താഴെചൊവ്വ : ദേശീയപാതയിൽ താഴെചൊവ്വയിലെയും നടാലിലെയും റെയിൽവേ ഗേറ്റുകൾക്കകത്ത് കുടുങ്ങുന്നവരുടെ ദുരിതത്തിന് പരിഹാരം വേണമെന്നാവശ്യം ശക്തമാകുന്നു. തോട്ടട, കിഴുന്ന, കുറ്റിക്കകം, നടാൽ, കാഞ്ഞങ്ങാട്ട് പള്ളി എന്നീ പ്രദേശങ്ങളിലെ ആയിരക്കണക്കിന് യാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന രണ്ട് ഗേറ്റുകൾക്കും മേൽപ്പാലം നിർമിക്കണമെന്ന ദീർഘകാലത്തെ ആവശ്യത്തിനു വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

To advertise here,

ജില്ലയിലെ പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങളും വാഹന വില്പന സർവീസ് സ്ഥാപനങ്ങളും താഴെചൊവ്വയ്ക്കും നടാലിനുമിടയലാണുള്ളത്. എസ്.എൻ. കോളേജ്, എസ്.എൻ. ട്രസ്റ്റ് എച്ച്.എസ്.എസ്., ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഗവ. ടെക്‌നിക്കൽ ഹൈസ്കൂൾ, ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്‌, ഗവ. ഐ.ടി.ഐ., ഗവ. വനിതാ ഐ.ടി.ഐ., ഗവ. പോളിടെക്‌നിക്ക് കോളേജ്, തോട്ടട ഗവ. എച്ച്.എസ്.എസ്., ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി എന്നിവയ്ക്കുപുറമെ നിരവധി പ്രൈമറി സ്കൂളുകളും പ്രവർത്തിക്കുന്നുണ്ട്. വൻകിട കമ്പനികളുടെ കാർഷോറൂമുകളും ഈ പ്രദേശത്തുണ്ട്.

വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കും വാണിജ്യസ്ഥാപനങ്ങളിലേക്കും ഇ.എസ്.ഐ. ആസ്പത്രിയിലേക്കുമായി നിത്യേന ആയിരക്കണക്കിന് വിദ്യാർഥികളും അധ്യാപകരും മറ്റ് ജീവനക്കാരും രോഗികളും എത്തുന്നു.

രാവിലെയും വൈകുന്നേരവും ഗേറ്റിൽ കുടുങ്ങി പലരും ലക്ഷ്യസ്ഥാനത്തെത്താൻ വൈകുന്നുവെന്ന പരാതി വ്യാപകമാണ്.

ഇടയ്ക്കിടെ അറ്റകുറ്റപ്പണിയും

:ഇടയ്ക്കിടെ രണ്ട് ഗേറ്റുകളും അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നതോടെ ജനങ്ങളുടെ ദുരിതം ഇരട്ടിക്കും. വാഹനമിടിച്ച് ഗേറ്റുകൾ തകരുന്നതും പതിവാണ്. വർഷങ്ങൾക്ക് മുൻപ് റെയിൽവേ മേൽപ്പാലം നിർമിക്കുന്നതിനുള്ള പ്രാഥമിക സർവേ നടത്തിയെങ്കിലും താഴെചൊവ്വ-നടാൽ ബൈപാസ് വന്നതോടെ ഈ പദ്ധതി പാടെ ഉപേക്ഷിച്ചനിലയിലായിരുന്നു. ഇത്തവണ സംസ്ഥാന ബജറ്റിൽ റെയിൽവേ മേൽപ്പാലത്തിന് സ്ഥലത്തിനായി രണ്ടുകോടി രൂപ ടി.ഒ. മോഹനൻ എം.എൽ.എ.യുടെ ശ്രമഫലമായി നീക്കിവെച്ചിട്ടുണ്ട്.