ഇരിട്ടി : താലൂക്ക് ഓഫീസ് ഉൾപ്പെടെയുള്ള സർക്കാർ ഒാഫീസുകൾ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുമ്പോൾ കോടികൾ മുടക്കി നിർമിച്ച മിനി സിവിൽ സ്റ്റേഷൻ അടഞ്ഞുകിടക്കുന്നു. നിർമാണം പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നിട്ടില്ല. വിവിധ വകുപ്പുകൾക്ക് കെട്ടിടത്തിൽ മുറികൾ അനുവദിക്കുന്നതിനുള്ള പ്രാഥമിക പരിശോധന തഹസീൽദാരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. എന്നാൽ, ഓഫീസ് മാറ്റത്തിനുള്ള ചെലവാണ് പ്രതിസന്ധി.
പുതിയ കെട്ടിടത്തിൽ ഫർണിച്ചർ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നാട്ടുകാരുടേയും വ്യാപാരികളുടേയും സഹായം തേടേണ്ട അവസ്ഥയാണ്. കെട്ടിട നിർമാണത്തിനൊപ്പം മറ്റു പ്രധാന അടിസ്ഥാന സൗകര്യങ്ങളും കരാറിന്റെ ഭാഗമാക്കിയിരുന്നെങ്കിൽ കെട്ടിടം ഒരുങ്ങുമ്പോൾതന്നെ ഓഫീസ് മാറ്റവും സാധ്യമാകുമായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്.
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പയഞ്ചേരിമുക്കിൽ റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കർ സ്ഥലത്താണ് അഞ്ചുനിലകളുള്ള മിനി സിവിൽ സ്റ്റേഷൻ നിർമിച്ചത്. 60,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന് ആദ്യം 18 കോടി രൂപ ചെലവാണ് കണക്കാക്കിയിരുന്നത്. ജി.എസ്.്ടി. നിരക്ക് പുതുക്കിയതിനെത്തുടർന്ന് കരാർ തുക 21.5 കോടി രൂപയായി ഉയർന്നു.
2022 നവംബർ ഏഴിനാണ് നിർമാണം ആരംഭിച്ചത്. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് ശിലാസ്ഥാപനം നിർവഹിച്ചത്. ഇരിട്ടി താലൂക്കിലെ വിവിധ സർക്കാർ ഓഫീസുകളെ ഒരു കുടക്കീഴിലാക്കി പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായി സേവനങ്ങൾ ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം. തിരഞ്ഞെടുപ്പിന് മുൻപ് കെട്ടിടം ഉദ്ഘാടനം നടത്താൻ ശ്രമിച്ചെങ്കിലും പൂർത്തിയാക്കാനായില്ല.
താലൂക്ക് ഓഫീസിന് പുറമേ സിവിൽ സപ്ലൈസ് ഓഫീസ്, ജോയിന്റ് ആർ.ടി.ഒ. ഓഫീസ്, അസിസ്റ്റന്റ് ലേബർ ഓഫീസ്, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസ്, ക്ഷീരവികസന ഓഫീസ്, പട്ടികവർഗ ക്ഷേമ ഓഫീസ്, ഇരിട്ടി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ്, സബ് ട്രഷറി, ലാൻഡ് ട്രിബ്യൂണൽ ഓഫീസ് തുടങ്ങിയവയെല്ലാം നിലവിൽ വാടകക്കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.
Published: 23 Oct 2026, 04:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented