ന്യൂഡൽഹി: കേരളത്തിൽ സോഷ്യലിസം അതിന്റെ പാരമ്യത്തിലാണെന്ന് സുപ്രീം കോടതിയുടെ പരിഹാസം. ഭൂപരിഷ്കരണ നിയമത്തിന്റെ വകുപ്പുപ്രകാരം സർക്കാർ കുടിയാന്മാരെന്നു കണക്കാക്കുന്നവരിൽ വൻകിട കോർപ്പറേറ്റുകളുമുണ്ടാകാമെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ പരാമർശം. കോർപ്പറേറ്റുകൾക്കുവേണ്ടി ഭൂപരിഷ്കരണനിയമം ദുരുപയോഗം ചെയ്യരുതെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് പറഞ്ഞു. പെട്രോൾ പമ്പിനായി ഇന്ത്യൻ ഓയിലിനു സ്ഥലം നൽകിയത് തിരിച്ചുനൽകണമെന്ന വിധിയുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതിയുടെ പരാമർശം.

To advertise here,

എറണാകുളത്തെ എളംകുളം വില്ലേജിൽ ഇന്ത്യൻ ഓയിലിനു പാട്ടത്തിനു നൽകിയ 20 സെൻറ് ഭൂമി തിരികെനൽകണമെന്നുകാട്ടി സ്ഥലമുടമ 1994-ലാണ് സ്യൂട്ട് ഫയൽ ചെയ്തത്. എന്നാൽ, ഇന്ത്യൻ ഓയിലിന് ഭൂപരിഷ്കരണ നിയമത്തിലെ 106-ാം വകുപ്പിന്റെ ആനുകൂല്യമുണ്ടെന്നു ചൂണ്ടിക്കാട്ടി ലാൻഡ് ട്രിബ്യൂണലും വിചാരണക്കോടതിയും ഹർജി തള്ളി. എന്നാൽ, ഭൂമി തിരികെനൽകാൻ ഹൈക്കോടതി വിധിച്ചതിനെതിരേ ഇന്ത്യൻ ഓയിൽ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിവിധി ശരിവെച്ച സുപ്രീംകോടതി, ഭൂമി ആറുമാസത്തിനകം ഉടമയ്ക്ക് തിരികെ നൽകണമെന്നു വ്യക്തമാക്കി.

കാർഷികാവശ്യത്തിനുപയോഗിച്ച ഭൂമിയാണെങ്കിൽ മനസ്സിലാക്കാമായിരുന്നു എന്നും ഇതെന്തു ഭൂപരിഷ്കരണമാണെന്നും സുപ്രീംകോടതി ചോദിച്ചു. വാണിജ്യ, വ്യവസായ ഭൂമിയിലെ വാടകക്കാർക്കു പരിരക്ഷ നൽകുന്ന ഭൂപരിഷ്കരണ നിയമത്തിലെ 106–ാം വകുപ്പ് ദുരുപയോഗം ചെയ്യുന്നതിനെയാണ് സുപ്രീംകോടതി വിമർശിച്ചത്. 1967-നു മുൻപ് അത്തരം ഭൂമിയിൽ കെട്ടിടം നിർമിച്ചവർക്ക് കുടിയിറക്കുന്നതിൽനിന്നു പരിരക്ഷ ലഭിക്കുന്നതാണ് 106–ാം വകുപ്പ്.