ഇരിങ്ങാലക്കുട: പുതിയ കോടതി കോംപ്ലക്‌സ് പ്രവർത്തനസജ്ജമായതോടെ കച്ചേരിവളപ്പ് പൂർണമായും കൂടൽമാണിക്യം ദേവസ്വത്തിന്റെ സ്വന്തമായി. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കച്ചേരിവളപ്പിലെ കോടതികൾ പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടത്തിന്റെ താക്കോൽ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയും മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ (എം.എ.സി.ടി.) ജഡ്ജിയുമായ ടി. റെനോ ഫ്രാൻസിസ് സേവ്യർ ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപിക്ക് കൈമാറി. ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ്- ഠാണ റോഡിലുള്ള കച്ചേരി വളപ്പും ജില്ലയിലെ ആദ്യകാല കച്ചേരികളിലൊന്നായ പൈതൃക കെട്ടിട സമുച്ചയവും 2014 ഫെബ്രുവരിയിലാണ് കൂടൽമാണിക്യത്തിന് ലഭിച്ചത്. പിന്നീട് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒഴികെയുള്ള കോടതികൾ സിവിൽ സ്റ്റേഷനിലേയ്ക്ക് മാറ്റി. ഇതോടെ ആൾപ്പെരുമാറ്റവും പരിപാലനവും കുറഞ്ഞു. പിന്നീട് ട്രഷറികളും മാറ്റി. എന്നാൽ സ്ഥലം പൂർണമായും കിട്ടാത്തതിനാൽ ദേവസ്വം ഈ ഭൂമി വേണ്ടത്ര ഗൗനിക്കാതായതോടെ സ്ഥലം കാടുകയറി. വേണ്ടത്ര സംരക്ഷണമോ, പരിപാലനമോ ഇല്ലാത്തതിനാൽ ഈ കെട്ടിടത്തിലെ പല കോടതി മുറികളുടെ ചുമരുകളും ഇടിഞ്ഞുവീണു. സൗജന്യമായി പ്രവർത്തിക്കുന്നതിനാൽ അറ്റകുറ്റപണികളെല്ലാം കോടതിയുമായി ബന്ധപ്പെട്ടവർ തന്നെ നടത്തണമെന്നായിരുന്നു ദേവസ്വം നിലപാട്. കാലങ്ങളായി ഈ കെട്ടിടം അറ്റകുറ്റപണികൾ നടത്താതായതോടെ മേൽക്കൂരകൾ തകർന്ന് ചോർന്നൊലിച്ചും ചുമരുകൾ തകർന്നുവീണും ഏത് നിമിഷവും നിലംപൊത്താമെന്ന അവസ്ഥയിലായി. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മജിസ്‌ട്രേറ്റ് കോടതി അടിയന്തരമായി മറ്റൊരിടത്തേക്ക് മാറ്റണമെന്ന് അഡ്വ. ജെയിംസ് അവറാൻ നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് ജില്ലാ ഭരണകൂടത്തോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ പുതിയ സ്ഥലം കണ്ടെത്തി തഹസിൽദാർ വഴി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനിടയിലാണ് ബാർ അസോസിയേഷൻ നേരിട്ട് പഴയ റെക്കോഡ് റൂം ഇതിനായി ഉപയോഗിക്കാമെന്ന് കാണിച്ച് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജൂണിൽ മജിസ്‌ട്രേറ്റ് കോടതിയും സിവിൽ സ്‌റ്റേഷനിലേക്ക് മാറ്റി. എന്നാലും കെട്ടിടത്തിന്റെ താക്കോൽ കൈമാറിയിരുന്നില്ല. സിവിൽ സ്‌റ്റേഷന് സമീപം നിർമിച്ച പുതിയ കോടതി സമുച്ചയത്തിലേക്ക് കോടതികളെല്ലാം മാറ്റിയതോടെയാണ് കച്ചേരിവളപ്പിലെ പഴയ കെട്ടിടത്തിന്റെ താക്കോൽ കൈമാറിയത്. താക്കോൽ കിട്ടിയതിനെ തുടർന്ന് ദേവസ്വം ഭരണസമിതി അംഗങ്ങളും അഡ്മിനിസ്‌ട്രേറ്റും കച്ചേരി പറമ്പിലെ കോടതി സമുച്ചയം തുറന്നു നോക്കി. കച്ചേരിവളപ്പിൽ ദേവസ്വത്തിന് വരുമാനമുണ്ടാക്കുന്ന രീതിയിൽ വലിയൊരു ഒരു പ്രോജക്ട് തുടങ്ങുവാൻ ഉദ്ദേശിക്കുന്നുണ്ടെന്നും താമസിയാതെ അതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ദേവസ്വം ചെയർമാൻ അഡ്വ. സി കെ ഗോപി പറഞ്ഞു. ദേവസ്വം ഭരണസമിതി അംഗമായ ബിന്ദു അഡ്വ. കെ.ജി. അജയകുമാർ, അഡ്മിനിസ്‌ട്രേറ്റർ സി. പ്രീതി, ദേവസ്വം ജീവനക്കാർ എന്നിവർ പങ്കെടുത്തു.

To advertise here,