നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ


രാജൻ ചെറുക്കാട്

നമ്പി നാരായണൻ, ശശികുമാർ | ഫോട്ടോ: മാതൃഭൂമി

ഐ.എസ്.ആർ.ഒ. ചാരക്കേസിൽ നമ്പി നാരായണനോടൊപ്പം പ്രതിയാക്കപ്പെട്ട ശശികുമാർ ഐ.എസ്.ആർ.ഒ. ഫാബ്രിക്കേഷൻ ആന്റ് ടെകനോളജി ഡിവിഷനിലെ സീനിയർ ശാസ്ത്രജ്ഞനായിരുന്നു. വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിലാണ്(എൽ.പി.എസ്.സി.) ശശികുമാർ ജോലി ചെയ്തിരുന്നത്. 1986 മുതൽ 89 വരെ വി.എസ്.എസ്.സിയിൽ ഇൻഡസ്ട്രിയൽ ലെയ്‌സൺ പ്ലാനിങ് ഡിവിഷന്റെ തലവനായിരുന്നു. 1990 മെയ് മുതൽ ഫോട്ടോ ഫാബ്രിക്കേഷൻ ആന്റ് ടെകനോളജി ഡിവിഷനിൽ ജനറൽ മാനേജരായി. ടെലിവിഷൻ ചാനലുകളിലും 'റോക്കട്രി ദ നമ്പി ഇഫക്ട്' എന്ന പുതിയ സിനിമയിലും ഐ.എസ്.ആർ.ഒയിലെ മുഖ്യശാസ്ത്രജ്ഞന്‍ താനാണെന്ന തരത്തിൽ നമ്പി പ്രചരിപ്പിക്കുന്നത് ഐ.എസ്.ആർ.ഒയ്ക്ക് ജീവിതം സമർപ്പിച്ച നൂറുകണക്കിന് ഉന്നത ശാസ്ത്രജ്ഞരോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് ശശികുമാർ കുറ്റപ്പെടുത്തുന്നു. ശശികുമാറുമായി മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റർ രാജൻ ചെറുക്കാട് നടത്തിയ അഭിമുഖത്തിൽനിന്ന്.

നമ്പി നാരായണനെക്കുറിച്ച് മാധവൻ തയ്യാറാക്കിയ 'റോക്കട്രി ദ നമ്പി ഇഫക്ട് 'എന്ന സിനിമ താങ്കൾ കണ്ടോ? ഐ.എസ്.ആർ.ഒയിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞനാണ് നമ്പി നാരായണൻ എന്ന നിലയിലാണെല്ലോ പ്രചാരണം. താങ്കൾ അതിനോട് യോജിക്കുന്നുണ്ടോ?

സിനിമ കണ്ടു. ഇങ്ങനെ പ്രചരിപ്പിക്കുന്നത് വളരെ കഷ്ടമാണ് എന്നുപറഞ്ഞാൽ പോര. ക്രൂരമാണ്, രാജ്യദ്രോഹമാണ്. ആയിരക്കണക്കിന് ശാസ്ത്രജ്ഞർ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തെ അപമാനിക്കുകയാണ്. നമ്മുടെ രാജ്യത്തെ തന്നെ അപമാനിക്കുകയാണ്. നമ്പിയേക്കാൾ നൂറിരട്ടി സേവനം ഐ.എസ്.ആർ.ഒയ്ക്കുവേണ്ടി ചെയ്ത ഉന്നത ശാസ്ത്രജ്ഞർ ഇത് നിസ്സഹായരായി കേൾക്കുകയാണ്. സിനിമയുടെ വിജയത്തിനു വേണ്ടി മസാലകൾ ചേർക്കുന്നത് മനസിലാക്കാം. പക്ഷെ, അത് വസ്തുതകൾക്ക് വിരുദ്ധമായാലോ? കേൾക്കുന്ന ആളുകൾ വിഡ്ഢികളാണെന്ന് തോന്നിയാൽ അവരെ എന്തും പറഞ്ഞ് വിശ്വസിപ്പിക്കാൻ നമ്പി നാരായണൻ വളരെ വിദഗ്ധനാണ്. ഐ.എസ്.ആർ.ഒയിലെ ഒരാളു പോലും നമ്പിയുടെ ഈ അവകാശവാദം അംഗീകരിക്കില്ലെന്ന് മാത്രമല്ല; പുച്ഛിച്ച് തള്ളുകയും ചെയ്യും. സിനിമയിൽ ഭാവനയാകാം. പക്ഷെ, യാഥാർഥ്യമെന്ന നിലയിൽ ഭാവനകൾ അവതരിപ്പിക്കുന്നത് വലിയ തെറ്റാണ്.

നമ്പി നാരായണൻ നൽകിയ മികച്ച സേവനങ്ങൾക്കല്ലേ ഈയിടെ പത്മഭൂഷൺ കിട്ടിയത്?

സത്യം പറഞ്ഞാൽ ഐ.എസ്.ആർ.ഒയിലെ 400 ശാസ്ത്രജ്ഞർക്കെങ്കിലും കൊടുത്തതിനുശേഷമേ നമ്പിക്ക് പത്മഭൂഷണ് അർഹതയുള്ളു. മാത്രമല്ല ഐ.എസ്.ആർ.ഒയിൽ ഒരാൾക്ക് മാത്രം എന്തെങ്കിലും ബഹുമതി കൊടുക്കുന്നതും ശരിയല്ല. ഐ.എസ്.ആർ.ഒയുടെ വിജയം എന്നത് നൂറുകണക്കിന് ശാസ്ത്രജ്ഞരുടെ അധ്വാനത്തിന്റെ വിജയമാണ്. ജീവിതം തന്നെ റിസർച്ചിനും ഡെവലപ്പ്മെന്റിനും വേണ്ടി സമർപ്പിച്ച ശാസ്ത്രജ്ഞരുടെ നീതിബോധം തകർക്കുന്ന പ്രവർത്തനങ്ങളാണ് ഇതൊക്കെ. അത് അധാമർമികമാണ്. നമ്പിയുടെ ബഡായി കേട്ട് വിശ്വസിച്ച് നിങ്ങളെപ്പോലുള്ള പത്രക്കാരാണ് ഇങ്ങനെ ഉയർത്തിക്കൊണ്ടുവരുന്നത്. ഐ.എസ്.ആർ.ഒയിലെ ഉന്നത ശാസ്ത്രജ്ഞർക്കുൾപ്പെടെ അതിൽ വലിയ അമർഷമുണ്ട്. ആളുകൾ എന്ത് വിചാരിക്കും എന്ന് കരുതിയിട്ടാണ് ഞങ്ങൾ ഒന്നും അധികം പറയാത്തത്. നമ്പിക്ക് പത്മഭൂഷൻ കൊടുക്കാൻ ഐ.എസ്.ആർ.ഒയിൽനിന്ന് ഒരു ശുപാർശയും പോയിട്ടില്ല. മാത്രമല്ല, ഐ.എസ്.ആർ.ഒയിൽനിന്ന് വെളിയിൽ പോയി 15 വർഷം കഴിഞ്ഞാണത് കിട്ടുന്നത്. അതുകൊണ്ടുതന്നെ ആ പത്മഭൂഷൻ ഐ.എസ്.ആർ.ഒയുടെ അക്കൗണ്ടിൽ പെടുത്തുന്നതും ശരിയല്ല.

റോക്കറ്റ്ട്രി സിനിമയുടെ പോസ്റ്റർ

സിനിമയെക്കുറിച്ച് എന്തുപറയുന്നു?

ആ പാവം മാധവനെ പറ്റിച്ച് കോടിക്കണക്കിന് രൂപ ചെലവഴിപ്പിച്ചിരിക്കുകയാണ്. സിനിമ വിജയിച്ചു. അയാൾക്ക് ലാഭം കിട്ടും. പക്ഷെ, വസ്തുതകളുമായി ബന്ധമില്ലാത്തതാണ് സിനിമയിൽ കാണിച്ചിരിക്കുന്നതധികവും. പണമുണ്ടെങ്കിൽ ആർക്കും ആരെയും വലുതാക്കി കാണിക്കാമല്ലോ! ഇതൊക്കെ ശരിയാണോ എന്ന് പരിശോധിക്കാൻ പൊതുസമൂഹത്തിന് കഴിയുകയുമില്ല. പക്ഷെ, ഐ.എസ്.ആർ.ഒ. എന്ന വലിയ സ്ഥാപനത്തെപ്പറ്റി തെറ്റായ കാര്യങ്ങളാണ് സിനിമ പ്രചരിപ്പിക്കുന്നത്. ബയോപിക് എന്ന നിലയിൽ അവതരിപ്പിക്കുന്ന സിനിമയിൽ വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങൾ കാണിക്കുന്നത് ശരിയല്ല. ഇതിൽ 90 ശതമാനവും അവാസ്തവമായ കാര്യങ്ങളാണ്. ഇത് വെറും ഫിക്ഷനല്ലല്ലോ. സിനിമയുടെ അവസാനഭാഗത്ത് നമ്പി നാരായണൻ നേരിട്ട് പ്രത്യക്ഷപ്പെടുകയല്ലേ?

എ.പി.ജെ. അബ്ദുൽ കലാമിനും ജി. മാധവൻ നായർക്കുമൊപ്പം ശശികുമാർ

ഈ സിനിമയിൽ ഒരിടത്ത് നമ്പിയുടെ കഥാപാത്രം എ.പി.ജെ. അബ്ദുൽ കലാമിനെ തിരുത്തുന്നുണ്ടല്ലോ?

എന്താ ഞാൻ പറയേണ്ടത്....! മരിച്ചുപോയവരെപ്പറ്റി എന്തും പറയാമല്ലോ! കലാം ജീവിച്ചിരുന്നെങ്കിൽ അത്തരമൊരു സന്ദർഭം സിനിമയിൽ ഉണ്ടാകുമായിരുന്നില്ല. സത്യത്തിൽ നമ്പി ടെക്നിക്കൽ അസിസ്റ്റന്റായി വന്ന ആദ്യകാലത്ത് കലാമിന്റെ അടുത്തു കൂടെയുണ്ടായിരുന്നെന്നല്ലാതെ, പിന്നെ ഒരു പ്രോജക്ടിൽ അവർ ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ല. 1971 മുതൽ കലാം എസ്.എൽ.വി. മൂന്നിന്റെ പ്രവർത്തനത്തിലായിരുന്നു. ഞാനാണ് കലാമിന്റെ കൂടെ പ്രവർത്തിച്ചത്. എസ്.എൽ.വി. പ്രോജക്ടിൽ ഞാനായിരുന്നു നമ്പർ ടു. കലാമിന്റെ ടീമിൽ ഞങ്ങൾ പ്രവർത്തിക്കുമ്പോൾ അതിൽ കയറാൻ നമ്പി ശ്രമിച്ചിരുന്നു. എന്നാൽ കലാം അടുപ്പിച്ചില്ല. കലാം ഉൾപ്പെടെ ഏഴു പേരുള്ള ഒരു കോർ ടീമാണ് അത് പൂർത്തിയാക്കിയത്. നമ്പി ആരാണെന്ന് ഐ.എസ്.ആർ.ഒയിലുള്ള എല്ലാവർക്കും അറിയാം. ഒക്കെ അദ്ദേഹത്തിന്റെ നാട്യങ്ങളാണ്. സൂക്ഷ്മമായി അന്വേഷിക്കാത്തത് കൊണ്ടാണ് നിങ്ങൾക്ക് നമ്പിയെ കുറിച്ച് കൃത്യമായി അറിഞ്ഞുകൂടാത്തത്.

നമ്പി നാരായണനെ പോലീസ് കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിച്ചു എന്ന് പറയുന്നുണ്ടെല്ലോ. സിനിമയിലും അത്തരം ചില രംഗങ്ങളുണ്ട്. താങ്കൾക്കും അത്തരം മർദ്ദനം ഏറ്റോ?

ഞാൻ 12 ദിവസമാണ് പോലീസ് കസ്റ്റഡിയിൽ കിടന്നത്. നമ്പി രണ്ടോ മൂന്നോ ദിവസം മാത്രം. അപ്പോൾ പോലീസ് കസ്റ്റഡിയിൽ കൂടുതൽ പ്രയാസങ്ങൾ ഉണ്ടായത് എനിക്കായിരിക്കില്ലേ? എനിക്കങ്ങനെ മർദ്ദനമൊന്നും ഏറ്റിട്ടില്ല. ഐ.ബി. ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. വളരെ മാന്യമായാണ് ശ്രീകുമാർ പെരുമാറിയത്. നമ്പി ഇരിക്കാതെ ദിവസം മുഴുവൻ നിന്നതിന്റെ ഫലമായി കാലിൽ കുറച്ച് നീരുവെച്ചിരുന്നു എന്നത് സത്യമാണ്. നമ്പി തന്നെ കഴിഞ്ഞ ദിവസം ഒരു ചാനലിൽ പറയുന്നുണ്ടായിരുന്നല്ലോ 'ഇരിക്കാൻ പറഞ്ഞിട്ട് ഞാൻ ഇരുന്നില്ല; വെള്ളം തന്നിട്ട് കുടിച്ചില്ല' എന്ന്. അപ്പോൾ നിങ്ങൾ സത്യാഗ്രഹത്തിലാണോ എന്ന് ആ ഉദ്യോഗസ്ഥൻ ചോദിച്ചു. അപ്പോഴാണ് എനിക്ക് ഇതാണ് സത്യാഗ്രഹമെന്ന് മനസ്സിലായത് എന്നൊക്കെ. നമ്പിയെ അറസ്റ്റ് ചെയ്യുമ്പോഴേക്കും സി.ബി.ഐക്ക് കൈമാറാനുള്ള ഓർഡർ ആയിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് പോലീസ് കസ്റ്റഡിയിലും അധികം ചോദ്യം ചെയ്തില്ല.

പക്ഷേ ,നമ്പി നാരായണൻ പ്രചരിപ്പിക്കുന്നത് അങ്ങനെയല്ലല്ലോ?

അതാണ് ഞാൻ പറഞ്ഞത്. വലിയ പീഡനം ഉണ്ടായി എന്ന് നമ്പി പലരെക്കൊണ്ടും പറയിപ്പിച്ചു. പ്രത്യേകിച്ചും മീഡിയക്കാരെ വിശ്വസിപ്പിച്ചു. നമ്പി നല്ല മാനേജരാണ്. മറ്റ് ആളുകളെക്കൊണ്ട് പറയിപ്പിച്ച് പറയിപ്പിച്ച് അങ്ങനെയൊരു ഇമ്പ്രഷൻ ഉണ്ടാക്കിയതാണ്.

ചാരക്കേസിൽ പ്രതിയാക്കപ്പെട്ട് അന്യായമായി പീഡിപ്പിക്കപ്പെട്ടു എന്നതിന്റെ പേരിൽ നമ്പി നാരായണന് നമ്മുടെ ഖജനാവിൽനിന്ന് ഒരുകോടി 91 ലക്ഷം രൂപ കിട്ടി. താങ്കൾക്ക് എന്തുകിട്ടി?

ഞാനതിന് പോയിട്ടില്ല. ഉദ്യോഗസ്ഥർ ചെയ്ത തെറ്റിന് പാവപ്പെട്ടവന്റെ നികുതിപ്പണം വാങ്ങുന്നതിനോട് എനിക്ക് യോജിപ്പില്ല. സർക്കാർ പണം വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ഞാൻ പോയിരുന്നെങ്കിൽ എനിക്കും കിട്ടുമായിരുന്നു. എല്ലാവരെയും വഞ്ചിച്ചു കൊണ്ടല്ലേ നമ്പി കാശ് വാങ്ങുന്നത്. ഈ കാശ് വാങ്ങിക്കാൻ എന്റെ മനസ്സാക്ഷി എന്നെ അനുവദിക്കുന്നില്ല. നമ്പിയുടെ കാര്യത്തിൽ കേരള സർക്കാർ ഫണ്ട് കൊടുത്തത് തന്നെ വളരെ കൗതുകകരമാണ്. നമ്പി കോടതിയില്‍ നഷ്ടപരിഹാരം ചോദിച്ചത് ഒരു കോടിയാണ്. അതിൽ വിധി വരുന്നതിന് മുമ്പ് സർക്കാർ കോടതിക്ക് പുറത്തുവെച്ച് ഒരു കോടി 30 ലക്ഷം കൊടുത്ത് കേസ് തിർപ്പാക്കി. ലോകത്തെവിടെയെങ്കിലും സംഭവിക്കുന്ന കാര്യമാണോ ഇത്? ഒരു കോടി ചോദിച്ചവന് 50 ലക്ഷം കൊടുക്കണം അല്ലെങ്കിൽ 70 ലക്ഷം കൊടുക്കണം. ഗവൺമെന്റിന്റെ ഫണ്ടെടുത്ത് ഇങ്ങനെ വാരിക്കോരി കൊടുക്കരുത്. അത് ശരിയല്ല. നമ്പിയേക്കാൾ പ്രയാസമനുഭവിച്ച രണ്ട് സ്ത്രീകൾ ഉണ്ടായിരുന്നല്ലോ? അവർ രണ്ടു പേരും മൂന്ന് മൂന്നര വർഷം ജയിലിൽ കിടന്നില്ലേ. അവർക്ക് പതിനായിരം രുപയെങ്കിലും കൊടുക്കാമായിരുന്നില്ലേ?

ശശികുമാറും നമ്പി നാരായണനും

താങ്കളുടേയും നമ്പി നാരായണന്റേയും തലവനായിരുന്നല്ലോ എൽ.പി.എസ്.സി. ഡയറക്ടർ എ.ഇ. മുത്തുനായകം. അദ്ദേഹം ഈയിടെ പ്രസിദ്ധീകരിച്ച From Space to Sea -my ISRO Journey and Beyond എന്ന പുസ്തകം താങ്കൾ വായിച്ചിട്ടുണ്ടോ? അതിൽ നമ്പിയുടെ സംഭാവനകൾ അംഗീകരിക്കുന്നുണ്ടോ?

ഞാനത് സൂക്ഷമായി വായിച്ചിട്ടുണ്ട്. മൂത്തുനായകം ഉന്നത ശാസ്ത്രജ്ഞനാണ്. നമ്പിയുടെ ഈ സ്വയംപൊക്കിക്കൊണ്ടുള്ള പ്രചാരണങ്ങളിൽ മുത്തുനായകത്തിനും രോഷമുണ്ട്. ഈ പ്രോജക്ടുകളൊക്കെ കൺസീവ് ചെയ്തതും നടപ്പാക്കിയതും മുത്തുനായകമാണ്. അദ്ദേഹമാണ് അതിന്റെ മാസ്റ്റർ മൈൻഡ്. അതിന്റെയെല്ലാം ക്രഡിറ്റാണ് ഇപ്പോൾ നമ്പി ഏറ്റെടുത്തിരിക്കുന്നത്. റോക്കറ്റ്ട്രിയുടെ പ്രധാനപ്പെട്ട ഒരു ഡിവിഷൻ ആണ് പ്രൊപ്പൽഷൻ. അതിന്റെ തലതൊട്ടപ്പനായിരുന്നു മുത്തുനായകം. അദ്ദേഹത്തിന്റെ കീഴിലുള്ള അനേകം എൻജിനീയർമാരിൽ ഒരാൾ മാത്രമായിരുന്നു നമ്പി നാരായണൻ. ഏതെങ്കിലും ഗവേഷണമോ ഡെവലപ്മെന്റോ ഇദ്ദേഹം ലീഡ് ചെയ്തിട്ടില്ല. പ്രൊപ്പൽഷന്റെ ഏറ്റവും ടോപ് മോസ്റ്റ് ടെക്നോളജിയാണ് ക്രയോജനിക്ക്. കൂട്ടത്തിൽ ഒരാൾ എന്നല്ലാതെ നമ്പിക്ക് പ്രത്യേക സിദ്ധിയുള്ളതായി മുത്തുനായകം പറഞ്ഞിട്ടില്ല. പി.എസ്.എൽ.വിയുടെ പി.എസ്. 4 മുഴുവൻ ഡെവലപ്പ് ചെയ്ത ശിവരാമകൃഷ്ണൻ നായരെപ്പോലുള്ള ഉന്നത ശാസ്ത്രജ്ഞർ പ്രവർത്തിച്ച സ്ഥാപനമാണ് ഐ.എസ്.ആർ.ഒ. ഒരു ലിക്വിഡ് എഞ്ചിന്റെ ഡിസൈൻ ആദ്യമായി ഡെവലപ്പ് ചെയ്തത് ശിവരാമകൃഷ്ണൻ നായരാണ്. അതിന്റെ ക്രിട്ടിക്കൽ കമ്പോണന്റ്സ് ഡെവലപ്പ് ചെയ്തത് സി.ജി. ബാലനാണ്. ഇവരെപ്പോലെ മർമ്മപ്രധാനമായ പ്രോജക്ട് ചെയ്ത മറ്റൊരാളാണ് ശ്രീധരൻ ദാസ്. മൊത്തം കൺട്രോൾ സിസ്റ്റം ഡെവലപ്പ് ചെയ്തത് അദ്ദേഹമാണ്. അവരുടെ നാലയലത്തൊന്നും നിൽക്കാനുള്ള യോഗ്യത നമ്പിക്കില്ല. ഐ.എസ്.ആർ.ഒയുടെ മൊത്തം പ്രോജക്ടുകളിൽ ഉപയോഗിക്കുന്നതാണ് ഇവരുടെ കോൺട്രിബ്യൂഷൻസ്. ഈ കൺട്രോൾ സിസ്റ്റം ഫലപ്രദമായതു കൊണ്ടാണ് നമ്മുടെ സാറ്റലൈറ്റുകളൊക്കെ അവിടെ നിൽക്കുന്നത്. അദ്ദേഹത്തിന്റെ ചെറിയ ചെറിയ റോക്കറ്റുകൾ പ്രവർത്തിക്കുന്നില്ലെങ്കിൽ നമ്മൾ അയച്ച ഉപഗ്രഹങ്ങളൊന്നും പ്രവർത്തിക്കില്ല. ഇവരെപ്പോലുള്ള ഉന്നത ശാസ്ത്രജ്ഞരെ മറന്നുകൊണ്ടാണ് നാം കള്ളനാണയങ്ങളെ ചുമക്കുന്നത്.

ക്രയോജനിക് വികസിപ്പിക്കുന്നതിൽ നമ്പിയുടെ യഥാർഥ കോൺട്രിബൂഷൻ ഇല്ല എന്നാണോ പറയുന്നത്?

ഒന്നുമില്ല എന്നുതന്നെ പറയാം. 1994-ൽ നമ്പി ക്രയോസിസ്റ്റം പ്രോജക്ടിന്റെ ഡയറക്ടറായി ചാർജെടുത്തപ്പോൾ റഷ്യയിൽനിന്ന് നമുക്ക് ടെക്നോളജി കിട്ടിയിട്ടില്ല.

ശശികുമാർ ഫോട്ടോ | ജി. ബിനുലാൽ\മാതൃഭൂമി

അപ്പോൾ നമ്പിയെ അറസ്റ്റ് ചെയ്തതു കൊണ്ട് ഇന്ത്യയുടെ ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിക്കാൻ വൈകി എന്ന് അദ്ദേഹം തന്നെ പ്രചരിപ്പിക്കുന്നുണ്ടല്ലോ? അതിൽ വസ്തുതയുണ്ടോ?

ഒരു വസ്തുതയുമില്ല. അത് എൽ.പി.എസ്.സി. ഡയറക്ടർ മുത്തുനായകം തന്നെ നേരത്തെ വ്യക്തമാക്കിയതാണല്ലോ? ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. 1998-ൽ ഈ കേസ് സുപ്രീം കോടതി അവസാനിപ്പിച്ചതാണ്. ഞാൻ നേരിട്ട് വാദിച്ചാണ് കേസ് ജയിച്ചത്. നമ്പി വെളിയിൽ നിൽക്കുകയായിരുന്നു. മൂന്നു വർഷത്തോളം ഇരുന്ന് നിയമം പഠിച്ചാണ് ഞാൻ വാദിച്ചത്. ഞാൻ 99-ൽ റിട്ടയർ ചെയ്തു. അത് കഴിഞ്ഞ് നാലു വർഷം കൂടി ഐ.എസ്.ആ.ർഒയിൽ നമ്പി ഉണ്ടായിരുന്നു. അത്ര കഴിവുള്ളവൻ ആണെങ്കിൽ അപ്പോൾ ക്രയോജനിക്ക് ഉണ്ടാക്കാമായിരുന്നില്ലേ? നാലു വർഷം ഒരു പണിയും കൊടുക്കാതെ എന്തുകൊണ്ട് ഐ.എസ്.ആർ.ഒ. മൂലക്കിരുത്തി എന്നും ആലോചിക്കണം. നാലു വർഷം അവിടെ വെറുതെ ഇരിക്കുകയായിരുന്നു. എന്നിട്ടാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. കേസ് വന്നതുകൊണ്ട് ക്രയോജനിക് ഉണ്ടാക്കുന്നത് വൈകിയെന്ന്. അദ്ദേഹത്തോട് പോയി ചോദിക്കണം 98-ൽ കേസെല്ലാം കഴിഞ്ഞ് നാലു വർഷം അങ്ങ് സർവീസിൽ ഉണ്ടായിരുന്നല്ലോ, എന്ത് മലയാണ് അങ്ങ് മറിച്ചത് എന്ന്. വലിയ ശാസ്ത്രജ്ഞൻ ആണെന്നാണല്ലോ അവകാശപ്പെടുന്നത്. ചുമ്മാ ഇരുന്ന് ശമ്പളം വാങ്ങിച്ചതല്ലാതെ ഐ.എസ്.ആർ.ഒയ്ക്ക് വേണ്ടി എന്താണ് താങ്കൾ ആ നാല് കൊല്ലം കോൺട്രിബ്യൂട്ട് ചെയ്തത് എന്ന് ഒന്നു ചോദിക്കാമോ? നമ്പിക്ക് ഇത്രമാത്രം കഴിവുണ്ടെങ്കിൽ ആ ചുമതല ഐ.എസ്.ആർ.ഒ. അദ്ദേഹത്തെ ഏൽപ്പിക്കില്ലായിരുന്നോ? അല്ലെങ്കിൽ നമ്പിക്ക് പറയാമല്ലോ ഇത് ഞാൻ ഉണ്ടാക്കിയതാണ്, ഞാൻ തന്നെ തീർത്തു തരാം എന്ന്. എന്തുകൊണ്ട് പറഞ്ഞില്ല. അദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നു. ആളില്ലാത്ത പോസ്റ്റിലേക്ക് എത്ര ഗോളു വേണമെങ്കിലും അടിക്കാം. ഞാനാണ് എല്ലാം എന്ന രീതിയിൽ കലാം പോലും ഒരിക്കലും പറഞ്ഞിട്ടില്ല. പറയുകയുമില്ല. അത് അന്തസ്സിന്റെ പ്രശ്നമാണ്.

വൈക്കിങ് എഞ്ചിനിലാണോ അദ്ദേഹത്തിന്റെ കോൺട്രിബ്യൂഷൻ?

വൈക്കിങ് എഞ്ചിന്റെ ടെകനോളജി ട്രാൻസ്ഫറിന് വേണ്ടി ഇന്ത്യ ഫ്രാൻസിലേക്കയച്ച 53 അംഗസംഘത്തിന്റെ ലീഡർ നമ്പി ആയിരുന്നു. പക്ഷെ, നയിച്ചു എന്നൊക്കെപ്പറയുന്നത് തന്നെ ശരിയല്ല. ഇവിടെ നിന്നയച്ച സംഘത്തിന്റെ കാര്യങ്ങൾ നോക്കാൻ ചുമതലപ്പെടുത്തിയത് നമ്പിയെ ആണ്.

താൻ ഡെവലപ്പ് ചെയ്ത വികാസ് എഞ്ചിൻ ഇതുവരെ പരാജയപ്പെട്ടിട്ടില്ല എന്ന് കഴിഞ്ഞ ദിവസവും അദ്ദേഹം പറയുന്നത് കേട്ടു. അതു ശരിയാണോ?

അതിന് വികാസ് എഞ്ചിൻ ഡെവലപ്പ് ചെയ്തത് നമ്പിയല്ലല്ലോ! വികാസ് എഞ്ചിൻ എന്നത് ഒരു പേര് മാത്രമാണ.് യഥാർത്ഥത്തിൽ അത് ഫ്രാൻസിന്റെ വൈക്കിങ് എഞ്ചിനാണ്. അതിന്റെ ഡിസൈൻ നടത്തിയത് ജർമ്മൻകാരനാണ്. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോൾ ഫ്രാൻസിലേക്ക് വന്ന ഒരു ജർമ്മൻ ശാസ്ത്രജ്ഞനാണതിന്റെ ശിൽപ്പി. അതിൽ നമുക്ക് തീരുമാനമൊന്നും എടുക്കാനില്ല. ഫ്രാൻസിൽനിന്ന് കിട്ടിയ ഡ്രോയിങ് നാട്ടിൽ കൊണ്ടുവന്ന് ഒരു കമ്പനിയിൽ ഫാബ്രിക്കേറ്റ് ചെയ്യണം. അത് ചെയ്തത് നമ്പിയല്ല. കാശി വിശ്വനാഥനാണ്. അത് ടെസ്റ്റ് ചെയ്ത് ക്വാളിറ്റി ഉറപ്പാക്കിയതും നമ്പിയല്ല. അത് കരുണാനിധിയാണ്. മഹേന്ദ്രഗിരിയിലാണത് ചെയ്തത്. അതിന്റെ പിതൃത്വം നമ്പി ഏറ്റെടുക്കരുത്. കരുണാനിധിയും കാശി വിശ്വനാഥനും നമ്പിയുമെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്നത് മുത്തുനായകത്തിനാണ്. ഞാനും ക്രയോ പ്രോജക്ടിൽ വന്നപ്പോൾ മുത്തുനായകത്തിനാണ് റിപ്പോർട്ട് ചെയ്തത്. ഫ്രാൻസിൽനിന്ന് അതിന്റെ ഡിസൈൻ ഇന്ത്യയിൽ കൊണ്ടുവന്ന് ഫാബ്രിക്കേറ്റ് ചെയ്തെടുക്കാൻ ഈ നമ്പിയുടെ ടീം 18 വർഷം എടുത്തു. അതെ സമയത്താണ് നാല് സ്റ്റേജ് ഉള്ള എസ്.എൽ.വി. എന്ന ലോഞ്ച് വെഹിക്കിൾ കലാമിന്റെ നേതൃത്വത്തിൽ ഞങ്ങൾ എട്ടു വർഷം കൊണ്ട് പൂർത്തിയാക്കിയത്.

സ്‌കോട്‌ലണ്ടിൽനിന്ന് കോടിക്കണക്കിന് രൂപ ഉപകരണങ്ങൾ ഇന്ത്യയ്ക്ക് സൗജന്യമായി ലഭ്യമാക്കാൻ നമ്പിയാണ് കാരണമായതെന്ന് സിനിമയിൽ പറയുന്നത് ശരിയാണോ?

ഒരിക്കലുമില്ല. അതൊക്കെ മസാലയാണ്.

ഐ.എസ്.ആർ.ഒ. കേസിൽ അന്വേഷണം നടത്താൻ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ജയിൻ കമ്മിറ്റി താങ്കളെ കണ്ടിരുന്നോ?

ഇല്ല. അവർ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ വന്ന് നമ്പി പറഞ്ഞത് മാത്രം എഴുതിക്കൊണ്ടുപോയി. അതിന്റെ 150 മീറ്ററിനകത്ത് താമസിക്കുന്ന എന്ന വിളിപ്പിച്ചില്ല. അത് ഒരിക്കലും ശരിയല്ല. ബന്ധപ്പെട്ട എല്ലാവർക്കും പറയാനുള്ളത് കേൾക്കേണ്ടേ?

ഐ.എസ്.ആർ.ഒ. ചാരക്കേസ് അന്വേഷിച്ച സി.ബി.ഐ. ഓഫീസർമാർക്ക് നമ്പി ഭൂമി നൽകിയതായി ഹൈക്കോടതിയിൽ ഇൻസ്പെക്ടർ വിജയൻ ഒരുകേസ് കൊടുത്തിരുന്നു. അതിനെക്കുറിച്ച് താങ്കൾക്കറിയാമോ?

അതിനെക്കുറിച്ച് എനിക്ക് അറിയില്ല. യെസ് പറയാനും എനിക്കറിയില്ല നോ പറയാനും എനിക്കറിയില്ല. പക്ഷേ, തമിഴ്‌നാട്ടിൽ നമ്പിക്ക് ഒരുപാട് കോൺടാക്ട്സ് ഉണ്ട്. നങ്കുനേരി എന്ന സ്ഥലത്താണ് അത്.

2019-ൽ ഐ.എസ്.ആർ.ഒ. പി.എസ്.എൽ.വി.- സി 45 റോക്കറ്റ് വിക്ഷേപിക്കുന്നു | Photo: AP

ചാരക്കേസിൽ താങ്കളെ ഉൾപ്പെടുത്തിയതിൽ കേസെടുത്ത വിജയനോ അന്വേഷണ സംഘത്തലവൻ സിബി മാത്യുവിനോ താങ്കളോട് വല്ല പൂർവവിരോധവും ഉണ്ടോ?

ഒരു പൂർവ്വവിരോധവും ഇല്ല.

നമ്പി നാരായണൻ അമേരിക്കയിലെ പ്രീസ്റ്റൻ യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ പോയത് വലിയ സംഭവമായിരുന്നോ?

ഒരു കാര്യവുമില്ല. അന്ന് ബി.ടെക്. കഴിഞ്ഞവർ എം.ടെക്. ചെയ്യും. ലോകത്തെ വലിയ വലിയ യൂണിവേഴ്സിറ്റികളിൽ പ്രവേശനത്തിന് ഒരു പ്രയാസവുമുണ്ടാകില്ല. എനിക്കുതന്നെ മിനിസോട്ട യൂണിവേഴ്സിറ്റിയിൽ കിട്ടിയതാണ്. പക്ഷെ, ഞാൻ പോയില്ല. ഞാൻ കേരള യൂണിവേഴ്സിറ്റിയിൽ ആണ് പഠിച്ചത്. സെക്കൻഡ് റാങ്ക് ഉണ്ടായിരുന്നു. അന്ന് ഏത് യൂണിവേഴ്സിറ്റിയിലും പ്രവേശനം കിട്ടുമായിരുന്നു. പോസ്റ്റ് ഗ്രാജ്വേഷൻ ചെയ്തത് ജർമ്മനിയിലെ ആക്കൻ യൂണിവേഴ്സിറ്റിയിലാണ്. മെറ്റലർജിയിൽ ലോകത്ത് പെരുകേട്ട യൂണിവേഴ്സിറ്റിയാണത്.

നാസയിലെ ജോലി സ്വീകരിക്കാതെ ഇന്ത്യയിലേക്ക് വന്നതിന്റെ ദേഷ്യമാണ് അമേരിക്കയ്ക്ക് നമ്പിയോട് എന്നു പറയുന്നുണ്ടല്ലോ?

നോക്കൂ, നമ്മുടെ മുമ്പിൽ ഇരിക്കുന്ന ആൾക്ക് വിദ്യാഭ്യാസം ഉണ്ടെങ്കിലും ഈ കാര്യങ്ങളിൽ ഒന്നും വിവരമില്ലെങ്കിൽ അവരെ പലതും പറഞ്ഞ് വിശ്വസിപ്പിക്കുവാൻ നമ്പി വളരെ വിദഗ്ധനാണ്. 1960-കളിൽ എൻജിനീയർമാർ വളരെ കുറച്ചേയുള്ളൂ. ഇന്ത്യയിൽ മാത്രമല്ല, അമേരിക്കയിലും വളരെ കുറച്ചേ ഉള്ളൂ. അന്ന് ഇന്ത്യയിൽനിന്നും ഫിലിപ്പൈൻസിൽനിന്നും മറ്റ് പല രാജ്യങ്ങളിൽനിന്നും വന്ന എൻജിനീയർമാരെ നാസ എടുത്തിട്ടുണ്ട്. പല പോസ്റ്റുകളിലേക്ക് എടുത്തിട്ടുണ്ട്. അതിൽ വലിയ അത്ഭുതം ഒന്നുമില്ല. നമ്പിയെ ഏതെങ്കിലും പ്രോജക്ടിൽ ഉൾപ്പെടുത്താമെന്ന് പറഞ്ഞിട്ടുണ്ടാകാം. അത് വലിയ കേമൻ ആയതുകൊണ്ട് ഒന്നുമല്ല. എന്റെ കൂടെ ജോലി ചെയ്ത ഒരു എൻജിനീയർ രവീന്ദ്രൻ കൊല്ലം സ്വദേശിയാണ്. നാസയിൽ പോയിട്ടുണ്ട്. അതിലൊന്നും ഒരു അത്ഭുതവും ഇല്ല. അദ്ദേഹം ഇതും വിളിച്ചുപറഞ്ഞ് നടക്കുന്നുണ്ടോ? നാസ, പ്രീസ്റ്റൺ യൂണിവേഴ്സിറ്റി എന്നൊക്കെ കേട്ടാൽ എന്തോ മഹത്തായ സംഭവമാണെന്ന് ധരിക്കുന്ന കുറച്ചധികം വിഡ്ഢികൾ നമ്മുടെ നാട്ടിലുണ്ട്. അവരാണ് ഇതൊക്കെ പാടി നടക്കുന്നത്.

നമ്പിയുടെ അവകാശ വാദങ്ങളിൽ കഴമ്പില്ലെന്നാണോ പറയുന്നത്?

ഒരു കാര്യം ഞാൻ പറയാം. മുത്തുനായകത്തിന്റെ കീഴ്ജീവനക്കാരിൽ ഒരാൾ മാത്രമായിരുന്നു നമ്പി. അമേരിക്കൻ യൂണിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് എടുത്തുവന്ന ആളാണ് മുത്തുനായകം. നമ്പി ചെയ്തത് പി.ജിയാണ് എന്നോർക്കണം. മുത്തുനായകത്തിന് നാസയുടെ അസൈൻമെന്റ് ഉണ്ടായിരുന്നു. ആ ജോലിയിൽ ഏതാനും മാസം പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് സാരാഭായി പിടിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ആ സമയത്തൊക്കെ നമ്പി ഏറ്റവും താഴത്തെ ഗ്രേഡിലാണ്. ടെക്നിക്കൽ അസിസ്റ്റന്റ് എന്ന് പറയും. എന്നാൽ ഇപ്പോൾ എന്തൊക്കെയാണ് പറഞ്ഞു നടക്കുന്നത്? കഴിഞ്ഞ ദിവസം ഒരു ഇന്റർവ്യൂ കണ്ടു. ഞാൻ ജനിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യയ്ക്ക് എന്തോ സംഭവിക്കുമായിരുന്നു എന്ന രീതിയിലാണ് വെച്ചുകാച്ചുന്നത്. നമ്പി എന്റെ സുഹൃത്തൊക്കെ തന്നെയാണ്. എന്നാൽ ഇങ്ങനെയൊക്കെ പറയാമോ? ഒരു ബേസിക് ഡീസൻസി വേണ്ടേ. ഇതൊക്കെ അറിയാവുന്നവർക്ക് കേൾക്കുമ്പോൾ് അരോചകം ആവില്ലേ? എല്ലാവരും വിഡ്ഢികളാണെന്ന് ധരിക്കാൻ പാടുണ്ടോ? എന്നെ ഐ.എസ്.ആർ.ഒയിൽ കൊണ്ടുവന്നത് സാരാഭായിയാണ് പക്ഷേ ഞാൻ അതും വിളിച്ചു പറഞ്ഞു നടക്കുന്നില്ല. ഇതുപോലുള്ള ഒരു സ്പേസ് പ്രോഗ്രാം ഒരാളോ രണ്ടാളോ നൂറാളോ വിചാരിച്ചാൽ നടക്കുന്നതാണോ? ആയിരക്കണക്കിന് ശാസ്ത്രജ്ഞർ നിശബ്ദമായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തെയാണ് ഇങ്ങനെ അപമാനിക്കുന്നത് .ഇതെല്ലാം ഞാനാണ് ഉണ്ടാക്കിയത് എന്ന്. പാവം ജനങ്ങൾ അങ്ങനെ ധരിക്കുകയും ചെയ്യുന്നു. ഇത് കൊടിയ ദ്രോഹമാണ്. ഇതൊക്കെ ഒരാളങ്ങ് കയറി അവകാശപ്പെടുക എന്ന് പറഞ്ഞാൽ ശുദ്ധമായ മലയാളത്തിൽ പറഞ്ഞാൽ പോക്രിത്തരമാണ്.

Content Highlights: Nambi Narayanan, Sasikumar, ISRO Espionage Case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented