2023 മാര്‍ച്ച് 14-ന്, അമേരിക്കന്‍ സെനറ്റില്‍ ഡെമോക്രാറ്റിക് സെനറ്റര്‍ ജെഫ് മെര്‍ക്കലിയും റിപ്പബ്ലിക്കന്‍ സെനറ്റര്‍ ബില്‍ ഹാഗെര്‍ട്ടിയും ചേര്‍ന്ന് ഒരു ഉഭയകക്ഷി പ്രമേയം അവതരിപ്പിച്ചു. സെനറ്റിലെ ഇന്ത്യാ കോക്കസിന്റെ സഹാധ്യക്ഷന്‍ ജോണ്‍ കോറിന്‍ ഇതിനെ പിന്തുണച്ചു. ഇന്ത്യന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി അംഗീകരിക്കാനും ദക്ഷിണേഷ്യയിലെ ചൈനീസ് പ്രകോപനങ്ങളെ അപലപിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു ആ ഉഭയകക്ഷി പ്രമേയം. പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ്. സന്ദര്‍ശന വേളയില്‍ യു.എസ്. സെനറ്റ് വിദേശകാര്യസമിതി ആ ഉഭയകക്ഷി പ്രമേയം ചര്‍ച്ചയ്‌ക്കെടുത്തു. ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഇനിയും പരിഹരിക്കാതെ തുടരുന്ന പശ്ചാത്തലത്തില്‍ വലിയ പ്രധാന്യമുള്ളതായിരുന്നു ആ പ്രമേയം. ഇന്‍ഡോ-പസഫിക് മേഖലയില്‍ ചൈന വലിയ തോതില്‍ സ്വാധീനം ഉറപ്പിക്കുന്ന ഘട്ടത്തില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വളര്‍ന്നുവരുന്ന ബന്ധത്തെ സൂചിപ്പിക്കുന്ന ഒരു നല്ല ചുവടുവെപ്പായി ഈ പ്രമേയം സ്വാഗതം ചെയ്യപ്പെട്ടു. 

To advertise here,

അരുണാചല്‍ പ്രദേശിനെച്ചൊല്ലി ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1962-ലെ ഇന്ത്യ-ചൈന യുദ്ധാനന്തരം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിച്ചെങ്കിലും പ്രശ്‌നങ്ങള്‍ ഇനിയും പറഞ്ഞുതീര്‍ത്തിട്ടില്ല. അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് നടത്തിയ ശ്രമങ്ങള്‍ക്ക് ഇതുവരെ കാര്യമായ പുരോഗതിയുമില്ല. ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുന്നതിനിടയില്‍ ചൈനീസ് അതിര്‍ത്തി പട്രോളിങ് പലപ്പോഴും നിയന്ത്രണരേഖ മറിടക്കുന്നതും പതിവ്. അരുണാചല്‍ തന്നെയാണ് പ്രധാന തര്‍ക്കവിഷയം. അരുണാചല്‍ പ്രദേശിനെ 'ദക്ഷിണ ടിബറ്റ് (Zangnan)' എന്നാണ് ചൈന വളിക്കുന്നത്. ഈ ഭൂപ്രദേശം മുഴുവനായും തങ്ങളുടെ ഭാഗമാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഇന്ത്യ ഇത് പൂര്‍ണമായും തള്ളിക്കളയുകയാണ്. രാജ്യത്തിന്റെ അഭിഭാജ്യഘകമാണ് അരുണാചല്‍ പ്രദേശ്. എന്താണ് യഥാര്‍ത്ഥത്തില്‍ അരുണാചല്‍ പ്രശ്‌നം? എന്തിനാണ് ഈ പ്രദേശത്തിന് മേല്‍ ചൈന അവകാശവാദം ഉന്നയിക്കുന്നത്?

തര്‍ക്കങ്ങളുടെ കാരണം ചികയുമ്പോള്‍

ലോകത്തിലെ ഭൂരിഭാഗം അതിര്‍ത്തി തര്‍ക്കങ്ങളേയും പോലെ ബ്രിട്ടീഷുകാര്‍ നിശ്ചയിച്ച അതിര്‍ത്തി തന്നെയാണ് ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലുമുള്ള തര്‍ക്കങ്ങളുടെ മൂലകാരണം. 1913-ലാണ് ബ്രിട്ടീഷ് ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായ ഷിംലയില്‍, അതിര്‍ത്തി നിശ്ചയിക്കാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്. ബ്രിട്ടീഷ് ഇന്ത്യ, ടിബറ്റ്, ചൈന എന്നീവരുടെ പ്രതിനിധികളാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ചൈനയ്ക്കും ടിബറ്റിനും ഇടയിലും ടിബറ്റിനും ബ്രിട്ടീഷ് ഇന്ത്യയ്ക്കും ഇടയിലുള്ള അതിര്‍ത്തി ബ്രിട്ടീഷ് പ്രതിനിധി സര്‍ ഹെന്റി മക്മഹോണ്‍ ( Henry McMahon) നിര്‍ണ്ണയിച്ചത്. എന്നാല്‍ ചൈനീസ് പ്രതിനിധി അവസാന ഘട്ടത്തില്‍ ചര്‍ച്ചകളില്‍നിന്ന് ഇറങ്ങിപ്പോയി. ഇതോടെ ഹെന്റി മക്മഹോണ്‍ ബ്രിട്ടീഷ് ഇന്ത്യയും ടിബറ്റും തമ്മിലുള്ള അതിര്‍ത്തി നിശ്ചയിക്കുകയും ടിബറ്റന്‍ പ്രതിനിധി അത് അംഗീകരിക്കുകയും ചെയ്തു. ടിബറ്റിനെയും ബ്രിട്ടീഷ് ഇന്ത്യയെയും വിഭജിക്കുന്ന രേഖ, പിന്നീട് മക്‌മോഹന്‍ രേഖ (McMahon Line) എന്നറിയപ്പെട്ടു. ഇതാണ് ഇന്നും അതിര്‍ത്തിയായി ഇന്ത്യ അംഗീകരിക്കുന്നത്. എന്നാല്‍, ടിബറ്റ് എല്ലാക്കാലത്തും തങ്ങളുടെ നിയന്ത്രണത്തിലായിരുന്നുവെന്നും അവര്‍ക്ക് സ്വന്തം നിലയില്‍ മറ്റൊരു രാജ്യവുമായി ഉടമ്പടിയിലെത്താന്‍ അവകാശമില്ലെന്നാണ് ചൈന പിന്നീട് അവകാശപ്പെട്ടത്. 

സിംല കരാര്‍ ( ഒപ്പുവെച്ചെങ്കിലും രണ്ട് പതിറ്റാണ്ടിന് ശേഷവും മക്‌മോഹന്‍ ലൈന്‍ നടപ്പിലാക്കാന്‍ ബ്രിട്ടീഷ് അധികാരികള്‍ ഒന്നും ചെയ്തില്ല. 1951 ഒക്ടോബര്‍ വരെ ഇന്ത്യയും ചൈനയും അതിര്‍ത്തി പങ്കിട്ടിരുന്നുമില്ല. മാവോ സേതുങ് സ്ഥാപിച്ച പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന ഔദ്യോഗികമായി ടിബറ്റിനെ പിടിച്ചെടുത്തതോടെയാണ് ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന അവസ്ഥ വന്നത്. 1959-ല്‍ ടിബറ്റില്‍ ചൈനയുടെ നിയന്ത്രണത്തിനെതിരേ ജനകീയ പ്രക്ഷോഭം ഉണ്ടായി. അറസ്റ്റ് ഭയന്ന് ടിബറ്റന്‍ നേതാവ് ദലൈലാമ അതിര്‍ത്തി കടന്ന് തവാങ്ങിലേക്ക് രക്ഷപ്പെട്ടു. പിന്നീട് ധര്‍മശാലയില്‍ ടിബറ്റന്‍ പ്രവാസ സര്‍ക്കാരും സ്ഥാപിച്ചു. ഇതിനേച്ചൊല്ലി ഇന്ത്യയുമായി ഉരസലിലായിരുന്നു ചൈന. എന്നാല്‍ പ്രശ്‌നങ്ങള്‍ വഷളായത് 1962-ലാണ്. ആ വര്‍ഷം ഒക്ടോബര്‍ 20-ന് ചൈനീസ് സൈന്യം തവാങ്ങിലേക്ക് കടന്ന് അതിര്‍ത്തിയില്‍ വേണ്ടത്ര സജ്ജരായ ഇന്ത്യന്‍ സൈനികരെ ആക്രമിച്ചു. പിന്നാലെ ഏകപക്ഷീയമായ വെടിനിര്‍ത്തലും പ്രഖ്യാപിച്ചു. അതോടെ സൈന്യത്തെ മക്‌മോഹന്‍ രേഖയ്ക്ക് പിന്നിലേക്ക് മാറ്റി. തവാങ്ങില്‍നിന്നും ഇന്നത്തെ അരുണാചല്‍ പ്രദേശില്‍നിന്നും ചൈന സ്വമേധയാ പിന്‍വാങ്ങിയെങ്കിലും തന്ത്രപ്രധാനമായ അക്‌സായി ചിന്‍ അവരുടെ നിയന്ത്രണത്തിലാക്കി. 

ഇന്ത്യയുടെ അരുണാചല്‍ പ്രദേശ് 

ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്‌നം മാത്രമല്ല, രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ ഒട്ടനവധി ഘടകങ്ങള്‍ കെട്ടുപിണഞ്ഞു കിടക്കുന്ന ഭൂപ്രദേശമാണ് അരുണാചല്‍. ചൈന, ഭൂട്ടാന്‍, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചല്‍ രാജ്യത്തിന്റെ വടക്കുകിഴക്കന്‍ അറ്റത്ത് തന്ത്രപ്രധാന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണകാലത്തും സ്വാതന്ത്ര്യത്തിനു ശേഷവും നോർത്ത് ഈസ്റ്റ് ഫ്രൊണ്ടിയര്‍ ഏജന്‍സി (North-East Frontier Agency)യുടെ ഭാഗമായിരുന്നു അരുണാചല്‍ പ്രദേശ്. 1972 ജനുവരി 20-ന് ഷില്ലോങ് ആസ്ഥാനമായി അരുണാചല്‍ കേന്ദ്രഭരണ പ്രദേശമായി. രണ്ട് വര്‍ഷത്തിന് ശേഷം തലസ്ഥാനം ഇറ്റാനഗറിലേക്ക് മാറ്റി. 1987 ഫെബ്രുവരി 20-ന് അരുണാചലിന് സംസ്ഥാന പദവി ലഭിച്ചു. തന്ത്രപ്രധാനമായ സ്ഥാനത്തിന് പുറമേ വനങ്ങള്‍, ധാതുക്കള്‍, ജലവൈദ്യുത പദ്ധതിക്ക് സാധ്യതയുള്‍പ്പെടെ പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമാണ് അരുണാചല്‍. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും ഈ പ്രദേശത്തിന്റെ പ്രകൃതി വിഭവങ്ങള്‍ വലിയ പ്രാധാന്യമുള്ളതാണ്. വിവിധ ഗോത്രങ്ങളുടെ ജന്മഭൂമിയുമാണ് ഈ പ്രദേശം. 

ചൈനയുടെ ഭാഗത്തുനിന്ന് 1962-ലേത് പോലെ ഒരു ആക്രമണമുണ്ടായാല്‍ അതിനെ നേരിടാനുള്ള തന്ത്രപ്രധാനമായ സ്ഥലം കൂടിയാണിത്. ചൈന ഉയര്‍ത്തുന്ന സാധ്യമായ ഏത് ആക്രമണത്തെയും തടയാന്‍ വിവിധ തലത്തില്‍ വ്യോമപ്രതിരോധ സംവിധാനം ഒരുക്കാനുള്ള മികച്ച സ്ഥലമാണിത്. ചൈനയെ സംബന്ധിച്ചിടത്തോളം ഈ അനുകൂല സാഹചര്യങ്ങള്‍ക്ക് ഇന്ത്യയ്ക്ക് നിഷേധിക്കുന്നതിന് അരുണാചലിന് മേലുള്ള അവകാശവാദങ്ങള്‍ ഉയര്‍ത്തേണ്ടതുണ്ട്. വാസ്തവത്തില്‍, അരുണാചല്‍ പ്രദേശിന് മേലുള്ള ചൈനയുടെ അവകാശവാദങ്ങള്‍ ഇന്ത്യക്ക് മാത്രമല്ല, ഭൂട്ടാനും സുരക്ഷാ ഭീഷണിയാണ്. ചൈനയുടെ പദ്ധതികളെ പരാജയപ്പെടുത്താന്‍ അതിര്‍ത്തിയില്‍ ഇന്ത്യ റോഡ്-റെയില്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും സൈനിക സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നുണ്ട്. അരുണാചല്‍ പ്രദേശില്‍ ഇപ്പോള്‍ നാല് വിമാനത്താവളങ്ങളുണ്ട്. മക്‌മോഹന്‍ ലൈനിന് സമീപം നിരവധി ഹെലിപാഡുകള്‍ ഉണ്ട്. ഇവയെല്ലാം ചൈനീസ് ഭീഷണി മുന്നില്‍ക്കണ്ട് ഒരുക്കിയതാണ്. 

ചൈനയുടെ അവകാശവാദങ്ങള്‍

അരുണാചല്‍ പ്രദേശിനെ 'ദക്ഷിണ ടിബറ്റ്' (സാങ്നാന്‍ -Zangnan) എന്നാണ് ചൈന വളിക്കുന്നത്. ഈ ഭൂപ്രദേശം മുഴുവനായും തങ്ങളുടെ ഭാഗമാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ടിബറ്റുമായുള്ള ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധങ്ങള്‍ ഉയര്‍ത്തിക്കാണിച്ചു കൊണ്ടാണ് ചൈനയുടെ അവകാശവാദങ്ങള്‍. അരുണാചല്‍ പ്രദേശിലെ, പ്രത്യേകിച്ച് തവാങ്ങിലെ പല പ്രദേശങ്ങളിലും ചൈന അവകാശവാദം ഉന്നയിക്കുന്നത് അതെല്ലാം ടിബറ്റിന്റെ ഭാഗമായിരുന്നു എന്ന് പറഞ്ഞു കൊണ്ടാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന പകുതി വരെ ബ്രിട്ടീഷുകാര്‍ തവാങ്ങിനെ ടിബറ്റിന്റെ ഭാഗമായി കണക്കാക്കിയിരുന്നുവെമാണ് രേഖകള്‍ പറയുന്നത്. എന്നാല്‍ 1913-ല്‍ ബ്രിട്ടീഷ്, ചൈന, ടിബറ്റന്‍ പ്രതിനിധികള്‍ ഷിംലയില്‍ ചേര്‍ന്ന യോഗത്തോടെ കാര്യങ്ങള്‍ മാറി. ബ്രിട്ടീഷ് ഇന്ത്യ, ചൈന, ടിബറ്റ് എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തികള്‍ തീരുമാനിക്കുകയായിരുന്നു ലക്ഷ്യം. ബ്രിട്ടീഷ് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ഹെന്റി മക്മഹോണ്‍ ടിബറ്റിന്റെ അന്നത്തെ പ്രധാനമന്ത്രി ലോചെന്‍ ഷാത്രയുമായി നേരിട്ട് ചര്‍ച്ച നടത്തി ധാരണയിലെത്തുകയായിരുന്നു. എന്നാല്‍ ഇത് ചൈന അംഗീകരിക്കുന്നില്ല. 

തവാങ്ങിനാകട്ടെ ടിബറ്റിന്റെ സംസ്‌കാരത്തില്‍ എക്കാലവും സവിശേഷമായ ഒരു സ്ഥാനമുണ്ട്. ടിബറ്റന്‍ ബുദ്ധമതക്കാര്‍ക്ക് വലിയ പ്രാധാന്യമുള്ള സ്ഥലമാണ് ഇത്. ആറാമത്തെ ദലൈലാമ സാങ്യാങ് ഗ്യാറ്റ്സോ (Tsangyang Gyatso) ജനിച്ചത് തവാങ്ങിന് അടുത്തുള്ള പട്ടണമായ ഉര്‍ഗിലിങ്ങി (Urgelling)ലാണ്. 14-ാം ദലൈലാമ 1959-ല്‍ ചൈന അധിനിവേശ ടിബറ്റില്‍നിന്ന് പലായനം ചെയ്തതും തവാങ്ങിലൂടെയാണ്. തവാങ് മൊണാസിട്രിയില്‍ അദ്ദേഹം കുറച്ചുകാലം കഴിയുകയും ചെയ്തിരുന്നു. മേഖലയിലെ ചില ഗോത്രങ്ങള്‍ക്ക് ടിബറ്റിലെ സംസ്‌ക്കാരവുമായി വലിയ സാമ്യമുണ്ട്. ഇവിടുത്തെ മോന്‍പ ഗോത്രവിഭാഗം ടിബറ്റിന്റെ ചില ഭാഗങ്ങളില്‍ പിന്തുടരുന്ന അതേ ആചാരങ്ങളാണ് പിന്തുടരുന്നത്. ഇതെല്ലാം മുന്‍നിര്‍ത്തി അരുണാചല്‍ അവകാശവാദമുന്നയിച്ച് ടിബറ്റിന്റെ മേല്‍ തങ്ങളുടെ നിയന്ത്രണം ഉറപ്പിക്കാനാണ് ചൈന ഉദ്ദേശിച്ചത്. തങ്ങളുടെ അവകാശവാദത്തെ പിന്തുണയ്ക്കുന്നതിനായി അരുണാചല്‍ പ്രദേശം ചൈനയുടെ ഭാഗമാണെന്ന് ചിത്രീകരിക്കുന്ന ഭൂപടങ്ങള്‍ ചൈന പതിവായി പ്രസിദ്ധീകരിക്കാറുണ്ട്. കൂടാതെ, ഇത് അരുണാചലിലെ സ്ഥലങ്ങള്‍ക്ക് പതിവായി പുതിയ പേരുകള്‍ നല്‍കുകയും ചെയ്യാറുണ്ട്. 

placeholder
തവാങ് ആശ്രമം | Photo : Arun SANKAR / AFP

ചൈനയ്ക്ക് എന്താണ് താത്പര്യം ?

ഇന്ത്യ-ചൈന അതിര്‍ത്തി വടക്കു-കിഴക്കന്‍ പ്രദേശത്ത് വേര്‍തിരിക്കുന്നത് മക്‌മോഹന്‍ ലൈനാണ്. 1914-ലെ ഷിംല കരാര്‍ പ്രകാരമാണ് ഈ അതിര്‍ത്തി നിലവില്‍ വരുന്നത്. മൂന്ന് പങ്കാളികളാണ് ഈ കരാറിലുണ്ടായിരുന്നത്. ഒരു ടിബറ്റന്‍ പ്രതിനിധി, ഒരു ഇന്ത്യന്‍ പ്രതിനിധി, ടിബറ്റിലുണ്ടായിരുന്ന ഒരു ചൈനീസ് പ്രതിനിധിയും. ഇന്ത്യ അന്നു മുതല്‍ അതിര്‍ത്തിയായി അംഗീകരിച്ചത് മക്‌മോഹന്‍ ലൈനാണ്. പക്ഷേ മക്‌മോഹന്‍ ലൈന്‍ ചൈന അംഗീകരിച്ചില്ല. ബ്രിട്ടീഷ് ഇന്ത്യയും ടിബറ്റും തമ്മിലായിരുന്നു കരാര്‍ എന്നതാണ് എതിര്‍ക്കാനുള്ള കാരണം. ചൈനയുടെ വാദപ്രകാരം അരുണാചല്‍പ്രദേശ് മുഴുവന്‍ അവര്‍ക്ക് അവകാശപ്പെട്ടതാണ്. സ്വാതന്ത്ര്യം നേടിയ ശേഷം 75 വര്‍ഷമായി ഇന്ത്യയുടെ കൈവശമിരിക്കുന്ന ഭൂപ്രദേശമാണ് ഇതെന്ന കാര്യം ചൈന മറക്കുന്നു. 1962-ലെ യുദ്ധത്തിന്റെ പ്രധാന കേന്ദ്രം തവാങ് സെക്ടറായിരുന്നു. ഈ പ്രദേശം മുഴുവന്‍ ചൈനീസ് പട്ടാളം പിടിച്ചടക്കി, ഏതാണ്ട് അസം അതിര്‍ത്തി വരെ അവര്‍ എത്തിയിരുന്നു. പക്ഷേ യുദ്ധം അവസാനിച്ചതോടെ ഈ സ്ഥലമെല്ലാം വിട്ട് ചൈനീസ് പട്ടാളം മക്‌മോഹന്‍ രേഖയ്ക്ക് അപ്പുറത്തേക്ക് മടങ്ങി. അന്നുമുതല്‍ ഇന്ത്യ കൈവശംവെച്ചിരിക്കുന്ന സ്ഥലം ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ (എല്‍.എ.സി.) ആയി അറിയപ്പെട്ടു. 

അതിര്‍ത്തിയിലെ ചൈനയുടെ അവകാശവാദങ്ങളില്‍ പലതും ടിബറ്റുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യയുടെ 90,000 ചതുരശ്ര കിലോ മീറ്ററാണ് ചൈന അവകാശപ്പെടുന്നത്. ഇതില്‍ പല പ്രദേശങ്ങളും ഒരു കാലത്ത് ടിബറ്റിന്റെ ഭാഗമായിരുന്നു എന്നത് സത്യമാണെങ്കിലും ഇവ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നു. ടിബറ്റിലെ സംഭവങ്ങളും ഇന്ത്യയുടെ സ്വാധീനവും 1914-ലെ ഭൂപടത്തെ അംഗീകരിക്കുന്നത് മൂലമുണ്ടായേക്കാവുന്ന സ്ഥിതിവിശേഷവും ചൈന ഭയക്കുന്നു. അത്തരം ഒരു അവസ്ഥ വന്നാല്‍ ടിബറ്റന്‍ ഭരണകൂടം 1914-ല്‍ തവാങ്ങും സമീപപ്രദേശങ്ങളും ബ്രിട്ടീഷ് ഇന്ത്യയ്ക്ക് നല്‍കിയതാണെന്ന വസ്തുത അംഗീകരിക്കപ്പെടും. അതിന്റെ അര്‍ഥം ടിബറ്റ് ചൈനയുടെ അധികാരത്തിലായിരുന്നില്ല എന്ന വസ്തുത പരോക്ഷമായി അവര്‍ അംഗീകരിക്കുന്നതിന് തുല്യമാണ്. ഈ സാധ്യത ഇല്ലാതാക്കാനാണ് ചൈന പല തരത്തില്‍ അരുണാചലിനു മേല്‍ അവകാശവാദം ഉന്നയിക്കുന്നത്. മറ്റൊന്ന് അരുണാചലിലെ മോന്‍പ ഗോത്രവിഭാഗത്തെ ചൈന ഭയപ്പടുന്നുവെന്നാണ് ചില നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ടിബറ്റുമായി വലിയ ബന്ധമുള്ള ഈ ഗോത്രവിഭാഗങ്ങള്‍ ടിബറ്റിലെ ജനാധിപത്യ അനുകൂല വികാരങ്ങളെ പിന്തുണച്ചേക്കുമെന്നും അവര്‍ ഭയക്കുന്നു. 

അരുണാചല്‍ പ്രദേശിന് മേലുള്ള ചൈനയുടെ അവകാശവാദങ്ങളത്രയും പൊള്ളയാണ് എന്നത് തന്നെയാണ് വസ്തുത. ആറാമത്തെ ദലൈലാമ (1683-1706)യുടെ ജന്മസ്ഥലമാണ് തവാങ്ങിന്റെ മേലുള്ളതാണ് ചൈനയുടെ അവകാശവാദത്തില്‍ പ്രധാനം. എന്നാല്‍, അദ്ദേഹത്തിന്റെ  മരണത്തിന് പിന്നാലെയാണ് ടിബറ്റില്‍ ചൈനീസ് സാന്നിധ്യം ഉയര്‍ന്നുവരാന്‍ തുടങ്ങിയെന്നാണ് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്. അന്ന് ടിബറ്റില്‍ ചൈനയ്ക്ക് സ്ഥാനമില്ലായിരുന്നു എന്ന് വ്യക്തം. ഒപ്പം ഒരു മതനേതാവ് ഒരു വിദേശ പ്രദേശത്ത് ജനിച്ചുവെന്നത് ആ രാജ്യത്തിന്റെ (അല്ലെങ്കില്‍ നേതാവ് ജനിച്ച പ്രദേശത്തിന്റെ) ഉടമസ്ഥാവകാശം അവകാശപ്പെടാനുള്ള വാദമല്ല. അതിനാല്‍ തന്നെ ആറാമത്തെ ദലൈലാമയുടെ ജന്മസ്ഥലമായ തവാങ്ങിന്റെ മേലുള്ള ചൈനയുടെ അവകാശവാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. 1951 ഫെബ്രുവരിയില്‍ മേജര്‍ ബോബ് ഖാത്തിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം തവാങ് ഭരണം ഏറ്റെടുക്കുന്നത് വരെ ടിബറ്റന്‍ ഉദ്യോഗസ്ഥര്‍ ഈ പ്രദേശത്തെ സന്യാസ നികുതികള്‍ പിരിച്ചെടുത്തിരുന്നു. എന്നാല്‍ ഒരു ആശ്രമം നല്‍കുന്ന നികുതികള്‍ ഉടമസ്ഥാവകാശത്തിന് തുല്യമല്ല. ഇന്ത്യലെ തന്നെ നിരവധി ആശ്രമങ്ങള്‍ ടിബറ്റിലെ വലിയ ആശ്രമങ്ങളുമായി ബന്ധമുണ്ട്. എന്നാല്‍ ഈ ആശ്രമങ്ങള്‍ ചൈനയുടേതാണെന്ന് ഇതിനര്‍ത്ഥമില്ല എന്നതാണ് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. 

placeholder
അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യന്‍ സൈന്യം (ഫയല്‍ ചിത്രം) | Photo : Money SHARMA / AFP 

എന്താണ് നിലവിലെ സ്ഥിതി? 

അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ നല്‍കാതിരിക്കുക, ഭരാണാധികാരികളുടെ ഔദ്യോഗിക സന്ദര്‍ശനങ്ങളെ എതിര്‍ക്കുക, വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുക എന്നിങ്ങനെ ആ പ്രദേശത്തിന് മേല്‍ അവകാശവാദം ഉന്നയിക്കാന്‍ ചൈന പലവിധ വിദ്യകളാണ് പ്രയോഗിക്കുന്നത്. 2022 ജനുവരിയില്‍ അരുണാചല്‍ പ്രദേശിലെ 15 സ്ഥലങ്ങളുടെ പുതിയ പേരുകള്‍ ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് പ്രഖ്യാപിച്ചിരുന്നു. പാര്‍പ്പിട പ്രദേശങ്ങള്‍, പര്‍വതങ്ങള്‍, നദികള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് ചൈനീസ് സര്‍ക്കാര്‍ പേരുകളിട്ടത്. ഇതിന് മുമ്പ് അരുണാചലിലെ ആറ് സ്ഥലങ്ങള്‍ക്ക് 2017-ല്‍ ചൈന പേര് നല്‍കിയിരുന്നു. ചൈനയുടെ അവകാശവാദങ്ങള്‍ ഉറപ്പിക്കുന്നതിനുള്ള പ്രചരണത്തിന്റെ ഭാഗമാണിത്. അവരെ സംബന്ധിച്ച് ഇത് ഒരു വിലപേശല്‍ കൂടിയാണ്. പാകിസ്താന്റെ അധീനതയിലുള്ള കശ്മീരിന്റെ ഒരു ഭാഗം ചൈനയുടെ കൈവശമാണ്. ഇന്ത്യയെ സംബന്ധിച്ച് ഇത് ഗുരുതരമായ പ്രശ്‌നമാണ്. അക്‌സായി ചിന്നിലെ ചൈനയുടെ അധിനിവേശത്തെ ഇന്ത്യ അംഗീകരിച്ചാല്‍ അരുണാചലിന് മേലുള്ള അവകാശവാദങ്ങളില്‍ നിന്ന് പിന്നോക്കം പോകാം എന്നതാണ് ചൈനീസ് നിലപാട്. എന്നാല്‍ ഇന്ത്യ ഇത് ഒരുകാലത്തും അംഗീകരിക്കുന്നില്ല.

1962-ലെപ്പോലെ ഒരു സാഹചര്യം ഇനി അവര്‍ത്തിച്ചേക്കില്ലെന്നാണ് വിശ്വസിക്കുന്നത്. അന്നത്തെപ്പോലെ വിറളിപിടിച്ച ചൈനയല്ല ഇപ്പോഴുള്ളത്. ഒപ്പം സൈനികമായും സാമ്പത്തികമായും വലിയ വളര്‍ച്ച കൈവരിച്ച ഇന്ത്യയോട് ഏറ്റമുട്ടുന്നത് അവര്‍ക്കും വലിയ തോതില്‍ നഷ്ടങ്ങളുണ്ടാക്കും. ഒപ്പം അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാഷ്ട്രങ്ങളുമായിയുള്ള പ്രശ്‌നങ്ങള്‍ക്കിടയില്‍ മറ്റ് രാജ്യങ്ങളുമായി ചൈന പ്രശ്‌നങ്ങളുണ്ടാക്കില്ലന്നാണ് വിശ്വസിക്കപ്പെടുന്നത്. മറുവശത്ത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാന സ്ഥലമാണ് അരുണാചല്‍ പ്രദേശ്. ദേശീയ താത്പര്യങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ സുരക്ഷയും വികസനവും നിര്‍ണായകമാണ്. അതിനാല്‍ തന്നെ വലിയ തോതിലുള്ള വികസനപ്രവര്‍ത്തനങ്ങളാണ് അരുണാചലും അതിര്‍ത്തി പ്രദേശങ്ങളും സമീപ വര്‍ഷങ്ങളില്‍ നടക്കുന്നത്.

ഇതിനിടെയാണ് അരുണാചല്‍ പ്രദേശിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി അംഗീകരിക്കാനും ദക്ഷിണേഷ്യയിലെ ചൈനീസ് പ്രകോപനങ്ങളെ അപലപിക്കാനും ലക്ഷ്യമിട്ട് ഉഭയകക്ഷി പ്രമേയം യു.എസ്. സെനറ്റില്‍ അവതരിപ്പിച്ചത്. അരുണാചല്‍ പ്രദേശ് സംസ്ഥാനം ഇന്ത്യന്‍ പ്രദേശമായി സ്ഥിരീകരിക്കുക, ദക്ഷിണേഷ്യയിലെ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ (പി.ആര്‍.സി.) പ്രകോപനങ്ങളെ അപലപിക്കുക എന്നീ രണ്ട് പ്രധാന ഘടകങ്ങളാണ് പ്രമേയത്തിലുണ്ടായിരുന്നത്. തര്‍ക്കപ്രദേശങ്ങളില്‍ ഗ്രാമങ്ങള്‍ സ്ഥാപിക്കുക, അരുണാചലിലെ ഗ്രാമങ്ങള്‍ക്ക് മാന്‍ഡരിന്‍ ഭാഷയിലെ പേരുകളിടുക, ഭൂട്ടാനിലെ പ്രദേശങ്ങളില്‍ അവകാശവാദമുന്നയിക്കുക തുടങ്ങിയ ചൈനയുടെ പ്രവൃത്തികളെ പ്രമേയം വിമര്‍ശിച്ചിരുന്നു.