സ്വാതന്ത്ര്യസമര കാലം മുതല്‍ സ്ത്രീകളുടെ നിര്‍ണായക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ് ഇന്ത്യന്‍ രാഷ്ട്രീയം. 1946ല്‍ ഭരണഘടനാ നിര്‍മാണസഭ രൂപീകരിച്ചപ്പോള്‍ അമ്മു സ്വാമിനാഥന്‍, ദാക്ഷായണി വേലായുധന്‍, ബീഗം റസൂല്‍, ദുര്‍ഗാഭായ് ദേശ്മുഖ്, ഹന്‍സ മേത്ത, കമല ചൗധരി, ലീലാ റോയ്, മാലതി ചൗധരി, പൂര്‍ണിമ ബാനര്‍ജി, രാജ്കുമാരി അമൃത് കൗര്‍, രേണുക നായിഡു, ലക്ഷ്മി പണ്ഡിറ്റ്, ആനി മസ്‌ക്രീന്‍ എന്നിങ്ങനെ 15 വനിതാ അംഗങ്ങളുണ്ടായി. അതില്‍ രാജ്കുമാരി അമൃത് കൗര്‍ (1947ലും 51ലും) ബ്രിട്ടീഷ് സാമ്രാജ്യത്തിന് കീഴിലെ പുത്രികാ രാജ്യത്ത് പ്രഥമ ആരോഗ്യമന്ത്രിയായി. പിന്നാലെ 1952ല്‍ മരതകം ചന്ദ്രശേഖര്‍ ആരോഗ്യ സഹമന്ത്രി സ്ഥാനം വഹിച്ചു. 1962-67ലെ കേന്ദ്ര മന്ത്രിസഭയില്‍ ആഭ്യന്തര, സാമൂഹിക ക്ഷേമ സഹമന്ത്രിയായും മരതകം ചന്ദ്രശേഖര്‍ സാന്നിധ്യമറിയിച്ചു. 1966ല്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി മന്ത്രിസഭയില്‍ ഇന്ദിരാഗാന്ധിയും ലക്ഷ്മി എന്‍ മേനോനും വനിതാ പ്രതിനിധികളായുണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തരം ജവഹര്‍ലാല്‍ നെഹ്റു മുതല്‍ നരേന്ദ്ര മോദി വരെ രാജ്യത്ത് ഇതിനകം 14 പ്രധാനമന്ത്രിമാരുണ്ടായി. ഇവരില്‍ നെഹ്റു കുടുംബ പാരമ്പര്യത്തിന്റെ ബലത്തില്‍ ഇന്ദിരാഗാന്ധി വന്നതൊഴിച്ചാല്‍ മറ്റൊരു വനിതയും പ്രധാനമന്ത്രി പദത്തിലെത്തിയിട്ടില്ല. 14 രാഷ്ട്രപതിമാരില്‍ പ്രതിഭാ പാട്ടീല്‍ എന്ന ഏക വനിതയിലൊതുങ്ങി വനിതാ പ്രാതിനിധ്യം. എങ്കിലും ഭാവി തലമുറയ്ക്ക് വഴികാട്ടികളായി, കേന്ദ്ര മന്ത്രിസഭയിലും സംസ്ഥാന മന്ത്രിസഭയിലും അംഗങ്ങളായും മുഖ്യമന്ത്രിമാരായും സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവികളിലും പ്രാഗല്ഭ്യം തെളിയിച്ച വനിതകളുണ്ടായി. അവരുടെ രാഷ്ട്രീയ സവിശേഷതകളും പദ്ധതികളും പലപ്പോഴും അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും ഒരുപോലെ ഏറ്റുവാങ്ങിയെങ്കിലും ആ സംഭാവനകള്‍ അവഗണിക്കാവുന്നതായിരുന്നില്ല. വിവിധ പദവികള്‍ അലങ്കരിക്കാനും സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കാനും സാധിച്ച രാജ്യത്തെ വനിതകളെ അറിയാം.
പ്രതിഭാ പാട്ടീല്‍
രാജ്യത്തെ പ്രഥമ വനിതാ രാഷ്ട്രപതിയാണ് പ്രതിഭാ പാട്ടീല്‍. 1962ല്‍ ഇരുപത്തിയേഴാം വയസ്സിലായിരുന്നു പ്രതിഭ പാട്ടില്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. അതേവര്‍ഷം പ്രതിഭ ജല്‍ഗാവോണ്‍ നിയോജകമണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് എദ്ലാബാദില്‍ നിന്ന് നാലുതവണ തുടര്‍ച്ചയായി സഭയിലെത്തി. വസന്ത്ദാദാ പാട്ടില്‍, ബാബാസാഹിബ് ഭോസ്ലെ, എസ് ബി ചവാന്‍, ശരദ് പവാര്‍ എന്നിവരുടെ മന്ത്രിസഭകളില്‍ പ്രതിഭ മന്ത്രി പദം വഹിച്ചു. 2007 ജൂലൈ 25 നാണ് ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതിയായി സ്ഥാനമേറ്റത്. അഭിഭാഷക കൂടിയായ പ്രതിഭ രാഷ്ട്രപതി സ്ഥാനത്തെത്തുന്നതിനു മുന്‍പ് രാജസ്ഥാനിലെ ആദ്യ വനിതാ ഗവര്‍ണറായിരുന്നു. 1985ല്‍ രാജ്യസഭയിലെക്കും 1991ലെ പൊതുതിരഞ്ഞെടുപ്പില്‍ അമരാവതി മണ്ഡലത്തില്‍ നിന്ന ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1986 മുതല്‍ 1988 വരെ രാജ്യസഭാ ഉപാദ്ധ്യക്ഷയുമായിരുന്നു. 1967ല്‍ രണ്ടാം തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിഭ വസന്ത്‌റാവു നായിക്കിന്റെ മന്ത്രിസഭയില്‍ വിദ്യാഭ്യാസ സഹമന്ത്രിയായി. 1972-1978 കാലയളവില്‍ വിനോദസഞ്ചാരം, സാമൂഹിക ക്ഷേമം, ഭവനനിര്‍മാണം വകുപ്പുകളില്‍ കാബിനറ്റ് മന്ത്രിയായി. 1986 മുതല്‍ 1988 വരെ രാജ്യസഭാ ഉപാധ്യക്ഷയായിരുന്നു.
ഇന്ദിരാഗാന്ധി
ഇന്ത്യയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏക വനിതാ പ്രധാനമന്ത്രിയാണ് ഇന്ദിരാഗാന്ധി. പിതാവായ ജവഹര്‍ലാല്‍ നെഹ്രുവിന് ശേഷം ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തി കൂടിയാണ്. 1966-77 കാലഘട്ടത്തിലും, പിന്നീട് 1980 മുതല്‍ മരണം വരെയും ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചു. രാഷ്ട്രീയ പാരമ്പര്യമുള്ള നെഹ്‌റു കുടുംബത്തില്‍ നിന്ന് വന്ന അവര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷയായിരിക്കെയാണ് പ്രധാനമന്ത്രി പദത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1964ല്‍ നെഹ്രുവിന്റെ മരണത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയായ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മന്ത്രിസഭയില്‍ വാര്‍ത്താവിതരണപ്രക്ഷേപണ വകുപ്പ് മന്ത്രിയായി. ലാല്‍ ബഹാദൂര്‍ ശാസ്ത്രിക്ക് ശേഷം ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.1955ല്‍ ഇന്ദിര കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗവും കേന്ദ്ര തിരഞ്ഞെടുപ്പു സമിതിയംഗവുമായി. എ.ഐ.സി.സിയുടെ ദേശീയോദ്ഗ്രഥന കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍, ഓള്‍ ഇന്ത്യ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, എ.ഐ.സി.സി. വനിതാവിഭാഗം പ്രസിഡന്റ് പദവികള്‍ വഹിച്ചിട്ടുണ്ട്. 1959 മുതല്‍ 1960 വരെയും പിന്നീട് 1978 ജനുവരി മുതലും അവര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. 1964 മുതല്‍ 1966 വരെ വാര്‍ത്താവിതരണ, പ്രക്ഷേപണ വകുപ്പു മന്ത്രിയായി. 1967 സെപ്റ്റംബര്‍ മുതല്‍ 1977 മാര്‍ച്ച് വരെ ആണവോര്‍ജ വകുപ്പും കൈകാര്യം ചെയ്തു. 1967 സെപ്റ്റംബര്‍ അഞ്ചു മുതല്‍ 1969 ഫെബ്രുവരി 14 വരെ വിദേശകാര്യ വകുപ്പിന്റെ അധികച്ചുമതല വഹിച്ചു. 1970 ജൂണ്‍ മുതല്‍ 1973 നവംബര്‍ വരെ ആഭ്യന്തരവകുപ്പും കൈകാര്യം ചെയ്തത് ഗാന്ധിയായിരുന്നു. 1972 ജൂണ്‍ മുതല്‍ 1977 മാര്‍ച്ച് വരെ ബഹിരാകാശവകുപ്പിന്റെ ചുമതലയും വഹിച്ചു. 1980 ജനുവരി മുതല്‍ ആസൂത്രണ കമ്മീഷന്‍ അധ്യക്ഷയായും പ്രവര്‍ത്തിച്ചു. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ നടപടിയുടെ പിന്നാലെ 31ന് ഒക്ടോബര്‍ 1984ന് സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റായിരുന്നു ഇന്ദിരാ ഗാന്ധിയുടെ ദാരുണാന്ത്യം.
നിര്‍മ്മല സീതാരാമന്‍
കേന്ദ്ര ധനമന്ത്രിയാണ്. നേരത്തെ പ്രതിരോധവകുപ്പും കൈകാര്യം ചെയ്തു. ഇന്ദിരാഗാന്ധിക്കുശേഷം ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യ വനിതയാണ്. മോദി മന്ത്രിസഭയിലെ ശക്തമായ സ്ത്രീ സാന്നിധ്യം, ഇന്ദിരാഗാന്ധിയ്ക്കുശേഷം പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിച്ച വനിത, നിര്‍മ്മല സീതാരാമന് വിശേഷണങ്ങള്‍ നിരവധിയാണ്. ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ധനമന്ത്രിയാണ് നിര്‍മ്മല സീതാരാമന്‍. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി 1970-71 കാലഘട്ടത്തില്‍ ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്തിരുന്നു. ഇന്ദിരാഗാന്ധിയ്ക്ക് ശേഷം പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്ത വനിത കൂടിയാണ് നിര്‍മ്മല സീതാരാമന്‍. ഒന്നാം മോദി മന്ത്രിസഭയില്‍ 2017 സെപ്തംബറിലണ് ഇന്ത്യയുടെ മുഴുസമയ പ്രതിരോധമന്ത്രിയായിരുന്നത്. 2014 മേയ് 26ന് മോദി മന്ത്രിസഭയില്‍ അംഗമായ നിര്‍മ്മല സീതാരാമന്‍ വാണിജ്യ വ്യവസായ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിനൊപ്പം ധനകാര്യം, കോര്‍പ്പറേറ്റ് കാര്യം എന്നീ വകുപ്പുകളുടെ ചുമതലയും സീതാരാമന് ഉണ്ടായിരുന്നു. 1959 ആഗസ്ത് 18 ന് തമിഴ്നാട്ടിലെ മധുരയിലാണ് നിര്‍മ്മല സീതാരാമന്‍ ജനിച്ചത്. തിരുച്ചിറപ്പള്ളിയിലെ സീതാലക്ഷ്മി രാമസ്വാമി കോളേജില്‍ നിന്നാണ് ബിരുദം നേടിയത്. പിന്നീടുള്ള പഠനം ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയില്‍ (ജെഎന്‍യു) ആയിരുന്നു. ഇവിടെ നിന്ന് എം.ഫില്ലും നേടി.വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് 2003 മുതല്‍ 2005 വരെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായും നിര്‍മ്മല സീതാരാമന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് 2006ല്‍ ആണ് ബി.ജെ.പിയില്‍ ചേരുന്നതും പാര്‍ട്ടിയുടെ ദേശീയ വക്താവായി മാറിയതും. 2016 മുതല്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയില്‍ നിര്‍മ്മല സീതാരാമന്‍ അംഗമായിരുന്നു. ഹൈദരാബാദിലെ പ്രണവ സ്‌ക്കൂളിലെ ഡയറക്ടറായും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്
സുഷമ സ്വരാജ്
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയാണ് ബി.ജെ.പി നേതാവ് കൂടിയായ സുഷമ സ്വരാജ്. ഒപ്പം ഇന്ത്യയിലെ ആദ്യത്തെ മുഴുവന്‍ സമയ വനിതാ വിദേശകാര്യമന്ത്രിയും. ആദ്യമായി വിദേശകാര്യമന്ത്രാലയത്തിന്റെ ചുമതല വഹിച്ചത് ഇന്ദിരാഗാന്ധിയാണ്. 1977ല്‍ ഹരിയാനയില്‍ മന്ത്രിയാകുമ്പോള്‍ 25 വയസായിരുന്നു അവര്‍ക്ക്. പില്‍ക്കാലത്ത് 1998 ഒക്ടോബര്‍ 13 മുതല്‍ 1998 ഡിസംബര്‍ മൂന്നു വരെ നീളുന്ന 51 ദിവസം ഡല്‍ഹിയായി. ബി.ജെ.പിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയെന്ന വിശേഷണവുമുണ്ട്. ഏഴുതവണ ലോക്‌സഭ എംപിയായും അഞ്ച് തവണ എംഎല്‍എയായും പ്രവര്‍ത്തിച്ചു. 1991ല്‍ രാജ്യസഭാംഗമായി. 1996ല്‍ സൗത്ത് ഡല്‍ഹിയില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1996ലെ പതിമൂന്ന് ദിവസം മാത്രം ആയുസ്സുണ്ടായിരുന്ന ആദ്യ വാജ്‌പേയി സര്‍ക്കാരില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായി. പിന്നീട് 1998ല്‍ വാജ്‌പേയി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയപ്പോഴും മന്ത്രിയായി. 1999ല്‍ ബെല്ലാരിയില്‍ സോണിയാഗാന്ധിക്കെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. വീണ്ടും രാജ്യസഭാംഗമായി 1999ലെ വാജ്‌പേയി സര്‍ക്കാരില്‍ മന്ത്രിയായി. 2000ലും വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പാണ് കൈകാര്യം ചെയ്തത്. 2003 വരെ ആ പദവിയില്‍ തുടര്‍ന്നു. 2003 മുതല്‍ 2004വരെ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രിയായും പ്രവര്‍ത്തിച്ചു.
മീരാകുമാര്‍
ലോക്‌സഭയുടെ ആദ്യത്തെ വനിതാ സ്പീക്കറാണ് മീരാകുമാര്‍. ഈ പദവിയിലെത്തുന്ന ആദ്യ ദലിത് വനിതയും. 2009 മുതല്‍ 2014 വരെയാണ് സ്ഥാനത്തിരുന്നത്. 1985ല്‍ വിദേശകാര്യമന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജി വച്ചാണ് ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് എംപിയാവുന്നത്. ബിജ്‌നോറില്‍ പാസ്വാനെയും മായാവതിയെയും തോല്‍പിച്ചു. ബിജ്‌നോറിനു ശേഷം ഡല്‍ഹിയിലെ കരോള്‍ ബാഗ്, ബിഹാറില്‍ സസ്‌റാം മണ്ഡലം എന്നിവിടങ്ങളില്‍ നിന്നു മത്സരിച്ചു ജയിച്ച മീരാ കുമാര്‍ അഞ്ചുതവണ എംപിയായി. 1990ല്‍ എഐസിസി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമായി. 2004ല്‍ ഡോ. മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ സാമൂഹികനീതി, ശാക്തീകരണ വകുപ്പിന്റെ കാബിനറ്റ് മന്ത്രിയായ മീരാ കുമാര്‍ സുപ്രധാനമായ പല നിയമനിര്‍മാണങ്ങളിലും നിര്‍ണായക പങ്കു വഹിച്ചു. അസംഘടിത തൊഴിലാളികള്‍ക്കു സാമൂഹികനീതിയും സംരക്ഷണവും ഉറപ്പുവരുത്തുന്ന ബില്ലാണ് അതിലൊന്ന്. തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുന്ന പ്രായം 18 ആയിരുന്നത് 14 ആക്കി കുറച്ചതു മീരാ കുമാറാണ്. 2009ല്‍ കേന്ദ്ര ജലവിഭവ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും ലോക്‌സഭാ സ്പീക്കറാകാന്‍ മന്ത്രിസ്ഥാനം രാജിവച്ചു. ബിഹാറിലെ പട്‌നയില്‍ ജനിച്ച മീരാ കുമാര്‍, ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തു പ്രതിരോധവും റെയില്‍വേയുമടക്കം സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്ത ജഗ്ജീവന്‍ റാമിന്റെ മകളാണ്. അമ്മ സ്വാതന്ത്ര്യസമരസേനാനി ഇന്ദ്രാണി ദേവിയാണ്. 1973ല്‍ സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ച് വിദേശകാര്യ സര്‍വീസില്‍ ചേര്‍ന്നു. മാഡ്രിഡിലും (1976-77), ലണ്ടനിലും (1977-79) ജോലിനോക്കിയ ശേഷം 1980 മുതല്‍ 1985 വരെ ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയത്തിലായിരുന്നു.












ഉമ ഭാരതി
ഭാരതീയ ജനത പാര്‍ട്ടി പ്രവര്‍ത്തകയായ ഉമ ഭാരതി മധ്യപ്രദേശ് മുഖ്യമന്ത്രി ആയിരുന്നു. 2003 ഡിസംബര്‍ എട്ടു മുതല്‍ 2004 ഓഗസ്റ്റ് 23 വരെ മധ്യപ്രദേശ് മുഖ്യമന്ത്രി പദത്തിലിരുന്നു. വാജ്പേയി മന്ത്രിസഭയില്‍ മനുഷ്യവിഭവ വകുപ്പ്, ടൂറിസം, യുവജനകാര്യ വകുപ്പ്, കായികവകുപ്പ്, ഖനി വകുപ്പ് എന്നിവ കൈകാര്യം ചെയ്തിട്ടുണ്ട്. രാമജന്മഭൂമി പ്രസ്ഥാനത്തില്‍ പ്രധാന പങ്കു വഹിക്കുകയുണ്ടായി.1984ല്‍ ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി കൊണ്ടാണ് രാഷ്ട്രീയത്തിലെ രംഗപ്രവേശം. കന്നി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും 1989ല്‍ ഖജുരാഹോയില്‍ നിന്ന് സഭയിലെത്തി. 1991, 1996, 1998 എന്നീ വര്‍ഷങ്ങളില്‍ സീറ്റ് ഉമാഭാരതി നിലനിര്‍ത്തി. 1999ല്‍ ഭോപ്പാലില്‍ നിന്ന് മത്സരിച്ചാണ് ഉമാഭാരതി ജയിച്ചത്. വാജ്പേയി മന്ത്രിസഭയില്‍ മനുഷ്യവിഭവ വകുപ്പ്, ടൂറിസം, യുവജനകാര്യ വകുപ്പ്, കായികവകുപ്പ്, ഖനി വകുപ്പ് എന്നിവ ഉമാഭാരതി കൈകാര്യം ചെയ്തിട്ടുണ്ട്. 2003 തിരഞ്ഞെടുപ്പില്‍ മദ്ധ്യപ്രദേശില്‍ ബിജെപിയെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ എത്തിക്കാന്‍ ഉമാഭാരതിക്ക് സാധിച്ചു. 2004 ഓഗസ്റ്റില്‍ ഉമാഭാരതി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.
റാബ്രി ദേവി
മൂന്നു തവണ ബിഹാര്‍ മുഖ്യമന്ത്രി പദം അലങ്കരിച്ച രാഷ്ട്രീയ ജനതാ ദള്‍ പ്രവര്‍ത്തകയാണ് റാബ്രി ദേവി. 1997 ജൂലൈ 25 മുതല്‍ 1999 ഫെബ്രുവരി 11 വരെയും, 1999 മാര്‍ച്ച് ഒമ്പത് മുതല്‍ 2000 മാര്‍ച്ച് ഒമ്പത് വരെയും, 2000 മാര്‍ച്ച് 11 മുതല്‍ 2005 മാര്‍ച്ച് ആറു വരെയും ആയിരുന്നു ബിഹാര്‍ മുഖ്യമന്ത്രി ആയിരുന്നത്. 2020 മുതല്‍ ആര്‍.ജെ.ഡി.യുടെ ദേശീയ ഉപാധ്യക്ഷയാണ്. 1995ലാണ് ഭര്‍ത്താവും ബീഹാര്‍ മുഖ്യമന്ത്രിയുമായിരുന്ന ലാലു പ്രസാദ് യാദവിന്റെ പിന്തുണയില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവച്ചപ്പോള്‍, 1997 ജൂലൈ 25ന് ആദ്യമായി ബീഹാര്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. ബീഹാര്‍ നിയമസഭ കൗണ്‍സിലിലെ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു.
ശശികല കാകോദ്കര്‍
മുന്‍ ഗോവ മുഖ്യമന്ത്രി ദയാനന്ദ് ബന്ദോദ്കറുടെ മകളാണ്. പിതാവിന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് 1973ല്‍ മഹാരാഷ്ട്രാവാദി ഗോമന്തക് പാര്‍ട്ടിയുടെ പ്രതിനിധിയായി ഗോവ മുഖ്യമന്ത്രി പദത്തിലെത്തി. 1973 ഓഗസ്റ്റ് 12 മുതല്‍ 1979 ഏപ്രില്‍ 27 വരെ പദവിയിലിരുന്നു. സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്ന കകോദ്കര്‍, പ്രാഥമിക വിദ്യാഭ്യാസത്തില്‍ മാതൃഭാഷ പഠന മാധ്യമമാക്കണമെന്ന് ആവശ്യപ്പെടുന്ന ഭാരതീയ ഭാഷാ സുരക്ഷാ മഞ്ചിന്റെ (ബിബിഎസ്എം) മേധാവിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബിരുദാനന്തര ബിരുദത്തിന് ശേഷം സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന അവര്‍ 1967ലെ ഗോവ, ദാമന്‍ - ദിയു നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി പോണ്ട നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിക്കുകയും വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്താണ് സഭയിലെത്തിയത്. ഗോവ, ദാമന്‍ - ദിയു സഭയിലെ രണ്ടാമത്തെ വനിതാ അംഗമെന്ന ഖ്യാതിയും അവര്‍ക്കുണ്ട്. പിന്നീട് 1972ല്‍ ബിച്ചോലിം മണ്ഡലത്തില്‍ നിന്ന് ജയിച്ച് പിതാവ് ദയാനന്ദ് ബന്ദോദ്കറുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ സഹമന്ത്രിയായി നിയമിതയായി. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, സാമൂഹ്യക്ഷേമം, പൊതുസഹായം, , ചെറുകിട സമ്പാദ്യം വകുപ്പുകളും കൈകാര്യം ചെയ്തു.
നന്ദിനി സത്പതി



രാജ്യത്തെ ഒരു നിയമസഭയിലെ ആദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കര്‍ മലയാളിയായ ഐഷാബായിയാണ്. 1957ല്‍ കേരളത്തിലെ ഒന്നാം നിയമസഭയിലാണ് ഇന്ത്യയിലെതന്നെ ആദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കറായി മുപ്പതാം വയസ്സില്‍ അവര്‍ തിരഞ്ഞെടുക്കപ്പെട്ടത്. 1959ല്‍ വിമോചനസമരത്തിലൂടെ ഇ.എം.എസ് മന്ത്രിസഭ അട്ടിമറിക്കപ്പെടുന്നത് വരെ ഐഷാബായി സ്തുത്യര്‍ഹമായ രീതിയില്‍ ആ പദവി അലങ്കരിച്ചു. കായംകുളം നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസിലെ സരോജിനി ബാനുവിനെ 13000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു ഐഷാബായി നിയമസഭയിലെത്തിയത്. 1960ല്‍ വീണ്ടും മല്‍സരിച്ച് കോണ്‍ഗ്രസിലെ പ്രബലനായ എം.കെ .ഹേമചന്ദ്രനെ പരാജയപ്പെടുത്തി രണ്ടാംവട്ടവും ഐഷാബായി കായംകുളത്തിന്റെ എം.എല്‍.എ ആയി. ഓച്ചിറ ക്ലാപ്പനയിലെ പ്രശസ്തമായ കൊട്ടയ്ക്കാട്ട് കുടുംബത്തിലെകെ. ഒ. ഉസ്മാന്‍ സാഹിബിന്റെയും കറ്റാനം ഇലിപ്പക്കുളം കൈതവന കുടുംബാംഗവുമായ ഫാത്തിമ കുഞ്ഞിന്റേയും എട്ട് മക്കളില്‍ മൂന്നാമത്തെ കുട്ടിയായി ജനനം. പ്രയാര്‍ ഹൈസ്‌കൂള്‍, കറ്റാനം പോപ് പയസ്, വിമന്‍സ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളില്‍ നിന്നുമാണ് ഐഷാബായ് വിദ്യാഭ്യാസം നേടിയത്. തുടര്‍ന്ന് കായംകുളം മുനിസിഫ് കോടതിയില്‍ പ്രാക്റ്റീസ് തുടങ്ങി മുന്നാട്ടുപോകുമ്പോഴാണ് ആദ്യ തെരത്തെടുപ്പില്‍ കായംകുളത്ത് നിന്ന് മത്സരിക്കാന്‍ അവസരം വന്നത്.ഈ സ്ഥാനം പില്‍ക്കാലത്ത് അലങ്കരിച്ചിട്ടുള്ള മറ്റു രണ്ടു വനിതകള്‍ ഐഷാബായിയുടെ പിന്‍ഗാമിയായി വന്ന നഫീസത്ത് ബീവിയും ഭാര്‍ഗവി തങ്കപ്പനുമാണ്.
ജസ്റ്റിസ്. എം. ഫാത്തിമ ബീവി

Content Highlights: women leaders in India
Published: 21 Jul 2022, 08:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented