തളിപ്പറമ്പ് : മലയോര ബസ് സ്റ്റാൻഡ് ആയി പ്രഖ്യാപിച്ച കാക്കത്തോട് ബസ് സ്റ്റാൻഡ് ഉപയോഗിച്ച് നഗരസഭ വരുമാനമുണ്ടാക്കുന്നത് മലയോര യാത്രക്കാർക്ക് സൗകര്യമൊരുക്കിയല്ല. പകരം ലോറി, ടാക്സി, ടൂറിസ്റ്റ് ബസുകൾ, മറ്റ് സ്വകാര്യബസുകൾ ഉൾപ്പെടെ വാഹനങ്ങൾക്ക് പാർക്കിങ്ങിന് ഇടം നൽകിയാണ്. പതിറ്റാണ്ടുകളായി ഇവിടെ ബസ് സ്റ്റാൻഡിനായി പദ്ധതി തുടങ്ങിയിട്ട്. നിലമൊരുക്കൽ പൂർത്തിയായിട്ട് വർഷത്തിലേറെയായി. കോടിയോളം രൂപ വിവിധ ഘട്ടങ്ങളിലായി ഇവിടെ ചെലവായിട്ടുണ്ട്.

To advertise here,

 

ഒന്നേകാൽ ഏക്കർ സ്ഥലമാണ് കാക്കത്തോടിൽ ബസ് സ്റ്റാൻഡിനായുള്ളത്. ഇത് തീർത്തും അപര്യാപ്തമാണെന്ന ചർച്ചയും ജനപ്രതിനിധികളിലുണ്ട്. മലയോര ബസ് സ്റ്റാൻഡുമായി ബന്ധപ്പെട്ട ഡി.പി.ആർ. ഏറെ പൂർത്തിയായിട്ടുണ്ട്. അതിലും ആശങ്ക കിടക്കുന്നു. എട്ട് ബസുകൾക്ക് നിർത്തിയിടാനുള്ള സ്ഥലം മാത്രമാണ് ബസ് സ്റ്റാൻഡിലുള്ളത്. എട്ട് മുറികളോടെ നിർമ്മിക്കാവുന്ന കെട്ടിടത്തിന് സ്ഥലമുണ്ടാകും. യാത്രക്കാർക്കുവേണ്ടി ശൗചാലയം ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്.

പദ്ധതിയ്ക്ക് ഒച്ചിന്റെ വേഗം

വർഷങ്ങളായി ചർച്ചചെയ്യാൻ തുടങ്ങിയിട്ടും തളിപ്പറമ്പിലെ മലയോര ബസ് സ്റ്റാൻഡ് യാഥാർഥ്യമാകുന്നില്ല. പ്രവർത്തികളുടെ മെല്ലെപ്പോക്കാണ് കാരണം. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നടന്ന നിലമൊരുക്കലും കൊരപ്പുകട്ടകൾ പാകലുമാണ് ഒടുവിൽ നടന്ന പ്രവർത്തി. പുതിയ ഡി.പി.ആർ. ചർച്ചചെയ്തുവേണം ഇനി തീരുമാനമെടുക്കാൻ. ബസ്‌സ്റ്റാൻഡ് വരുമോ, ആഴ്ച ചന്തയ്ക്ക് സ്ഥലം മാറ്റുമോ, വാഹന പാർക്കിങ്ങിനായുള്ള ലേലനടപടികൾ തുടരുമോ തുടങ്ങിയ ആശങ്കയാണ് നാട്ടുകാരിൽ.