മാനന്തവാടി : ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം വെള്ളി, ശനി ദിവസങ്ങളിലായി എം.ജി.എം. ഹയർസെക്കൻഡറി സ്‌കൂളിൽ നടത്തും. 45-ാമത് റവന്യൂജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവത്തിനാണ് മാനന്തവാടി വേദിയാകുന്നത്. ശാസ്‌ത്രോത്സവത്തിന്റെ പ്രചാരണാർഥം വ്യാഴാഴ്ച വൈകീട്ട് വിളംബരറാലി നടത്തി. മാനന്തവാടി ലിറ്റിൽഫ്ലവർ യു.പി. സ്‌കൂളിൽനിന്ന്‌ ബാൻഡ്‌മേളത്തിന്റെ അകമ്പടിയോടെ എം.ജി.എം. സ്‌കൂളിലേക്ക് നടത്തിയ റാലി ശ്രദ്ധയാകർഷിച്ചു.

To advertise here,

ആതിഥേയരായ എം.ജി.എം. സ്‌കൂളാണ് ബാൻഡ്‌മേളവുമായി മുൻനിരയിലുണ്ടായിരുന്നത്. മാനന്തവാടി ജി.വി.എച്ച്.എസ്.എസ്, ദ്വാരക സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്.എസ്., ആറാട്ടുതറ ജി.എച്ച്.എസ്.എസ്, കണിയാരം ഫാ. ജി.കെ.എം.എച്ച്.എസ്.എസ്. എന്നീ സ്‌കൂളുകളിൽനിന്നുള്ള വിദ്യാർഥികളും എൻ.സി.സി., എസ്.പി.സി., സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് അംഗങ്ങളും റാലിയിൽ അണിനിരന്നു.

‘മാലിന്യമുക്ത മാനന്തവാടി’ എന്ന സന്ദേശമുയർത്തി നഗരസഭ ഒരുക്കിയ പ്ലോട്ടും പരിസ്ഥിതിസംരക്ഷണ ബോധവത്കരണം വിളിച്ചോതി എം.ജി.എം. സ്‌കൂൾ അവതരിപ്പിച്ച പ്ലോട്ടും മികച്ചതായി.

മാനന്തവാടി നഗരസഭാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ റാലി ഫ്ളാഗ് ഓഫ് ചെയ്തു. വിദ്യാഭ്യാസ കലാ സാംസ്‌കാരിക സ്ഥിരംസമിതി അധ്യക്ഷൻ പി.വി.എസ്. മൂസ, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ്, മുൻമന്ത്രി പി.കെ. ജയലക്ഷ്മി, നഗരസഭാ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ഷിബു കെ. ജോർജ്, മാനന്തവാടി ജി.വി.എച്ച്.എസ്.എസ്. പ്രധാനാധ്യാപകൻ കെ.കെ. സുരേഷ്, സംഘാടകസമിതി ജോയിന്റ് കൺവീനർ മാത്യു സഖറിയ, പബ്ളിസിറ്റി കൺവീനർ കെ. അനൂപ്, എം.ജി.എം. സ്‌കൂൾ മാനേജർ ഫാ. സഖറിയ വെളിയത്ത് തുടങ്ങിയവർ വിളംബരറാലിക്ക് നേതൃത്വംനൽകി.