ഇരിട്ടി : പായം പഞ്ചായത്തിലെ കിളിയന്തറ അഞ്ചേക്കർ മേഖലയിൽ കാട്ടാന വീണ്ടും കൃഷി നശിപ്പിച്ചു. മേഖലയിലെ പൈമറ്റത്തിൽ സാജു, വിൽസൺ ചാരുവിള, ജോയ് മാളിയേക്കൽ, മോനിച്ചൻ മഞ്ഞളിൽ, ഡേവിഡ് പാറമ്മൽ എന്നിവരുടെ കൃഷിയിടങ്ങളിലാണ് ആന കൃഷികൾ നശിപ്പിച്ചത്. വാഴ, തെങ്ങ്, കവുങ്ങ് തുടങ്ങിയ കൃഷികൾ ആന നശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയോടെയാണ് കർണാടക വനത്തിൽനിന്ന് ഇറങ്ങിയ ആന ബാരാപോൾ പുഴ മുറിച്ചുകടന്ന് പായം പഞ്ചായത്തിലെ കൃഷിയിടങ്ങളിൽ നാശം വിതയ്ക്കുന്നത്. തുടർച്ചയായി മേഖലയിൽ ആന ഇറങ്ങുന്നതോടെ പ്രദേശവാസികൾ ഭീതിയിലാണ്. രണ്ടുദിവസം മുൻപ് നടയ്ക്കൽ ജോജിയുടെ വാഴത്തോട്ടത്തിൽ എത്തിയ ആന വാഴകൾ നശിപ്പിച്ചതിനെ തുടർന്ന് വനംവകുപ്പ് മേഖലയിൽ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഇത്തവണ ആന ജോജിയുടെ വീടിന് സമീപത്തെ പറമ്പുകളിലാണ് എത്തിയത്. വീടുകൾക്ക് സമീപംവരെ ആന എത്തിയതോടെ റബ്ബർ ടാപ്പിങ് ഉൾപ്പെടെ പുലർച്ചെ ചെയ്യുന്ന ജോലികളെല്ലാം പ്രദേശവാസികൾ നിർത്തിവെച്ചിരിക്കുകയാണ്.
ജനങ്ങളുടെ സ്വത്തിനും ജീവനും സർക്കാർ സുരക്ഷ ഉറപ്പാക്കണമെന്നും ആന കൃഷിയിടങ്ങളിലേക്ക് പ്രവേശിക്കാതെ അടിയന്തരമായി സോളാർവേലികൾ സ്ഥപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പായം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിനോദ്കുമാർ, വൈസി പ്രസിഡൻറ് പി.എൻ. ജെസി, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ പവിത്രൻ പായം, സ്മിത രജിത്, പഞ്ചായത്ത് അംഗങ്ങളായ ടോം മാത്യു, ഡെന്നിസ് മാണി തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി.
Published: 27 Nov 2026, 03:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented