മലയാളിയുടെ പാല്‍ ഉപയോഗത്തില്‍ നാല് പതിറ്റാണ്ടായി കാത്ത് സൂക്ഷിച്ചുപോന്ന വിശ്വാസമാണ്‌ മില്‍മയെന്ന പേര്. 1980-ല്‍ മലയോര മേഖലയിലെ സാധാരണക്കാരുടെ ജീവിതത്തിന് ടേണിംഗ് പോയിന്റ് നല്‍കിയ പിറവി കൂടിയായിരുന്നു മില്‍മയുടേത്. പാലിനും തൈരിനുമപ്പുറം മലയാളി കണി കണ്ടുണരുന്ന നന്മയായി മില്‍മ മാറിയപ്പോഴും ഒരു തരത്തിലുള്ള വെല്ലുവിളികളേയും നേരിടേണ്ടി വന്നിട്ടില്ല, ഇക്കാലമത്രയും. എന്നാല്‍, സഹകരണ നയങ്ങള്‍ മറികടന്ന് കര്‍ണാടക കോപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്‍ ലിമിറ്റഡിന്റെ കീഴിലുള്ള നന്ദിനി കേരളത്തില്‍ വിപണി ലക്ഷ്യമിടാന്‍ തുടങ്ങിയതോടെ അത് വലിയ വിവാദത്തിനും തര്‍ക്കത്തിനും വഴിവെച്ചിരിക്കുകയാണ്. 

To advertise here,

നന്ദിനി പാലുകള്‍ വില കുറച്ച് കിട്ടുമെന്ന വലിയ പ്രചാരണമാണ് സോഷ്യല്‍ മീഡിയയിലടക്കം നടക്കുന്നത്. കേരളത്തിലെ പാല്‍ വില്‍പ്പനയില്‍നിന്നു പിന്‍മാറണമെന്നാവശ്യപ്പെട്ട് കര്‍ണാടകത്തോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഇതുവരെ അനുകൂല തീരുമാനമുണ്ടായിട്ടില്ല. മാത്രമല്ല, പല ജില്ലകളിലായി ഫ്രാഞ്ചൈസികള്‍ തുടങ്ങിക്കഴിഞ്ഞു. 14 ജില്ലകളിലും ഫ്രാഞ്ചൈസികള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലുമാണ് നന്ദിനി. ഇതോടെ നന്ദിനി പാല്‍ ആരോഗ്യത്തിന് നല്ലതല്ലെന്ന ആരോപണവുമായി മന്ത്രി ചിഞ്ചുറാണി തന്നെ രംഗത്തെത്തുകയും ചെയ്തു. മില്‍മ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ്, നന്ദിനിയുടെ വരവ് ഏത് തരത്തിലുള്ള വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്? മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി മാതൃഭൂമി ഡോട്കോമിനോട് സംസാരിക്കുന്നു.

മലയാളിക്ക് മുന്നില്‍ നാല് പതിറ്റാണ്ടിലേറെയായുള്ള ഉറച്ച വിശ്വാസത്തിന്റെ ചരിത്രം പറയാനുണ്ട് മില്‍മയ്ക്ക്. പക്ഷെ, നന്ദിനിയുടെ കടന്നുവരവ് അത്ര നല്ല ശുഭസൂചനയല്ല നല്‍കുന്നത്. മില്‍മയ്ക്ക് ആശങ്കയുണ്ടോ?

നന്ദിനിയുടെ കേരളത്തിലേക്കുള്ള കടന്നുവരവിനിടയിലും മില്‍മയുടെ വില്‍പ്പനയിലോ ഉല്‍പ്പാദനത്തിലോ ഉപഭോഗത്തിലോ ഒരു തരത്തിലുമുള്ള കുറവുമുണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. 2023 ജനുവരി മുതല്‍ മെയ് വരെയുള്ള അഞ്ച് മാസക്കാലയളവിലെ മില്‍മയുടെ പ്രതിദിന ശരാശരി വില്‍പ്പന 16.27 ലക്ഷം ലിറ്ററാണ്. 2022 ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ ഇത് 15.95 ലക്ഷം ലിറ്റര്‍ ആയിരുന്നു. അതായത് നന്ദിനി കേരളത്തില്‍ ഔട്ട്‌ലെറ്റുകള്‍ തുറന്നതിന് ശേഷവും മില്‍മ പാലിന്റെ വില്‍പ്പന കൂടിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇപ്പോള്‍തന്നെ പലയിടങ്ങളിലും നന്ദിനി അവരുടെ സ്റ്റോറുകള്‍ തുറന്നിട്ടുണ്ട്. പക്ഷെ, മില്‍മയില്‍ മലയാളികള്‍ക്കൊരു വിശ്വാസമുണ്ട്. ഒരു സഹകരണ സ്ഥാപനം പ്രവര്‍ത്തിക്കുമ്പോള്‍ അനുവര്‍ത്തിച്ച് പോരേണ്ട ചില പരസ്പര ധാരണകളും ഫെഡറല്‍ മര്യാദകളുമുണ്ട്. ഇത് നന്ദിനിയില്‍നിന്ന് ഉണ്ടാവാത്തതിനെയാണ് ഞങ്ങള്‍ എതിര്‍ത്തത്. സഹകരണ സ്ഥാപനങ്ങള്‍, അത് മില്‍മയായാലും മറ്റേത് സ്ഥാപനമായാലും, ഒരു കോര്‍പ്പറേറ്റ് സ്ഥാപനം പോലെ പ്രവര്‍ത്തിക്കാന്‍ പാടില്ല. ആത്യന്തികമായി ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണവ.അമിതലാഭമില്ലാതെ ലാഭവിഹിതങ്ങള്‍ പല തരത്തില്‍ ജനങ്ങളിലേക്ക് തന്നെ തിരിച്ചെത്തുന്ന തരത്തിലുള്ളതാണ് അവയുടെ  പ്രവര്‍ത്തനം. അതുകൊണ്ടു തന്നെ അതത് സംസ്ഥാനത്ത് തന്നെ പ്രവര്‍ത്തിക്കുകയും അവിടെയുള്ള ജനങ്ങളുമായി ബന്ധപ്പെട്ടും നില്‍ക്കുന്നതും ആയിരിക്കണം സഹകരണ സ്ഥാപനങ്ങള്‍ എന്നതാണ് പൊതു തത്വം.  ഇവിടെ അതിന്റെ ലംഘനമുണ്ടായിരിക്കുന്നു. അന്യ സംസ്ഥാനത്ത് നിന്നുള്ള ഒരു സഹകരണ സ്ഥാപനം കേരളത്തിലേക്ക് കടന്നുവന്ന് അനാവശ്യ മത്സരമുണ്ടാക്കുന്നു. നന്ദിനിയുടെ ഒരു ഉല്‍പ്പന്നവും കേരളത്തില്‍ വില്‍ക്കാന്‍ പാടില്ല എന്ന നിലപാടൊന്നും ഞങ്ങള്‍ക്കില്ല. പക്ഷെ, പാല്‍ വില്‍പ്പനയില്‍നിന്നും അവര്‍ പിന്‍മാറണം. അത് പേടികൊണ്ടല്ല, ആയിരക്കണക്കിന് കര്‍ഷകരെ ബാധിക്കുന്ന പ്രശ്നമായത് കൊണ്ടുമാണ്.

നന്ദിനി ഔട്ട്ലെറ്റുകള്‍ വര്‍ധിച്ചാല്‍ അത് കേരളത്തിലെ ക്ഷീരകര്‍ഷകരെ എങ്ങനെയാണ് ബാധിക്കുക?

കേരളത്തിലെ ഭൂരിഭാഗം ക്ഷീരകര്‍ഷകരുടേയും നട്ടെല്ലാണ് മില്‍മ. കിടാവിനെ വളര്‍ത്തുന്നത് മുതല്‍ പാല്‍ കറന്ന് സംഘങ്ങളില്‍ എത്തിക്കുന്നത് വരെ എല്ലാ ഘട്ടത്തിലും അവര്‍ക്ക് പിന്തുണയുമായി മില്‍മയുണ്ട്. മലയോര മേഖലയിലെ ഭൂരിഭാഗം ക്ഷീരകര്‍ഷകര്‍ക്കും അവരുടെ ജീവിതം തന്നെ മാറ്റിമറിക്കാനായാത് മില്‍മയുടെ ഇടപെടലാണ്. നല്ല പാല്‍ കര്‍ഷകര്‍ നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നത് കൊണ്ട് അതേ ഗുണമേന്‍മയോടെ ഉപഭോക്താക്കളിലേക്ക് പാലെത്തിക്കാനും മില്‍മയ്ക്ക് കഴിയുന്നുണ്ട്.  അവിടെയാണ് മില്‍മയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം. ഇവിടേക്ക് നന്ദിനിയുടെ കടന്നുവരവുണ്ടായാല്‍ അത് ആത്യന്തികമായി ബാധിക്കുക ക്ഷീരകര്‍ഷകരേയും കൂടിയാണ്. നന്ദിനിയുടെ കേരളത്തിലെ വില്‍പ്പനയില്‍ നിന്നുള്ള  മൂലധനം പൂര്‍ണമായും കര്‍ണാടകത്തിലേക്കാണല്ലോ പോവുന്നത്. നിലവില്‍ വളരെ കുറച്ച് ഔട്ട്ലറ്റുകള്‍ മാത്രമാണ് അവര്‍ക്കുള്ളത്. 14 ജില്ലകളിലും ഫ്രാഞ്ചൈസികള്‍ ക്ഷണിച്ചുകൊണ്ട് അവര്‍ പരസ്യമിറക്കിയിട്ടുണ്ട്. ഈയൊരു സാഹചര്യത്തിലാണ് ഇത് ശരിയല്ലെന്നറിയിച്ചുകൊണ്ട് കര്‍ണാടകത്തെ രേഖാമൂലം കാര്യങ്ങള്‍ അറിയിച്ചത്. പക്ഷെ അവരില്‍നിന്ന് പോസിറ്റീവായ മറുപടിയല്ല നമുക്ക് ലഭിച്ചത്. 

placeholder
പാലക്കാട്ടെ മിൽമ പ്ലാന്റ് | ഫോട്ടോ: അരുൺ കൃഷ്ണൻ കുട്ടി/ മാതൃഭൂമി

രാജ്യത്ത് തന്നെ ഏറ്റവും വലിയ പാലുല്‍പ്പാദകരായ അമുല്‍ കര്‍ണാടകയില്‍ വിപണി ആരംഭിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ ക്ഷീരകര്‍ഷകരെ അണിനിരത്തി പ്രതിഷേധിച്ചവരാണ് കര്‍ണാടകയും നന്ദിനിയും. അതേ നന്ദിനി എങ്ങനെയാണ് അവര്‍ എതിര്‍ത്ത അതേ കാര്യം മറന്ന് കേരളത്തില്‍ പാലിറക്കുക? മാത്രമല്ല, നന്ദിനിയുടെ ഏറ്റവും വലിയ കസ്റ്റമര്‍ കൂടിയാണ് മില്‍മ. ഇവിടെ നമുക്ക് ആവശ്യത്തിന് പാലില്ലാതെ വരുമ്പോള്‍ പലപ്പോഴും അവരില്‍നിന്നു തന്നെയാണ് നമ്മള്‍ പാലെടുക്കുന്നത്. അതുകൊണ്ടു തന്നെ നന്ദിനിയുടെ പാല് കൊള്ളില്ല എന്നൊന്നും ഞങ്ങള്‍ പറയുന്നില്ല. പക്ഷെ, കേരളത്തിലെ കര്‍ഷകരുടെ ജീവിതത്തെ ബാധിക്കുന്ന ഒരു നടപടിയിലേക്ക് പോവരുതെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.

നന്ദിനിയുടെ പാല്‍ മില്‍മയേക്കാള്‍ വിലകുറച്ചാണ് ലഭിക്കുന്നതെന്ന പ്രചാരണമുണ്ട്?

ഏഴ് രൂപ വില കുറവ് എന്നൊക്കെയുള്ള പ്രചാരണമാണ് നടക്കുന്നത്. ഇതൊക്കെ തെറ്റാണ്. വില നോക്കുമ്പോള്‍ മില്‍മയേക്കാള്‍ കുടുതലാണ് നന്ദിനിയുടെ വിലയെന്ന് മനസ്സിലാവും. ആളുകള്‍ കൂടുതല്‍ ആവശ്യപ്പെടുന്ന 500 മില്ലി ലിറ്ററിന്റെ 3.5 ഫാറ്റ് നന്ദിനി പാലിന് 29 രൂപയാണ് എം.ആര്‍.പി വില. ഇതേ ഫാറ്റുള്ള മില്‍മയുടെ പാലിന് 28 രൂപയാണ് വില. മില്‍മയുടെ നീല പാക്കറ്റിലുള്ള പാലിന് 26 രൂപയാണ്(കൊച്ചിയിലും മലബാര്‍ മേഖലയിലും 525 മില്ലി ലിറ്ററിന് 28 രൂപ) നന്ദിനിയുടേതിന് 27 രൂപയാണ് വില. അളവ് നോക്കാതെ വില താരതമ്യം ചെയ്ത് കേരള ബ്രാന്‍ഡിനെ മനപൂര്‍വം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതാണ് നിലവിലെ അവസ്ഥ. എന്നാല്‍, മില്‍മ കേരളത്തില്‍ കര്‍ഷകരില്‍നിന്ന് പാല് വാങ്ങിക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയിലാണ് കര്‍ണാടകയില്‍ നന്ദിനിക്ക് പാല്‍ ലഭിക്കുന്നത്. വലിയ സാമ്പത്തിത സബ്സിഡിയും സര്‍ക്കാര്‍ കൊടുക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വേണമെങ്കില്‍ ഭാവിയില്‍ കേരളത്തില്‍ അവര്‍ക്ക് വില കുറച്ച് പാല്‍ വില്‍ക്കാന്‍ തടസ്സമില്ല. 

അപ്പോള്‍ വില കുറച്ച് പാല്‍ ലഭിക്കുമ്പോള്‍ ജനങ്ങള്‍ നന്ദിനിയുടെ പാല്‍ വാങ്ങിക്കുന്ന സാഹചര്യമുണ്ടാവും. ഇത് പക്ഷെ തിരിച്ചടിയുണ്ടാക്കുക കേരളത്തിലെ കര്‍ഷകര്‍ക്കാണ്. മില്‍മയ്ക്ക് എന്തെങ്കിലും തിരിച്ചിടിയുണ്ടായാല്‍ അത് അടിസ്ഥാനകരമായി തിരിച്ചടിയുണ്ടാക്കുക കര്‍ഷകരെയാണ്. സാധാരണയായി വില കുറച്ചുകൊണ്ടുള്ള തന്ത്രമിറക്കി വിപണിയിലേക്ക് കടന്നുവരിക വലിയ മള്‍ട്ടിനാഷണല്‍ കമ്പനികളാണ്. അത്തരത്തിലൊരു മള്‍ട്ടി നാഷണല്‍ കമ്പനികളെ പോലെ പ്രവര്‍ത്തിക്കേണ്ടതാണോ സഹകരണ സ്ഥാപനങ്ങള്‍? 

placeholder
കർണാടകയിലെ നന്ദിനി കഫെ | Photo: PTI

ഒരു ലിറ്റര്‍ പാലിന് രാജ്യത്ത് ഏറ്റവും കൂടുതല്‍ വില കര്‍ഷകന് കൊടുക്കുന്നത് മില്‍മയാണ് എന്നതാണ് വസ്തുത. മാത്രമല്ല, ലാഭത്തിന്റെ 98 ശതമാനം കര്‍ഷകര്‍ക്കാണ് കൊടുക്കുന്നത്. പാലിന് അധികവില എന്ന പേരില്‍ കാലിത്തീറ്റ സബ്സിഡിയായി കൊടുക്കുന്നുണ്ട്. മലബാര്‍ മേഖലയില്‍ മാത്രമല്ല കേരളത്തിലെ എല്ലാ മില്‍മ മേഖലാ സംഘവും അങ്ങനെയാണ് ചെയ്യുന്നത്. ഇക്കാര്യം കര്‍ഷകരോട് തന്നെ ചോദിച്ചാല്‍ മതിയാവും. രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന മികച്ച പാല്‍ മലബാര്‍ മില്‍മയുടേതാണെന്ന കേന്ദ മൃഗസംക്ഷണ വകുപ്പിന്റെ കണ്ടെത്തല്‍  പുറത്തുവന്നത് കഴിഞ്ഞ മാസമാണ്.

ദേശീയ മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം മലബാറിലെ ക്ഷീരകര്‍ഷകരില്‍നിന്ന് മില്‍മ സംഭരിക്കുന്ന പാലിന്റെ ശരാശരി അണുഗുണനിലവാരം 204 മിനിറ്റായി ഉയര്‍ന്നു. അടുത്ത സാമ്പത്തിക വര്‍ഷം 236 മിനിറ്റായി ഉയര്‍ത്തുകയാണ് ലക്ഷ്യം. 190 മിനിറ്റ്, 180 മിനിറ്റ് എന്നിങ്ങനെ അണുഗുണ നിലവാരമുള്ള കര്‍ണാടകയും പഞ്ചാബുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കോവിഡ് അടക്കമുള്ള പ്രതിസന്ധി ഘട്ടത്തിലടക്കം ക്ഷീരകര്‍ഷകര്‍ക്ക് സഹായധനം നല്‍കി താങ്ങായി നിന്നതാണ് നേട്ടത്തിന് കാരണമായത്.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ 1042 കോടി രൂപയാണ് മില്‍മ മലബാറിലെ ക്ഷീരകര്‍ഷകര്‍ക്ക് പാല്‍ വിലയായി നല്‍കിയത്. ഇത് കൂടാതെ അധികപാല്‍ വിലയായി 29.16 കോടി രൂപയും കാലിത്തീറ്റ സബ്സിഡിയായി 7.65 കോടി രൂപയും നല്‍കി. ക്ഷീരകര്‍ഷക ക്ഷേമനിധിയിലേയ്ക്ക് 7.79 കോടി രൂപയും ഇന്‍ഷൂറന്‍സിനായി 15 കോടി രൂപയും മാറ്റിവച്ചു. പിന്നെങ്ങനെയാണ് കര്‍ഷകര്‍ക്ക് ലാഭം ലഭ്യമാക്കുന്നില്ല എന്ന ആരോപണമുന്നയിക്കുക. 

പാല്‍ സംഭരണം പ്രശ്‌നമല്ലേ?

കൂടുതല്‍ പാല്‍ സംഭരിക്കുക എന്നതാണ് മില്‍മയെ സംബന്ധിച്ച് പ്രധാന പ്രശ്‌നം. നിലവില്‍ മില്‍മ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പാല്‍ സംഭരണം വര്‍ധിപ്പിക്കുന്നതിലാണ്. നന്ദിനി വരുന്നതിനു മുന്‍പുതന്നെ ഇതിനായുള്ള ചര്‍ച്ച തുടങ്ങിയിരുന്നു. വിപണി വളര്‍ച്ചയ്ക്ക് അനുസരിച്ചുള്ള പാല്‍ സംഭരിക്കാനാകുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. നിലവില്‍ പ്രതിദിനം ശരാശരി 14.50 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ സംഭരിക്കുന്നത്. പ്രതിദിന വില്‍പ്പന 17 ലക്ഷം ലിറ്റര്‍ വരെയാണ്. വില്‍പ്പനയും സംഭരണവും തമ്മില്‍ 2.50 ലക്ഷം ലിറ്റര്‍ പാലിന്റെ കുറവുണ്ട്. ഇത് പുറത്തുനിന്നാണ് വാങ്ങുന്നത്. നേരത്തേ കര്‍ണാടകയില്‍നിന്ന് പാല്‍ വാങ്ങിയിരുന്നെങ്കിലും ക്ഷാമമുണ്ടെന്നു ചൂണ്ടിക്കാട്ടി പാല്‍ നല്‍കുന്നത് കര്‍ണാടക ഈയിടെ അവസാനിപ്പിച്ചിരുന്നു. ഇതോടെ, ഇപ്പോള്‍ ആന്ധ്രയെയും മഹാരാഷ്ട്രയെയുമാണ് ആശ്രയിക്കുന്നത്.

അടിക്കടി മില്‍മ പാല്‍വില വര്‍ധിപ്പിക്കുകയാണ് എന്ന ആരോപണമുണ്ട് ?

മൂന്നു കൊല്ലത്തിന് ശേഷമാണ് കഴിഞ്ഞ ഡിസംബറില്‍ ആറ് രൂപ പാല്‍ വിലയില്‍ മില്‍മ വര്‍ധിപ്പിച്ചത്. സാധാരണയായി അത്രയും നീണ്ടുപോവുകയില്ല.  കോവിഡിന്റെ പശ്ചാത്തലത്തില്‍ പാല്‍ വില്‍ക്കാന്‍ പോലും കറ്റാത്ത അവസ്ഥയായിരുന്നു. അപ്പോള്‍ വില വര്‍ധിപ്പിക്കാന്‍ കഴിയുമായിരുന്നില്ല. തുടര്‍ന്നാണ് കഴിഞ്ഞ ഡിസംബറില്‍ വര്‍ധിപ്പിച്ചത്. അങ്ങനെ ചെയ്തില്ലെങ്കില്‍ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാൻ ആവില്ലല്ലോ. ഉല്‍പ്പാദനച്ചെലവ് വലിയ രീതിതിയില്‍ കൂടി. കര്‍ഷകര്‍ക്ക് എന്തെങ്കിലും അധ്വാനത്തിന്റെ ഫലം കിട്ടണമെങ്കില്‍ മില്‍മയ്ക്ക് പാല്‍ വില വര്‍ധിപ്പിക്കുക മാത്രമാണ് വഴി. എന്നാല്‍, വില കൂട്ടിയതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് വസ്തുത. ഇതിലാണ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തേണ്ടത്. കാരണം പാലിന് കിട്ടുന്ന വിലയുടെ 75 ശതമാനവും കര്‍ഷകര്‍ ചെലവിടുന്നത് കാലിത്തീറ്റയ്ക്ക് വേണ്ടിയാണ്. ഇതിന് പരിഹാരം കാണണം.  സംഘങ്ങള്‍ വഴി കുറഞ്ഞ വിലയ്ക്ക് പുല്ലും ചോളത്തണ്ടുമെല്ലാം എത്തിച്ച് മില്‍മ തങ്ങള്‍ക്കാവുന്ന പോലെയൊക്കെ അവരെ സഹായിക്കുന്നുണ്ടെങ്കിലും ഇത് മാത്രം മതിയാവില്ല എന്നതാണ് യാഥാര്‍ഥ്യം.