അഞ്ചേക്കറോളം നെൽക്കൃഷി നശിപ്പിച്ചു

To advertise here,

പനമരം : പനമരം ഗ്രാമപ്പഞ്ചായത്തിലെ ആറാംവാർഡായ നീർവാരത്ത് കാട്ടാനയിറങ്ങി അഞ്ചേക്കറോളം നെൽക്കൃഷി നശിപ്പിച്ചു. നീർവാരം അപ്പൻകവലയിലെ എട്ടുകർഷകരുടെ നെൽക്കൃഷിയാണ് കാട്ടാനകൾ നശിപ്പിച്ചത്. തിങ്കളാഴ്ച പുലർച്ചെ മൂന്നുതവണയായെത്തിയ രണ്ട് കാട്ടാനകളാണ് അപ്പൻകവലയിലെ പാടങ്ങളിൽ നാശംവിതച്ചത്.

പ്രദേശത്തെ പാറങ്കിമാലയിൽ ബിനു, രാജൻ കല്ലുവയൽ, തമ്പി കല്ലുവയൽ, കുഞ്ഞിരാമൻ കല്ലുവയൽ, സുനിൽകുമാർ കല്ലുവയൽ, സുനന്ദ കല്ലുവയൽ, ഷീല കല്ലുവയൽ, സുരേഷ് കല്ലുവയൽ, രാജേഷ് കല്ലുവയൽ എന്നീ കർഷകരുടെ ആവണി, ഉമ, വലിച്ചൂരി, ഗന്ധകശാല തുടങ്ങി നെൽക്കൃഷികളാണ് കാട്ടാനകൾ ചവിട്ടിമെതിച്ചത്. ഇതിൽ ബിനു എന്ന കർഷകനാണ് കൂടുതൽ നാശമുണ്ടായത്. ഇദ്ദേഹം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ രണ്ട് ഏക്കറിൽ ഒരേക്കറോളം വരുന്ന നെൽക്കൃഷിയും കാട്ടാന തകർത്തു. രണ്ടുമാസംകൂടി കഴിഞ്ഞാൽ വിളവെടുക്കാറായ നഞ്ചയാണ് കാട്ടാനകൾ നശിപ്പിച്ചതെന്ന് ബിനു പറഞ്ഞു.

കാട്ടാനകളുടെ ശല്യത്താൽ കഴിഞ്ഞവർഷം ഇവിടെ കൃഷി ഇറക്കിയിരുന്നില്ല. ക്രാഷ്ഗാർഡ് ഫെൻസിങ് എത്തിയതിന്റെ ആശ്വാസത്തിലായിരുന്നു ഇത്തവണ കൃഷിയിറക്കിയത്. എന്നാൽ, ഇവരുടെ സ്വപ്നങ്ങളെല്ലാം കാറ്റിൽപ്പറത്തിയുള്ള ആക്രമണമാണ് കാട്ടാനകളുടെ വരവിലുണ്ടായത്.

ജലക്ഷാമത്താൽ ഏറെ പണിപ്പെട്ടാണ് നനച്ചും വളങ്ങൾ നൽകിയും കൃഷി പരിപാലിച്ചുപോന്നത്. ജലലഭ്യതയില്ലാത്തതിനാൽ പ്രദേശത്തെ ഒരുപാട് നെൽപ്പാടങ്ങൾ കരിഞ്ഞുണങ്ങി നശിച്ചുപോയിട്ടുമുണ്ട്. ഇതിനിടയിലാണ് കാട്ടാനയുടെ ആക്രമണവും പ്രഹരമാവുന്നത്.

കാട്ടുപന്നിശല്യവും രൂക്ഷം

കാട്ടാനയ്ക്കുപുറമേ കാട്ടുപന്നിശല്യവും ഇവിടെ രൂക്ഷമാണ്. കാട്ടുപന്നികൾ വരമ്പുകൾ ഒന്നുപോലും വിടാതെ കുത്തിമറിച്ചിട്ടിരിക്കുകയാണ്.

കമ്പികൾകെട്ടിയും കോലങ്ങൾ കെട്ടിത്തൂക്കിയും നെൽക്കൃഷി സംരക്ഷിക്കാൻ നോക്കിയെങ്കിലും ഇതിനെയെല്ലാം മറികടന്നാണ് കാട്ടാനകളും കാട്ടുപന്നികളും നാശംവിതച്ചിരിക്കുന്നത്. അതിനാൽ ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെട്ട് നഷ്ടപരിഹാരം നൽകുകയും വന്യമൃഗങ്ങൾ കാടുവിട്ടിറങ്ങാതിരിക്കാനുള്ള സംവിധാനങ്ങൾ ഊർജിതമാക്കണമെന്നുമാണ് കർഷകർ ആവശ്യപ്പെടുന്നത്.

ജനവാസമേഖലയിലും കാട്ടാനയെത്തി

നീർവാരം കല്ലുവയലിലെ ജനവാസമേഖലയിലും കാട്ടാനയെത്തി തെങ്ങ്, കാപ്പി, കുരുമുളക്, വാഴ തുടങ്ങി കൃഷികൾ വ്യാപകമായി നശിപ്പിച്ചു.

പനമരം പഞ്ചായത്തിലെ കല്ലുവയൽ കോൺവെന്റിനുസമീപമാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കഴിഞ്ഞദിവസം രാത്രിയിലെത്തിയ കാട്ടാനകൾ പ്രദേശത്ത് വ്യാപക കൃഷിനാശമുണ്ടാക്കി. കല്ലുവയലിലെ തേലക്കാട്ട് ഡെയ്സി ഐസക്ക്, ഷൈനി മോനിപ്പള്ളിയിൽ ശോശാമ്മ വേലിക്കാത്ത് എന്നിവരുടെ വീടിനോടുചേർന്നുള്ള കൃഷിയിടങ്ങളിലാണ് കാട്ടാനകൾ നാശംവിതച്ചത്.

ഡെയ്സിയുടെ കായ്ഫലമുള്ള ഒരു വലിയ തെങ്ങും പത്തോളം കാപ്പിച്ചെടികളും കുരുമുളകുതൈകളും തെങ്ങിൻതൈകളുമാണ് കാട്ടാനകൾ ഒറ്റരാത്രികൊണ്ട് നശിപ്പിച്ചത്. സമീപത്തെ ഷൈനിയുടെ നേന്ത്രവാഴകൾ കുത്തിമറിച്ചിട്ടു, ശോശാമ്മയുടെ കായ്ഫലമുള്ള രണ്ടുതെങ്ങുകളാണ് കാട്ടാനകൾ വേരോടെ കുത്തിമറിച്ചിട്ടത്. കോൺവെന്റിലെ കാപ്പികളും ആനകൾ നശിപ്പിച്ചു. രണ്ടുമാസം മുൻപ് തേലക്കാട്ട് ജേക്കബിന്റെ രണ്ടു വലിയ തെങ്ങുകളും കാട്ടാന നശിപ്പിച്ചിരുന്നു. കാട്ടാനകൾക്കുപുറമേ കാട്ടുപന്നി, കുരങ്ങ്, മയിൽ, മാൻ, മലയണ്ണാൻ തുടങ്ങി വന്യമൃഗശല്യവും പ്രദേശത്ത് രൂക്ഷമാണ്. അതിനാൽ, വീട്ടുമുറ്റത്തുപോലും ഒന്നും നട്ടുവളർത്താൻ കഴിയാത്ത അവസ്ഥയാണ്. 250-ഓളം തെങ്ങുകൾ ഉണ്ടായിരുന്ന കൃഷിയിടത്തിൽ ഇപ്പോൾ 15 തെങ്ങുകൾ മാത്രമാണുള്ളതെന്നും ശേഷിക്കുന്നവയെല്ലാം ആന തകർത്തെന്നും ഡെയ്സി പറഞ്ഞു. കാർഷികഗ്രാമമായ ഇവിടെ പശുക്കളെ വളർത്തിയും കൃഷിയിലൂടെ ഉപജീവനം കണ്ടെത്തിയുമാണ് ഭൂരിഭാഗം കുടുംബങ്ങളും ജീവിച്ചുപോരുന്നത്. എന്നാൽ, വർധിച്ചുവരുന്ന വന്യമൃഗശല്യംകാരണം പൊറുതിമുട്ടിയിരിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. അതിനാൽ, വനംവകുപ്പും കൃഷിവകുപ്പും കേന്ദ്ര- സംസ്ഥാന സർക്കാരും വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ശാശ്വതപരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.