യുദ്ധ വിധവകൾ, ലൈംഗിക അടിമകൾ... യുദ്ധമായാലും പ്രകൃതി ദുരന്തമായാലും ഇരകളാകുന്നതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. പക്ഷേ, സ്ത്രീയുടെ അതിജീവന ചരിത്രം എവിടെയും രേഖപ്പെടുത്താതെ പോകുന്നു. സുധാമേനോൻ രേഖപ്പെടുത്തുന്നത് ആ ചരിത്രമാണ്. യുദ്ധവും കലാപവും ദുരന്തങ്ങളും ദക്ഷിണേഷ്യൻ സ്ത്രീ അതിജീവിക്കുന്നതിന്റെ നേരനുഭവങ്ങൾ സുധ പങ്കുവെക്കുകയാണ്. എന്നാൽ, യുദ്ധവും കലാപവും മാത്രമാണോ അവളുടെ ജീവിതത്തെ ദുസ്സഹമാക്കുന്നത്, അല്ല അത് മതപൗരോഹിത്യവും പാട്രിയാർക്കിയുമാണെന്ന് താൻ കണ്ടറിഞ്ഞ ജീവിതങ്ങൾ ഉദാഹരിച്ച് സുധാമേനോൻ ചൂണ്ടിക്കാണിക്കുന്നു. 

To advertise here,

  • യുദ്ധമായാലും കലാപമായാലും സ്ത്രീകൾ എല്ലായ്‌പ്പോഴും പാസ്സീവ് വിക്ടിം ആണെന്നാണ് പറയുക. അവരുടെ ചരിത്രം എവിടെയും രേഖപ്പെടുത്താറില്ല. 'ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ' എന്ന പുസ്തകത്തിലൂടെ വിസ്മരിക്കപ്പെട്ട ആ സ്ത്രീകളുടെ ജീവിതമാണ് നിങ്ങൾ പറഞ്ഞുവെക്കുന്നത് ?

ഞാൻ ഒരു സോഷ്യൽ സയൻസ് വിദ്യാർഥിനി ആയിരുന്നു. പൊളിറ്റിക്കൽ സയൻസും പബ്ലിക് പോളിസിയും ആണ് ഞാൻ പഠിച്ചത്. പക്ഷേ, അപ്പോഴൊന്നുംതന്നെ യുദ്ധവും കലാപവും എങ്ങനെയാണ് സ്ത്രീകളെ ബാധിച്ചിട്ടുള്ളത്, എങ്ങനെയാണ് അവർ പ്രതികരിക്കുന്നത് എന്നുള്ള കാര്യം ശ്രദ്ധയിൽ പെട്ടിട്ടില്ല. കാരണം, സാധാരണ സ്‌കൂളിലും കോളേജിലും പഠിക്കുന്ന യുദ്ധത്തിന്റെ കഥകളിലൊന്നും സ്ത്രീകൾ കടന്നുവരാറില്ല. വിജയഗാഥകൾ മാത്രമേ നാം അറിയാറുള്ളൂ. അതുമാത്രം നമ്മൾ പഠിക്കുന്നു. ഒരു ജനറൽനോളേജ് ചോദ്യമായിട്ട് മാത്രം നിലനിന്നിരുന്ന ഒന്ന്. അതിനപ്പുറത്തേക്ക് അതിനെകുറിച്ച് ചിന്തിക്കാറുമില്ല. എട്ടു വർഷത്തോളം ഞാൻ, ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ യുദ്ധത്തിന്റെയും വംശീയകലാപങ്ങളുടെയും പ്രകൃതിദുരന്തങ്ങളുടെയും മറ്റും ഇരകളായ സ്ത്രീകളെ പുനരധിവസിപ്പിക്കുന്ന ഒരു പ്രോജക്ടിന്റെ കോർഡിനേറ്റർ ആയിരുന്നു. ഈ രാജ്യങ്ങളിലെ  സ്ത്രീകളെ സംഘടിപ്പിച്ച് സഹകരണ സംഘങ്ങൾ ഉണ്ടാക്കുകയും,അവരെ ആ സഹകരണസംഘങ്ങളുടെ  മാനേജർമാരും ഉടമകളും ആക്കുന്ന ഒരു റീഹാബിലിറ്റേഷൻ പ്രൊജക്ട് ആയിരുന്നു അത്. നമ്മുടെ കുടുംബശ്രീ പോലുള്ള ഒരു പ്രൊജക്ട്. പ്രോജക്ടിന്റെ ഭാഗമായിട്ട് പാകിസ്താനിലും അഫ്ഗാനിസ്താനിലും നേപ്പാളിലും, ശ്രീലങ്കയിലും, ബംഗ്ലാദേശിലും ഒക്കെ യാത്ര ചെയ്തിരുന്നു. അപ്പോഴാണ് യുദ്ധം സ്ത്രീകളെയും കുട്ടികളെയും എങ്ങനെയാണ് ബാധിക്കുന്നത്, ആരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് എന്നൊക്കെ നേരിൽ കണ്ട് മനസിലാക്കാൻ കഴിഞ്ഞത്. ഈ രാജ്യങ്ങളിൽ ഞാൻ കണ്ടുമുട്ടിയ യുദ്ധത്തിന്റെയും വംശീയതയുടെയും മറ്റും ഇരകളായ സ്ത്രീകളെല്ലാം തന്നെ എന്നേക്കാൾ മിടുക്കരായ സ്ത്രീകളായിരുന്നു എന്ന വസ്തുത എന്നെ ഏറെ അമ്പരപ്പിച്ചിരുന്നു.

ശ്രീലങ്കയിൽ ഞാൻ കണ്ടുമുട്ടിയ ജീവലത എന്ന സ്ത്രീ മനോഹരമായി ഇംഗ്ലീഷ് സംസാരിക്കുന്ന, എഴുതുന്ന ഒരാളായിരുന്നു. അത്ലറ്റ് ആയിരുന്നു. അവരുടേതല്ലാത്ത ഒരു കുറ്റത്തിന്, ഒരു തരത്തിലും അവർ പങ്കാളിയല്ലാത്ത ഒരു വംശീയകലാപത്തിലൂടെ അവരുടെ ജീവിതം ഒറ്റരാത്രികൊണ്ട് മാറിമറിഞ്ഞു. നന്നായിട്ട് പഠിക്കുന്ന ഡോക്ടറാകാൻ ആഗ്രഹിക്കുന്ന അവർ  പതിനഞ്ചു വയസ്സിൽ കല്യാണം കഴിക്കുന്നു. മൂന്നു കുട്ടികളുടെ അമ്മയാകുന്നു. അവരുടെ ജീവിതം മൊത്തം മാറുകയാണ്.അവരുടെ ജീവിതത്തിൽ പിന്നെ നല്ല അനുഭവങ്ങൾ ഒന്നും   കടന്നുവരുന്നില്ല. പതിറ്റാണ്ടുകൾ നീണ്ടു നിന്ന യുദ്ധം  അവരുടെ ജീവിതത്തെ ചിതറിത്തെറിപ്പിച്ചു.സ്ത്രീകൾ വീട് തലയിലേറ്റി നടക്കുന്നവരായതുകൊണ്ട്  യുദ്ധത്തിനിടയിലും അവർക്ക് ഒരുപാട് കാര്യങ്ങൾ എല്ലായ്പ്പോഴും ചെയ്യാനുണ്ടാകും.

ഇത്തരം അനുഭവങ്ങൾ നമ്മൾ കഥകളിൽ വായിച്ചിട്ടുണ്ട്. ഒരുപാട് നോവലുകൾ വായിച്ചിട്ടുണ്ട്. പക്ഷേ, അവരുടെ യഥാർഥ അനുഭവങ്ങൾ ഡോക്യുമെന്റ് ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് ഞാൻ അവരുടെ അനുഭവം എഴുതാൻ തീരുമാനിക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ കാര്യമായിരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. നമ്മൾ ഈ പറയുന്ന ഒരു സാഹചര്യത്തിൽ കൂടിയും കടന്നുപോയിട്ടില്ലല്ലോ. സാധാരണയായിട്ട് നമ്മുടെ സ്ത്രീകൾ ചർച്ച ചെയ്യുന്ന സ്ത്രീപ്രശ്നങ്ങളൊന്നുമല്ലല്ലോ ഇത്. യുദ്ധത്തിന്റെയും തീവ്രവാദത്തിന്റെയും ഇരകളായ സ്ത്രീകളുടെ  പ്രശ്നങ്ങൾ തികച്ചും വ്യത്യസ്തമാണ്. ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്ന സ്ത്രീകൾ നിരവധിയാണെന്നും അവരുടെ കഥകൾ കൂടി നാം മനസ്സിലാക്കേണ്ടതുണ്ടെന്നുമുള്ള തിരിച്ചറിവിൽ നിന്ന്, എന്റെ തന്നെ ഒരു കുറ്റബോധത്തിൽ നിന്നാണ് ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ ഉണ്ടാകുന്നത്. 

  • പുസ്തകത്തിൽ പരാമർശിച്ച ആറു രാജ്യങ്ങളിലെ സ്ത്രീകളുമായി മാത്രമായിരുന്നോ ഇടപഴകാൻ അവസരം കിട്ടിയത് ?

പല രാജ്യങ്ങളിലേയും പ്രാന്തവൽക്കരിക്കപ്പെട്ട തൊഴിലാളി സ്ത്രീകളുമായി ഇടപഴകാൻ അവസരം കിട്ടിയിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ച പ്രൊജക്ടുമായി ബന്ധപ്പെട്ട് ദക്ഷിണേഷ്യൻ രാജ്യങ്ങളിലെല്ലാം സന്ദർശിച്ചിരുന്നു. പുസ്തകത്തിലെ മൂന്ന് അധ്യായങ്ങളിൽ, പ്രൊജക്ടുമായി ബന്ധപ്പെട്ട് യാത്ര ചെയ്ത ശ്രീലങ്ക, അഫ്ഗാനിസ്താൻ, പാകിസ്താൻ എന്നീ മൂന്ന് രാജ്യങ്ങളിലെ സ്ത്രീകളുടെ അനുഭവങ്ങൾ ആണ്  എഴുതിയത്. ബംഗ്ലാദേശിലും നേപ്പാളിലും ഇന്ത്യയിലും ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നുവെങ്കിലും പുസ്തകത്തിൽ എഴുതിയ അനുഭവങ്ങൾ അതുമായി ബന്ധപ്പെട്ടതല്ല. ഒരു സ്ത്രീയുടെ കേസ് സ്റ്റഡിയിലൂടെ ഓരോ രാജ്യത്തിന്റെയും രാഷ്ട്രീയചരിത്രവും സാമൂഹ്യഘടനയും എത്രമാത്രം സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവും ആണെന്ന് പറയാൻ ആണ് ശ്രമിച്ചത്.  സ്ത്രീവിരുദ്ധമായ സാമൂഹിക ചരിത്രവും വംശീയതയും അനീതിയും പൊതുനയങ്ങളുടെ പരിമിതികളും ഒക്കെ എങ്ങനെയാണ് ഒരു സ്ത്രീജീവിതത്തെ ബാധിക്കുന്നത് എന്നു കാണിക്കാൻ ആറു രാജ്യങ്ങൾ ഉദാഹരണമായി  എടുത്തുവെന്നേയുള്ളൂ.

  • നേപ്പാളിൽനിന്ന് ഇന്ത്യയിലേക്കുള്ള മാംസക്കടത്ത്, താങ്കൾ പുസ്തകത്തിൽ പരാമർശിച്ച ശ്രേഷ്ഠ എന്ന പെൺകുട്ടിയുടെ ജീവിതം, ഒരു വായനക്കാരിയെന്ന നിലയിൽ വൈകാരികമായി കുടഞ്ഞുകളഞ്ഞത് ശ്രേഷ്ഠയാണ്. 

ശ്രേഷ്ഠ ഇന്ന് വളരെ മിടുക്കിയായി ജീവിക്കുന്നു. മനുഷ്യക്കടത്തിന് എതിരായുള്ള ബോധവൽക്കരണ ക്യാമ്പിൽ സജീവമാണ്. പിന്നെ രണ്ടുമൂന്നു പേരെ വെച്ച് ഒരു ചെറിയ ടെയ്‌ലറിങ് സെന്റർ നടത്തുന്നുണ്ട്. പക്ഷേ, ഇപ്പോഴും നേപ്പാളിൽ മാംസക്കടത്ത് നടക്കുന്നുണ്ട്. എത്ര തടഞ്ഞുകഴിഞ്ഞാലും നേപ്പാളി പെൺകുട്ടികൾക്ക് ഇന്ത്യൻ മാംസവ്യാപാര മാർക്കറ്റിൽ ഭയങ്കര ഡിമാൻഡാണ്. നേപ്പാളി പെൺകുട്ടികൾ  സബ്മിസീവാണ്. ഇന്ത്യൻ സ്ത്രീകളെപ്പോലെയല്ല. ലൈംഗിക വൈകൃതങ്ങളെ എതിർക്കാത്തതുകൊണ്ടും പുരുഷന്മാരുടെ സൗന്ദര്യസങ്കല്പവുമായി ബന്ധപ്പെട്ട പൊതുബോധവുമായി ചേർന്ന് നിൽക്കുന്നത് കൊണ്ടും ആണ് നേപ്പാളി പെൺകുട്ടികൾക്ക് ഇത്ര ഡിമാൻഡ്. അതുകൊണ്ട് അതിർത്തിയിലെ കർശനപരിശോധനകൾക്കിടയിലും ചെറിയ പെൺകുട്ടികളെ കാമാത്തിപുരയിലേക്കും സോനഗച്ചിയിലേക്കും  ഇപ്പോഴും ധാരാളമായി ഏജന്റുമാർ എത്തിക്കുന്നുണ്ട് . ഒരുപാട് കണ്ണികളുള്ള ചിലന്തിവലയാണിത്. ശരീരം വിൽക്കപ്പെടാൻ നിർബന്ധിതരാകുന്ന ഈ പെൺകുട്ടികളിൽ പലരും  പിന്നീട് ഉപജീവനത്തിനായി ഏജന്റുമാരായി മാറുന്നു.. അത്  തുടരുക തന്നെയാണ്..ശ്രേഷ്ഠയെപ്പോലെ അതിജീവിച്ചവർ അപൂർവമാണ്. 

  • ദക്ഷിണേഷ്യൻ ഗോത്രാഭിമാനത്തിൽ സ്ത്രീ ശരീരത്തെ കണക്കാക്കുന്നതിനെ കുറിച്ച് വിശദമായി എഴുതിയിരുന്നല്ലോ. ദേശീയത അടിച്ചേൽപ്പിക്കുന്നത് സ്ത്രീശരീരത്തെ ലൈംഗികമായി കീഴടക്കിക്കൊണ്ടാണ്. നമുക്ക് മുന്നിലെ ഏറ്റവും പുതിയ ഉദാഹരണം മണിപ്പൂരാണ്.

എന്റെ പുസ്തകം ഒരു പ്രവചന സ്വഭാവത്തിൽ എഴുതിപ്പോയി എന്നാണ് എനിക്ക് തോന്നുന്നത്. ഗുജറാത്ത് കലാപത്തിന്റെ ഭാഗമായിട്ട് ഇത്തരം വിഷയം നേരത്തേയും ഉയർന്നുവന്നിട്ടുണ്ടല്ലോ. പല സ്ഥലത്തും വർഗീയ കലാപങ്ങൾ ഉണ്ടാകുമ്പോൾ ബലാൽസംഘം  നടക്കുന്നുണ്ട്. കലാപങ്ങളിൽ സ്ത്രീശരീരത്തെ ആക്രമിച്ച് കീഴ്‌പ്പെടുത്തുക എന്നുള്ളത് ദക്ഷിണേഷ്യയിലെ പൊതുവായിട്ടുള്ള ഒരു സ്വഭാവം ആണ്. സ്ത്രീശരീരത്തെ ഗോത്രത്തിന്റെ അഭിമാനമായി കണക്കാക്കുന്നതും,  സ്ത്രീശരീരത്തെ ലൈംഗികമായി കീഴ്‌പ്പെടുത്തുന്നതിലൂടെ ഗോത്രത്തെ കീഴടക്കുന്നതായി അഭിമാനിക്കുന്നതും  ഈ രാജ്യങ്ങളിൽ കാണാൻ കഴിയും.  അതിന്റെ ഏറ്റവും വ്യക്തമായ  മാനിഫെസ്റ്റേഷനാണ് മണിപ്പൂരിൽ കണ്ടതെന്ന് പറയാം.  പലയിടത്തും ഇതുണ്ട്. പക്ഷേ, റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. മണിപ്പൂരിൽ ഒരു വലിയ സ്‌കെയിലിൽ നടന്നതുകൊണ്ട് നമ്മൾ അതറിയുന്നു.  സ്റ്റേറ്റ് നിസ്സഹായമായിട്ട് നോക്കിനിൽക്കവേ, ഇത്രയും ക്രൂരമായി, മനുഷ്യത്വരഹിതമായി, സ്ത്രീകളെ വംശീയതയുടെ പേരിൽ ആക്രമിക്കുന്നത് നമ്മൾ കാണുന്നത് മണിപ്പൂരിലാണ്. പാകിസ്താനിലും അഫ്ഗാനിസ്താനിലും ഞാൻ കണ്ട അവസ്ഥയിലേക്ക് നമ്മുടെ രാജ്യത്തിലെ ഒരു സംസ്ഥാനവും എത്തിയല്ലോ എന്ന കടുത്ത ദുഃഖം തീർച്ചയായിട്ടും ഉണ്ടായിട്ടുണ്ട്. ഇനിയും അത് പല ഭാഗത്തും ഉണ്ടായേക്കാം എന്നത് പേടിപ്പിക്കുന്നു. പക്ഷേ, ഒട്ടും പൊറുക്കാനാകാത്തത് നമ്മുടെ നിയമ സംവിധാനങ്ങൾ വരെ മിണ്ടാതിരിക്കുന്നതാണ്. ആ സ്ത്രീകൾക്ക് തുടർച്ചയായി നീതി നിഷേധിക്കപ്പെട്ടപ്പോൾ പൊതുസമൂഹവും ഭരണകൂടവും നിശബ്ദമായിരിക്കുന്ന അവസ്ഥയാണ് മണിപ്പൂരിൽ കണ്ടത്. അടുത്തകാലത്തായി ഇങ്ങനെയുള്ള സംഭവങ്ങൾ തുടർച്ചയായി ഉണ്ടാകുന്നു എന്നുള്ളത് ഏറെ ഭയപ്പെടുത്തുന്നതാണ്. 

നാലു സ്ത്രീകളെ റോഡിലൂടെ നഗ്‌നയായി നടത്തിയിട്ട് അവർ നടന്നുപോകുമ്പോൾ ശരീരഭാഗങ്ങളിൽ കയറിപ്പിടിക്കുകയാണ്. അവരുടെ സ്വകാര്യഭാഗങ്ങളെ സ്പർശിക്കുന്നത് നാമെല്ലാം കാണുകയാണ്. എന്നിട്ടും നമ്മുടെ രാജ്യം മുഴുവൻ സ്തംഭിക്കുന്ന  രീതിയിൽ ഒരു വലിയ സ്ത്രീമുന്നേറ്റമോ സമരമോ  ഉണ്ടായതായി നമ്മൾ കണ്ടോ? നിർഭയ സംഭവം ഉണ്ടായതിന് ശേഷമുള്ള  പ്രതിഷേധം മണിപ്പൂരിലെ സ്ത്രീകളുടെ കാര്യത്തിൽ ഉണ്ടായിട്ടില്ല. നമ്മൾ പോലും അവരെ പാർശ്വവല്ക്കരിക്കപ്പെട്ട ഗോത്രം എന്നൊക്കെ കരുതുന്നത് കൊണ്ടായിരിക്കാം രാജ്യവ്യാപകമായ സ്ത്രീകളുടെ സമരം ഇല്ലാതെ പോയത്. അതാണ് പ്രധാന വിഷയം. നിശബ്ദത നമ്മുടെ ആർട്ട് ഓഫ് ലിവിങ് ആയി മാറിക്കഴിഞ്ഞുവെന്നാണ് തോന്നുന്നത്. നമ്മുടെ ജീവനകലയായിട്ട്  'സൈലൻസ്' മാറിക്കഴിഞ്ഞു. നമുക്ക് ഇപ്പോൾ  ധീരമായി പ്രതികരിക്കുന്ന ഒരു പൊതുസമൂഹമൊന്നുമില്ല. അങ്ങനെയുള്ള ഒരു അവസ്ഥയിലേക്ക് നമ്മൾ ആയിക്കഴിഞ്ഞു. പേടിയാണ് നമുക്ക്. പക്ഷേ, ഇങ്ങനെ പേടിച്ചിരുന്നാൽ ഓരോ  സ്ഥലത്തും ഇതുപോലുള്ള ക്രൂരതകൾ ആവർത്തിക്കപ്പെടും എന്നാണ് എനിക്ക് തോന്നുന്നത്. 

  • പ്രകൃതി ദുരന്തങ്ങളായാലും യുദ്ധവും കലാപവും പോലുള്ളവയായാലും ഇവ സ്ത്രീകളുടെ മനസ്സിലേൽപ്പിക്കുന്ന മുറിവ് വളരെ വലുതാണ്. ഭർത്താവ്, മകൻ, സഹോദരൻ അച്ഛൻ തുടങ്ങി വേണ്ടപ്പെട്ടവരുടെ മരണം ഏൽപ്പിക്കുന്ന ആഘാതങ്ങൾ വലുതായിരിക്കാം. പക്ഷേ, അവളുടെ അതിജീവനം എവിടെയും രേഖപ്പെടുത്താറില്ലല്ലോ?

സാധാരണഗതിയിൽ ഒരു യുദ്ധം കഴിഞ്ഞാൽ എൻ.ജി.ഒകളും  യു.എന്നുമായി ബന്ധപ്പെട്ട സമാധാന കമ്മിറ്റികളും ഇരകളായവരുടെ മാനസികാരോഗ്യം ഉറപ്പു വരുത്തുന്നതുൾപ്പടെയുളള അതിജീവന മാർഗങ്ങൾ ഏറ്റെടുക്കുന്നുണ്ട്. പക്ഷേ, ഇത് ദീർഘകാലമായി നീണ്ടുനിൽക്കുന്ന ഒരു നടപടിയല്ല. പലരിലും കടുത്ത വേദനയും ദുഃഖവുമെല്ലാം അപ്പോഴേക്കും കളിമണ്ണുപോലെ ഉറച്ചുപോകും. അപ്പോഴും  എല്ലാ സ്ത്രീകളും ദൃശ്യവത്ക്കരിക്കപ്പെടുന്നില്ലല്ലോ. കടുത്ത മാനസികപ്രയാസത്തിൽ ജീവിക്കുന്ന സ്ത്രീകൾ ഒരുപാടുണ്ട്. അവർ വീടിന് പുറത്തേക്ക് പോലും വരില്ല.  ആരോടും മിണ്ടാതെ ഉരുകിത്തീരുന്ന ധാരാളം സ്ത്രീകൾ ഉണ്ട്. ഞങ്ങളുടെ പ്രൊജക്ടിന്റെ ഉദ്ദേശ്യംതന്നെ ഇങ്ങനെയുള്ള സ്ത്രീകളെ  ജീവിതം തിരിച്ചുപിടിക്കാൻ സഹായിക്കുക എന്നുള്ളതാണ്. മാനസികമായ പിന്തുണയ്‌ക്കൊപ്പം സ്ത്രീകളെ സഹായിക്കുന്നത് സാമ്പത്തികനേട്ടമുണ്ടാക്കുന്ന പ്രക്രിയകളാണ്. അവരെ ഉല്പാദന പ്രക്രിയയിൽ പങ്കാളികളാക്കണം.സ്വയം പര്യാപ്തരാക്കണം.

ശ്രീലങ്കയിൽ സിംഹള സ്ത്രീകളെയും തമിഴ് സ്ത്രീകളെയും ഒരുമിച്ച്  സംഘടിപ്പിച്ചുകൊണ്ട് അവരുടെ ഇടയിൽ ഒരു സഹകരണ സംഘം  ഉണ്ടാക്കുകയാണ് ഞങ്ങൾ ചെയ്തത്. ശ്രീലങ്കയിൽ സുലഭമായി കിട്ടുന്നത് മീനാണ്. മത്സ്യം ഉണക്കി  മാർക്കറ്റിൽ വിപണനം ചെയ്യുകയായിരുന്നു അവർ ആദ്യം ചെയ്തത്. അത് അധികം വൈകാതെ സ്വയംപര്യാപ്തതയിൽ എത്തി. അതുപോലെ അഫ്ഗാനിസ്താനിലെ സ്ത്രീകൾ കാർപെറ്റ് നിർമാണത്തിൽ മിടുക്കരാണ്. അതിമനോഹരമായി അവർ പരവതാനികൾ ഉണ്ടാക്കും.  വാസ്തവത്തിൽ പലപ്പോഴും സ്ത്രീകളെ പിടിച്ചുനിർത്തുന്നതും അതിജീവനത്തിന് സഹായിക്കുന്നതും അവരുടെ  കലയും തനതായ കരകൗശലവിദ്യയുമാണ് എന്ന് തോന്നിയിട്ടുണ്ട്. ഞാൻ സഞ്ചരിച്ചിട്ടുള്ള ദേശങ്ങളിലെല്ലാം യുദ്ധത്തിന്റെയും പ്രകൃതി ദുരന്തത്തിന്റെയും ഇരകളായ സ്ത്രീകൾ അവരുടേതായ പ്രാദേശിക എംബ്രോയിഡറികൾ പോലുള്ള കലകളിൽ വളരെ പ്രാവീണ്യം നേടിയിട്ടുള്ളവരാണ്. പാകിസ്താനിലെ സ്ത്രീകളും  അത് ജീവിതത്തിനുള്ള ഉപാധിയാക്കി മാറ്റി. 

സ്ത്രീകളെ രണ്ടു കാര്യങ്ങളാണ് അതിജീവനത്തിനു സഹായിക്കുന്നത്. കലയും ഉൽപ്പാദനപ്രക്രിയയും.  ഇതു രണ്ടും ഫലപ്രദമായി സംയോജിപ്പിച്ചുകൊണ്ട് സാമ്പത്തികമായി  കര കയറുന്നതിലൂടെ പതുക്കെ പതുക്കെ അവർ ജീവിതത്തെ തിരിച്ചുപിടിക്കാൻ ശ്രമിക്കും. മാനസികമായിട്ടുള്ള മുറിവുകൾ അപ്പോഴും അവിടെയുണ്ടാകും. അവർക്കാവശ്യം പൂർണമായിട്ടുള്ള മാറ്റത്തിന് സഹായിക്കുന്ന അതിജീവന മാതൃകയാണ് . ഇതൊക്കെ അതിജീവിക്കുന്ന സ്ത്രീകളും വളരെ കുറവാണ്. ഞാൻ അതിജീവിക്കുന്ന സ്ത്രീകളെ കുറിച്ചാണ് എന്റെ പുസ്തകത്തിൽ എഴുതിയത്.  പ്രാണസങ്കടങ്ങളിൽ, നഷ്ടങ്ങളിൽ മരവിച്ചുപോകുന്ന, ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചുവരാത്ത സ്ത്രീകൾ ധാരാളം ഉണ്ടാകില്ലേ? അവരെക്കുറിച്ച് ഞാനും എഴുതിയിട്ടില്ല. എന്റെ മുന്നിൽ ദൃശ്യവത്ക്കരിക്കപ്പെട്ട സ്ത്രീകളെ കുറിച്ചുമാത്രമാണ് ഞാൻ എഴുതുന്നത്. എന്റെയും പരിമിതിയാണിത്. 

ബംഗ്ലാദേശിലെ കാര്യമെടുക്കാം. റാണാ പ്ലാസയിൽ അപകടം പറ്റി മരിച്ചു പോയ മൂന്നോ നാലോ പേരുടെ വീട്ടിലല്ലേ ഞാൻ പോയിട്ടുള്ളൂ? അവിടെ അത്തരത്തിൽ ആയിരത്തിലധികം മനുഷ്യരുണ്ട്. അവരുടെ ഓരോരുത്തരുടേയും വീട്ടിലേക്ക് പോയിക്കഴിഞ്ഞാൽ അറിയാം എന്താണ് അവരുടെ യഥാർഥ അവസ്ഥയെന്ന്. പലപ്പോഴും അന്താരാഷ്ട്ര ഏജൻസികൾക്കും സംഭവിക്കുന്നത് അവരും കുറച്ച് കാലത്തേക്കുള്ള കൗൺസിലിങ് മാത്രമായിട്ട് ചുരുക്കും എന്നുള്ളതാണ്. ഇരകളെ പൂർണ്ണമായി പുനരുജ്ജീവിപ്പിക്കുകയും  ഉല്പാദന പ്രക്രിയയിലേക്ക് അവരെ വഴി തിരിച്ചുവിടുകയുമാണ് ചെയ്യേണ്ടത്. അത്തരം പ്രോജക്ടുകൾ വിജയിച്ചിട്ടും ഉണ്ട്. അതിന് ഏറ്റവും സഹായിക്കുന്നത് സ്ത്രീകളുടെ കൂട്ടായ്മകൾ ആണ്.  

ഞാൻ കണ്ടിട്ടുള്ള സ്ത്രീകളെല്ലാവരും തന്നെ കൂട്ടായ്മയിലൂടെ ആനന്ദം അനുഭവിച്ചവരാണ്. ശ്രീലങ്കയിൽ സിംഹള സ്ത്രീകളെയും തമിഴ് സ്ത്രീകളെയും ഒരുമിച്ച് ഇരുത്തിയിട്ട് ഒരു സംഘടന തുടങ്ങിയപ്പോഴാണ് പരസ്പരം പോരടിച്ചിരുന്ന അവർക്ക് പലതും മനസ്സിലായത്. സിംഹള സ്ത്രീ അനുഭവിച്ച അതേ ദുഃഖമാണ് തമിഴ് സ്ത്രീ അനുഭവിക്കുന്നത്. രണ്ടു കൂട്ടരുടേയും മക്കൾ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടു കൂട്ടർക്കും വീട് നഷ്ടപ്പെട്ടിട്ടുണ്ട്. വീട്ടിലെ പുരുഷന്മാരെ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് മനസിലായതോടെ അവർക്കിടയിൽ മഞ്ഞുരുകി.  

  • ദക്ഷിണേഷ്യയിൽ സ്ത്രീകൾക്ക് അതിജീവിനത്തിന് വിഘാതമായി നിൽക്കുന്ന സാമൂഹിക കെട്ടുപാടുകൾ എന്തെല്ലാമാണ്?

യാത്രയിൽ എനിക്ക് കണ്ടെത്താൻ പറ്റിയത് ഇവരെല്ലാവരും മതവിശ്വാസികളാണെങ്കിലും, മതപൗരോഹിത്യം ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് സ്ത്രീകളുടെ ജീവിതത്തെ കൂടുതൽ നരകമാക്കുന്നത് എന്നാണ്.  അവസരം കിട്ടിയാൽ അവർ പൗരോഹിത്യത്തിന് നേരെ കാർക്കിച്ചു തുപ്പും. പൗരോഹിത്യമാണ് ദക്ഷിണേഷ്യയിലെ സ്ത്രീകളുടെ ജീവിതത്തെ ഇത്രയേറെ നരകമാക്കുന്നത്. ഇതിന്റെ നീരാളിപ്പിടിയിൽനിന്ന് രക്ഷപ്പെടാൻ നമുക്ക് സാധിക്കുന്നില്ല. സ്ത്രീകളെ നിശബ്ദരാക്കുന്നതും, അവരുടെ ചലനാത്മകതയെ ബാധിക്കുന്നതും പൗരോഹിത്യത്തിന്റെ കെട്ടുപാടുകളാണ്. പല രാജ്യങ്ങളിലും സ്ത്രീകൾക്ക് സ്വത്തവകാശമില്ല. ക്രൂരമായ വിവാഹ ബന്ധങ്ങളിൽനിന്ന് വിടുതൽ നേടാനുള്ള മതപരമായ ബുദ്ധിമുട്ട് ഉണ്ട്. പാകിസ്താനിലൊക്കെ ലോക്കൽ കൗൺസിലാണ് സ്ത്രീജീവിതം  നിയന്ത്രിക്കുന്നത്.  നീതി നിർവഹണ സംവിധാനങ്ങളെപ്പോലും നോക്കുകുത്തികൾ ആക്കുന്ന പൗരോഹിത്യ- ഫ്യുഡൽ കൂട്ടുകെട്ട്. അതിർത്തികൾക്കപ്പുറത്ത് എല്ലാ സ്ത്രീകളും ഒരുപോലെ വെറുക്കുന്നതും അവരുടെ ശാക്തീകരണത്തിനും അതിജീവനത്തിനും വിഘാതമായി നിൽക്കുന്നതുമായ പ്രധാന ഘടകം പാട്രിയാർക്കിയും മതപൗരോഹിത്യവുമാണ്.

  • അതിജീവനത്തിനായി അവൾ സ്വയം മുന്നിട്ടിറങ്ങുന്നുണ്ടോ? 

സ്വയംസന്നദ്ധരാകുന്നവരുണ്ട്. പക്ഷേ, ഒരു കൈ സഹായം വേണം അവർക്ക്. അഫ്ഗാനിസ്താനിൽ നിവൃത്തികേടുകൊണ്ട് അവർതന്നെ സ്വയംസന്നദ്ധരായിട്ടുണ്ട്. അവർക്ക് മുന്നിൽ മറ്റ് ഒപ്ഷനുകളൊന്നുമുണ്ടായിരുന്നില്ല. താലിബാനികളുടെ വെപ്പാട്ടികളാകണോ അതോ സ്വയം മുന്നിട്ടിറങ്ങി തന്റേടത്തോടെ ജീവിക്കാൻ തയ്യാറാകണോ എന്ന ഒരു ഒപ്ഷൻ മാത്രമേ അവരുടെ മുന്നിലുള്ളൂ. താലിബാന്റെ ഇരട്ടത്താപ്പ് നോക്കൂ... ഒരു വശത്ത് ശരീരത്തിന്റെ ശുദ്ധിയെ കുറിച്ച് ഭയങ്കരമായി വ്യാകുലപ്പെടുകയും തല കാണിക്കരുത്, മുഖം കാണിക്കരുത്, സ്ത്രീകൾ പുറത്തിറങ്ങരുത്, പെൺകുട്ടികൾ സ്‌കൂളിൽ പോകരുത് എന്നതുൾപ്പടെയുള്ള കർശന നിർദേശങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്യുന്നവർ തന്നെയാണ് സ്ത്രീകളെ വെപ്പാട്ടിമാരാക്കുന്നത്. കാണാൻ സുന്ദരികളായ സ്ത്രീകളെ താലിബാൻ നേതാക്കൾ സ്ഥിരമായി ചൂഷണം ചെയുന്ന   ഈ പരിപാടി ഇപ്പോഴും അഫ്ഗാനിസ്താനിൽ നടക്കുന്നുണ്ട്. 

അത്തരമൊരു പ്രതിസന്ധിഘട്ടത്തിൽ സ്ത്രീകൾക്ക് മുന്നിൽ മറ്റൊരു ചോയ്സില്ല. ഒന്നുകിൽ ഇവരുടെ കൂടെ പോവുക. അതല്ലെങ്കിൽ പാകിസ്താനിലേക്കോ മറ്റോ ഒളിച്ചോടുക. അതത്ര എളുപ്പമല്ല. അതിർത്തിയിൽ നിന്നൊക്കെ പിടിക്കപ്പെടും. പിന്നെയുള്ളത് എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കുകയാണ്. വളരെ റിസ്‌കുള്ള തിരഞ്ഞെടുപ്പാണത്. 

  • അഫ്ഗാനിലെ സ്ത്രീകൾ ഇത്തരത്തിൽ മുന്നോട്ടുവരികയെന്നു പറഞ്ഞാൽ അത് വലിയൊരു കാര്യമല്ലേ?എവിടെയായാലും സ്ത്രീകളുടെ സർവൈവിങ് സ്‌കിൽ അപാരമല്ലേ? 

അഫ്ഗാനിസ്താനിലെ  സ്ത്രീകൾ അവരുടേതായ ജീവിതമാർഗം കണ്ടെത്തുന്നത് ഭയങ്കര അത്ഭുതമായിട്ടാണ് എനിക്കും അനുഭവപ്പെട്ടിട്ടുള്ളത്. സ്ത്രീകളുടെ അപാരമായ ഈ സർവൈവിങ് സ്‌കിൽ ഞാൻ പോയിട്ടുള്ള എല്ലാ രാജ്യത്തും കാണാൻ കഴിഞ്ഞിട്ടുണ്ട്. പക്ഷേ, ഒരുപാട് സംഭവങ്ങളൊന്നും ഡോക്യുമെന്റ് ചെയ്യപ്പെട്ടിട്ടില്ല, പലരും ഇപ്പോഴും അദൃശ്യരായി നിൽക്കുന്നു എന്നുള്ളതാണ് സങ്കടം. 

  • ദക്ഷിണേഷ്യൻ രാജ്യങ്ങളിലെല്ലാം സ്ത്രീകളോടുള്ള സമീപനം ഒരുപോലെയാണോ? അദൃശ്യമായ ചങ്ങലകളാൽ എല്ലായിടത്തും സ്ത്രീകൾ ബന്ധിതരാണോ? 

ദക്ഷിണേഷ്യൻ രാജ്യങ്ങളിലെല്ലാം ഒരുപോലെയാണ് സ്ത്രീകളെ ട്രീറ്റ് ചെയ്യുന്നത്. പുരുഷാധിപത്യ മൂല്യങ്ങളുടെ കാര്യത്തിൽ, സ്ത്രീകളുടെ സാമൂഹ്യ ഇടപെടലിന്റെ കാര്യത്തിൽ എല്ലാം ദക്ഷിണേഷ്യൻ രാജ്യങ്ങളെല്ലാം തന്നെ ഒരു വലിയ ഇന്ത്യയാണെന്ന്  പറയാം. പൊതുവായ സംസ്‌കാരം എല്ലായിടത്തും ഉണ്ട്. സാമ്പത്തികമായ പ്രശ്നങ്ങളായാലും സാമൂഹികമായ പ്രശ്നങ്ങളായാലും രാഷ്ട്രീയമായ പ്രശ്നങ്ങളായാലും എല്ലാ രാജ്യങ്ങളിലും ചില സമാനതകൾ കാണാം. സ്ത്രീകൾ എവിടെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാം. പലപ്പോഴും സ്ത്രീകൾക്ക് കൃത്യമായ നഷ്ടപരിഹാരം കിട്ടുന്നില്ല. കുടുംബത്തിലെ മറ്റാരുടെയെങ്കിലും കൈയിലേക്ക് പോകുന്നു. പുരുഷാധിപത്യ മൂല്യങ്ങൾ ആണ് സമൂഹത്തെ നിയന്ത്രിക്കുന്നത്. 

സ്ത്രീകൾക്ക് മുകളിലുള്ള അദൃശ്യമായ ചങ്ങലകളുടെ കാര്യത്തിൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഏറെക്കുറെ സമാനമാണ്. ഇന്ത്യയാണ് ഭേദം. ഏറ്റവും മോശമായി തോന്നിയത് പാകിസ്താനാണ്. ഫ്യൂഡലിസവും മതപൗരോഹിത്യവും പട്ടാളഭരണവും ചേർന്ന് സ്ത്രീകളുടെ ജീവിതത്തെ അങ്ങേയറ്റം  തകർത്തു കളഞ്ഞ ഒരു രാജ്യം പാകിസ്താനാണ്. എനിക്ക് ഏറ്റവും വലിയ വേദന തന്നത് പാകിസ്താനിലെ സ്ത്രീകൾ ആണ്. തിരിച്ചുവരവിന്റെ ഒരു നേരിയ സാധ്യത പോലും പാകിസ്താൻ കാണിക്കുന്നില്ല. സിന്ധിലൊക്കെ സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന വലിയ പണക്കാരാണ് പ്രാദേശിക കൗൺസിലുകളെ നിയന്ത്രിക്കുന്നത്. ഇന്ത്യയിൽ ജുഡീഷ്യറിയിൽനിന്നും എന്തെങ്കിലും നമുക്ക് പ്രതീക്ഷിക്കാം. നമുക്ക് ജനാധിപത്യം ഉണ്ട്.  പാകിസ്താനിൽ അതുമില്ല. ജുഡീഷ്യറി പോലും സ്വതന്ത്രമല്ല. വൻകിട പണക്കാരായ മനുഷ്യരാണ് ഈ പറഞ്ഞ കൗൺസിലുകളിൽ ഉള്ളത്. അവരാണ് സമുദായ നിയമം തെറ്റിക്കുന്നവരെ കല്ലെറിഞ്ഞു കൊല്ലാനൊക്കെ പറയുന്നത്. അവരുടെ മക്കൾ യു.എസിലും യു.കെയിലുമൊക്കെ വിദേശ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നുണ്ട്. ഭയങ്കരമായ ഇരട്ടത്താപ്പാണ് അത്. കറാച്ചിയിലും മറ്റുമുള്ള എന്റെ സുഹൃത്തുക്കളോട് ഞാൻ ചോദിക്കാറുണ്ട്. എന്താണ് നിങ്ങളീ കാണിക്കുന്നത്? നിങ്ങൾ ക്ലബ്ബിൽ പോകുന്നു. എല്ലാ സൗകര്യങ്ങളും അനുഭവിക്കുന്നു.പക്ഷേ, അതേ സൗകര്യം നിങ്ങളെന്താണ് ഗ്രാമങ്ങളിലെ സാധുക്കളായ സ്ത്രീകൾക്ക് നൽകാത്തത് എന്നു ചോദിക്കുമ്പോൾ അതിനവർക്ക് ഉത്തരമൊന്നുമില്ല.  സർക്കാർ നയങ്ങളിലൂടെ ഇതൊക്കെ മാറ്റാൻ പറ്റും. പക്ഷെ, ആരും മുൻകൈ എടുക്കുന്നില്ല. 

നേപ്പാളിൽ കുറേ മാറിയിട്ടുണ്ട്. ബംഗ്ലാദേശിലും ഒരുപാട് മാറ്റമുണ്ട്. ബംഗ്ലാദേശിൽ ഒരു പുതിയ വിപ്ലവം നടക്കുന്നുണ്ട്. അവിടെ അപ്പാരൽ ഇൻഡസ്ട്രി ഉണ്ടല്ലോ. ധാരാളം ചൂഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും അതിലൂടെ സ്ത്രീകൾക്ക് ചെറുതാണെങ്കിലും സ്ഥിരമായ ഒരു വരുമാനം കിട്ടുന്നുണ്ട്. അത് ദാരിദ്ര്യത്തെ മാറ്റാൻ ഒരുപാട് സഹായിക്കും. 

  • സ്ത്രീകൾക്ക് സഹായകമായിട്ടുള്ള നിയമസംവിധാനങ്ങൾ ഇന്ത്യയിലാണോ അപ്പോൾ ശക്തം? 

നിയമങ്ങളുടെ കാര്യത്തിൽ ഇന്ത്യ തന്നെയാണ് മുന്നിൽ. അതിൽ സംശയമൊന്നുമില്ല. ഇവിടെയും  പല വിഷയങ്ങളും ഉണ്ടെങ്കിലും ജുഡീഷ്യൽ സംവിധാനങ്ങളിൽ പട്ടാളത്തിന്റെയോ പൗരോഹിത്യത്തിന്റെയോ സ്വാധീനമില്ല. പാകിസ്താനൊന്നും അങ്ങനെയല്ല. പട്ടാളവും മതപൗരോഹിത്യവുമെല്ലാം തീരുമാനിക്കുന്ന പോലെയാണ് അവിടെയെല്ലാം കാര്യങ്ങൾ നടക്കുന്നത്. ഇന്ത്യ അങ്ങനെ ആയിട്ടില്ല. എന്തായാലും മറ്റു രാജ്യങ്ങളുമായിട്ട് ഇന്ത്യയെ താരതമ്യപ്പെടുത്താൻ സാധിക്കില്ല. സ്വാതന്ത്ര്യത്തിന്  ശേഷം സുശക്തമായ  ഭരണഘടനാ സംവിധാനങ്ങൾ ഇന്ത്യയിൽ കെട്ടി ഉയർത്തിയിട്ടുണ്ട്..  അതും ജനാധിപത്യത്തിന്റെ വ്യാപനവും ഒക്കെ  ഇന്ത്യയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എങ്കിലും  സ്ത്രീകളുടെ രാഷ്ട്രീയമായ അധികാര പങ്കാളിത്തം സമൂഹത്തിലും കുടുംബത്തിലും നമുക്കെത്തിക്കാൻ പറ്റിയിട്ടില്ല എന്നുള്ളത് വാസ്തവമാണ്. കുടുംബവും  സമൂഹവും ജാതിയും മതവുമൊക്കെ ജനാധിപത്യ വിരുദ്ധവും മനുഷ്യവിരുദ്ധവുമായിട്ട് തന്നെ തുടരുന്നു. അതാണ് ഇന്ത്യയുടെ പ്രശ്നം. 

പക്ഷേ, മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ ഇന്ത്യയിലാണ് നിയമസംവിധാനങ്ങൾ കുറേക്കൂടി ശക്തം. മീഡിയാ റിപ്പോർട്ടിങ്ങും കൂടുതലാണ്. മനുഷ്യർക്കിടയിലെ  വംശീയവും മതപരവുമായ വെറുപ്പ് മുളച്ച്  പടർന്നു പന്തലിച്ചു ഒരു വലിയ പ്രശ്നമായിട്ട് വരുന്നതാണ് പല രാജ്യങ്ങളിലും കണ്ടത്. അതാണ് ഓരോ രാജ്യത്തെയും  ഇത്രയും വലിയ അപകടത്തിലേക്ക് നയിച്ചത്. ആ അപകടം ഇതുവരെ ബോധ്യപ്പെടാത്തതു കൊണ്ടാണെന്ന് തോന്നുന്നു, കേരളത്തിൽ വരെ വെറുപ്പ് ആഴത്തിൽ വേരോടാൻ തുടങ്ങി.  ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ മറ്റെന്തിനേക്കാളും അതീതമായിട്ട് ഉൾക്കൊള്ളാനും സ്നേഹിക്കാനും നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു. പക്ഷേ, മണിപ്പൂർ സംഭവം വന്നതോടുകൂടി ഇന്ത്യയിലും  എവിടെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാം എന്നു തോന്നി തുടങ്ങി. അഹമ്മദാബാദ് കലാപം ഉണ്ടല്ലോ, അതിന്റെ ഇരകളെ കണ്ടിട്ടില്ലേ. സമാനമായ അനുഭവങ്ങളാണ് അവർക്ക് പറയാൻ ഉണ്ടായിരുന്നത്. കാരണം പലപ്പോഴും ഭർത്താവ് മരിച്ച, മക്കൾ മരിച്ച സ്ത്രീകൾക്ക് നഷ്ടപരിഹാരം കിട്ടുന്നില്ല. കുടുംബത്തിലെ മറ്റാർക്കെങ്കിലുമാണ് അത് കിട്ടുന്നത്.

  • ഇന്ത്യൻ ചുറ്റുപാടുകളിൽ വിവാഹമോചനം നേടിയ അല്ലെങ്കിൽ ഭർത്താവ് മരണപ്പെടുന്ന ഒരു സ്ത്രീയുടെ അതിജീവനം എത്രത്തോളം കഠിനമാണ്?

അതെവിടെയും അത്ര എളുപ്പമല്ല. സാമ്പത്തികമായി സ്വാതന്ത്ര്യം ഉള്ള സ്ത്രീകൾക്ക് കുറച്ച് എളുപ്പമായിരിക്കും. സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടും സ്വന്തം വീട്ടിൽനിന്നുള്ള പിന്തുണക്കുറവുമായിരിക്കും പലപ്പോഴും സ്ത്രീകൾ സഹിച്ചുനിൽക്കുന്നതിനുള്ള കാരണമായിട്ട് എനിക്ക് തോന്നുന്നത്. 'തിരിച്ച് വീട്ടിൽ പോയിക്കഴിഞ്ഞാൽ എങ്ങനെയാണ് ജീവിക്കുക , തനിച്ചുജീവിക്കൽ എളുപ്പമല്ല' എന്നുള്ള കണ്ടീഷനിങ് പ്രശ്‌നം. എങ്ങനെയെങ്കിലും സഹിച്ച് നിൽക്കുക. പ്രശ്നങ്ങൾ സ്വാഭാവികമാണെന്ന ഉപദേശമാണ് അവർക്ക് കിട്ടുന്നത്.  എനിക്ക് തോന്നുന്നത് ഒരു പരിധിവരെ സ്ത്രീകളെ രക്ഷിക്കുന്നത് സാമ്പത്തിക സ്വാതന്ത്ര്യം തന്നെയാണ്. അങ്ങേയറ്റം പുരുഷാധിപത്യ ഘടനയുള്ള  പാകിസ്താനിൽ പോലും പുരുഷന്മാർക്ക് സ്ത്രീകളോടുള്ള മനോഭാവത്തിൽ കുറച്ചെങ്കിലും മാറ്റം ഉണ്ടാക്കിയത് മാസാവസാനം വീട്ടിൽ അവർ പൈസ കൊണ്ടുവരുന്നതാണ്‌. പണം ഒരു വലിയ ഘടകം തന്നെയാണ്. എത്ര കെട്ടുപാടുകൾ ഉണ്ടെന്ന് പറഞ്ഞുകഴിഞ്ഞാലും ഒരു ചെറിയ തോതിലുള്ള മെച്ചമുണ്ടാക്കാൻ സ്ത്രീകളെ സഹായിക്കുന്നത് സ്ത്രീയുടെ സാമ്പത്തിക സ്ഥിരത തന്നെയാണ്. 

സാമ്പത്തികമായുള്ള സ്വയംപര്യാപ്തതയും സ്ത്രീകളുടെ തന്നെ കൂട്ടായ്മയുമാണ് അവരെ അതിജീവനത്തിന് സഹായിക്കുന്നത്. പാകിസ്താനിൽ ഞാൻ കണ്ട മനസ്സിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്ന ഒരു കാഴ്ചയുണ്ട്. ശാരീരിക ബന്ധത്തിൽപ്പോലും ജനാധിപത്യം  അനുഭവിക്കാത്ത സ്ത്രീകളാണ് അവർ. കല്യാണം കഴിഞ്ഞാൽ നിയമപരമായി അനുവദിക്കപ്പെട്ട ബലാത്സംഗം ആണെന്ന് മാത്രം. പതിമൂന്നും പന്ത്രണ്ടും വയസ്സിൽ വിവാഹം കഴിയുന്ന സ്ത്രീകളാണ്. ജീവിതം മുഴുവനും അവർ ബലാത്സംഗം സഹിക്കുകയാണ്. അവരുടെ ഇഷ്ടങ്ങൾ ഒരിക്കലും അംഗീകരിക്കപ്പെടുന്നില്ല, ഒന്നിലും. എന്നിട്ടുപോലും ഞാൻ കണ്ടത് ഈ സ്ത്രീകൾ സന്തോഷത്തോടെ ഒന്നിച്ചിരുന്ന്  തുണികളിൽ  'ബാന്ധണി' ചെയ്യുന്നതാണ്. തുണികൾ ഡൈയിൽ മുക്കി ഓരോ കെട്ടും കെട്ടുമ്പോൾ അവരുടെ നാടൻപാട്ടുകൾ പാടിക്കൊണ്ട് ആ നിമിഷങ്ങൾ ആസ്വദിക്കുകയാണ്‌ . വൈകുന്നേരം അവർ തിരിച്ചുപോകേണ്ടത് ക്രൂരമായ അതേ കുടുംബ വ്യവസ്ഥിതിയിലേക്കാണ് എന്ന് അവർക്ക് അറിയാം. പക്ഷെ ഈ കൂട്ടായ്മകൾ അവരുടെ ജീവിതത്തിലെ ഏക പിടിവള്ളിയാണ്.  സാമ്പത്തികമായ സ്വയംപര്യാപ്തതയും കൂട്ടായ്മയുടെ ഈ രാഷ്ട്രീയവും എല്ലായിടത്തും, എല്ലാ രാജ്യങ്ങളിലും, സ്ത്രീകളെ പരസ്പരം സഹായിക്കുന്നുണ്ട്. അവരുടെ അതിജീവനത്തിന്റെ ഊർജ്ജം സംഭരിക്കപ്പെടുന്നത് ഈ കൂട്ടായ്മകളിലെ ജനാധിപത്യ ഇടങ്ങളിൽ നിന്നാണ്.