പഴയങ്ങാടി : പിലാത്തറ-പഴയങ്ങാടി-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിസ്സംഗത പ്രതിഷേധത്തിനിടയാക്കുന്നു. എരിപുരത്തിനടുത്ത് അടുത്തിലയിലേക്കുള്ള ഇറക്കം അപകടക്കുരുക്കായി മാറുകയാണ്. വ്യാഴാഴ്ച രാവിലെ പ്രഭാതനടത്തത്തിനു പോയ അടുത്തില ഇറക്കത്തിനടുത്തുള്ള പി.കെ. സുലോചന വാഹനമിടിച്ച് മരിച്ചതാണ് ഒടുവിലത്തെ സംഭവം. ഇടിച്ച വാഹനം നിർത്താതെ പോയി. വൈകീട്ട് കണ്ണൂർ ചാലയിൽവെച്ച് വാഹനം പഴയങ്ങാടി പോലീസ് പിടിച്ചു.

To advertise here,

അശാസ്ത്രീയ രീതിയിൽ ഈ ഭാഗത്ത് റോഡ് നിർമിച്ചതാണ് അടിക്കടി വാഹനാപകടങ്ങൾ ഉണ്ടാകാൻ കാരണം. വലിയ വളവും കുത്തനെയുള്ള ഇറക്കവുമാണ് അപകടങ്ങൾക്ക് വഴിവെക്കുന്നത്. ഡ്രൈവറുടെ മനസാന്നിധ്യം ഒരു സെക്കന്റ് തെറ്റിയാൽ വാഹനം വലിയ കുഴിയിലേക്ക് പതിക്കുന്ന അവസ്ഥയാണ്.

ജനങ്ങൾക്ക് നടന്നുപോകാനുള്ള വഴി ഇല്ലാതാക്കി വ്യക്തിക്ക് താഴെഭാഗത്ത് റോഡ് സൗകര്യം ഒരുക്കിക്കൊടുത്തതാണ് ഇതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഈ സ്ഥലം പൂർവസ്ഥിതിയിലാക്കുകയും വളവ് അല്പമെങ്കിലും നിവർത്തിനേരെയാക്കുകയും ചെയ്തില്ലെങ്കിൽ ഇനിയും വാഹനാപകടങ്ങളും മരണങ്ങളും ഇവിടെ സംഭവിക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

കെ.എസ്.ടി.പി. റോഡിൻ തുടക്കസ്ഥലമായ പീരക്കാംതട മുതൽ ചുമടുതാങ്ങി മുത്തപ്പൻ ക്ഷേത്രംവരെയുള്ള സ്ഥലത്തെ റോഡിനു ശേഷമാണ് ചിലരുടെ താത്പര്യപ്രകാരം റോഡ് വലിയ വളവുകളൊന്നും ഒഴിവാക്കാതെയും കയറ്റം കുറയ്ക്കാതെയും റോഡ് പണിതതെന്ന ആക്ഷേപമുണ്ട്. എരിപുരത്തെ ട്രാഫിക് സർക്കിളാണ് മറ്റൊരു അപകടമേഖല. ഇവിടെ നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്.

അടുത്ത കാലത്ത് മൂന്ന് ബസപകടങ്ങളും കെ.എസ്.ടി.പി. റോഡിൽ സംഭവിച്ചിട്ടുണ്ട്. നിരവധി പേർക്ക് പരിക്കുമേറ്റിരുന്നു. 2019 മുതൽ 2026 സെപ്റ്റംബർവരെയുള്ള കാലയളവിൽ ചെറുതും വലുതുമായ 560-ലധികം അപകടങ്ങൾ കെ.എസ്.ടി.പി. റോഡിൽ നടന്നിട്ടുണ്ട്. 985 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ക്യാമറകൾ പ്രവർത്തിക്കുന്നില്ല

: നിർത്താതെ പോകുന്ന വാഹനങ്ങളെ കണ്ടെത്താനാകാതെ പോലീസ് കുഴങ്ങുന്നതിനു കാരണം പ്രവർത്തനരഹിതമായ ക്യാമറകളാണ്. റോഡിൽ 40-ഓളം ക്യാമറകൾ സ്ഥാപിച്ചിരുന്നുവെങ്കിലും മൂന്നോ നാലോ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.‌

സ്ത്രീയെ ഇടിച്ചുവീഴ്ത്തിയ വാഹനം പോലീസ് പിടിച്ചു

: പ്രഭാതസവാരിക്കാരിയായ എരിപുരം അടുത്തിലയിലെ പി.കെ.സുലോചനയുടെ മരണത്തിനിടയാക്കി നിർത്താതെപോയ ലോറി പഴയങ്ങാടി പോലീസ് പിടിച്ചു. ലോറിഡ്രൈവർ മലപ്പുറം കോട്ടക്കലിലെ പ്രവീണി (35)നെതിരേ പഴയങ്ങാടി പോലീസ് കേസെടുത്തു. സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് വൈകിട്ട് വാഹനം കണ്ടെത്തിയത്.

മലപ്പുറത്തുനിന്ന് ചെങ്കല്ലെടുക്കാൻ പയ്യന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയാണ് സുലോചനയെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെപോയത്. വണ്ടിനമ്പർ കണ്ടെത്തിയ പോലീസ് ഫോൺ ചെയ്തപ്പോൾ ചെങ്കല്ലുമായി കണ്ണൂർ ചാലയിലുണ്ടെന്ന് വിവരം ലഭിച്ചു. ഇതേത്തുടർന്ന് പോലീസ് സ്ഥലത്തെത്തി അപകടമുണ്ടാക്കിയ വാഹനം കസ്റ്റഡിയിലെടുത്തു. പരിയാരം എസ്.എച്ച്.ഒ. കെ.പി.വിനോദ് കുമാറിന്റെ മേൽനോട്ടത്തിൽ പഴയങ്ങാടി എസ്.ഐ.മാരായ സതീശൻ, മനോജൻ, സീനിയർ സി.പി.ഒ. രഞ്ജിത്ത്, സി.പി.ഒ. ഷിജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായത്.