ശ്രീകണ്ഠപുരം : നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ് നവീകരണം പൂർത്തിയായില്ല. ടാറിങ് നടത്താത്തതിനാൽ പല സ്ഥലങ്ങളിലും കുഴികളാണ്. ബസുകൾ പോകുമ്പോൾ മെറ്റലുകൾ തെറിച്ച് അപകടമുണ്ടാകുന്നുണ്ട്. ബസ് പ്രവേശിക്കുന്ന ഭാഗത്തും കുഴികളുണ്ട്.

To advertise here,

 

കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് 29 ലക്ഷം രൂപ ചെലവിൽ ഓവുചാൽ നിർമാണം ഉൾപ്പെടെ ബസ് സ്റ്റാൻഡ് നവീകരണം നടത്താൻ തീരുമാനിച്ചത്. തുടർന്ന് ബസ് സ്റ്റാന്റിനും സാമാ ബസാറിനും ഇടയിൽ നേരത്തെ വെള്ളം ഒഴുകിപ്പോകാൻ സ്ഥാപിച്ച ചെറിയ പൈപ്പുകൾ മാറ്റി ആഴവും വീതിയും കൂട്ടി പുതിയ ഓവുചാൽ നിർമിച്ചു. കനത്ത മഴയിൽ ശ്രീകണ്ഠപുരം നഗരത്തിലെ പല സ്ഥലങ്ങളിലും വെള്ളം കയറുന്ന പ്രശ്നത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഓവുചാൽ നിർമിച്ചത്. ബസ് സ്റ്റാൻഡിനും നഗരസഭ കെട്ടിടങ്ങൾക്കും ഇടയിലെ റോഡ് ഇന്റർലോക്ക് വിരിച്ച് ബലപ്പെടുത്തുകയും ചെയ്തു.

ബസ് സ്റ്റാൻഡിൽ റീ ടാറിങ് നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല. മഴക്കാലം കഴിഞ്ഞിട്ടും ടാറിടാത്തതിനാൽ വ്യാപാരികൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിലാണ്. മഴ പെയ്താൽ ഓവുചാൽ നിർമാണത്തിനായി കുഴിയെടുത്ത ഭാഗത്ത് ചെളിക്കുളമാകുന്നത്തും പതിവാണ്.

ബസുകളും വേണംബസ് സ്റ്റാന്റ് നവീകരികരണത്തോടൊപ്പം രാത്രിയിൽ ബസ്സുകൾ ഇല്ലാത്ത പ്രശ്നത്തിനും പരിഹാരം കാണണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

രാത്രി ഏഴോടെ ശ്രീകണ്ഠപുരം നഗരവും ബസ് സ്റ്റാൻഡും വിജനമാകും. ഏഴ് കഴിഞ്ഞാൽ ബസ്സോട്ടം പേരിന് മാത്രമാണ്. അതുകൊണ്ട് തന്നെ രാത്രി 7.30-ന് ശേഷം ബസ് സ്റ്റാൻഡിലെ വിരലിലെണ്ണാവുന്ന കടകൾ മാത്രമേ തുറക്കാറുള്ളു. രാത്രി ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളും കുറവാണ്. രാത്രി ഒൻപതുവരെ കട തുറക്കാൻ വ്യാപാരികൾ തയ്യാറാണെങ്കിലും ബസ്സില്ലാതെ എങ്ങനെ ആളുകൾ നഗരത്തിലെത്തുമെന്നാണ് ഇവർ ചോദിക്കുന്നത്. ശ്രീകണ്ഠപുരത്ത് നിന്ന് രാത്രിയിൽ ചെമ്പേരി, പയ്യാവൂർ, നടുവിൽ, ഇരിക്കൂർ, ഇരിട്ടി, തളിപ്പറമ്പ് ഭാഗങ്ങളിലേക്ക് രാത്രി 10 വരെയെങ്കിലും പുതിയ ബസ് റൂട്ടുകൾ അനുവദിക്കണമെന്നാണ് ആവശ്യം.