പയ്യന്നൂർ: പയ്യന്നൂർ കോളേജിന്റെ ക്ലാസ് മുറിയിലേക്ക് പൂജാകുമാരി വരുന്നത് വാടകവീടിന്റെ വിലാസത്തിലാണ്. എപ്പോൾ വേണമെങ്കിലും അഴീക്കോട്ടെ വീട് വിട്ടിറങ്ങേണ്ടിവരും. ബിഹാറിലേക്ക് ഇനിയില്ല. പൂജയ്ക്കൊപ്പം നാലു സഹോദരങ്ങൾക്ക് കേരളത്തിൽ തന്നെ പഠിക്കണം. പക്ഷേ സ്വന്തമായി വീടില്ലാത്ത ഇവർ തെരുവിലേക്ക് ഇറങ്ങേണ്ടിവരും. ഉയർന്ന പഠനമെന്ന സ്വപ്നം ഉപേക്ഷിക്കേണ്ടിവരും.
ബിഹാറിലെ ഖഗരിയ സ്വദേശിയായ അമോദ് പാസ്വാൻ 20 വർഷം മുന്‍പാണ് കുടുംബത്തെ കൂട്ടി കണ്ണൂരിലെത്തിയത്. നാടൻപണിയും വീട്ടുപണിയുമൊക്കെയുമായി ജീവിച്ചു. അമോദിനൊപ്പം ഭാര്യ സഞ്ജുദേവിയും അഞ്ചുമക്കളുമുണ്ട്. ഇപ്പോൾ അഴീക്കോട് മൂന്നുനിരത്തിലെ വാടകവീട്ടിലാണ് താമസിക്കുന്നത്.
മൂത്ത മകൾ സഞ്ജനകുമാരിയും അനുജത്തി നീതികുമാരിയും നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയാണ്. ഹിന്ദിയും ഇംഗ്ലീഷും വഴങ്ങുന്ന ഇവർ മലയാളം നന്നായി കൈകാര്യം ചെയ്യും. പയ്യന്നൂർ കോളേജിലെ ഒന്നാം വർഷ ഹിന്ദി ബിരുദവിദ്യാർഥിയാണ് പൂജാകുമാരി. പൂജാകുമാരിയുടെ താഴെ രണ്ട് അനുജന്മാരാണ്. അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി കസീസ് കുമാർ, ഒന്‍പതിൽ പഠിക്കുന്ന സഞ്ജീവ് കുമാർ.
ആരോഗ്യപ്രശ്നം കാരണം പണിക്ക് പോകാനാകാത്ത അവസ്ഥയിലാണ് അച്ഛൻ അമോദ് പാസ്വാൻ. അമ്മ വീട്ടു ജോലിക്ക് പോകുന്നു. റേഷൻ കാർഡും ആധാർ കാർഡും ഇവർക്കുണ്ട്. ബിഹാറിലെ പട്ടികജാതി വിഭാഗത്തിലാണ് ഇവർ. രേഖകളിൽ ഇത് ചേർത്തിട്ടുണ്ട്. എന്നാൽ കോളേജിലെ ആനുകൂല്യം കിട്ടുന്നില്ല.
പൂജാകുമാരിക്കൊപ്പം അമ്മ സഞ്ജു ദേവിയും സഹോദരി സഞ്ജനകുമാരിയും ചൊവ്വാഴ്ച പയ്യന്നൂർ കോളേജിലെത്തി. കോളേജ് എൻ.എസ്.എസ്. വഴി വീട് കിട്ടുമോ എന്നറിയാനായിരുന്നു വരവ്. പ്രിൻസിപ്പൽ ഡോ. പ്രേമചന്ദ്രൻ കീഴോത്തും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. ടി.കെ.ജയരാജുമായി അവർ സംസാരിച്ചു.
Published: 27 Nov 2026, 03:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented