പ്രചാരണവുമില്ല പ്രകടനവുമില്ല: കുവൈത്തിൽ 29-ന് തിരഞ്ഞെടുപ്പ് | കുവൈത്ത് ഇലക്ഷൻ 01


എൻ.പി. ഹാഫിസ് മുഹമ്മദ്കുവൈത്ത് ദേശീയ അസംബ്ലിയിലേക്കു സെപ്തംബർ 29-നു നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ അന്താരാഷ്ട്ര നിരീക്ഷകനായ ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ് നടത്തുന്ന വിലയിരുത്തൽ. ഒന്നാം ഭാഗം.

കുവൈത്ത് ദേശീയ അസംബ്ലി നില കൊള്ളുന്ന കുവൈറ്റ് സിറ്റിയുടെ ആകാശദൃശ്യം | Photo: Reuters

മത്സരിക്കുന്ന നേതാക്കളുടെ കൂറ്റൻ കട്ടൗട്ടുകളോ ഹോർഡിങ്ങുകളോ ഇല്ല. പതാകകളില്ല. മൈക്കുവെച്ച് തെരുവുപ്രചാരണങ്ങളില്ല. വാഹന പ്രകടനജാഥകളോ റോഡ് ഷോകളോ ഇല്ല. വീടു കയറി പ്രചരണ പരിപാടികളും കാണാനില്ല. സെപ്റ്റംബർ 29-നു ദേശീയ അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പു നടക്കുന്ന കുവൈത്തിൽ തിരഞ്ഞെടുപ്പു രീതികൾ തീർത്തും വ്യത്യസ്തം.

വിമാനത്താവളത്തിൽനിന്നു താമസസ്ഥലത്തേക്കു യാത്ര ചെയ്യുമ്പോൾ ഡ്രൈവറോട് ചോദിച്ചു: ഈ രാജ്യം തിരഞ്ഞെടുപ്പ് അഭിമുഖീകരിക്കുന്ന കാര്യം അറിയാമോ?
രണ്ടു കൊല്ലം മുമ്പ് അത് നടന്നിട്ടേയുള്ളൂ എന്നായിരുന്നു ഉത്തരം.
അയാൾ ഉദ്ദേശിച്ചത് ഈജിപ്റ്റിൽ, ജന്മദേശത്ത് നടന്ന, തിരഞ്ഞെടുപ്പിനെക്കുറിച്ചായിരുന്നു.
കുവൈത്തിൽ നടക്കുന്ന പാർലിമെന്ററി തിരഞ്ഞെടുപ്പിനെക്കുറിച്ച് അയാൾക്കറിയില്ല.
അയാൾ ചോദിച്ചു: നിങ്ങൾ വോട്ട് ചെയ്യാൻ വന്നതാണോ?
അല്ല. തിരഞ്ഞെടുപ്പ് പ്രവൃത്തികൾ നിരീക്ഷിക്കാൻ കുവൈത്ത് ഗവൺമെന്റ് ക്ഷണിച്ചിട്ടു വന്നതാണ്.ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നു മാധ്യമപ്രവർത്തകരെയും അധ്യാപകരെയും കുവൈത്ത് ഗവൺമെന്റ് ക്ഷണിച്ചിട്ടുണ്ട്.

അയാൾ ചിരിച്ചുകൊണ്ട് ചോദിച്ചു: എന്തിന്?
കുവൈത്തിൽ നടക്കുന്ന ജനാധിപത്യ സംവിധാനങ്ങൾ മനസ്സിലാക്കാനും അപഗ്രഥിക്കാനും ലോകത്തെ അറിയിക്കാനുമാണ് ഞങ്ങളുടെ നിയോഗമെന്നത് അയാളെ പറഞ്ഞ് ബോധ്യപ്പെടുത്താൻ എനിക്ക് കഴിഞ്ഞില്ല. ഞാനതിന് ശ്രമിച്ചതുമില്ല.
അയാൾ ചോദിച്ചേക്കും: എന്തിന്?

ലോകത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും നിലനിൽക്കുന്ന രാജഭരണ- പാർലിമെന്ററി സംവിധാനമാണ് കുവൈത്ത് നടപ്പിൽ വരുത്തിയിട്ടുള്ളത്. അറബ് രാജ്യങ്ങളിലാദ്യമായി ഇത്തരം മിശ്രിത ജനാധിപത്യം നടപ്പാക്കിയ രാജ്യമാണ് കുവൈത്ത്. 1962 നവംബർ 12-നു തിരഞ്ഞെടുപ്പു നിയമങ്ങൾ അവതരിപ്പിച്ചു. ആവശ്യാനുസരണം പല ഭേദഗതികളും നടത്തി. ഇപ്പോൾ 10 മണ്ഡലങ്ങളിൽനിന്ന് അഞ്ചു പേർ വീതം തിരഞ്ഞെടുക്കപ്പെടുന്നു. ആ അമ്പത് പേരെ തിരഞ്ഞെടുക്കുന്നത് കുവൈത്ത് പൗരന്മാരാണ്. പ്രായപൂർത്തിയായ കുവൈത്തിലെ 30 ശതമാനം വരുന്ന പൗരന്മാരാണു ദേശീയ അസംബ്ലിയിലേക്ക് വോട്ടു ചെയ്യാൻ അവകാശമുള്ളവർ. കുവൈത്തുകാരനായ പിതാവിനു ജനിച്ചവരാണ് ഇവർ. തിരഞ്ഞെടുപ്പു നടക്കുമ്പോൾ കുവൈത്തിൽ താമസക്കാരനുമായിരിക്കണം. തടവുകാർക്കോ പോലീസ്-പട്ടാളം വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്കോ വോട്ടവകാശമില്ല.

തിരഞ്ഞെടുപ്പു നിയമപ്രകാരം 30 വയസ്സു തികഞ്ഞ, വോട്ടവകാശമുള്ള കുവൈത്തുകാർക്കു മത്സരിക്കാം. അറബി വായിക്കാനും എഴുതാനും അറിയുന്നവരാകണം സ്ഥാനാർത്ഥികൾ. കുവൈത്തിൽ രാഷ്ട്രീയ സംഘടനകളില്ല. മത്സരിക്കുന്നതു വ്യക്തി എന്ന നിലയിലാണ്. സാധുവായ പത്തു വോട്ടുകൾ ലഭിച്ചാൽ കെട്ടിവെച്ച സംഖ്യ തിരിച്ചുനൽകും. പത്തു വോട്ടിൽ കുറഞ്ഞാലോ തിരഞ്ഞെടുപ്പിനു മുമ്പു പിൻവാങ്ങിയാലോ ഈ പണം ക്ഷേമപ്രവർത്തനങ്ങൾക്ക് സർക്കാർ ഉപയോഗിക്കും.

തിരഞ്ഞെടുക്കപ്പെടുന്ന പാർലമെന്റ് സഭയും നിയോഗിക്കപ്പെടുന്ന ഗവൺമെന്റും ഒന്നിച്ചു പ്രവർത്തിക്കുന്ന സംവിധാനമാണ് കുവൈത്തിൽ ഭരണം നടത്തുന്നത്. പാർലമെന്റും ഗവൺമെന്റും പുലർത്തുന്ന സഹകരണമാണ് കുവൈത്തിലെ അർധ ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറ. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ആദ്യമായി ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തിയ കുവൈത്ത് എൺപതുകൾക്കു ശേഷം തിരഞ്ഞെടുപ്പുകൾ നടത്തുന്നതിൽനിന്നു പിന്നോട്ടു പോയിട്ടില്ല. അഭിപ്രായവ്യത്യാസങ്ങളും വ്യക്തിപരമായ താല്പര്യങ്ങളും ഭരണത്തെ ബാധിക്കുമ്പോൾ പാർലമെന്റ് പിരിച്ചുവിടാനുള്ള അവകാശം സർക്കാറിനുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ അത്തരമൊരു സാഹചര്യം ചൂണ്ടിക്കാണിച്ച് പിരിച്ചുവിട്ട പാർലിമെന്റിലേക്കുള്ള തിരഞ്ഞെടുപ്പാണ് സെപ്റ്റംബർ 29-നു നടക്കുന്നത്.

നിരീക്ഷകർക്കു കുവൈത്ത് നാഷണൽ അസംബ്ലി മന്ദിരം, സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ഹെഡ്ക്വാർട്ടേഴ്സ്, ഷേഖ് അബ്ദുള്ള അൽ സലേം കൾച്ചറൽ സെന്റർ, തിരഞ്ഞെടുപ്പു നടക്കുന്ന കേന്ദ്രങ്ങൾ തുടങ്ങിയവ സന്ദർശിക്കാൻ അവസരം നൽകുന്നുണ്ട്. സ്ഥാനാർത്ഥികളുമായി അഭിമുഖങ്ങൾ നടത്താം. വോട്ടർമാരുമായി സംഭാഷണം നടത്താം. ഇത്തരം കാര്യങ്ങളിലേക്കു ലോകത്തിനു മുന്നിൽ വാതിൽ തുറക്കുന്നുവെന്നതാണ് കുവൈത്ത് ദേശീയ നിയമസഭയുടെ ജനാധിപത്യ സംവിധാനത്തിന്റെ മേന്മ.

കുവൈത്തിൽ 70% പ്രവാസികളാണ്. അവരിൽ മലയാളികൾ ദേശീയ അസംബ്ലി തിരഞ്ഞെടുപ്പിനെക്കുറിച്ച് പൊതുവായ അവബോധമുള്ളവരാണ്. പ്രവാസികളെ നേരിട്ടോ പരോക്ഷമായോ ബാധിക്കുന്ന കാര്യമല്ല തിരഞ്ഞെടുപ്പെങ്കിലും മലയാളികൾ തിരഞ്ഞെടുപ്പുഫലം കാത്തിരിക്കുന്നവരാണ്. 23.65 ബില്യൺ കുവൈത്ത് ദിനാർ വരുന്ന ബജറ്റ് വരുന്ന നവംബറിൽ പാർലിമെന്റിൽ പാസാക്കിയെടുക്കേണ്ടതുണ്ട്. കുവൈത്തിന്റെ വികസനപ്രവർത്തനങ്ങൾ പ്രവാസികളുടെ തൊഴിൽപരമായ കാര്യങ്ങളിൽ അനുകരണമുണ്ടാക്കുമെന്ന് മലയാളി പ്രവാസികൾ കരുതുന്നു.

ഇതൊന്നും തലയിലേറ്റാത്തവരാണ് ഭൂരിപക്ഷ കുവൈത്തി പ്രവാസലോകം. റെസ്റ്റൊറന്റിൽ ജോലി ചെയ്യുന്ന മറ്റൊരു അറബ് നാട്ടുകാരനോട് ചോദിച്ചു: കുവൈത്തിലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് അറിഞ്ഞില്ലേ?
അയാളുടെ പ്രതികരണം: ഏതു തിരഞ്ഞെടുപ്പ്? ആരുടെ തിരഞ്ഞെടുപ്പ്?

Content Highlights: Kuwait National Assembly Election 2022, International Observer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented