പനമരം : പള്ളിക്കുന്ന് ടൗണിൽ ഒരു ബസ് കാത്തിരിപ്പുകേന്ദ്രം ഇല്ലാതെ യാത്രക്കാർ ദുരിതത്തിൽ. വെണ്ണിയോട്, പടിഞ്ഞാറത്തറ, വിളമ്പുകണ്ടം, പനമരം, മാനന്തവാടി, അഞ്ചുകുന്ന്, കമ്പളക്കാട് ടൗണുകളിലേക്കുള്ള റോഡുകൾ ചേരുന്ന കവലയാണ് പള്ളിക്കുന്ന്. ഇവിടെ ആകെയുള്ളത് ടാർപോളിൻ ഷീറ്റ് മറച്ച് ഒടിഞ്ഞുതൂങ്ങി നിൽക്കുന്ന കാത്തിരിപ്പുകേന്ദ്രമാണ്.
ടൗണിലുണ്ടായിരുന്ന കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റിയിട്ട് അഞ്ചുവർഷം പിന്നിട്ടിട്ടും പുതിയത് പണിയുന്നതിൽ കടുത്ത അവഗണനയാണ് ഉണ്ടാവുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. പനമരം, കോട്ടത്തറ, കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്തുകൾ അതിർത്തിപങ്കിടുന്ന പള്ളിക്കുന്നിൽ വിദ്യാർഥികളടക്കമുള്ളവർ മഴയും വെയിലുംകൊണ്ട് വഴിയോരത്തും കടവരാന്തകളിലുമാണ് വർഷങ്ങളായി ബസ് കാത്തുനിൽക്കുന്നത്. എന്നിട്ടും താത്കാലിക സംവിധാനംപോലും ഒരുക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവാത്തത് വലിയ വിമർശനങ്ങൾക്കിടയാക്കുകയാണ്.
പൊളിച്ചുമാറ്റിയത് നാട്ടുകാർ പിരിവെടുത്ത് നിർമിച്ച കാത്തിരിപ്പുകേന്ദ്രം
പള്ളിക്കുന്ന് ടൗണിൽ 19 വർഷംമുൻപ് നാട്ടുകാർ പിരിവെടുത്ത് പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയോടെ ബസ് കാത്തിരിപ്പുകേന്ദ്രം പണിതിരുന്നു. തറയൊരുക്കി, ഭിത്തിനിർമിച്ച്, മുകളിൽ ഷീറ്റിട്ട് നിർമിച്ചതായിരുന്നു ഈ കാത്തിരിപ്പുകേന്ദ്രം. എന്നാൽ, പാതയോരം കൈയേറിയുള്ള നിർമാണമാണെന്ന് ആരോപിച്ച് സ്വകാര്യവ്യക്തി നൽകിയ പരാതിയിൽ 2021-ൽ ഈ ബസ് കാത്തിരിപ്പുകേന്ദ്രം പൊതുമരാമത്ത് അധികൃതർ പൊളിച്ചുമാറ്റി. തുടർന്ന് പള്ളിക്കുന്ന് പൗരസമിതിയുടെ നേതൃത്വത്തിൽ ഉപവാസസമരം നടത്തുകയും ഇവിടെ താത്കാലിക കാത്തിരിപ്പുകേന്ദ്രം ഒരുക്കുകയുമായിരുന്നു.
മനുഷ്യാവകാശ കമ്മിഷൻ ഉത്തരവും നടപ്പായില്ല
ടൗണിൽ കാത്തിരിപ്പുകേന്ദ്രം പുനർനിർമിക്കുന്നതിനായി നാട്ടുകാർ പൗരസമിതി രൂപവത്കരിച്ച് മനുഷ്യാവകാശ കമ്മിഷന് പരാതിനൽകി. 2024-ൽ മനുഷ്യാവകാശ കമ്മിഷൻ അനുകൂലമായ ഉത്തരവിറക്കി.
പൊളിച്ചുമാറ്റിയ ബസ് കാത്തിരിപ്പുകേന്ദ്രത്തിനു പകരം പുതിയത് പണിതുനൽകാനായിരുന്നു മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്.
ഉചിതമായ സ്ഥലം കണ്ടെത്തി കോട്ടത്തറ ഗ്രാമപ്പഞ്ചായത്ത് അധികൃതരെ അറിയിക്കണമെന്ന് പൊതുമരാമത്ത് അസി. എക്സി. എൻജിനിയറോട് കമ്മിഷൻ നിർദേശിച്ചു. പ്രസ്തുത സ്ഥലത്ത് കാലതാമസം കൂടാതെ ബസ് കാത്തിരിപ്പുകേന്ദ്രം പണിയുന്നതിനുള്ള നടപടികൾ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി സ്വീകരിക്കേണ്ടതാണെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ, ആ ഉത്തരവ് രണ്ടുവർഷം പിന്നിട്ടിട്ടും നടപ്പായിട്ടില്ല.
Published: 06 Nov 2026, 03:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented