെ ചില വകുപ്പുകൾ കാണിക്കുന്ന അനാസ്ഥയ്ക്കെതിരേ ക്ഷോഭിച്ച് വനംമന്ത്രി ഷിബു ബേബിജോൺ. ആറളത്ത് ഇനിയൊരു ദുരന്തമുണ്ടായാൽ അതിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കില്ലെന്ന് മന്ത്രി പറഞ്ഞു.

ആറളം ശലഭോദ്യാനത്തിൽ നടന്ന മന്ത്രിതല അവലോകനയോഗത്തിലാണ് വിവിധ വകുപ്പുകളുടെ അനാസ്ഥയ്ക്കെതിരേ മന്ത്രി തുറന്നടിച്ചത്. ഫാമിൽ കാട്ടാനഭീഷണി രൂക്ഷമായ പുനരധിവാസമേഖലയിലെ കോട്ടപ്പാറയിലെ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടി വിലയിരുത്തുമ്പോഴാണ് മന്ത്രിക്ക് വിവിധ വകുപ്പുതലത്തിലെ അനാസ്ഥയും ഏകോപനമില്ലായ്മയും ബോധ്യമായത്. തിരുവനന്തപുരത്ത് നടന്ന മന്ത്രിതലയോഗത്തിൽ കോട്ടപ്പാറയിലെ ജനങ്ങളെ ആവശ്യമെങ്കിൽ പുനരധിവസിപ്പിക്കാൻ നിർദേശിച്ചിരുന്നു. കളക്ടറോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇക്കാര്യത്തിലുള്ള പുരോഗതി മന്ത്രി യോഗത്തിൽ ആരാഞ്ഞപ്പോഴാണ് കളക്ടേറ്റിൽനിന്ന് എത്തിയ ഉദ്യോഗസ്ഥൻ മറ്റെന്തോ മറുപടി പറഞ്ഞത്.

ആദിവാസി പുനരധിവാസ മിഷൻ അധികൃതരിൽനിന്നുള്ള വിശദീകരണവും വ്യത്യസ്തമായിരുന്നു. ഇതോടെയാണ് മന്ത്രി ഇനിയൊരു ദുരന്തം ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കില്ലെന്നുവരെ പറയേണ്ടിവന്നത്.

ആനമതിൽ നിർമാണം ഡിസംബർ 31-നുള്ളിൽ പൂർത്തിയാക്കാൻ യോഗത്തിൽ നിർദേശിച്ചു. 9.89 കിലോമീറ്റർ നിർമിക്കേണ്ട ആനമതിലിൽ 6.7 കിലോമീറ്റർ മാത്രമാണ് പൂർത്തിയായത്.

അരക്കിലോമീറ്റർ റെയിൽവേലിക്ക് രണ്ടുകോടി

: അരക്കിലോമീറ്റർ റെയിൽവേലിക്ക് രണ്ടുകോടിയോളം രൂപ വിനിയോഗിക്കേണ്ടിവരുന്ന സാഹചര്യം വിശദീകരിക്കാൻ പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥർക്ക് വനംമന്ത്രിക്ക് മുന്നിൽ വിയർക്കേണ്ടിവന്നു. ഒന്നേകാൽ കോടികൊണ്ട് ഒരുകിലോമീറ്റർ വേലി ഇതിലും ഫലപ്രദമായി നിർമിച്ചിട്ടുണ്ടെന്ന്് മന്ത്രി ഉദ്യോഗസ്ഥരെ ഓർമ്മിപ്പിച്ചു. മന്ത്രിമാരായ സണ്ണി ജോസഫ്, കെ.എ. തുളസി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയി കുര്യൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.