കോട്ടയം: പലർക്കും ഹോട്ടൽച്ചായ ഒരു നൊസ്റ്റാൾജിയയാണ്. വീട്ടിൽ ചായ കുടിച്ചാലും, വീടിനടുത്തുള്ള ചായക്കടയിൽനിന്ന് കടുപ്പത്തിൽ ഒരു ചായ കുടിക്കുമ്പോൾ കിട്ടുന്ന സുഖമുണ്ടല്ലോ. ‘‘അവിടെ നാലാൾക്കൊപ്പമിരുന്ന് ചായ കുടിച്ചാലേ ആ സുഖം അറിയൂ’’ -കോട്ടയം കുമാരനല്ലൂർ ദേവി ഹോട്ടലിൽ നിത്യവും ചായ കുടിക്കാനായി എത്തുന്ന ഒരുകൂട്ടം ഓട്ടോറിക്ഷാ െെഡ്രവർമാർ പറയുന്നു. ഇതുവരെ രാവിലെയും വൈകീട്ടും ഒാരോ ചായ എന്നത് 20 രൂപയിൽ ഒതുങ്ങുമായിരുന്നെങ്കിൽ, ഇനി ഹോട്ടലിലെ ചായകുടി പോക്കറ്റ് കീറിക്കും.
പാൽവില ഉയർന്നതോടെ ഹോട്ടലുകളിലും തട്ടുകടകളിലും ചായ, കാപ്പി എന്നിവയുടെ വില വർധിപ്പിക്കാൻ വ്യാപാരികൾ നിർബന്ധിതരാകുന്നു. മിൽമ പാൽ വില ലിറ്ററിന് നാലുരൂപ വർധിപ്പിച്ച് 56 രൂപയായി. ഇതോടെ ഹോട്ടലുകളിലും ചായക്കടകളിലും പാൽ ചേർത്ത ചായയുടെ വില കൂടി. ചിലർ പാൽച്ചായ നൽകുന്ന സമയംപോലും കുറയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
12 മുതൽ 15 രൂപവരെ
പാൽവില വർധിപ്പിച്ചതോടെ, ഹോട്ടലുകളിലും തട്ടുകടകളിലും ചായയ്ക്കും കാപ്പിക്കും ഒന്നിന് രണ്ടുരൂപമുതൽ അഞ്ചുരൂപ വരെയാണ് പലയിടങ്ങളിലും വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ, 10 രൂപയ്ക്ക് കിട്ടിയിരുന്ന ചായയ്ക്ക് പലയിടങ്ങളിലും ഇപ്പോൾ 12 മുതൽ 15 രൂപവരെ നൽകണം. കാപ്പിവില 25-30 രൂപവരെയായി. രാവിലെയും വൈകുന്നേരവും ഹോട്ടലിൽനിന്നുള്ള ഒരുഗ്ലാസ് ചായ മലയാളിയുടെ ദൈനംദിനജീവിതത്തിന്റെ ഭാഗമാണ്. തൊഴിലാളികളും സാധാരണക്കാരുമായ ആളുകൾക്ക് ഈ വിലവർധന വലിയൊരു അധികബാധ്യതയാണെന്ന് പറയുന്നു, ഉപഭോക്താവായ മോഹനൻ.
ചായയ്ക്കൊപ്പം ലഘുഭക്ഷണങ്ങളുടെ വിലയുമുയർന്നതോടെ അധികച്ചെലവായി. ചായപ്പൊടി, പഞ്ചസാര എന്നിവയ്ക്കും വിലയേറി. വാണിജ്യാവശ്യങ്ങൾക്കുള്ള എൽ.പി.ജി. സിലിൻഡറുകളുടെ വില അടിക്കടി കൂടുന്നതും കടയുടമകൾക്ക് കനത്ത തിരിച്ചടി.
ലാഭം ഇല്ലാതായി
പാൽവിലയും സാധനവിലയും ഉയർന്നതോടെ ലാഭം പൂർണമായും ഇല്ലാതായെന്നാണ് ചെറുകിട കച്ചവടക്കാരുടെ പരാതി. കുടുംബം മൊത്തമായി ഹോട്ടൽജോലി ഏറ്റെടുത്ത് നടത്തുന്നവർക്കുമാത്രം നിലവിൽ 12 രൂപയ്ക്ക് ചായ കൊടുക്കാൻ പറ്റുന്നുണ്ടെന്ന്, കിടങ്ങൂർ കവലയിൽ പേരില്ലാ ചായക്കട നടത്തുന്ന തെങ്കാശി സ്വദേശികളയായ സീതാരാമയ്യനും ഭാര്യ ചിത്രയും പറയുന്നു. ‘‘ഞങ്ങൾ രണ്ടുപേരും കടയിൽ പണിയുന്നതുകൊണ്ട് തത്കാലം ചായ 12 രൂപയ്ക്ക് കൊടുക്കാൻ പറ്റുന്നു. കഴിഞ്ഞയിടെ ഗ്യാസിന് വില കൂടിയപ്പോഴാണ് രണ്ടുരൂപ ചായയ്ക്ക് കൂട്ടിയത്’’ -സീതാരാമയ്യൻ പറയുന്നു. എന്നാൽ, വില കൂട്ടുന്നത് കച്ചവടം കുറയാൻ കാരണമാകുമോ എന്ന ആശങ്കയും ഇവർ പങ്കുവെക്കുന്നു. മുൻപ് ദിവസം 300 ചായ വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോൾ 270 ആയി കുറഞ്ഞെന്ന് പറയുന്നു, ചിത്ര.
Content Highlights: Following the increase in Milma milk prices to ₹56 per liter, hotels and local tea stalls across Kerala have hiked the prices of tea and coffee by ₹2 to ₹5, heavily impacting daily wage workers and reducing the profit margins of small-scale vendors.
Published: 04 Jun 2026, 08:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented