വ്യോമമിത്ര: ശബ്ദവും മനുഷ്യരുടെ മുഖവും തിരിച്ചറിയാം; അപകടസാധ്യതയുള്ള ചില ജോലികള്‍ ചെയ്യിക്കാം


വിഷ്ണു കോട്ടാങ്ങല്‍ലോകം ഉറ്റുനോക്കുന്ന ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതിയെപ്പറ്റിയും അതിന്റെ സാങ്കേതിക വെല്ലുവിളികളെപ്പറ്റിയും വിശദീകരിക്കുകയാണ് വിക്രം സാരാഭായ് സ്പേസ് സെന്റര്‍ മേധാവി ഡോ. ഉണ്ണികൃഷ്ണന്‍ നായര്‍.

Interview

ഡോ. എസ്.ഉണ്ണികൃഷ്ണൻ നായർ (Photo: .)

ലോകം ഉറ്റുനോക്കുന്ന ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതിയെപ്പറ്റിയും അതിന്റെ സാങ്കേതിക വെല്ലുവിളികളെപ്പറ്റിയും വിശദീകരിക്കുകയാണ് വിക്രം സാരാഭായ് സ്പേസ് സെന്റര്‍ മേധാവി ഡോ. ഉണ്ണികൃഷ്ണന്‍ നായര്‍. വി.എസ്.എസ്.സിയില്‍ എത്തിയതുമുതല്‍ ഗഗന്‍യാന്‍ വരെ നീളുന്ന വളര്‍ച്ചയുടെ പടവുകള്‍ അദ്ദേഹം പങ്കുവെക്കുന്നു.

1985ലാണ് വി.എസ്.എസ്.സിയില്‍ കരിയര്‍ തുടങ്ങുന്നത്. അന്നുതൊട്ട് ഇന്നുവരെ മറ്റൊരു സ്ഥാപനത്തിലേക്കും മാറിയിട്ടില്ല. വിഎസ്എസ്.സിയില്‍ കരിയര്‍ തിരഞ്ഞെടുത്ത് എത്താനുണ്ടായ സാഹചര്യം?

ആത്മാര്‍ഥമായി പറഞ്ഞാല്‍ യാദൃച്ഛികം. കാരണം അന്നൊക്കെ നമ്മള്‍ പഠിക്കാന്‍ പോകുന്നതെവിടെയാണ്. അടുത്തുള്ള സ്‌കൂള്‍, കോളേജ് എന്നിവിടങ്ങളിലാണ്. അങ്ങനെ അടുത്തുള്ള എഞ്ചിനീയറിങ് കോളേജെന്ന് പറയുന്നത് കോതമംഗലത്തെ മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിങ് കോളേജാണ്. അന്ന് ഇന്നത്തേപ്പോലെ ഇന്റര്‍നെറ്റ് സൗകര്യങ്ങളോ ഇന്നത്തേപ്പോലെ അവസരങ്ങളോ അധികമില്ല.

അങ്ങനെ അവസാന സെമസ്റ്റര്‍ ആയപ്പോള്‍ മറ്റുള്ളവരേപ്പോലെ തന്നെ കാണുന്ന പരസ്യത്തിലെ സ്ഥാപനങ്ങളിലേക്ക് ഒക്കെ ജോലിക്ക് അപേക്ഷിക്കാന്‍ തുടങ്ങി. അങ്ങനെ വി.എസ്.എസ്.സിയില്‍ അപേക്ഷിച്ചു, ഇന്റര്‍വ്യൂ നടന്നു. ഫൈനല്‍ സെമസ്റ്റര്‍ കഴിഞ്ഞപ്പോഴേക്കും ഇവിടെ ജോലിക്ക് കയറി. ഇവിടെ വന്നതിന് ശേഷം ഈയൊരു മേഖല ഇഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഇവിടെ തന്നെ തുടരാന്‍ തീരുമാനിച്ചു.

37 വര്‍ഷം നീണ്ട സര്‍വീസിനിടയില്‍ നിരവധി പ്രതിസന്ധികളുണ്ടാകും. അതില്‍ ഏറ്റവും പരീക്ഷിണമായതെന്താണ്?

ഐഎസ്ആര്‍ഒയുടെ അന്തരീക്ഷം ആര്‍ക്കുവേണമെങ്കിലും വളരാനും പഠിക്കാനും കഴിയുന്ന ഒന്നാണ്. 37 വര്‍ഷമായെങ്കിലും ഇതൊരു വിസ്തൃതമായ ഓര്‍ഗനൈസേഷനായതുകൊണ്ട് ടെക്നിക്കലായ ആക്റ്റിവിറ്റികളാണ് കൂടുതല്‍ നടക്കുക. ഞങ്ങളൊക്കെ ചേരുമ്പോൾ പി.എസ്.എല്‍.വിയുടെ വിപുലീകരണം ഡെവലപ്മെന്റ് നടക്കുകയാണ്. അതിന്റെ ഡിസൈനിങ്ങും മറ്റും. അതുകൊണ്ട് തന്നെ പഠിച്ച എഞ്ചിനീയറിങ് എല്ലാം നമുക്ക് അവിടെ പ്രയോഗിക്കാനുള്ള അവസരങ്ങളുണ്ടായി.

അങ്ങനെ പി.എസ്.എല്‍.വിയുടെ ലോഞ്ചിങ് വരെ അതിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു. പി.എസ്.എല്‍.വി വെഹിക്കിള്‍ വന്നപ്പോഴാണ് സാറ്റലൈറ്റിനെ എങ്ങനെ തിരികെ സുരക്ഷിതമായി കൊണ്ടുവരാം എന്ന ആലോചന തുടങ്ങിയത്. അതിന് വേണ്ടി എസ്.ആര്‍.ഇ എന്നൊരു മിഷനുണ്ടായിരുന്നു. ലോഞ്ച് ചെയ്യുക, ഓര്‍ബിറ്റിലെത്തിക്കുക, തുടര്‍ന്ന് തിരികെ നിശ്ചിതമായ സ്ഥലത്ത് ഇറക്കുക എന്നിവയാണ് ദൗത്യം. കാരണം ആ ഒരു കാര്യം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഭാവിയില്‍ മനുഷ്യനെ വിടുന്നതിനെപ്പറ്റി നമുക്ക് ആലോചിക്കാന്‍ സാധിക്കു. പി.എസ്.എല്‍.വിക്ക് ആവശ്യമായ പേലോഡ് വഹിക്കാന്‍ ശേഷിയുള്ളതിനാല്‍ 2007ല്‍ ആ റോക്കറ്റ് ഉപയോഗിച്ച് ആദ്യ മിഷന്‍ നടത്തി.

1994ല്‍ ബാംഗ്ലൂരില്‍ നിന്ന് എംടെക് കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ ഈ മിഷന്റെ സ്റ്റഡ് ടീമിന്റെ മെമ്പര്‍ സെക്രട്ടറി ആക്കി. ആ സമയത്ത് റീ എന്‍ട്രി എന്നുള്ളത് അജ്ഞാതമായൊരു ടെക്നോളജിയാണ്. പല ടെക്നോളജികളും മനുഷ്യരാശിക്ക് പല സാങ്കേതികവിദ്യകളുണ്ടെങ്കിലും ഇന്ത്യയ്ക്ക് സ്വന്തമായി അത്തരമൊരു സാങ്കേതികവിദ്യ ഇല്ലായിരുന്നു. അത് സ്വയം പഠിച്ചെടുത്താല്‍ മാത്രമേ സാധിക്കു. സാറ്റലൈറ്റിനെ തിരികെ കൊണ്ടുവരുമ്പോള്‍ ഉണ്ടാകുന്ന അതിശക്തമായ താപത്തിനെ എങ്ങനെ നേരിടാം, ആവശ്യമായ പാരച്യൂട്ട്, കടലില്‍ വീണാല്‍ എങ്ങനെ റിക്കവറി ചെയ്യാം ഇങ്ങനെ ആവശ്യമായ ടെക്നോളജികളൊക്കെ ആര്‍ജിക്കേണ്ടി വന്നു. ഇതെല്ലാം ഐ.എസ്.ആര്‍.ഒയ്ക്ക് മാത്രം ഒറ്റയ്ക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നില്ല.

പാരച്യൂട്ട് നമുക്ക് കിട്ടിയത് ഡിആര്‍ഡിഒ ലാബില്‍ നിന്നാണ്. അതുപോലെ പല ദേശീയ ഏജന്‍സിയും ഐഐടികളും പദ്ധതിയുടെ ഭാഗമായി മാറി. അങ്ങനെ ഒരു ദേശീയ പദ്ധതി പോലെയാണ് എസ്.ആര്‍.ഇ വന്നത്. അതൊരു വലിയ ചലഞ്ചായിരുന്നു. എസ്.ആര്‍.ഇയുടെ വിജയത്തോടെയാണ് ജിഎസ്എല്‍വി മാര്‍ക് 3യുടെ മിഷന്‍ വരുന്നത്. അഞ്ച് ടണ്ണോളം ഭാരമുള്ള പേലോഡ് 36000 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് എത്തിക്കാന്‍ സാധിക്കുന്ന റോക്കറ്റാണ് ഇത്. മനുഷ്യരെ ബഹിരാകാശത്തേക്ക് വിടാനുള്ള ശേഷി ഈ വാഹനത്തിനുണ്ട്.

ഇത് വിജയമായതോടെ മനുഷ്യനെ ബഹിരാകാശത്തേക്ക് വിടാനുള്ള ദൗത്യം തുടങ്ങി. അതിലും ഞാന്‍ തുടങ്ങുന്നത് സ്റ്റഡി ടീമിന്റെ മെമ്പര്‍ സെക്രട്ടറിയായിട്ടാണ്. റോക്കറ്റില്‍ മനുഷ്യനെ കയറ്റി അയക്കുമ്പോള്‍ അതിനാവശ്യമായ ഒരുപാട് സാങ്കേതികവിദ്യകള്‍ വേണ്ടതുണ്ട്. ലൈഫ് സപ്പോര്‍ട്ട് സിസ്റ്റം, യാത്രികരുടെ പരിശീലനം, സുരക്ഷ തുടങ്ങി നിരവധി കാര്യങ്ങളുണ്ട്. ഇതിനുള്ള സാങ്കേതിക വിദ്യകളൊക്കെ നമുക്ക് സ്വയം വികസിപ്പിക്കേണ്ടി വന്നു.

2014ല്‍ ഇതിന്റെ ഭാഗമായ ആദ്യ പരീക്ഷണ വിക്ഷേപണം നടന്നു. ഒരു ക്രൂ മൊഡ്യൂള്‍ ജിഎസ്എല്‍വി-മാര്‍ക്ക് 3യുടെ ആദ്യ വാഹനത്തില്‍ 120 കിലോമീറ്റര്‍ ഉയരത്തിലെത്തിച്ച ശേഷം തിരികെ ലാന്‍ഡ് ചെയ്യിച്ചു. ഇതിലൂടെ മനുഷ്യനെ ബഹിരാകാശത്തെത്തിച്ച് തിരികെ കൊണ്ടുവരുമ്പോള്‍ നിര്‍ണായകമായ പാരച്യൂട്ട് അടക്കം പരിശോധിച്ച് ഉറപ്പുവരുത്തി. അതുപോലെ 2018ല്‍ ക്രൂ എസ്‌കേപ്പ് സിസ്റ്റം, അതായത് റോക്കറ്റിന് എന്തെങ്കിലും പ്രശ്നങ്ങള്‍ വിക്ഷേപണ വേളയിലുണ്ടായാല്‍ യാത്രികരെ സുരക്ഷിതമായി മാറ്റാനുള്ള സംവിധാനം പരീക്ഷിച്ചു.

ഇതിനൊക്കെ ശേഷം 2019ല്‍ ഹ്യൂമന്‍സ് സ്പേസ് ഫ്ളൈറ്റ് സെന്റര്‍ ബംഗളൂരുവില്‍ തുടങ്ങി. അതിന്റെ സ്ഥാപക ഡയറക്ടറായിരുന്നു ഞാന്‍. അവിടെവെച്ചാണ് ഗഗന്‍യാന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ശരിക്കും പറഞ്ഞാല്‍ വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു. ഒന്നുമില്ലായ്മയില്‍ നിന്ന് ഒരു സെന്ററുണ്ടാക്കുക, പ്രോജക്ടുണ്ടാക്കുക അങ്ങനെയൊക്കെ. തിരിഞ്ഞു നോക്കുമ്പോള്‍ എല്ലാ സമയത്തും കരിയറില്‍ നിരവധി ചലഞ്ചുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതിനെയൊക്കെ വിജയകരമായി മറികടക്കാന്‍ പറ്റിയെന്ന് വിശ്വസിക്കുന്നു.

സാറ്റലൈറ്റ് ലോഞ്ചിങ് വെഹിക്കിളില്‍ നിന്ന് ഇന്ന് മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കാന്‍ ശേഷിയുള്ള റോക്കറ്റുകള്‍ കൈവശമുള്ള രാജ്യങ്ങളിലൊന്നാണ് നമ്മുടേത്, ആ ഒരു നേട്ടത്തിന്റെ ഭാഗമാകാന്‍ സാധിച്ചതിനെപ്പറ്റി?

ചില വികാരങ്ങള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ഗഗന്‍യാന്റെ ഓരോ ഘട്ടവും വളരെ എക്സൈറ്റിങ്ങായവയായിരുന്നു. ഞാനിപ്പോള്‍ വി.എസ്.എസ്.സിയുടെ ഡയറക്ടറാണ്. ഇവിടെയാണ് ഗഗന്‍യാന്‍ പദ്ധതിയുടെ ഏതാണ് 60 ശതമാനം പ്രവര്‍ത്തനങ്ങളും നടക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഹ്യൂമന്‍ റേറ്റഡ് ലോഞ്ച് വെഹിക്കിള്‍ ആണ്. അതിവിടെയാണ് വികസിപ്പിക്കുന്നത്. ഇതിന് വേണ്ട ഹ്യൂമന്‍ റേറ്റിങ് എന്ന് പറയുന്ന നടപടികള്‍ ഇവിടെയാണ് പുരോഗമിക്കുന്നത്. ഇന്റഗ്രേറ്റഡ് വെഹിക്കിള്‍ ഹെല്‍ത്ത് മാനേജ്മെന്റ്, ക്രൂ എസ്‌കേപ്പ് സിസ്റ്റം, ബഹിരാകാശ യാത്രികര്‍ക്കുള്ള ക്രൂ മൊഡ്യൂള്‍, അതിന്റെ തെര്‍മല്‍ പ്രൊട്ടക്ഷന്‍, ലൈഫ് സപ്പോര്‍ട്ട് സിസ്റ്റത്തിനുള്ള ചില കാര്യങ്ങള്‍ ഒക്കെ ഇവിടെയാണ് ചെയ്യുന്നത്.

റോക്കറ്റ് വിക്ഷേപിച്ച് കഴിഞ്ഞ് അത് ശബ്ദത്തേക്കാള്‍ വേഗത കൈവരിക്കുന്ന സമയത്താണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നതെങ്കില്‍ അതില്‍ നിന്ന് യാത്രികരെ രക്ഷപ്പെടുത്തണമെന്നുള്ള പരീക്ഷണം ഏതാനും മാസങ്ങള്‍ക്കകം നടക്കും. ഇതിന് വേണ്ടി നമ്മളൊരു സിംഗിള്‍ സ്റ്റേജ് ടെസ്റ്റ് വെഹിക്കിള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ മുകളില്‍ എസ്‌കേപ്പ് സിസ്റ്റം വെച്ച് ആവശ്യമായ വേഗതയില്‍ ഇതിനെ കൊണ്ടുപോയ ശേഷം വെര്‍പെടുത്തി പരീക്ഷിക്കും. ഇതുകൊണ്ടൊക്കെ തന്നെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഓരോ നാഴികകല്ലുകള്‍ പിന്നിടുമ്പോഴും അത് വലിയ ആവേശമാണ് ഉണ്ടാക്കുന്നത്.

ഇന്ത്യടെ ബഹിരാകാശ പര്യവേക്ഷണങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളായാണ് വിക്രം സാരാഭായ് കണ്ടിരുന്നത്. ഇന്നിപ്പോള്‍ നമ്മള്‍ ഗ്രഹാന്തര പര്യവേക്ഷണത്തിലേക്ക് എത്തിപ്പെട്ടു- ഈ കാലയളവിലെ പുരോഗതിയെ എങ്ങനെയാണ് വിലയിരുത്തുന്നത്?

1957 ലാണ് ബഹിരാകാശ യുഗം തുടങ്ങുന്നത്. അന്നത്തെ സോവിയറ്റ് യൂണിയന്റെ സ്പുട്നിക് ലോഞ്ചോടുകൂടി. 61ല്‍ മനുഷ്യന്‍ യൂറി ഗഗാറിന്‍ ആദ്യമായി ബഹിരാകാശത്തെത്തി. സോവിയറ്റ് യൂണിയനും യുഎസ്എയും തമ്മിലുള്ള ശീതസമരത്തിന്റെ കാലത്ത് വളരെ പെട്ടെന്നാണ് ഈ രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ അറുപതുകളുടെ ആദ്യം തന്നെ ഒട്ടും സമയം നഷ്ടപ്പെടുത്താതെ നമുക്കും തുടങ്ങാന്‍ സാധിച്ചുവെന്നതാണ് പ്രധാന കാര്യം. നമ്മളും സൗണ്ടിങ് റോക്കറ്റുകള്‍ വെച്ച് ലോഞ്ച് ചെയ്യാന്‍ തുടങ്ങി.

തീര്‍ച്ചയായും നമ്മുടെ അടിസ്ഥാനപരമായ കാഴ്ചപ്പാടിന് മാറ്റമുണ്ടായിട്ടില്ല. നമ്മുടെ ജനസഞ്ചയത്തിന് ഉപകാരപ്രദമാകുന്ന രീതിയിലായിരിക്കണം എന്ന ആശയത്തില്‍ നിന്ന നമ്മള്‍ മാറിയിട്ടില്ല. ഹ്യൂമന്‍ സ്പേസ് ഫ്ളൈറ്റ് പോലുള്ള ദൗത്യങ്ങളിലേക്ക് പോകുമ്പോള്‍ അതില്‍ നിന്ന് കിട്ടുന്ന ഉപോത്പന്നങ്ങളുണ്ട്.

ഉദാഹരണമായിട്ട് ലൈഫ് സപ്പോര്‍ട്ട് സിസ്റ്റം. അത് നമ്മള്‍ ഉണ്ടാക്കിയിരിക്കുന്നത് ബഹിരാകാശത്തെ ഉപയോഗത്തിന് വേണ്ടിയാണ്. ഭാരം കുറവായിരിക്കണം, ദീര്‍ഘകാലം നിലനില്‍ക്കണം തുടങ്ങിയവ. ഭൂമിയിലെ ഉയര്‍ന്ന മലനിരകളുള്‍പ്പെടുന്ന പ്രദേശങ്ങളില്‍ മനുഷ്യന് വസിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ഈ സാങ്കേതികവിദ്യ നമ്മളെ സഹായിക്കും. അതുകൊണ്ട് പുതിയ സാങ്കേതികവിദ്യകള്‍ ആര്‍ജിക്കേണ്ടത് എപ്പോഴും അത്യാവശ്യമാണ്. പുതിയ തലമുറയെ ആകര്‍ഷിക്കാനും മാത്രമല്ല ആഗോളതലത്തില്‍ നമ്മുടെ സ്ഥാനം ഉറപ്പിക്കാനും ഇത്തരം സാങ്കേതികവിദ്യകള്‍ ആവശ്യമാണ്.

ഇന്നിപ്പോള്‍ സ്വകാര്യ കമ്പനികളും ബഹിരാകാശ മാര്‍ക്കറ്റിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അമേരിക്ക, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ന് ഇത്തരം കമ്പനികള്‍ മുളച്ചുപൊന്തുകയാണ്. ഇത്തരം സാഹചര്യത്തെ എങ്ങനെ കാണുന്നു?

നേരത്തെ പറഞ്ഞതുപോലെ ആദ്യകാലത്ത് ബഹിരാകാശ ദൗത്യങ്ങളെല്ലാം അതാത് രാജ്യത്തെ ഗവണ്‍മെന്റ് പദ്ധതികളായിരുന്നു. പക്ഷെ കഴിഞ്ഞ 20 കൊല്ലത്തിനിടയില്‍ ബഹിരാകാശമെന്നത് ആകര്‍ഷണീയമായ ബിസിനസ് മേഘലയായി വളര്‍ന്നു. 450 ബില്യണ്‍ യു.എസ്. ഡോളറാണ് ഇപ്പോഴിതിന്റെ മൂല്യമെന്നാണ് കണക്കാക്കിയിരിക്കുന്നത്. എല്ലാ രാജ്യങ്ങള്‍ക്കും ഇപ്പോള്‍ ഇതില്‍ താത്പര്യമുണ്ട്. സ്വന്തം രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി ഇതിനെ ഉപയോഗിക്കുക എന്നത്. പല രാജ്യത്തും ഇത് ഗവണ്‍മെന്റുകള്‍ക്ക് മാത്രം ചെയ്യാന്‍ പറ്റാത്ത തരത്തിലേക്ക് അത് വളര്‍ന്നുകഴിഞ്ഞു.

അതുകൊണ്ടാണ് സ്വകാര്യ കമ്പനികള്‍ ഇതിന്റെ ഭാഗമായി വരുന്നത്. അതനുസരിച്ച് ഗവണ്‍മെന്റുകള്‍ നയങ്ങള്‍ മാറ്റുന്നുണ്ട്. അവര്‍ക്ക് വേണ്ടി ലോഞ്ച് പാഡുകള്‍ ഉള്‍പ്പെടെ ഉപയോഗിക്കാനുള്ള സഹായങ്ങള്‍ നല്‍കുന്നു. ഇങ്ങനെ പലരാജ്യങ്ങളിലും സ്വകാര്യ കമ്പനികള്‍ വളരെ അധികം മുന്നോട്ടുപോയിട്ടുണ്ട്. അമേരിക്കയിലാണെങ്കില്‍ ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് എന്ന കമ്പനി വളരെ വിപ്ലവാത്മകമായ സാങ്കേതിക വിദ്യകളാണ് അവതരിപ്പിക്കുന്നത്. ലോഞ്ച് വെഹിക്കിളിനെ തിരികെ ഇറക്കി വീണ്ടും ഉപയോഗിച്ച് അടിസ്ഥാന ചെലവ് കുറയ്ക്കുന്നതൊക്കെ സ്പേസ് എക്സാണ് ലോകത്തിന് പരിചയപ്പെടുത്തിയത്.

ഇതിന് പുറമെ ഇവരുടേത് തന്നെ സ്റ്റാര്‍ ലിങ്ക് എന്ന പദ്ധതി. 50,000 മുതല്‍ 60,000 സാറ്റലൈറ്റുകള്‍ ലോ എര്‍ത്ത് ഓര്‍ബിറ്റിലെത്തിച്ച് ഇവ ഉപയോഗിച്ച് ലോ ലേറ്റന്‍സി ഇന്റര്‍നെറ്റ് ലോകം മുഴുവന്‍ നല്‍കാന്‍ കഴിയുന്ന സംവധാനം. അങ്ങനെ പല മേഖലകളിലും വിപ്ലവകരമായ മാറ്റം വരുത്താന്‍ ഇത്തരം സ്വകാര്യ കമ്പനികള്‍ വരുന്നതിലൂടെ സാധിക്കും. ഇന്ത്യയിലും ഇതിന്റെ പ്രതിഫലനങ്ങളുണ്ട്. ഇപ്പോള്‍ തന്നെ 100ല്‍ പരം സ്റ്റാര്‍ട്ടപ്പുകള്‍ ഈ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്നു. ഗവണ്‍മെന്റ് തന്നെ അതിനെ പ്രോത്സാഹിപ്പിക്കുന്ന നയമാണ്. ഐ.എസ്.ആര്‍.ഒയില്‍ ഇത്തരം സ്റ്റാര്‍ട്ടപ്പുകളെ എന്‍കറേജ് ചെയ്യാന്‍ ഇന്‍ സ്പേസ് എന്നൊരു ഡിപ്പാര്‍ട്ട്മെന്റ് തന്നെയുണ്ട്.

അമേരിക്കയിലേതുപോലെ ഇന്ത്യയിലും സ്വകാര്യ കമ്പനികള്‍ ഉപഗ്രഹ വിക്ഷേപണത്തിലേക്ക് തീര്‍ച്ചയായിട്ടും വരും. 100 സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയതില്‍ ഒരാളെങ്കിലും വിജയിച്ചാല്‍ മതി. ഇലോണ്‍ മസ്‌ക്, ജെഫ് ബെസോസ് പോലെ ഒരാള്‍ തീര്‍ച്ചയായിട്ടും നമ്മുടെ രാജ്യത്തും വരുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്. ഇതൊരു ചലഞ്ചിങ് മേഖലയാണ്. പക്ഷെ നമ്മളും അവരോടൊപ്പം ചേര്‍ന്ന് നില്‍ക്കുമ്പോള്‍, അനുഭവങ്ങള്‍ പങ്കുവെക്കുമ്പോള്‍ തീര്‍ച്ചയായിട്ടും അവര്‍ക്കും ശോഭിക്കാന്‍ സാധിക്കും.

അടുത്തപടിയായി രാജ്യം ഉറ്റുനോക്കുന്നതാണ് ഗഗന്‍യാന്‍ ദൗത്യം. അതിന്റെ വിശേഷങ്ങള്‍ പറയാമോ?

ഗഗന്‍യാന്‍ പദ്ധതിയുടെ നിരവധി പ്രവര്‍ത്തനങ്ങള്‍ പുരോഗതിയിലാണ്. ഇതില്‍ പ്രധാനമാണ് ഹ്യൂമന്‍ റേറ്റിങ് ലോഞ്ചര്‍. അതിന്റെ ഡിസൈന്‍, മെക്കാനിക്കല്‍ ഘട്ടങ്ങള്‍ കഴിഞ്ഞ് നടപ്പിലാക്കാനുള്ള ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. ഹ്യൂമന്‍ റേറ്റഡാക്കുമ്പോള്‍ സാങ്കേതികമായി ഒരിക്കലും പരാജയപ്പെടാതിരിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കണം.

ശക്തി കൂട്ടണം, സീലുകളുടെ എണ്ണം കൂട്ടും, സ്ട്രക്ചറല്‍ മാര്‍ജിന്‍ കൂട്ടും, വേണ്ടതിലധികം സംവിധാനങ്ങള്‍ ഒരുക്കും. ഇങ്ങനെ തയ്യാറാക്കിയ റോക്കറ്റിന്റെ പരിശോധന ശ്രീഹരിക്കോട്ടയില്‍ നടന്നു. ഇതിന് പുറമെ ക്രയോ എഞ്ചിന്റെ ഹ്യൂമന്‍ റേറ്റിങ് നടന്നുകൊണ്ടിരിക്കുന്നു. ക്രൂ മൊഡ്യൂളിന്റെ പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുന്നു. അതായത് എഞ്ചിനീയറിങ് ഭാഗങ്ങള്‍ മുഴുവനും പരീക്ഷണ ഘട്ടത്തിലെത്തി നില്‍ക്കുന്നുവെന്ന് പറയാം.

ഇനി വേണ്ടത് ബഹിരാകാശത്ത് പോകാനുള്ള ആളുകളാണ്. അതിനായി വ്യോമസേനയുടെ നാല് ടെസ്റ്റ് ഫ്ളൈറ്റ് പൈലറ്റുമാരെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇവര്‍ റഷ്യയില്‍ പോയി ഒന്നേകാല്‍ വര്‍ഷത്തോളം പരിശീലനം നേടി. ബംഗളൂരുവില്‍ നമ്മള്‍ ഹ്യൂമന്‍ സ്പേസ് ഫ്ളൈറ്റ് സെന്ററിന്റെ കീഴില്‍ അസ്ട്രോണമിക് ട്രെയിനിങ് സംവിധാനമൊരുക്കി. ഇവിടെയാണ് ഗഗന്‍യാന്‍ കേന്ദ്രീകരിച്ചുള്ള ക്ലാസുകളും സ്റ്റിമുലേറ്ററുകളുപയോഗിച്ചുള്ള പരിശീലനവുമൊക്കെ നടക്കുന്നത്. ഇതിനൊപ്പം വിദഗ്ധരുമായുള്ള ക്ലാസുകളും നടക്കുന്നുണ്ട്.

ഇതിനൊപ്പം പ്രധാനപ്പെട്ടതാണ് ലൈഫ് സപ്പോര്‍ട്ട് സിസ്റ്റം. അതിന്റെ വികസനം നടന്നുകൊണ്ടിരിക്കുന്നു. ഇനി ഇതെല്ലാം യഥാര്‍ഥ പരീക്ഷണത്തിലേക്ക് കടക്കും. ഇതിന്റെ ഭാഗമായി അടുത്ത വര്‍ഷം മനുഷ്യനില്ലാതെ ഗഗന്‍യാന്‍ വിക്ഷേപണം നടത്തും. ഇതിന് ശേഷം മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ദൗത്യവും നടക്കും.

അതൊടൊപ്പം മനുഷ്യനില്ലാതെ നടത്തുന്ന ദൗത്യത്തില്‍ ഉപയോഗിക്കാന്‍ ഒരു റോബോട്ടിക് ഹ്യുമനോയിഡിനെ തയ്യാറാക്കിയിട്ടുണ്ട്. ഇനിയുള്ള ബഹിരാകാശ ദൗത്യങ്ങളില്‍ കൂടെയുണ്ടാകേണ്ടതാണ് റോബോട്ടും. അതിനാല്‍ ഈ രണ്ട് മേഖലയിലും ആക്ടിവിറ്റികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

വ്യോമമിത്ര എന്ന റോബോട്ടിനേപ്പറ്റി പറയാമോ?

നിലവില്‍ ഒരു ഹാഫ് ഹ്യുമനോയിഡ് പോലെയാണ് വ്യോമമിത്രയെ വികസിപ്പിച്ചിരിക്കുന്നത്. ഇതിന് ചില കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ഇതിന്റെ കൈകള്‍ ചലിപ്പിക്കാനായി സാധിക്കും. നമ്മുടെ കൈകള്‍ ചലിപ്പിക്കുമ്പോള്‍ അത് എളുപ്പമായി തോന്നാം. പക്ഷേ, അതിനെ ഒരു റോബോട്ടിലേക്ക് സന്നിവേശിപ്പിക്കുമ്പോള്‍ നിരവധി സാങ്കേതിക വെല്ലുവിളികള്‍ നേരിടേണ്ടതായുണ്ട്.

ഇതിന് പുറമെ ശബ്ദം തിരിച്ചറിയാനും മനുഷ്യരുടെ മുഖം തിരിച്ചറിയാനുമുള്ള സോഫ്റ്റ്​വെയർ ഇതിനുണ്ട്. ഇതിന് പുറമെ അപകടസാധ്യതയുള്ള ചില ജോലികള്‍ മനുഷ്യര്‍ക്ക് പകരം ഇതിനെക്കൊണ്ട് ചെയ്യിക്കാം. അതിനൊപ്പം നിര്‍ദ്ദേശങ്ങള്‍ നല്‍കി കാര്യങ്ങള്‍ ചെയ്യിക്കാം. ഇങ്ങനെ അടിസ്ഥാനപരമായ കാര്യങ്ങള്‍ ചെയ്യിക്കാന്‍ വേണ്ടി വികസിപ്പിച്ചതാണ് വ്യോമമിത്രയെ.

ഇതിപ്പോള്‍ ഒരു തുടക്കം മാത്രമാണ്. തീര്‍ച്ചയായും കൂടുതല്‍ സാങ്കേതിക സവിശേഷതകള്‍ ഭാവിയില്‍ ഇതിലേക്ക് സന്നിവേശിപ്പിക്കും. നിര്‍മിത ബുദ്ധിയുടെയും മെഷീന്‍ ലേണിങ് എന്നിവയുടെ സാധ്യതകള്‍ ഇതില്‍ ഭാവിയില്‍ വന്നേക്കാം. അത് മനുഷ്യര്‍ക്കൊപ്പം പ്രവര്‍ത്തിക്കാവുന്ന രീതിയില്‍ വികസിപ്പിക്കണം.

യാത്രികരുടെ വേഷം, ഭക്ഷണം, ലൈഫ് സപ്പോര്‍ട്ടിങ് സംവിധാനം ഇവയെപ്പറ്റി വിശദമാക്കാമോ?

എസ്.ആര്‍.ഇ (Stpace capsule Recovery Experimetn) യെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഗഗന്‍യാന്‍ വളരെ വലിയൊരു പദ്ധതിയാണ്. കാരണം മനുഷ്യന്‍ എന്നൊരു എലമെന്റ് അതിലുണ്ട്. ബഹിരാകാശ യാത്രികര്‍ക്ക് വേണ്ട ഭക്ഷണം തയ്യാറാക്കുന്നത് ഡിആര്‍ഡിഒയുടെ കീഴിലുള്ള മൈസൂരിലെ ഡിഫന്‍സ് ഫുഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ്. മാത്രമല്ല ക്രൂമൊഡ്യൂള്‍ തിരികെ എത്തുമ്പോള്‍ അതിന്റെ വേഗം കുറയ്ക്കാനുള്ള ഹ്യൂമന്‍ റേറ്റഡ് പാരച്യൂട്ട് തയ്യാറാക്കുന്നത് ഡിആര്‍ഡിഒ സ്ഥാപനമായ എ.ഡി.ആര്‍.ഡി.ഇ (Aerial Delivery Research and Development Establishment) ആണ്.

അതുപോലെ ലൈഫ് സപ്പോര്‍ട്ട് സിസ്റ്റം, ക്രൂ ക്യാബിനിലെ പ്രഷര്‍ കുറഞ്ഞാല്‍ അവരെ സംരക്ഷിക്കേണ്ടത് ഫ്ളൈറ്റ് സ്യൂട്ടാണ്. രണ്ടുമണിക്കൂറോളം ബഹിരാകാശത്ത് അതിജീവിക്കാന്‍ അത് സഹായിക്കും. അതിന്റെ നിര്‍മാണം നടക്കുന്നുണ്ടെങ്കിലും ആദ്യത്തെ ദൗത്യത്തിന് വേണ്ടി പുറത്തുനിന്ന് വാങ്ങുകയാണ് ചെയ്യുന്നത്. ഇതിനൊപ്പം എയര്‍ കണ്ടീഷന്‍, ഹ്യുമിഡിറ്റി കണ്‍ട്രോള്‍, കാര്‍ബണ്‍ ഡൈ ഓക്സൈഡ് കണ്‍ട്രോള്‍ എന്നിവയൊക്കെ ഇപ്പോള്‍ പരീക്ഷിക്കാനുള്ള ഘട്ടത്തിലെത്തി നില്‍ക്കുന്നു.

എവിടെയൊക്കെ നമുക്ക് സാങ്കേതികവിദ്യ കൈവശമുണ്ടോ അതൊക്കെ ഉപയോഗിക്കും. അല്ലാത്തത് സ്വയം വികസിപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇനി ക്രൂ മൊഡ്യൂള്‍ റിക്കവര്‍ ചെയ്യുന്നത് നാവികസേനയുടെ സഹായത്താലാണ്.

(തുടരും)

Content Highlights: VSSC director Dr. Unnikrishnan Nair Interview

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented