
'നമ്മൾ പോകുന്ന റൂട്ടുകളിലെല്ലാം വടികളുമായി സ്ത്രീകൾ നിൽക്കുന്നുണ്ടാകും. അവർ കൈകാണിച്ച് വണ്ടി നിർത്തിക്കും, ചോദ്യംചെയ്യും. വാഹനവും ബാഗുകളുമെല്ലാം പരിശോധിക്കും. ഡ്രൈവർമാരും നമ്മുടെ കൂടെയുള്ള പ്രാദേശിക ഭാഷ അറിയുന്നവരുമാണ് അവരോട് സംസാരിക്കുക. ഞാനും ഡീനും അധ്യാപകരാണെന്നോ ദുരിതാശ്വാസ പ്രവർത്തകരാണോ പറഞ്ഞാണ് യാത്രചെയ്തിരുന്നത്. സൈന്യത്തിന്റെയും പോലീസിന്റെയും പരിശോധനകൾ വേറെയുമുണ്ട്. ഇത് പ്രാദേശിക സ്ത്രീകൾ നടത്തുന്ന പരിശോധനയാണ്. ഇവിടെ പല അക്രമങ്ങൾക്കും നേതൃത്വം കൊടുക്കുന്നതും സ്ത്രീകളാണ്.'
പറയുന്നത് എറണാകുളം എംപി ഹൈബി ഈഡനാണ്. ഇടുക്കി എംപി ഡീൻ കുര്യാക്കോസിനൊപ്പം കലാപഭൂമിയായി മാറിയ മണിപ്പൂർ സന്ദർശിച്ച് തിരിച്ചെത്തിയതേയുള്ളൂ അദ്ദേഹം. മെയ് ആദ്യവാരമാരംഭിച്ച കലാപങ്ങളുടെ പേരിൽ ഇന്റർനെറ്റ് ഉൾപ്പെടെ വിച്ഛേദിക്കപ്പെട്ട് പുറംലോകവുമായി ബന്ധമില്ലാത്ത അവസ്ഥയിലാണ് ഈ വടക്കുകിഴക്കൻ സംസ്ഥാനം. അവിടത്തെ സ്ഥിതിഗതികൾ നേരിട്ടറിയാനാണ് ഹൈബിയും ഡീനും മണിപ്പൂർ സന്ദർശിച്ചത്. എംപിമാരെന്ന നിലയിൽ യാത്രചെയ്യാൻ സാധിക്കാത്തതിനാൽ പ്രാദേശിക ബന്ധങ്ങൾ ഉപയോഗിച്ചായിരുന്നു സന്ദർശനം.
'പാർട്ടിയുടെ അറിവോടും സമ്മതത്തോടും കൂടിയായിരുന്നെങ്കിലും ഞങ്ങൾ എംപിമാരെന്ന നിലയിലോ കോൺഗ്രസിന്റെ ഔദ്യോഗിക ലേബലിലോ അല്ല പോയത്,' ഹൈബി വ്യക്തമാക്കി. 'അത് പ്രായോഗികമായിരുന്നില്ല. എംപിമാരാണെന്ന് അറിഞ്ഞാൽ അവിടെ യാത്രചെയ്യാനോ കാര്യങ്ങൾ മനസ്സിലാക്കാനോ സാധിക്കുമായിരുന്നില്ല. സാധാരണക്കാരെന്ന നിലയിൽ അവിടത്തെ പാർട്ടിക്കാരുടെയും മിഷനറി പ്രവർത്തകരുടെയുമൊക്കെ സഹായത്തോടെയായിരുന്നു സന്ദർശനം', മണിപ്പൂർ അനുഭവങ്ങളെ കുറിച്ച് ഹൈബി ഈഡൻ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു:

മണിപ്പൂരിലേത് സ്റ്റേറ്റ് സ്പോൺസേർഡ് ക്രൈം
സർക്കാർ അനുമതിയോടെ നടക്കുന്ന ആസൂത്രിത ആക്രമങ്ങളാണ് മണിപ്പൂരിൽ നടക്കുന്നത്. രണ്ട് ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള സംഘട്ടനമാണ് ഇതെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ബിജെപിയുടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്നത്. മെയ്തി വിഭാഗവും കുക്കി വിഭാഗവും തമ്മിലുള്ള സംഘർഷം ഇവിടെ നേരത്തേ ഉള്ളതാണ്. എന്നാൽ, ഇപ്പോൾ അതിൽ സംസ്ഥാന സർക്കാരിന്റെ കൃത്യമായ ഇടപെടലുകളുണ്ട്. ബിജെപിയുടെ തന്നെ ഇരു വിഭാഗങ്ങളിലുമുള്ള ക്രിസ്ത്യൻ എംഎൽഎമാരോട് ഞങ്ങൾ സംസാരിച്ചിരുന്നു. അവർ പോലും വലിയ ഭയപ്പാടിലാണ്.
ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടുവന്നിട്ടും കേന്ദ്രസേനകളെവരെ വിന്യസിച്ചിട്ടും 40-45 ദിവസമായി തുടരുന്ന കലാപം നിയന്ത്രണത്തിലാക്കാൻ സാധിച്ചിട്ടില്ല. വീടും സ്വത്തും നഷ്ടപ്പെട്ട് ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് ഭക്ഷണവും മരുന്നും പോലും ലഭിക്കുന്നില്ല. സന്നദ്ധസംഘടനകൾക്ക് സഹായം റോഡുമാർഗം എത്തിക്കാനാകാത്ത സാഹചര്യമാണ്. 'ഡിജിറ്റൽ ഇന്ത്യ'യിൽ മണിപ്പൂരുകാർക്ക് ഇന്റർനെറ്റ് നഷ്ടപ്പെട്ടിട്ട് ആഴ്ചകളായി. അവിടെ നടക്കുന്നതെന്താണെന്ന് പുറംലോകം അറിയുന്നില്ല. അവർക്ക് പണം കൈമാറ്റം ചെയ്യാൻ പോലും സാധിക്കുന്നില്ല.
പോലീസിന്റെ മുന്നിലാണ് അക്രമങ്ങൾ നടക്കുന്നത്. നാലായിരത്തോളം റൈഫിളുകൾ ഉൾപ്പെടെയുള്ള പോലീസിന്റെ ആയുധങ്ങൾ അവിടെ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആളുകൾ കൂട്ടത്തോടെ വന്ന് പോലീസ് ആർമറിയിൽനിന്ന് ആയുധങ്ങൾ എടുത്തുകൊണ്ട് പോവുകയാണ് ചെയ്തത്. എന്നാൽ, അത് തടയാനോ ഒരാൾക്കെതിരേ പോലും കേസെടുക്കാനോ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. മണിപ്പൂർ കലാപത്തിൽ സർക്കാർ പങ്കാളിത്തം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ ഈ ഒരൊറ്റ സംഭവം മാത്രം മതി.

ലക്ഷ്യമിടുന്നത് ക്രിസ്ത്യൻ സ്ഥാപനങ്ങളെ
രണ്ട് വിഭാഗങ്ങളിലുമുള്ള ക്രിസ്ത്യൻ സ്ഥാപനങ്ങളാണ് ആക്രമിക്കപ്പെടുന്നത് എന്നതാണ് കലാപങ്ങളുടെ പ്രത്യേകത. ഗ്രാമങ്ങൾ അപ്പാടെ കത്തിക്കുന്ന സാഹചര്യമുണ്ട്. പക്ഷേ, നഗരമേഖലയിൽ ക്രിസ്ത്യൻ സ്ഥാപനങ്ങൾ മാത്രം അക്രമിക്കപ്പെടുകയാണ്. മണിപ്പൂരിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നത് ക്രിസ്ത്യൻ വിഭാഗമാണ്. ധാരാളം ചർച്ചുകളും അനുബന്ധ സ്ഥാപനങ്ങളുമുണ്ട്. ഇവയ്ക്കെതിരെയുള്ള ആസൂത്രിതമായ ആക്രമണമാണ് നടക്കുന്നത്.
മലയാളി സിസ്റ്റർമാർ നടത്തുന്ന സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലൊക്കെ സായുധസേന ക്യാമ്പ് ചെയ്യുന്നുണ്ട്. അവരെ സംരക്ഷിക്കാൻ മറ്റു മാർഗങ്ങളില്ല. എന്നിട്ടുപോലും സ്ത്രീകളുടെ ഉൾപ്പെടെ നേതൃത്വത്തിൽ രാത്രി വന്ന് കല്ലെറിയുകയും ആക്രമിക്കുകയും ചെയ്യുന്ന അവസ്ഥയാണ്.

ഈ ജനങ്ങൾ കേൾക്കപ്പെടേണ്ടവർ
ഇംഫാലിന്റെ വടക്കൻ മേഖലയിലുള്ള കാങ്ഖോപ്കിയിലെയും തെക്കൻമേഖലയിലുള്ള ചുരംചാന്ദ്പൂരിലെയും ക്യാമ്പുകൾ ഞങ്ങൾ സന്ദർശിച്ചു. അവിടെയൊക്കെ നൂറുകണക്കിന് ആളുകൾ താമസിക്കുന്ന ഗ്രാമങ്ങളൊക്കെ ഒന്നാകെ ചുട്ടെരിച്ചിരിക്കുകയാണ്. തിരിച്ച് ഗ്രാമങ്ങളിലേക്ക് പോകാൻ പറ്റുമോ എന്നുപോലും ക്യാമ്പിലുള്ളവർക്കറിയില്ല. സ്കൂളുകളും കോളേജുകളുമൊക്കെ ഇനിയെന്ന് തുറക്കാനാകുമെന്ന് ഒരുറപ്പുമില്ല. വീടുകൾ പുന:ർനിർമിക്കുക എന്നതൊക്കെ അവിടെ വളരെ ശ്രമകരമാണ്. നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ ഒന്നും പറയുന്നുമില്ല. ക്യാമ്പുകളിലുള്ളവർ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് അറിയാതെ തീർത്തും അനിശ്ചിതാവസ്ഥയിലാണ്.
മണിപ്പൂരിൽ നടക്കുന്നത് എന്തെന്ന് കണ്ട് മനസ്സിലാക്കുകയും അത് പുറംലോത്തെ അറിയിക്കുകയും ചെയ്യുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം. മണിപ്പൂരിൽ നടക്കുന്നത് ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായുള്ള ആക്രമങ്ങളാണെന്ന് വരുത്തിത്തീർക്കാനാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബിജെപി സർക്കാരുകൾ ശ്രമിക്കുന്നത്. അതങ്ങനെയല്ലെന്ന് പുറംലോകത്തെ ബോധ്യപ്പെടുത്താനാണ് ഇനി ശ്രമിക്കുക. അത് അവിടത്തെ ജനങ്ങളുടെ ആശ്യമാണ്. എംപിമാരെന്ന നിലയിൽ വിഷയം അതിന്റെ ഗൗരവത്തോടെ പാർലമെന്റിൽ ഉന്നയിക്കും. വിശദമായ റിപ്പോർട്ട് തയ്യാറാക്കി പ്രധാനമന്ത്രിയ്ക്കും ആഭ്യന്തരമന്ത്രിയ്ക്കും കോൺഗ്രസ് പാർട്ടിക്കും നൽകുന്നുമുണ്ട്.
Content Highlights: manipur violence, hibi eden interview
Published: 15 Jun 2023, 08:59 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented