ധർമടം : ദേശീയപാതയിൽ കൊടുവള്ളി ജങ്ഷന് സമീപം അപകട ഭീഷണി ഉയർത്തിയ ഡിവൈഡർ പ്രശ്നത്തിന് പരിഹാരമാകുന്നു. കൊടുവള്ളി കവലയിൽ നിന്ന് ദേശീയപാതയിൽ ഇരു വശങ്ങളിലേക്കുമായി ഡിവൈഡർ സ്ഥാപിക്കും.
നേരത്തേ വാഹനം ഇടിച്ച് പാതി തകർന്ന ഡിവൈഡറും പൂർണമായി തകർന്ന സൂചനാഫലകവും മാറ്റിസ്ഥാപിക്കാൻ ശക്തമായ ആവശ്യം ഉയർന്നിരുന്നു. തലശ്ശേരി ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്കായിരുന്നു ഇത് ഏറെ ഭീഷണി ഉയർത്തിയത്. പ്രശ്നം പരിഹരിക്കാനോ അപകടസാധ്യത ഒഴിവാക്കാനോ അധികൃതർ ഇടപെട്ടിരുന്നില്ല. രാത്രികാലങ്ങളിൽ നിരവധി വാഹനങ്ങൾ ഈ ഡിവൈഡറിൽ കയറി അപകടത്തിൽ പെട്ടിട്ടുണ്ട്. രാത്രി യാത്രക്കാർക്ക് മാത്രമല്ല, മറിച്ച് പകൽസമയത്ത് ഉൾപ്പെടെ തലശ്ശേരി ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ഈ ഡിവൈഡർ അപകടക്കെണി ഒരുക്കി. ഒന്നിന് പിറകെ ഒന്നായി വാഹനങ്ങൾ പോകുമ്പോൾ പിറകിൽ വരുന്ന വാഹനങ്ങൾക്ക് ഡിവൈഡർ കാണാൻ സാധിക്കാത്ത പ്രശ്നമുണ്ടായിരുന്നു. തൊട്ടു മുന്നിലുള്ളവർ ഇവിടെയെത്തുമ്പോൾ വാഹനം വെട്ടിച്ചാൽ മാത്രമേ പിന്നിലുള്ളവർക്ക് ഡിവൈഡർ കാണാൻ സാധിക്കുകയുള്ളു. അപ്പോഴേക്കും തൊട്ടടുത്ത് എത്തുകയോ അപകടം നടക്കുകയോ ചെയ്തിരിക്കും.
കൂടാതെ ഡിവൈഡർ ഇല്ലാതെ കിലോമീറ്ററോളം നേരായ പാതയിൽ യാത്ര ചെയ്യുന്ന ഡ്രൈവർമാർക്ക് റിഫ്ലക്ടറുകളോ സിഗ്നലുകളോ ഇല്ലാത്ത പാതി തകർന്ന ഈ ചെറിയ ഡിവൈഡർ പെട്ടെന്ന് ശ്രദ്ധയിൽപെടാത്ത സ്ഥിതിയും നിലനിന്നിരുന്നു. ഇവിടെയുള്ള വെളിച്ചക്കുറവും രാത്രികാലങ്ങളിൽ അപകടത്തിന് മറ്റൊരു കാരണമായി. വിഷയവുമായി ബന്ധപ്പെട്ട് 'മാതൃഭൂമി' വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഈ പ്രശ്നത്തിനാണ് ഇപ്പോൾ പരിഹാരമാകുന്നത്.
കൊടുവള്ളി കവലയിൽ നിന്ന് കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിലേക്ക് 600 മീറ്ററോളം ദൂരത്തിലാണ് ഡിവൈഡർ സ്ഥാപിക്കുന്നത്. നിലവിൽ 200 മീറ്ററിലധികം ദൂരത്തിൽ ഡിവൈഡർ നിർമിച്ച് കഴിഞ്ഞു. ബാക്കിയുള്ള നിർമാണം പുരോഗമിക്കുകയാണ്.
ഇവിടങ്ങളിൽ അപകട മുന്നറിയിപ്പ് നൽകാനായി ബ്ലിങ്കർ വിളക്കുകളും സൂചന ഫലകങ്ങളും സ്ഥാപിക്കും. കൂടാതെ കൊടുവള്ളി റെയിൽവേ മേൽപ്പാത്തിൽ നിന്ന് വന്നിറങ്ങി തലശ്ശേരി ഭാഗത്തേക്ക് വാഹനങ്ങൾ പ്രവേശിക്കുന്ന സ്ഥലത്ത് വീതി വർധിപ്പിച്ച് കട്ടകൾ പാകും. ഈ പ്രവർത്തനങ്ങൾക്ക് 21 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇത് കൂടാതെ പ്രദേശത്തെ വെളിച്ചക്കുറവ് പരിഹരിക്കാൻ വിളക്ക് കാലുകൾ സ്ഥാപിക്കാനും ആലോചനയുണ്ട്. ഡിവൈഡർ സ്ഥാപിക്കുന്നതോടൊപ്പം ഇരുവശങ്ങളിലും റോഡിന് വീതി വർധിപ്പിക്കണമെന്നും ബസ്സ്റ്റോപ്പുകളിൽ ബസ് ബേ നിർമിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
അല്ലാത്തപക്ഷം ഡിവൈഡർ സ്ഥാപിക്കുന്നതിന്റെ ഗുണം ലഭിക്കുന്നതോടൊപ്പം ഗതാഗതക്കുരുക്ക് സൃഷ്ടിക്കപ്പെടുമെന്ന ആശങ്കയും പ്രദേശത്തെ ഓട്ടോ തൊഴിലാളികൾ ഉൾപ്പെടെയുള്ള ഡ്രൈവർമാർ രേഖപ്പെടുത്തുന്നുണ്ട്.
Published: 23 Oct 2026, 04:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented