ഭൂപരിഷ്‌കരണം നടത്തിയ നാട്ടിൽ ഭൂരഹിതർ നടത്തിയ സമരം, ഭൂമിക്ക് വേണ്ടി ആദിവാസികൾ സംഘടിച്ച് മുന്നോട്ടുവന്ന വലിയ രീതിയിലുളള ആദ്യത്തെ പ്രക്ഷോഭം..വിശേഷണങ്ങൾ ഏറെയായിരുന്നു മുത്തങ്ങ ഭൂസമരത്തിന്. മുത്തങ്ങ ഒരു തുടക്കമായിരുന്നു. ചെങ്ങറയിലും ആറളത്തും അരിപ്പയിലും അതിന് തുടർച്ചയുണ്ടായി. ജന്മിത്തം അവസാനിപ്പിച്ച് എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യത്തോടെയാണ് ഭൂപരിഷ്‌കരണ നിയമം കേരളത്തിൽ കൊണ്ടുവന്നത്. എന്നാൽ ആദിവാസികളെയും ദളിതരേയും മാറ്റിനിർത്തിക്കൊണ്ടുളള ഭൂപരിഷ്‌കരണ നിയമം ആദിവാസികളുടെ ഉന്മൂലനാശത്തിലേക്കാണ് വഴിവെച്ചതെന്ന് മുത്തങ്ങ ഭൂസമര നേതാവായ സി.കെ. ജാനു ചൂണ്ടിക്കാണിക്കുന്നു. 

To advertise here,

കേരള സമൂഹത്തിലെ ഒരു വലിയ അസമത്വം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭൂപരിഷ്‌ക്കരണം നിയമം നടപ്പാക്കുന്നത്. പക്ഷേ, ഭൂപരിഷ്‌കരണ നിയമം നടപ്പാക്കി അര നൂറ്റാണ്ട് പിന്നിട്ടുകഴിഞ്ഞിട്ടും ആദിവാസികളുടെ ഭൂമിക്ക് വേണ്ടിയുളള പോരാട്ടം അവസാനിക്കുന്നില്ല?  

ഭൂപരിഷ്‌കരണ നിയമം കേരളത്തിലെ മുഴുവൻ ആദിവാസികളേയും ദളിതരേയും ഭൂരഹിതരാക്കുകയാണ് ചെയ്തത്. അവരെ ഭൂപരിഷ്‌ക്കരണത്തിന്റെ പരിധിയിൽ കൊണ്ടുവന്നിട്ടില്ല. പാരമ്പര്യമായിട്ട് ആദിവാസികൾ ഒരുപാട് ഭൂമി ഉണ്ടായിരുന്ന ആളുകളാണ്. ഭൂപരിഷ്‌കരണത്തിലൂടെ ആദിവാസികളുടെ ഭൂമി പിടിച്ചെടുക്കുകയാണ് ചെയ്തത്. ആദിവാസികൾക്ക് സർക്കാർ ഒരിക്കലും പട്ടയം കൊടുത്തിട്ടില്ലല്ലോ. അവർ തങ്ങളുടെ പ്രദേശങ്ങളിൽ കൃഷിയിറക്കുകയാണ് ചെയ്തിരുന്നത്. ഭൂപരിഷ്‌കരണം വന്നപ്പോൾ രേഖയില്ലാത്ത ഭൂമിയെല്ലാം പിടിച്ചെടുത്തു. ആദിവാസികളുടെ ഭൂമിക്ക് ഒന്നിനും രേഖയില്ലാത്തതിനാൽ അതു മൊത്തം മിച്ചഭൂമി എന്ന നിലയിൽ പിടിച്ച് പോവുകയാണ് ചെയ്തത്. ആദിവാസിക്ക് അത് ഗുണം ചെയ്തില്ലെന്ന് മാത്രമല്ല അത് വളരെയധികം ദോഷം ചെയ്യുകയും ചെയ്തു. അവരെ ഭൂരഹിതരാക്കി മാറ്റിയത് തന്നെ ഭൂപരിഷ്‌കരണ നിയമമാണ്. 

പാരമ്പര്യമായിട്ട് ഉണ്ടായിരുന്ന ഭൂമിക്ക് ആദിവാസികൾക്ക് രേഖകൾ ഉണ്ടായിരുന്നില്ല. ആദിവാസികൾ കൃഷി ചെയ്തിരുന്ന ഭൂമി മറ്റുളളവർ കൈയേറിയ സമയത്തും കൈയേറരുത് എന്നാവശ്യപ്പെട്ട സമയത്തും നിങ്ങൾ രേഖ കാണിക്കൂ എന്നാണ് ആവശ്യപ്പെട്ടത്. ആദിവാസികളുടെ കൈയിൽ രേഖകളൊന്നും ഉണ്ടായിരുന്നില്ല. രേഖകൾ ഇല്ലാതായപ്പോൾ കൈയേറ്റം നടത്തിയത് അവരുടെ തന്നെ ഭൂമിയാണ് എന്ന മട്ടിൽ കൈയേറ്റക്കാർക്ക് പട്ടയം കൊടുക്കുകയാണ് സർക്കാർ ചെയ്തത്. ഭൂപരിഷ്‌കരണത്തിലൂടെ മിച്ചഭൂമി എന്ന നിലയിൽ ആദിവാസികളുടെ ഭൂമി പിടിച്ചെടുത്തു. ആദിവാസികളുടെ ഭൂമി മറ്റുളളവർ കൈയേറിയപ്പോൾ അത് കൈയേറ്റക്കാരുടെ ഭൂമി എന്നുപറഞ്ഞ് അവർക്ക് പട്ടയം കൊടുത്തു. അങ്ങനെ പൂർണമായിട്ടും ആദിവാസികളെ ഭൂരഹിതരാക്കി മാറ്റി. ഭൂപരിഷ്‌കരണത്തിലൂടെയാണ് കോളനിവത്ക്കരണം കൊണ്ടുവരുന്നതും..നാലു സെന്റ് കോളനി. വിശാലമായ ഭൂമി ഉണ്ടായിരുന്നവരുടെ കൈയിൽനിന്ന് ഭൂമി പിടിച്ചെടുത്തിട്ട് നാലു സെന്റ് ഭൂമി കോളനിയിലാക്കി കോളനിവത്കരണത്തിലേക്ക് ഒതുക്കുകയാണ് ചെയ്തത്. 

ഭൂപരിഷ്‌കരണത്തിലൂടെ ആദിവാസികളുടെ കൃഷിയും ജീവിതവും ഇല്ലാതായി എന്നാണോ? 

ഭൂമി മൊത്തം പിടിച്ചെടുത്തതോടെ പാരമ്പര്യമായിട്ടുളള കൃഷി അവർക്ക് ഇറക്കാൻ സാധിക്കാതെ വന്നു. പാരമ്പര്യമായിട്ടുളള കൃഷിയായിരുന്നു ആദിവാസികൾ ചെയ്തിരുന്നത്. ചോളം, തിന, ചാമ എന്നിങ്ങനെയുളള ധാന്യങ്ങളും മത്തങ്ങ, കുമ്പളങ്ങ, ചുരങ്ങ പച്ചക്കറികളുമാണ് ആദിവാസികൾ അവരുടെ ഉപജീവനമാർഗത്തിനായി കൃഷി ചെയ്തിരുന്നത്. ഭൂമി പിടിച്ചെടുത്തതോടെ ആദിവാസികൾക്ക് ഭൂമി ഇല്ലാതായി, കൃഷി ഇല്ലാതായി, ആരോഗ്യം ഇല്ലാതായി വംശം തന്നെ ഇല്ലാതാകുന്നതിലേക്കാണ് അതെത്തിക്കുന്നത്. മൊത്തത്തിൽ ആദിവാസികളെ ഉന്മൂലനം ചെയ്യുകയാണ് ഉണ്ടായത്. നിയമം ആദിവാസികൾക്ക് ഉപകരിച്ചത് അങ്ങനെയാണ്. ആദിവാസികളെ നശിപ്പിക്കുകയാണ് ചെയ്തത്. 

ആദിവാസികളുടെ ഭൂമി പ്രശ്‌നത്തെ പൊതുജനമധ്യത്തിലേക്കെത്തിച്ച സമരമായിരുന്നു മുത്തങ്ങ ഭൂസമരം. 637 കുടുംബങ്ങളാണ് അന്ന് സമരത്തിൽ പങ്കെടുത്തത്. 19 വർഷങ്ങൾ പിന്നിട്ടുകഴിഞ്ഞു. സമരം ചെയ്ത എത്ര കുടുംബങ്ങൾക്ക് ഇന്ന് ഭൂമി ലഭിച്ചു? 

ഒരു തുണ്ട് ഭൂമി പോലുമില്ലാത്തവർക്ക് പ്രഥമ പരിഗണന എന്ന നിലയിൽ 280 കുടുംബത്തെയാണ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തത്. അവർക്കു പോലും ശരിക്ക് ഭൂമി ലഭിച്ചിട്ടില്ല. ടൗണിലും മറ്റും മേളകൾ നടത്തി ഇവർക്ക് കൈവശ രേഖകൾ നൽകി. പക്ഷേ, ഇവിടെയാണ് ഭൂമി, നിങ്ങളുടെ പ്ലോട്ട് നമ്പർ ഇത്രയാണ് എന്ന് ഇതുവരെ അവർക്ക് കാണിച്ചുകൊടുത്തിട്ടില്ല. ആ കുടുംബങ്ങൾ ഇപ്പോഴും കോളനികളിൽ തന്നെ തുടരുകയാണ്. 280 കുടുംബത്തിന് കൃത്യമായി ഭൂമി കൊടുത്ത് ഇതാണ് അവരുടെ പ്ലോട്ട് എന്ന് കാണിച്ചുകൊടുക്കുന്ന നടപടികൾ ഉണ്ടാകണമല്ലോ. ഇതാണ് ഭൂമി എന്നുപറയാതെ ആദിവാസി എങ്ങനെ അറിയാനാണ്. സർക്കാർ ഇതുവരെ അത് ചെയ്തുകൊടുത്തിട്ടില്ല. 

2002-ൽ വിതരണം ചെയ്തതാണ് ഇടുക്കി ജില്ലയിലെ ചിന്നക്കനാലിലെ ഭൂമി. അവിടെയും ഇതുവരെ പ്ലോട്ട് കാണിച്ചിട്ടില്ല. അതു മുഴുവൻ ആദിവാസികളുടെ കൈയിൽനിന്ന് തിരിച്ച് റിസോർട്ട് മാഫിയക്ക് കൊടുത്തു കൊണ്ടിരിക്കുന്ന പണിയാണ്. 2001-ലെ കുടിൽകെട്ടൽ സമരത്തിന്റെ വ്യവസ്ഥയനുസരിച്ച് 2002-ലാണ് ഭൂമി വിതരണം ചെയ്തത്. അവിടെ ഇതുവരെ ആളുകൾക്ക് പ്ലോട്ട് കാണിച്ചുകൊടുത്തിട്ടില്ല. ആ ഭൂമിയിൽ റിസോർട്ട് മാഫിയകൾ കൈയേറ്റം നടത്തുമ്പോൾ അതിന് റെക്കോഡ് കൊടുക്കുന്ന പണിയാണ് സർക്കാർ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്. ഇതു ചൂണ്ടിക്കാണിച്ച് എത്രയോ തവണ സമരങ്ങൾ നടത്തി. എത്രയോ ആളുകൾ കളക്ടറേറ്റ് ധർണ, വില്ലേജ് ഓഫീസ് ധർണ ഇതെല്ലാം നടത്തി. അപ്പോഴെല്ലാം ചെയ്തു തരാം എന്നു പറയും പിന്നെ ആ വഴിക്ക് വരില്ല. കൈവശ രേഖ കിട്ടിയാൽ ഏതാണ് ഭൂമി എന്നറിയണ്ടേ. എവിടെയാണ് അവരുടെ പ്ലോട്ട് എന്നറിഞ്ഞാലല്ലേ അവിടെ വീടുവെക്കാനും കൃഷി ആരംഭിക്കാനും സാധിക്കൂ.

മുത്തങ്ങ ഭൂസമരത്തിൽ ജോഗി എന്നയാൾ കൊല്ലപ്പെട്ടിരുന്നല്ലോ അദ്ദേഹത്തിന്റെ വീട്ടുകാർക്കോ? 

ജോഗി അണ്ണന്റെ കുടുംബത്തിനും ഭൂമി കിട്ടിയിട്ടില്ല. മകൾ സീതയ്ക്ക് വില്ലേജ് ഓഫീസിൽ ജോലി ലഭിച്ചു. അതാണ് ആകെ ചെയ്തത്. അവർക്ക് ഇപ്പോഴും ഭൂമി കൊടുത്തിട്ടിവല്ല. അവർ പഴയ കോളനിയിൽ തന്നെയാണ് നിൽക്കുന്നത്. 

അനുവദിക്കപ്പെടുന്ന ഭൂമി പലപ്പോഴും ജനവാസയോഗ്യമല്ലെന്ന ആരോപണങ്ങൾ ഉയരാറുണ്ടല്ലോ? 

ചില മേഖലകളിൽ ഒരു കുന്ന് മുഴുവനായി കുറേ പേർക്ക് അനുവദിച്ചുകൊടുക്കും. അങ്ങനെയാണെങ്കിൽ കൂടി ഇതിനു പിറകേ ഒരു പുനരധിവാസ പാക്കേജ് കൂടി നടപ്പാക്കണം. അതായത് ഒരു കുന്ന് പൂർണമായിട്ട് കൊടുക്കുകയാണെങ്കിൽ അതിലേക്ക് റോഡ് വെട്ടണം. വൈദ്യുതി എത്തിക്കണം. വെളളം എത്തിക്കണം.. ഫോളോഅപ്പായിട്ട് ഒരു പുനരധിവാസ പാക്കേജ് ചെയ്താൽ മതിയല്ലോ. ഒരു കുന്നിന്റെ മണ്ടയിൽ ഇവിടെയാണ് ഭൂമി എന്നുകാണിച്ചാൽ അവിടെ പോകാൻ വഴിയില്ല, വെളളമില്ല, വൈദ്യുതിയില്ല എന്നുകണ്ടാൽ ആളുകൾ പോകില്ലല്ലോ. ശരിക്കും പറഞ്ഞാൽ കൊടുത്തു എന്ന പേരും അത് തിരിച്ചുപിടിക്കലുമാണ് നടക്കുന്നതും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതും.

കണ്ണൂർ ആറളം ഫാം വൻദുരിതമാണ്. അതിന്റെ പേരുമാറ്റി ആന ഫാം എന്ന് ഇടുന്നതാണ് ഉചിതം. പതിനാറോളം പേരെയാണ് ആനകൾ കൊന്നത്. അതിന് എന്തു നടപടിയാണ് എടുക്കുന്നത്?  രാത്രിയോ പകലോ ആളുകൾക്ക് വീടിന് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതിയായി. അങ്ങനെ ഓരോ സ്ഥലത്തും ആദിവാസികൾക്ക് ഭൂമി കൊടുത്തു എന്ന വലിയ വാർത്തയുണ്ടാക്കി പത്രത്തിലും ടിവിയിലും എല്ലാം വന്ന ശേഷം അതിന്റെ പേര് പറഞ്ഞാണ് പിന്നെ അവർ ആളുകളെ സമീപിക്കുന്നത്. ഭൂമി കൊടുത്ത ആളുകൾക്ക് എത്രമാത്രം വാസയോഗ്യമായിട്ടുളള സൗകര്യമായിട്ടുണ്ട് എന്ന് ചിന്തിക്കുകയോ പറയുകയോ ചെയ്തിട്ടുളളതായി കേട്ടിട്ടില്ല. 

കൂലിപ്പണി എടുത്ത് കഴിയുന്ന ആദിവാസികൾക്ക് കുന്നിന്റെ മണ്ടയിൽ ഭൂമി കൊടുത്താൽ അവിടെ സ്ഥിരതാമസമാകുമ്പോൾ നിത്യവും ഭക്ഷണം കഴിക്കാനുളള വിഭവങ്ങൾ അവർക്ക് കിട്ടണ്ടേ. അത് കിട്ടണമെങ്കിൽ അവർ കൂലിപ്പണിക്ക് പോകണം. അവിടെ വഴി സൗകര്യങ്ങളും മറ്റും ഇല്ലാത്തതുകൊണ്ട് പോക്കുവരവ് ബുദ്ധിമുട്ടായിരിക്കും. സ്വാഭാവികമായും അവർ ആദ്യം എവിടെയാണോ താമസിച്ചിരുന്നത് അത് കോളനികളിലും ചേരികളിലുമാണെങ്കിലും അവർ അവിടെത്തന്നെ നിൽക്കും. അതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. 

ഭൂമിക്ക് വേണ്ടി ആദിവാസികൾ ആദ്യം നടത്തിയ സമരമെന്നാണല്ലോ മുത്തങ്ങ ഭൂസമരത്തെ വിശേഷിപ്പിക്കുന്നത്? സി.കെ. ജാനുവെന്ന ആദിവാസി നേതാവിന്റെ ഉദയവും അവിടെ നിന്നായിരുന്നു?

ഞാൻ 1989 തൊട്ട് മുതൽ സമരരംഗത്തുണ്ട്. 89-ലാണ് എന്റെ ആദ്യ ഭൂസമരം നടക്കുന്നത്. ഞാൻ താമസിച്ചിരുന്ന പ്രദേശത്ത് അടിയാന്മാർ മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ എല്ലാവരും അത്യാവശ്യം ഭൂമി ഉളളവരാണ്. ഞങ്ങളുടെ തറവാട് വക ഒരേക്കർ 25 സെന്റ് സ്ഥലം ഉണ്ട്, പട്ടയം ഉളളത്. ബാക്കിയുളളവർക്കും അതുപോലെയൊക്കെത്തന്നെയാണ്. പക്ഷേ, ഞാൻ നിരന്തരമായി കോളനികളിൽ സമ്പർക്ക പരിപാടികൾ നടത്തിയിരുന്നു. അതിലൂടെയാണ് ആദിവാസികളുടെ ഭൂരാഹിത്യം എന്ന പ്രശ്‌നം ഞാൻ അറിയുന്നത്. ഓരോ കോളനിയിലുണ്ടാകുന്ന പ്രശ്‌നങ്ങളിലും ഇടപെട്ട് അതിനെ കുറിച്ച് അന്വേഷിച്ച്, ചർച്ച ചെയ്ത് വന്നെത്തി നിൽക്കുന്നത് ഭൂമിയിലാണ്. ഭൂരാഹിത്യത്തിൽ നിന്നാണ് മൊത്തം പ്രശ്‌നങ്ങളും ഉണ്ടാകുന്നത്. ആത്മഹത്യ, കളളുകുടി, വഴക്ക്, കുടുംബം തെറ്റിപിരിയുന്നത് തുടങ്ങി എല്ലാത്തിന്റെയും അടിസ്ഥാനകാരണം ഭൂരാഹിത്യമാണ്. ആ പ്രശ്‌നം പരിഹരിച്ചാലേ വഴക്കും ആത്മഹത്യയും മദ്യപാനവും നിർത്താൻ സാധിക്കൂ. 

അങ്ങനെയാണ് ഞാൻ ഭൂസമരത്തിലേക്ക് ഇറങ്ങുന്നത്. ആദ്യഭൂസമരം വെളളമുണ്ട പഞ്ചായത്തിൽ കോളിച്ചംപാളി എന്ന സ്ഥലത്താണ്് നടത്തുന്നത്. പണിയ സമുദായത്തിലുളളവരായിരുന്നു അവർ. മൂന്നു ചെറിയ കുടിലിനകത്ത് 26 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. മക്കളും മക്കളുടെ മക്കളും വിവാഹമെല്ലാം കഴിക്കുമ്പോൾ ഓരോ കുടുംബമായി മാറുകയാണല്ലോ. അങ്ങനെ മൂന്നു കുടിലിനകത്ത് 26 കുടുംബം. ഒരു ദിവസം ഞാൻ അവരുടെ കുടിലിൽ താമസിച്ചു. അവർ കഴിക്കുന്ന ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിഞ്ഞ് കിടക്കാൻ നേരമായപ്പോൾ സ്ഥലമില്ല. കുന്തൻകാലിൽ കുത്തിയിരുന്ന് നേരം വെളുപ്പിച്ചു. അന്ന് കർക്കിടക മാസത്തിൽ നല്ല മഴയുളള ദിവസമായിരുന്നു. തണുപ്പിൽ കുത്തിയിരുന്നിട്ട് പിറ്റേന്ന് കാൽ നിവർത്താൻ ആകുന്നില്ല. ഞാൻ ഒരു ദിവസം നിന്നപ്പോഴുളള എന്റെ അനുഭവമാണ് ഇത്. കാലങ്ങളായി ഇവർ അനുഭവിക്കുന്നതല്ലേ ഇത്. അങ്ങനെയാണ് അവരെ കൂട്ടി 89-ൽ ഒരേക്കറോളം വരുന്ന മിച്ചഭൂമിയിൽ കയറി കുടിൽ വെക്കുന്നത്. പത്തു കുടുംബങ്ങളാണ്  ആദ്യം കയറി കുടിൽ വെക്കുന്നത്. ഒരു കുടുംബത്തിന് പത്തു സെന്റ് വെച്ച് ഭൂമി കിട്ടി. അങ്ങനെ ഭൂമി കിട്ടിയവർ അതിൽ നിന്ന് അഞ്ചു സെന്റ് വീതം ഒട്ടും ഭൂമി ലഭിക്കാത്ത കുടുംബങ്ങൾക്ക് കൈമാറി. അങ്ങനെ അവിടെ 20 കുടുംബത്തെ താമസിപ്പിച്ചു. അതിനു ശേഷമാണ് പിന്നീട് ഭൂസമരത്തിലേക്ക് വ്യാപകമായി വന്നത്. 

വയനാട് ജില്ല കേന്ദ്രീകരിച്ചു കൊണ്ടായിരുന്നു സമരം. വയനാട് ജില്ലയിൽ ഞാൻ പോകാത്ത ആദിവാസി കോളനികൾ ഇല്ല. എല്ലാ ആദിവാസി കോളനികളിലും പോയിട്ടുണ്ട്. അവിടെ ചർച്ച ചെയ്യുന്നത് അതേ കോളനിയിലുളള പത്തു വീട്ടുകാരുടെ പ്രശ്‌നങ്ങൾ തന്നെയാണ് ചെയ്യുന്നത്. പല കോളനികളിലും അവർ പരസ്പരം മിണ്ടില്ല, ഒരുമിച്ച് കൂടില്ല. അതിന്റെയെല്ലാം കാരണങ്ങൾ അന്വേഷിച്ചാണ് അവിടെ ചെല്ലുന്നത്. ചില കാരണങ്ങൾ കേട്ടാൽ വളരെ ചെറുതാണ് എന്നുതോന്നും. ഒരിടത്ത് ഒരു വല്യമ്മ മുറുക്കി തുപ്പിയപ്പോൾ അപ്പുറത്തുളള വീട്ടിലെ തിണ്ണയിലേക്ക് തുപ്പൽ തെറിച്ചു. അങ്ങനെ ആ രണ്ടു വീട്ടുകാരും തമ്മിൽ വഴക്കായി. മറ്റൊന്ന് പാത്രം കഴുകിയ വെളളം മറിച്ചപ്പോൾ അടുത്ത വീട്ടിലെ വീടിന്റെ ഭിത്തിയിലായി. ആ സമയത്ത് ഭിത്തിയില്ലല്ലോ. മുള കൊണ്ടുണ്ടാക്കുന്ന മൊഡലകൾ ഒക്കെയല്ലേ. ഭിത്തി അല്ലാത്തതുകൊണ്ട് മുളയിൽ മണ്ണെറിഞ്ഞ് പിടിപ്പിച്ചിരിക്കുകയാണ്.നനവ് തെറിച്ചാൽ മണ്ണ് ഊർന്ന് താഴെ പോകും. വെളളം തട്ടി ഭിത്തി നനഞ്ഞു. അതിന്റെ പേരിലാണ് വഴക്ക്. ഒരിക്കൽ മഴയത്ത് കുട്ടികൾ ഓടി അടുത്ത വീട്ടിലെ കോലായിൽ കയറിയപ്പോൾ കാലിലെ മണ്ണും ചെളിയും അവിടെ തെറിച്ചു. അതിന്റെ പേരിലായിരുന്നു വഴക്ക്. ഭാര്യക്കും ഭർത്താവിനും ഒന്നിച്ചിരിക്കാൻ സ്വകാര്യമായ സ്ഥലമില്ല. അത് പിന്നീട് അവർ തമ്മിലുളള വഴക്കിലേക്കും മദ്യപാനത്തിലേക്കും ആത്മഹത്യയിലേക്കുമെല്ലാം എത്തിക്കുന്നു. ചുരുക്കത്തിൽ അടിസ്ഥാന പ്രശ്‌നം നേരത്തേ സൂചിപ്പിച്ചില്ലേ ഭൂരാഹിത്യം. തുടക്കത്തിൽ വില്ലേജുകൾ, കളക്ടറേറ്റ് എന്നിവിടങ്ങളിൽ ധർണ നടത്തി. അതുകഴിഞ്ഞ് ഒരു ഇടപെടലും നടത്താത്തപ്പോഴാണ് ഭൂസമരത്തിലേക്ക് പോയത്. തുടക്കത്തിൽ ചെറിയ ചെറിയ സമര രീതികളായിരുന്നു. അതുചെയ്തുചെയ്താണ് അവസാനം കുടിൽ കെട്ടൽ സമരത്തിലേക്ക് കടക്കുന്നത്. 

അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നതിനുളള ഒരു തുടക്കമായിരുന്നു മുത്തങ്ങ ഭൂസമരം 

എന്റെ അഭിപ്രായത്തിൽ നൂറു ശതമാനം വിജയിച്ച സമരമാണ് മുത്തങ്ങ ഭൂസമരം. നമ്മളെ സംരക്ഷിക്കാൻ ആരുമില്ല, നമ്മളെ സംരക്ഷിക്കാൻ നമ്മളേ ഉളളൂ എന്ന വലിയ തിരിച്ചറിവ് ആളുകളുടെ ഇടയിൽ ഉണ്ടാകുന്നത് അതിനു ശേഷമാണ്. രാഷ്ട്രീയമായ തിരിച്ചറിവ് ആളുകളുടെ ഇടയിൽ ഉണ്ടാക്കിയത് മുത്തങ്ങ സമരമാണ്. ഭൂമി നമ്മുടെ ജന്മാവകാശമാണ്, അത് നമുക്ക് അവകാശപ്പെട്ടതാണ്, അത് നമുക്ക് നേടിയെടുക്കാം എന്ന് മനസ്സിനെ ധരിപ്പിക്കുന്നത് മുത്തങ്ങ സമരമാണ്. അതിനു ശേഷമാണല്ലോ കുടിൽകെട്ടൽ സമരങ്ങൾ ഉണ്ടാകുന്നത്. ഈ സമരം ജനങ്ങൾക്ക് വലിയ ആത്മവിശ്വാസവും ആത്മാഭിമാനവുമാണ് കൊടുത്തത്. ആദിവാസികളുടെ ഇടയിലും ദളിതരുടെ ഇടയിലും അങ്ങനെ തന്നെയാണ്. കണ്ടിട്ടില്ലേ അതിനു ശേഷം ഓരോ പാർട്ടിക്കാരും അവരുടെ ആൾക്കാരെ കുടിൽകെട്ടൽ സമരത്തിലേക്ക് കൊണ്ടുപോയത്. അവരൊക്കെ മുദ്രാവാക്യം ഏറ്റെടുക്കുന്ന പണിയാണല്ലോ ചെയ്തത്. അതിനെ അവഗണിച്ച് പോകാൻ കഴിയാതെ ആയി. പാർട്ടിക്കാരടക്കം മുദ്രാവാക്യം ഏറ്റെടുക്കുകയും നിലപാട് എടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആ രീതിയിൽ നോക്കുമ്പോൾ ഈ സമരം രാഷ്ട്രീയമായി വിജയമാണ്. ആദിവാസികൾ എപ്പോഴും വോട്ടുകുത്തികളും ജാഥ തൊഴിലാളികളും പോസ്റ്ററൊട്ടിക്കുന്ന ആളുകളുമല്ലേ. അതിനപ്പുറത്തേക്ക് അവരെ കണ്ടിട്ടില്ലല്ലോ.അതിനപ്പുറത്തേക്ക് ജാതിസംഘടനയുണ്ടാക്കി പാർട്ടിയുടെ കൂടെ നിർത്താനെങ്കിലും അവർ നിർബന്ധിതരായല്ലോ. 

കമ്യൂണിസ്റ്റ് പാർട്ടിയെല്ലാം ജാതി സംഘടനയുണ്ടാക്കി അവരുടെ കടയ്ക്കൽ അവർ തന്നെ കോടാലി വെച്ചു. ജാതയില്ല മതമില്ല ദൈവമില്ല ആകെ രണ്ടു വർഗമേയുളളൂ അത് മുതലാള വർഗവും തൊഴിലാളി വർഗവുമാണ് എന്നുപറഞ്ഞ പ്രസ്ഥാനത്തിന്റെ ആളുകൾ ജാതി സംഘടനയുണ്ടാക്കി കൂട്ടത്തിൽ നിർത്തണം എന്നുപറയുമ്പോൾ അവരുടെ പാർട്ടി പാപ്പരത്തമല്ലേ കാണിക്കുന്നത്. അത് ചെയ്തില്ലെങ്കിൽ അവർക്ക് നിലനിൽപ്പില്ലെന്ന് അവർ തിരിച്ചറിഞ്ഞല്ലോ. അപ്പോൾ പാർട്ടിക്കാരടക്കം അവരുടെ മുദ്രാവാക്യം ഏറ്റെടുപ്പിക്കുകയും നിലപാട് എടുപ്പിക്കുകയും ചെയ്തിട്ടുണ്ടല്ലോ. ആ രീതിയിൽ രാഷ്ട്രീയപരമായി ആ സമരം വലിയ വിജയമാണ്. 

ഇന്നത്തെ സാഹചര്യത്തിൽ ഭൂസമരങ്ങളുടെ പ്രസക്തി എന്താണ്? 

ഭൂസമരത്തിന് ഇപ്പോഴും നൂറു ശതമാനം പ്രസക്തി നിലനിൽക്കുന്നുണ്ട്. സമരം വന്നു മീഡിയ വഴി ഇത് വാർത്തയായി എന്നതിന് അപ്പുറത്തേക്ക് മറ്റൊന്നും പ്രായോഗികമായിട്ടില്ലല്ലോ. പ്രായോഗിക പരിഹാരം ഉണ്ടായാലേ പ്രശ്‌നത്തിന് പരിഹാരമാകൂ. വാർത്തകൾ പത്രത്തിലും മീഡിയയിലും ടിവിയിലുമെല്ലാം വന്നതിനാൽ പ്രശ്‌നമുണ്ടെന്ന് ജനങ്ങൾ അറിഞ്ഞു. പക്ഷേ അതിനപ്പുറത്തേക്ക് ജനത്തിന് പരിഹാരത്തിനുളള പ്രായോഗിക വഴികൾ ഭരണാധികാരികൾ സ്വീകരിച്ചിട്ടില്ല. സ്വീകരിച്ചിട്ടുളളത് എങ്ങുമെത്താതെ നിൽക്കുകയാണ്. 

കേരളത്തിൽ നിലനിൽക്കുന്ന സാമൂഹിക അസമത്വം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഭൂപരിഷ്‌കരണ നിയമം എന്ന വിപ്ലവകരമായ തീരുമാനമെടുത്തത് കമ്യൂണിസ്റ്റ് സർക്കാരാണ്. ആ ലക്ഷ്യത്തിലേക്കുളള അവരുടെ ചുവടുവെപ്പുകൾ പക്ഷേ കാര്യക്ഷമമായിരുന്നില്ല എന്നാണോ? 

ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂനിയമം ഭേദഗതി ചെയ്യാൻ നായനാർ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് ഇന്ത്യൻ പ്രസിഡന്റിനെ കാണാൻ പോയത്. അവർ തന്നെയാണ് 86ൽ ഭൂനിയമം ഭേദഗതി ചെയ്തത്. അഞ്ചേക്കർ ഭൂമി കൊടുക്കണം എന്ന വ്യവസ്ഥ ഉണ്ടാക്കിയത് ആദിവാസികളല്ല. 1957 ഇഎംഎസിന്റെ സർക്കാർ അധികാരത്തിൽ വന്നപ്പോൾ അന്നുണ്ടാക്കിയ പ്രോജക്ടാണ്. അതിൽ ആദ്യത്തേത് ചീങ്ങേരി പ്രൊജക്ടായിരുന്നു. ബത്തേരി താലൂക്കിലെ അമ്പലവയലിൽ ഉളളത്. അന്ന് കേരളസർക്കാരിന് കീഴിലെ ജില്ലയായിരുന്നില്ല വയനാട്. മദ്രാസ് സർക്കാരിന്റെ ജില്ലയായിരുന്നു. ഈ പ്രോജക്ട് ഉണ്ടാക്കി അതിന്റെ മുഴുവൻ കാര്യങ്ങൾ ചെയ്യുന്നത് അന്ന്കോഴിക്കോട് ജില്ലാകളക്ടറായിരുന്ന ആളാണ്. അതുപ്രകാരം ഒരു ആദിവാസി കുടുംബത്തിന് അഞ്ചേക്കർ ഭൂമി വെച്ച് പതിച്ചുപട്ടയം നൽകണം എന്നാണ്. അഞ്ചുവർഷം വരെ ആദിവാസികൾ അവിടെ തൊഴിലെടുത്തിട്ട് ആ പദ്ധതി പ്രദേശം മുഴുവൻ ആദായമായിക്കഴിയുമ്പോൾ ഒരു ആദിവാസി കുടുംബത്തിന് അഞ്ചേക്കർ വെച്ച് പട്ടയം കൊടുത്തിട്ട് സർക്കാർ ആദിവാസികളെ സംരക്ഷിക്കാൻ നിർത്തിയ താല്ക്കാലിക സൊസൈറ്റി പിരിച്ചുവിട്ട് അവർ പുറത്തുപോകണം എന്നാണ്. ആ വ്യവസ്ഥയിലാണ് ഈ അഞ്ചേക്കർ കൊണ്ടുവന്നത്. അത് നടപ്പാക്കണം എന്നാണ് നമ്മൾ പറഞ്ഞത്. അല്ലാതെ ആദിവാസിക്ക് അഞ്ചേക്കർ ഭൂമി നിയമം ഉണ്ടാക്കിയിട്ട് കൊടുക്കണം എന്ന് നമ്മൾ പറഞ്ഞിരുന്നില്ല. അവരുണ്ടാക്കിയ നിയമം നടപ്പിലാക്കണമെന്ന് മാത്രമേ നമ്മൾ ആവശ്യപ്പെട്ടിട്ടുളളൂ. ആദിവാസികൾക്കെവിടെ നിന്നാണ് അഞ്ചേക്കർ അത് ഉണ്ടാക്കാൻ പറ്റില്ലെന്ന് പിന്നീട് അവർ തന്നെ പറഞ്ഞു. ആദിവാസിയെ കബളിപ്പിക്കാൻ വേണ്ടി അഞ്ചേക്കർ എന്ന വ്യവസ്ഥയുണ്ടാക്കിയിട്ട് ആദിവാസികൾ അത് നടപ്പിലാക്കണം എന്നുപറഞ്ഞപ്പോൾ അത് പറ്റില്ലെന്ന് പറയുന്നത് അത് രാഷ്ട്രീയ ജന്മി മാടമ്പത്ത നയമാണ്. 

ഭൂപരിഷ്‌കരണ നിയമം കൊണ്ട് ഗുണമുണ്ടായത് കുടിയാന്മാർക്ക് മാത്രമാണെന്നാണോ താങ്കളുടേയും അഭിപ്രായം? 

ഭൂപരിഷ്‌കരണ നിയമം കുടിയാന്മാർക്ക് മാത്രമാണ് ഉപകാരപ്പെട്ടത്. കുടിയാന്മാരും പിന്നെ ജന്മികളായിട്ടുളള ആളുകലില്ലേ. ജന്മികൾ, അവർക്ക് വേണ്ടപ്പെട്ടവരെയെല്ലാം കുടുംബമാക്കി നിർത്തി അവർക്ക് ഇഷ്ടദാനം കൊടുത്തു. എന്നിട്ടും സ്ഥലം ബാക്കിയായപ്പോൾ പശുവിന്റെ പേര് പാർവതിയെന്നിട്ടും പട്ടിയുടെ പേര് ടോമിയെന്നുമിട്ട് നല്കി. അന്ന് ഭൂരഹിതരായിട്ടുളള ആദിവാസികളെയും ദളിതരെയും ഭൂപരിഷ്‌കരണത്തിന്റെ പരിധിയിൽ കൊണ്ടുവന്നിട്ടേയില്ല. അപ്പോഴും അയിത്തം കല്പിച്ച് അതിർവരമ്പാക്കി അവരെ അകറ്റി നിർത്തുകയാണ് ചെയ്തത്. കുടിയേറ്റക്കാരെ കയ്യേറ്റക്കാരെ നിർത്താൻ വേണ്ടി മാത്രമാണ് ഈ ഭൂപരിഷ്‌കരണത്തിലൂടെ അവർ ശ്രമിച്ചത്. 

ഭൂപരിഷ്‌കരണ നിയമം വന്നിട്ട് അരനൂറ്റാണ്ടിലേറെ നാം പിന്നിട്ടുകഴിഞ്ഞു. ഭൂരഹിതരും ഭവനരഹിതരും കേരളത്തിൽ ഇപ്പോഴുമുണ്ട്..ഒരു ഭൂരപരിഷ്‌കരണ നിയമത്തിന്റെ ആവശ്യകത എത്രത്തോളമാണ്?

രണ്ടാം ഭൂപരിഷ്‌കരണനിയമത്തിന്റെ നൂറുശതമാനം ആവശ്യതയും ഉണ്ട്. ഭൂരഹിതരായ മുഴുവൻ മനുഷ്യർക്കും കൊടുക്കാൻ ഭൂമി ഇല്ലാത്തതല്ലല്ലോ നമ്മുടെ പ്രശ്‌നം. ഭൂമി ഉണ്ടല്ലോ ഇവിടെ. രംഗനാഥ് മിശ്ര കമ്മിഷൻ, രാജമാണിക്യം കമ്മിഷൻ പതിനായിരക്കണക്കിന് ഹെക്ടർ ഭൂമികളാണല്ലോ ഓരോ സ്ഥലത്തും ഉളളത്. ടാറ്റയുടെ കൈയിലും ഹാരിസണിന്റെ കൈയിലുമായി ആയിരക്കണക്കിന് ഭൂമിയാണ് ഉളളത്. അമ്പത് ഏക്കർ പട്ടയത്തിന്റെ പേരിൽ അമ്പതിനായിരം ഏക്കർ ആണ് പിടിച്ചുവെച്ചിരിക്കുന്നത്. ഇതെല്ലാം തിരിച്ചെടുത്താൽ ഇവിടെയുളള ഭൂരഹിതരായിട്ടുളള മുഴുവൻ ആളുകൾക്കും ഭൂമി കൊടുക്കാം. ആദിവാസികൾക്ക് മാത്രമല്ല. 

മണ്ണിൽ പിറവിയെടുത്ത മനുഷ്യൻ മണ്ണിലല്ലാതെ വേറെ എവിടെയാണ് അവർ ജീവിക്കുക. ഭക്ഷണം വസ്ത്രം  പാർപ്പിടം ഇത് മൂന്നും മൗലിക അവകാശമാണ്. ഭൂമി മൗലിക അവകാശമാണ്. പ്രകൃതിയിൽ പിറവിയെടുക്കുന്ന എല്ലാവർക്കും ഭൂമിയിൽ അവകാശമുണ്ട്. മനുഷ്യർക്കും ജീവജാലങ്ങൾക്കും മൃഗങ്ങൾക്കും പുൽക്കൊടിക്കും പൂമ്പാറ്റയ്ക്കും പുഴുവിനുമെല്ലാം അവകാശമുണ്ട്. ഇതൊക്കെ ഈ പ്രകൃതിയിൽ ഉളളതാണ്. അവർക്കെല്ലാം അത് വേണം. എല്ലായിടത്തും ഭൂമിയുണ്ട്. അതെടുക്കാനുളള നട്ടെല്ലും ആർജവവും അധികാരത്തിൽ വരുന്ന ഇടതുപക്ഷത്തിനായാലും വലതുപക്ഷത്തിനായാലും ഇല്ല. 

1947-ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് നാളിതുവരേയ്ക്കും ഒരു ജനാധിപത്യ സർക്കാർ വന്നിട്ടില്ല. അതിനുപകരം ഏകാധിപത്യ- വൻകിട ഭൂമാഫിയകളുടെ ബിനാമികൾ മാത്രമേ കേരളത്തിൽ ഭരിച്ചിട്ടുളളൂ. ഹാരിസൺ, ടാറ്റ ഇങ്ങനെയുളള ആളുകളുടെ ബിനാമികളാണ് കേരളത്തിൽ ഭരണം നടത്തിയിട്ടുളളത്. ഇപ്പോഴും നടത്തുന്നത് ആ ബിനാമി തന്നെ. ഒരു ജനാധിപത്യ സർക്കാരോ കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. എല്ലാവരും ജനാധിപത്യത്തിന്റെ പേര് പറഞ്ഞ് ഏകാധിപത്യം നടപ്പിലാക്കും അതാണ് ചെയ്തുവരുന്നത്. യഥാർഥ ജനാധിപത്യം ഇവടെ പുലർന്നിട്ടില്ല. യഥാർഥ ജനാധിപത്യം പുലരുമ്പോൾ മാത്രമേ ഇത്തരം ആളുകൾ പരിഗണിക്കപ്പെടുകയുളളൂ. അല്ലാത്ത ഏകാധിപത്യം മാത്രം പുലരുമ്പോൾ ഈ ആളുകൾ അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. നൂറ്റാണ്ടുകളായി നടക്കുന്നത് അതാണ്. നടക്കാൻ പോകുന്നതും അതുതന്നെയാണ്.