കണ്ണൂർ : സി.പി.ഐ. നേതാക്കളോട് ഓട്ടോ ഡ്രൈവർമാർ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ജെ.എസ്. പോൾ ജങ്ഷൻ പരിസരത്തെ ഓട്ടോ സ്റ്റാൻഡ് എ.ഐ.വൈ.എഫ്. പ്രവർത്തകർ ഉപരോധിച്ചു. പ്രദേശത്ത് ഓട്ടോ തൊഴിലാളികളും സംഘടിച്ചതോടെ നേരിയ സംഘർഷവും വാക്കേറ്റവുമുണ്ടായി. ഓട്ടോ ഡ്രൈവർമാർ നേരിട്ടെത്തി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു എ.ഐ.വൈ.എഫ്. പ്രവർത്തകരുടെ ഉപരോധം. അനധികൃതമായി ഇവിടെ സ്ഥാപിച്ച ബോർഡുകൾ എ.ഐ.വൈ.എഫ്. പ്രവർത്തകർ മാറ്റി. സ്ഥലത്തെത്തിയ കണ്ണൂർ സി.ഐ. മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇടപെട്ടെങ്കിലും ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഒടുവിൽ സി.ഐ.യുടെ മധ്യസ്ഥതയിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് തൊഴിലാളി യൂണിയനുകളും എ.ഐ.വൈ.എഫ്. നേതാക്കളും തമ്മിൽ സി.ഐ. ഓഫീസിൽ ചർച്ചനടത്താൻ തീരുമാനമായി.

To advertise here,

ഇതോടെ സ്ഥലത്ത് ഏറെനേരം നിലനിന്ന സംഘർഷാവസ്ഥയ്ക്കും ഗതാഗതക്കുരുക്കിനും സമാപനമായി. ജെ.എസ്. പോൾ പ്രദേശത്ത് നിലനിൽക്കുന്ന ഓട്ടോ സ്റ്റാൻഡിനെതിരേ നിരവധി ആരോപണങ്ങൾ നിലനിൽക്കുകയാണെന്ന് എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി പി.കെ. മിഥുൻ പറഞ്ഞു. ചില ഓട്ടോ തൊഴിലാളികൾ ഇന്റർവ്യൂ നടത്തി ദൂരസ്ഥലങ്ങളിലേക്ക് മാത്രമേ ഓട്ടം പോകാൻ തയ്യാറാവുന്നുള്ളൂ. കണ്ണൂർ മാർക്കറ്റിലേക്കുള്ള വാഹനങ്ങൾ അനധികൃതമായി തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി നിരവധി പരാതികളുണ്ട്. നാല് ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യാൻ അനുമതിയുള്ള സ്റ്റാൻഡിൽ പതിനഞ്ചും ഇരുപതും വാഹനങ്ങൾ പാർക്ക് ചെയ്ത് ഗതാഗതതടസ്സം സൃഷ്ടിക്കുന്നത് പതിവാണ് -പി.കെ. മിഥുൻ പറഞ്ഞു. ഇത്തരം കാര്യങ്ങൾ ചോദ്യംചെയ്ത സി.പി.ഐ. നേതാക്കളോട് ചില ഓട്ടോ തൊഴിലാളികൾ മോശമായി പെരുമാറിയതായാണ് ആരോപണം.