കുവൈത്ത് തിരഞ്ഞെടുപ്പ് തുടങ്ങി; കാത്തിരിപ്പോടെ മലയാളികളും | കുവൈത്ത് ഇലക്ഷൻ 03


എൻ.പി. ഹാഫിസ് മുഹമ്മദ്കുവൈത്ത് ദേശീയ അസംബ്ലിയിലേക്കു സെപ്തംബർ 29-നു നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ അന്താരാഷ്ട്ര നിരീക്ഷകനായ ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ് നടത്തുന്ന വിലയിരുത്തൽ. മൂന്നാം ഭാഗം.

വോട്ടെടുപ്പ് പുരോഗമിക്കുന്ന കുവൈത്തിലെ അബ്ദുള്ള അൽ സലേമിലെ ബൂത്തിൽനിന്ന് | ഫോട്ടോ: എൻ.പി. ഹാഫിസ് മുഹമ്മദ്

ഇന്ത്യയും കുവൈത്തും തമ്മിലുള്ള വ്യാപാരബന്ധം നൂറ്റാണ്ടുകളുടെ പഴക്കമുറ്റതാണെന്നും അത് ഇന്നും സജീവമായി നിൽക്കുന്നതാണെന്നും കുവൈത്ത് വാർത്താവിനിമയ മന്ത്രിയായ അബ്ദുറഹ്‌മാൻ അൽ മുതേരി അഭിപ്രായപ്പെട്ടു. ദീർഘകാലത്തെ സമാധാനത്തിന്റെ മാർഗത്തിലൂടെ വേരുറച്ച രാഷ്ട്രീയബന്ധം കൂടിയാണത്. എണ്ണ കണ്ടെത്തിയ ശേഷമുള്ള കുവൈത്തിന്റെ വികസനത്തിൽ ഇന്ത്യക്കാർക്ക്, പ്രത്യേകിച്ചു മലയാളികൾക്ക് നിർണായകമായ ബന്ധമുണ്ട്. പരസ്പര ബഹുമാനത്തിന്റെയും പരസ്പര പൂരകത്വത്തിന്റെയും സാമൂഹികവും സാംസ്‌കാരികവുമായ ബന്ധം കൂടിയാണത്. കുവൈത്തിന്റെ വളർച്ചയിൽ മലയാളികൾ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് അബ്ദുൾ റഹ്‌മാൻ അൽ മുതേരി പറഞ്ഞു.

കുവൈത്ത് ദേശീയ അസംബ്ലി തിരഞ്ഞെടുപ്പ് നിരീക്ഷിക്കാനും അവലോകനം നടത്താനും ക്ഷണിതാക്കളായി എത്തിയ ഇന്ത്യൻ പ്രതിനിധികൾക്കു നൽകിയ അഭിമുഖത്തിലാണു യുവമന്ത്രിയായ അബ്ദുറഹ്‌മാൻ അൽ മുതേരി കുവൈത്ത്- ഇന്ത്യൻ ബന്ധത്തിന്റെ പ്രാധാന്യം അനുസ്മരിച്ചത്. രണ്ടു വർഷമായി നിലകൊള്ളുന്ന ഭരണകാര്യങ്ങളിലെ അനിശ്ചിതത്വം ഇന്ത്യൻ പ്രവാസികൾക്ക് ആശങ്കകളുണർത്തുന്നുണ്ടെന്ന് ഇന്ത്യൻ പ്രതിനിധികൾ അബ്ദുറഹ്‌മാൻ അൽ മുതേരിയെ അറിയിച്ചു. പുതിയ വിസകൾ നൽകുന്നതിലുള്ള പിൻപറ്റൽ, സ്വദേശിവത്കരണം, പുതിയ വികസനപദ്ധതികളുടെ വൈകൽ തുടങ്ങിയവ പ്രവാസികളിൽ ഭയാശങ്ക ഉണർത്തുന്നുണ്ടെന്നു തിരഞ്ഞെടുപ്പ് നിരീക്ഷകരായി എത്തിയ പ്രതിനിധികൾ പറഞ്ഞു.ഇന്ത്യയെപ്പോലുള്ള മഹത്തായ ജനാധിപത്യ സംവിധാന പ്രക്രിയയിൽനിന്ന് കുവൈത്തിനു പലതും മനസിലാക്കാനുണ്ട്. പുതിയ പ്രതിസന്ധിയെ അതിജീവിക്കാനാണു തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. ജനാധിപത്യമൂല്യങ്ങളെ അംഗീകരിച്ചുകൊണ്ടാണു തിരഞ്ഞെടുപ്പ് നടത്തുന്നത്. പുതിയ തിരഞ്ഞെടുപ്പുഫലം രാഷ്ട്രീയ പ്രതിസന്ധികളെ ജനാധിപത്യപരമായി അതിജീവിക്കാനാകുമെന്നും അബ്ദുറഹ്‌മാൻ അൽ മുതേരി പ്രതീക്ഷിക്കുന്നു.

സിദ്ദീഖ് വലിയകത്ത്

കാണാത്ത രാജ്യങ്ങളിലെ പോലും ഭരണ-രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ച് മനസിലാക്കുന്നവരാണു മലയാളികൾ. ഇന്നു ലോകത്തിന്റെ ഏതു ഭാഗത്തും നടക്കുന്ന തിരഞ്ഞെടുപ്പും പ്രവാസജീവിതത്താൽ മലയാളികൾക്കു പ്രധാനപ്പെട്ടതുമാണ്. സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരും ബിസിനസുകാരും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും തൊഴിലാളികളും കുവൈത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചു ബോധമുള്ളവരാണ്. നാലു പതിറ്റാണ്ടിലധികം കാലമായി കുവൈത്തിൽ സാമൂഹ്യക്ഷേമപ്രവർത്തനങ്ങളിലും മാധ്യമ പ്രവർത്തനത്തിലും പങ്കാളിയായിട്ടുള്ള സിദ്ദീഖ് വലിയകത്ത് കുവൈത്തിലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ശുഭാപ്തി വിശ്വാസം വെച്ച് പുലർത്തുന്നു. രാജാധികാര- ജനാധിപത്യ മിശ്രിത രാഷ്ട്രീയ സാഹചര്യങ്ങൾ ചിലപ്പോൾ അനിശ്ചിതത്വത്തിലെത്തിച്ചേർക്കുന്നുണ്ട്. എന്നാൽ അതിന്റെ ഗുണവശങ്ങളെക്കുറിച്ച് സിദ്ദീഖ് വലിയകത്ത് ചൂണ്ടിക്കാണിക്കുന്നു. അത് രാഷ്ട്രീയകാര്യങ്ങളിൽ കുവൈത്ത് ജനങ്ങൾക്കും പ്രവാസികൾക്കും അഭിപ്രായസ്വാതന്ത്ര്യം നൽകുന്നുണ്ട്. പ്രശ്‌നങ്ങളെ രാഷ്ട്രീയമായി പരിഹരിക്കപ്പെടാൻ അവസരം ഉണ്ടാക്കുന്നുമുണ്ട്. സിദ്ദീഖ് വലിയകത്ത് കരുതുന്നു.

വി.ആർ. വിജയൻ നായർ

ദീർഘകാലമായി കുവൈത്ത് വാർത്താവിനിമയ മന്ത്രാലയത്തിൽ ഉദ്യോഗസ്ഥനായി പ്രവർത്തിക്കുന്ന വി.ആർ. വിജയൻ നായർ കുവൈത്തി മലയാളി സൗഹൃദത്തിന്റെ ക്രിയാത്മകമായ തലം ചൂണ്ടിക്കാണിക്കുന്നു. അത് മലബാറുമായുള്ള ദീർഘകാലബന്ധത്തിന്റെ പ്രതിഫലനമാണ്. അതുകൊണ്ടാണ് കുവൈത്തിന്റെ ഉയർച്ചയിൽ മലയാളികൾക്കു വിശേഷപ്പെട്ട പങ്കാളിത്തം നൽകാനായത്. ഭരണകർത്താക്കൾ ഇന്ത്യക്കാരോടു പ്രത്യേകമായ മമത പുലർത്തുന്നുണ്ടെന്ന് അനുഭവങ്ങളിലൂടെ വിജയൻ നായർ വെളിപ്പെടുത്തുന്നു. ഭരണകർത്താക്കളും ഉയർന്ന ഉദ്യോഗസ്ഥൻമാരും മലയാളികളോടു പ്രത്യേകമായ സൗഹൃദം പുലർത്തുന്നുണ്ട്. അതുകൊണ്ടുതന്നെ പുതിയ തിരഞ്ഞെടുപ്പിന്റെ ഫലം കുവൈത്ത്-ഇന്ത്യൻ ബന്ധത്തെ ഒരിക്കലും പ്രതികൂലമായി ബാധിക്കില്ലെന്നും വിജയൻ നായർ കരുതുന്നു. പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ ഭരണകർത്താക്കൾക്ക് സാധിക്കുമെന്നും അദ്ദേഹം കരുതുന്നു.

എൻ. മുഹമ്മദ് റാഫി

കുവൈത്ത് മുസ്ലീം എജുക്കേഷണൽ സൊസൈറ്റി (എം.ഇ.എസ്.) പ്രസിഡന്റും ഫാറൂഖ് കോളേജ് പൂർവ വിദ്യാർത്ഥി കുവൈത്ത് ഘടകത്തിന്റെ അധ്യക്ഷനുമായ എൻ. മുഹമ്മദ് റാഫി ഇടയ്ക്കിടെയുണ്ടാകുന്ന ഭരണകാര്യ അനിശ്ചിതത്വങ്ങളിൽ ഭയാശങ്കകൾ വെച്ചുപുലർത്തുന്നുണ്ട്. എന്നാൽ, ഭരണകാര്യങ്ങൾ മരവിച്ചുകിടക്കുന്ന അവസ്ഥയിൽ മാറ്റങ്ങളുണ്ടാകുമെന്ന് കുവൈത്തിലെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ സജീവപ്രവർത്തകനായ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സഫാ ഹാഷ്മി സ്വദേശിവൽക്കരണത്തിനു വേണ്ടി ശക്തമായി വാദമുന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ ഒരു പ്രധാന അജണ്ടയുണ്ടാക്കിയിരുന്നു. എന്നാൽ കുവൈത്തി ജനത അതു പൊതുവായി അംഗീകരിക്കുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സഫാ ഹാഷ്മി പരാജയപ്പെടുകയായിരുന്നു. വികസന കാലത്തും ഇറാഖ് അധിനിവേശ കാലത്തും മലയാളികൾ കുവൈത്തിനോടൊപ്പം നിന്നവരാണെന്ന് മുഹമ്മദ് റാഫി ചൂണ്ടിക്കാട്ടി. അതു ഭരണകർത്താക്കൾക്കുമറിയാം. ആരു തിരഞ്ഞെടുക്കപ്പെട്ടാലും പ്രവാസികളുടെ ക്ഷേമകാര്യങ്ങളിൽനിന്നു ഭരണകർക്കാക്കൾ വിട്ടുനിൽക്കാനിടയില്ലെന്ന് അദ്ദേഹം കരുതുന്നു.

കുവൈത്ത് തിരഞ്ഞെടുപ്പിൽ മലയാളികൾക്കു വോട്ടവകാശമില്ലെങ്കിലും അവർ തങ്ങളുടെ ജീവിതം മാറ്റിമറിച്ച കുവൈത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ഉന്നതിക്കുവേണ്ടി നിലകൊള്ളുന്നുണ്ട്. സാധാരണക്കാരും തൊഴിൽരംഗത്തു പ്രവർത്തിക്കുന്നവരുമായ മലയാളികളും പ്രതീക്ഷയോടെ തിരഞ്ഞെടുപ്പുഫലത്തെ കാത്തിരിക്കുന്നു. നാട്ടിലെ രാഷ്ട്രീയ കാര്യങ്ങളിലെന്നപോലെ, തൊഴിൽപരമായി കുടിയേറിയ ദേശങ്ങളിലെയും രാഷ്ട്രീയവും ഭരണനിർവഹണപരവുമായ കാര്യങ്ങളിൽ വായിച്ചും കേട്ടും നിരീക്ഷിച്ചും ബോധവാന്മാരും ബോധവതികളുമാണ് മലയാളികൾ.

കുവൈത്തിൽ താമസിക്കുന്നവരിൽ മുപ്പത് ശതമാനത്തോളം വരുന്ന പൗരന്മാർ ഇന്ന് പോളിങ് ബൂത്തിലെത്തുന്നു. അഞ്ച് ജില്ലകളിൽ നിന്ന് പത്ത് പേർ വീതമുള്ള അമ്പതു പേരെ കുവൈത്ത് പൗരന്മാർ ഇന്ന് തിരഞ്ഞെടുക്കും. വിവിധ ഗോത്രങ്ങളിൽപ്പെടുന്ന, വിവിധ ആശയങ്ങൾ പുലർത്തുന്ന വോട്ടർമാരുടെ തീരുമാനമറിയാൻ ഇനിയധികം മണിക്കൂറുകൾ കാത്തിരിക്കേണ്ടതില്ല. സ്വദേശികളും പ്രവാസികളും തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്നു.

ഭാഗം 01: പ്രചാരണവുമില്ല പ്രകടനവുമില്ല: കുവൈത്തിൽ 29-ന് തിരഞ്ഞെടുപ്പ് | കുവൈത്ത് ഇലക്ഷൻ 01

ഭാഗം 02: ഇവിടെ ജനാധിപത്യം ഇരുമ്പുമറകൾക്ക് ഉള്ളിലല്ല | കുവൈത്ത് ഇലക്ഷൻ 02

ഭാഗം 03: കുവൈത്ത് തിരഞ്ഞെടുപ്പ് തുടങ്ങി; കാത്തിരിപ്പോടെ മലയാളികളും | കുവൈത്ത് ഇലക്ഷൻ 03

Content Highlights: Kuwait National Assembly Election 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented