മമ്മിമുക്ക്-പെരിങ്ങാടി റെയിൽവേ പാലംവരെ ടൂറിസം കേന്ദ്രമാക്കണമെന്ന ആവശ്യം ശക്തമായി

To advertise here,

ന്യൂമാഹി : ന്യൂമാഹി ഗ്രാമപ്പഞ്ചായത്തിലെ മമ്മിമുക്ക് മുതൽ പെരിങ്ങാടി റെയിൽവേ പാലംവരെയുള്ള പ്രദേശം ആധുനിക സൗകര്യങ്ങളോടെ ടൂറിസം കേന്ദ്രമായി വികസിപ്പിക്കണമെന്ന് ആവശ്യം. ന്യൂമാഹി പഞ്ചായത്തിന്റെ ഒരുഭാഗത്ത് മയ്യഴിപ്പുഴയും മറുഭാഗത്ത് കടലുമാണ്. വൻതോതിലുള്ള ടൂറിസം സാധ്യതകളുള്ളതാണ് ഈ പ്രദേശമെങ്കിലും ഇതുവരെ അതൊന്നും ഉപയോഗപ്പെടുത്താനായിട്ടില്ല.

മുൻ എം.എൽ.എ. ഷംസീറിന്റെ നേതൃത്വത്തിൽ പുഴയോര ടൂറിസം പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങളും ടൂറിസം സെമിനാറുകളും മറ്റും നടന്നെങ്കിലും അതൊന്നും മുമ്പോട്ടുപോയില്ല.

ന്യൂമാഹി ടൌണിൽനിന്ന് പെരിങ്ങാടിയിലേക്ക് പോകുമ്പോൾ എത്തുന്ന പുഴയോരത്തെ കവലയാണ് മമ്മിമുക്ക്. മമ്മിമുക്ക് മുതൽ റെയിൽവേ പാലംവരെയുള്ള ഒരു കിലോമീറ്ററിലേറെ ദൂരമുള്ള റോഡിനിരുവശത്തുമാണ് പദ്ധതി വിഭാവനംചെയ്യുന്നത്. വീതിയേറിയ റോഡിൽ ഇരുഭാഗത്തും മിക്കയിടങ്ങളിലും എട്ട് മീറ്ററും ചിലയിടങ്ങളിൽ അതിൽ കൂടുതലും സ്ഥലം ലഭ്യമാണ്. റോഡിന്റെ ഇരുഭാഗങ്ങളിലും മോടിപിടിപ്പിച്ച്, സിമൻറ്‌ കട്ട പാകി, വൈദ്യുതവിളക്കുകളും ഇരിപ്പിടങ്ങളും വിശ്രമകേന്ദ്രങ്ങളും കോഫി ഷോപ്പുകളും ശൗചാലയങ്ങളും മറ്റും സ്ഥാപിച്ച് പ്രദേശം വിനോദസഞ്ചാര കേന്ദ്രമാക്കുന്നതാണ് പദ്ധതി. ഈ റോഡരികിൽ തന്നെ കൂടുതൽ വീതിയേറിയഭാഗത്ത് ടെന്നീസ് കോർട്ട്, ഓപ്പൺ ജിം എന്നിവ നിർമിക്കാനുള്ള സ്ഥലസൗകര്യവുമുണ്ട്. പദ്ധതിയുടെ ഭാഗമായി ഇവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ന്യൂമാഹി ഗ്രാമപ്പഞ്ചായത്ത് അംഗം ടി.എച്ച്. അസ്‌ലത്തിന്റെ നേതൃത്വത്തിൽ യു.ഡി.എഫ്. നേതാക്കൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ, ടൂറിസം വകുപ്പ് മന്ത്രി പി.സി. വിശ്വനാഥ് എന്നിവരെ കണ്ട് ചർച്ചനടത്തി. മൂന്ന് കോടിയോളം രൂപ ചെലവുവരുന്നതാണ് പദ്ധതി.

വിശദമായ പദ്ധതിവിവരങ്ങൾ (ഡി.പി.ആർ.) മന്ത്രിമാർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർക്കും സമർപ്പിച്ചിട്ടുണ്ട്. പദ്ധതിക്ക് അനുകൂലമായി ബന്ധപ്പെട്ടവരിൽനിന്ന്‌ ഉറപ്പ് ലഭിച്ചിട്ടുണ്ട്.

പഞ്ചായത്തിൽ നിലവിലുള്ള മിനി സ്റ്റേഡിയം വയലിലും പുഴയോരത്തുമായതിനാൽ മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടായി സ്റ്റേഡിയം ഉപയോഗശൂന്യമായി കിടക്കുന്ന അവസ്ഥയാണുള്ളത്. ഇതുമൂലം പ്രദേശത്തെ കായികതാരങ്ങൾക്കും യുവാക്കൾക്കും ആവശ്യമായ പരിശീലനസൗകര്യങ്ങൾ ലഭിക്കാത്ത സ്ഥിതിയാണ്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന നിലയിലാണ് സ്റ്റേഡിയത്തെ ആധുനിക രീതിയിലുള്ള ടർഫ് ഗ്രൗണ്ട് ആക്കി മാറ്റണമെന്ന് ആവശ്യമുയർന്നത്. ടി.എച്ച്. അസ്‌ലത്തിന്റെ നേതൃത്വത്തിൽ മന്ത്രി കെ.എം. ഷാജിക്കും മന്ത്രി ഒ.ജെ. ജനീഷിനും നിവേദനം നൽകി ചർച്ചനടത്തിയതിൽ മന്ത്രിമാരിൽനിന്ന്‌ അനുകൂലമായ മറുപടിയാണ് ലഭിച്ചത്. ഒരു കോടി രൂപയോളം ചെലവുവരുന്നതാണ് ടർഫ് ഗ്രൗണ്ട് നിർമ്മാണം.